നര്‍മദേ ഹര്‍
ശിവകുമാര്‍ മേനോന്‍
മനോരമ ബുക്‌സ്
പേജ്: 267 വില: 350 രൂപ
ഫോണ്‍: 8137003417
ഹൈന്ദവ ധാര്‍മ്മികജീവിതത്തില്‍ പരിക്രമണം കേവലം ശാരീരിക യാത്ര മാത്രമല്ല, ആത്മാവിനെ ആഴത്തില്‍ തൊടുന്ന ഒരു ആന്തരിക ശുദ്ധീകരണ പ്രക്രിയയാണ്. പുരാണങ്ങളില്‍ നിന്നും പാരമ്പര്യങ്ങളില്‍ നിന്നും രൂപംകൊണ്ട പരിക്രമണങ്ങളും തീര്‍ത്ഥാടനങ്ങളും ഭക്തന്റെയുള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന ദിവ്യശക്തിയെ പുറത്തേക്കു കൊണ്ടുവരുന്ന മഹാപ്രയാണങ്ങളാണ്.
ഭാരതീയ സംസ്‌കാരത്തില്‍, ഹിന്ദു ജീവിതത്തില്‍, പരിക്രമണങ്ങള്‍ (പ്രദക്ഷിണം) പലവിധമുണ്ട്: ക്ഷേത്ര, ഗിരിശ്രുംഗ, ജലസ്രോതസ്സ് അങ്ങിനെ അനേകം ദിവ്യ പ്രദക്ഷിണങ്ങള്‍. കൈലാസ പര്‍വതം, ഗിര്‍നാര്‍ മലനിരകള്‍ മുതല്‍ ഇങ്ങു തെക്ക് അരുണാചലം മലവരെ അനേകം ക്ഷേത്രങ്ങളുടെ പരിക്രമണങ്ങള്‍. ഇവയൊക്കെ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗങ്ങളാണ്.
എന്നാല്‍, എല്ലാ പരിക്രമണങ്ങളെയും മറികടക്കുന്ന അത്ഭുതകരമായൊരു അനുഭവമാണ്, പൂര്‍ണമായും കാല്‍നടയാല്‍ 3500 കിലോമീറ്ററോളം താണ്ടുന്ന നര്‍മദ പരിക്രമണം. നാലു മാസത്തോളം വേണ്ടിവരുന്ന ഈ വിശിഷ്ട പരിക്രമണം ഒരു ശാരീരിക പരീക്ഷ എന്നതിനപ്പുറം ഒരു അതുല്യ ദൈവദര്‍ശനവുമാണ്.
ശിവകുമാര്‍ മേനോന്‍ ‘നര്‍മദേ ഹര്‍’ എന്ന പുസ്തകത്തിലൂടെ 2023ല്‍ അദ്ദേഹം നടത്തിയ നര്‍മദ പരിക്രമണ യാത്രയുടെ അതുല്യ അനുഭവങ്ങള്‍ വായനക്കാര്‍ക്കായി പകര്‍ന്നു നല്‍കുന്നു. ഈ മഹത്തായ യാത്രയുടെ അന്തരാത്മാവിനെ മലയാളികള്‍ക്ക് ആദ്യമായി പരിചയപ്പെടുത്തുന്ന അപൂര്‍വ്വ ഗ്രന്ഥമാണിത്. 114 ദിവസം നീണ്ടുനിന്ന തന്റെ പൂര്‍ണ്ണ നര്‍മദാ പരിക്രമണത്തിന്റെ ഓരോ നിമിഷവും ഭംഗിയായി രേഖപ്പെടുത്തിയിരിക്കുന്നു.
നര്‍മദാ പരിക്രമണം വെറുമൊരു യാത്രയല്ല; അത് ദര്‍ശനം, തപസ്സ്, കൃതജ്ഞത, അനുഭൂതി, ആത്മസമര്‍പ്പണം എന്നിവയുടെ സമന്വയമാണ്. ഗ്രന്ഥകാരന്‍ താന്‍ പൂര്‍ത്തിയാക്കിയ പരിക്രമണത്തിന്റെ ഓരോ ദിവസവും, ഓരോ നിമിഷവും, ഓരോ ശ്വാസവും പുസ്തകത്തില്‍ മനോഹരമായി എഴുതിയിരിക്കുന്നു. മധ്യപ്രദേശ് ഹര്‍ദ ജില്ലയിലെ ‘ശ്രീ ബജറംഗ്ദാസ്‌കുടി’ എന്ന പ്രശസ്തമായ ആശ്രമത്തില്‍ നിന്നുള്ള പരിക്രമണ യാത്രയോടെയാണ് പുസ്തകം ആരംഭിക്കുന്നത്.
വിവരങ്ങളിലെ ലാളിത്യവും കൃത്യതയും പുസ്തകത്തെ അതുല്യമാക്കുന്നു. ലളിതമായ ഭാഷ, ഒരു മുതിര്‍ന്ന സഹയാത്രികന്‍ പറയുന്ന കഥപോലെ അദ്ദേഹം വായനക്കാരെ തന്റെ കൂടെ കൈപിടിച്ചു നടത്തുന്നു. ഓരോ ദിവസവും എന്ത് കഴിച്ചു, ആഹാരം എങ്ങനെ കിട്ടി, എത്ര ദൂരം നടന്നു, ആരെയെല്ലാം കണ്ടു, വഴിയോര ഗ്രാമങ്ങളുടെ ഭംഗിയും സ്വഭാവവും ജനങ്ങളുടെ ജീവിതരീതിയും സംസ്‌കാരവും, സന്ദര്‍ശിച്ച തീര്‍ത്ഥങ്ങളുടെ പുരാണപ്രാധാന്യം തുടങ്ങി പുലര്‍ച്ചെ യാത്ര തുടങ്ങിയതു മുതല്‍ രാത്രിയുടെ അവസാന പാദം വരെയുള്ള തന്റെ അനുഭവങ്ങള്‍ എല്ലാം അത്ഭുതകരമായ കൃത്യതയോടെ, ജീവസ്സുറ്റ വിധത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നു.
പല ദിവസങ്ങളിലും പ്രഭാതഭക്ഷണം ലളിതമായ പൊഹയോ (അവില്‍) ബിസ്‌കറ്റോ ആയിരുന്നു. പലപ്പോഴും വഴിയരികില്‍ സേവനസന്നദ്ധരായ നിഷ്‌ക്കളങ്കരായ ഗ്രാമവാസികള്‍ അദ്ദേഹത്തിന് റൊട്ടിയും കറിയും സ്‌നേഹപൂര്‍വ്വം പാചകം ചെയ്തു നല്‍കി. ചില ദിവസങ്ങളില്‍ ഏതെങ്കിലും വീട്ടമ്മ നല്‍കിയ ഒരു ഗ്ലാസ് ചൂട് ചായ അദ്ദേഹത്തിന് ഉണര്‍വ്വേകി; മറ്റു ചിലപ്പോള്‍ ഗ്രാമീണരായ കുട്ടികള്‍ക്ക് അദ്ദേഹം താന്‍ കരുതിയിരുന്ന ബിസ്‌കറ്റുകള്‍ നല്‍കി. ‘ബാബാ, അങ്ങേക്ക് യാത്രാമംഗളം’ എന്ന അവരുടെ നിഷ്‌കളങ്കമായ അഭിവാദ്യം തന്റെ യാത്രയെ കൂടുതല്‍ ലഘുവാക്കിയതായി അദ്ദേഹം കുറിക്കുന്നു. ഓരോ ഗ്രാമവും തങ്ങളുടെ പാരമ്പര്യ രീതിയില്‍ അദ്ദേഹത്തെ വരവേറ്റു. ചിലയിടങ്ങളില്‍ ഭക്തിഗാനങ്ങള്‍ കേട്ടും മറ്റുചിലയിടങ്ങളില്‍ മണ്‍വീടുകളുടെ മണം നിറഞ്ഞ കാറ്റിലൂടെ നടന്നും അദ്ദേഹം മുന്നോട്ട് നീങ്ങി. പ്രഭാതത്തില്‍ നര്‍മദ മാതാവിന്റെ കാറ്റേറ്റ് തുടങ്ങുന്ന യാത്ര സന്ധ്യക്ക് പരിസമാപ്തിയാകുന്നു. രാത്രി വിശ്രമസ്ഥലത്ത് നക്ഷത്രങ്ങളെ നോക്കി ആ ദിവസത്തെ മുഴുവന്‍ അനുഭവങ്ങളും മനസ്സില്‍ ആവാഹിച്ചാണ് അദ്ദേഹം ഉറങ്ങിയിരുന്നത്.
പുസ്തകം വായിച്ചപ്പോള്‍ എനിക്കു തോന്നിയത് ഞാനും അദ്ദേഹത്തോടൊപ്പം നടന്നു പരിക്രമണം ചെയ്യുന്നതായാണ്. നദിക്കരയിലൂടെ, ഗ്രാമങ്ങളിലൂടെ, ചെറു പട്ടണങ്ങളിലൂടെ കാടുകളിലൂടെ, ഇടുങ്ങിയ വഴികളിലൂടെ, തീര്‍ത്ഥങ്ങളിലൂടെ മഹാത്മാക്കളുടെ ദര്‍ശനം നേടി ഞാനും അദ്ദേഹത്തോടൊപ്പം നടന്നു.
ഈ പുസ്തകത്തിന്റെ അമൂല്യത ഇത് ഗ്രാമീണ ഇന്ത്യയുടെ ഹൃദയം തുറന്ന് കാണിക്കുന്നു എന്നതാണ്. ശിവകുമാറിന്റെ ഓരോ വരിയിലും ഗ്രാമവാസികളുടെ നിഷ്‌കളങ്കമായ സ്‌നേഹം നിറഞ്ഞുനില്‍ക്കുന്നു. ഭാരതത്തിന്റെ സാംസ്‌കാരിക ഔന്നത്യവും ഗ്രാമീണരുടെ മനസ്സിന്റെ മഹത്വവും വ്യക്തമാക്കുന്നതാണ് ഈ സ്‌നേഹം. വഴിയില്‍ ഓടി കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ അന്യദേശത്തു നിന്നും വന്ന യാത്രികരെ കാണുന്ന മാത്രയില്‍ മുഖത്ത് ഒരു പുഞ്ചിരിയോടെ, ”ബാബാ, ഇവിടെയാണ് നര്‍മദാ മയ്യ, ഇതുവഴിയാണ് പോകേണ്ടത്” എന്ന് വഴികാട്ടുമ്പോള്‍ അവരുടെ ആത്മാര്‍ത്ഥ സ്‌നേഹം നമ്മെ വിസ്മയിപ്പിക്കും. ചില കുട്ടികള്‍ വീട്ടില്‍ നിന്ന് ഓടിയെത്തി യാത്രികന് എന്താണ് വേണ്ടതെന്നു അന്വേഷിക്കുന്നത് യാത്രികന്റെ ഹൃദയത്തെ ആര്‍ദ്രമാക്കും. പാതയുടെ അരികില്‍ നിന്നിരുന്ന വയോധികര്‍ പരിക്രമവാസികളുടെ കാലൊച്ച കേട്ടാല്‍ കൈ ഉയര്‍ത്തി, ”നര്‍മദേ ഹര്‍” എന്ന് ഉച്ചത്തില്‍ ആശീര്‍വദിക്കുകയും അവര്‍ക്ക് എന്താണ് വേണ്ടതെന്നു ആരായുകയും ചെയ്തിരുന്നത് യാത്രയില്‍ വലിയ സഹായമായതായി ഗ്രന്ഥകാരന്‍ കുറിക്കുന്നു. ഈ മനുഷ്യസ്പര്‍ശത്തിന്റെ നനവാണ് പരിക്രമണത്തിന്റെ യഥാര്‍ത്ഥ മഹത്വം എന്ന് ശിവകുമാര്‍ ഓരോ വരിയിലൂടെയും നമുക്ക് മനസ്സിലാക്കി തരുന്നു.
നര്‍മദ തീരത്തു നിന്നാണ് അദ്വൈത ദര്‍ശനം ലോകമാകെ പടര്‍ന്നു പന്തലിച്ചത്. ജഗദ്ഗുരു ശ്രീ ശങ്കരാചാര്യര്‍ തന്റെ ഗുരു ഗോവിന്ദ ഭഗവത്പാദരെ ആദ്യമായി കണ്ടുമുട്ടിയ ഗുഹയും, അദ്ദേഹം ദീക്ഷയെടുത്ത പൂണ്യസ്ഥലവും തപസ്സ് അനുഷ്ഠിച്ച ഓംകാരേശ്വരിലെ മാന്ധതാ പര്‍വതവും മണ്ടനമിശ്രയുമായി സംവദിച്ച മണ്ഡലേശ്വരും സന്ദര്‍ശിക്കാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടായി. ശങ്കരാചാര്യരുടെ നാട്ടില്‍ നിന്നുമാണ് ശിവകുമാര്‍ വരുന്നതെന്നറിഞ്ഞ ഗ്രാമവാസികള്‍ അദ്ദേഹത്തിനു പ്രത്യേക സ്‌നേഹവും ബഹുമാനവും നല്കിയത് പുസ്തകത്തില്‍ പ്രത്യേകം സ്മരിക്കുന്നു. നര്‍മദ തീരത്തെ ഏക ജ്യോതിര്‍ലിംഗം ഓംകാരേശ്വറിലാണ്. ശിവകുമാര്‍ അതിന്റെ ചരിത്രവും ആത്മീയഗൗരവവും ആഴത്തില്‍, ലാളിത്യത്തോടെ വിശദീകരിക്കുന്നു. കേരളീയരുടെ മനസ്സില്‍ ഈ തീര്‍ഥം ഒരു സാധാരണ നദിക്കരയല്ല, അത് ഭാരതത്തിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിച്ച സാക്ഷ്യഭൂമിയാണ്.
പുസ്തകത്തിലെ ഓരോ പേജിലും ഗ്രന്ഥകാരന്‍ ലളിതമായ വാക്കുകള്‍കൊണ്ട് ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. അദ്ദേഹം വരച്ച ഭംഗിയുള്ള ദൃശ്യങ്ങള്‍, വായനക്കാരന്‍ വായിക്കുകയല്ല, അയാള്‍ ഗ്രന്ഥകാരനോടൊപ്പം നദിക്കരയിലൂടെ നടക്കുകയാണ്. പരിക്രമണത്തിന്റെ ദൈവികത ഗ്രന്ഥകാരന്‍ അതിശയകരമായി വായനക്കാരനിലേക്ക് പകര്‍ന്നിരിക്കുന്നു. ഇങ്ങനെ, ഓരോ സ്ഥലവും ഓരോ ദൃശ്യവും കാണിച്ചുതന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ രചന. വായനക്കാരനേയും തന്റെയൊപ്പം ആ മഹത്തായ പരിക്രമണ യാത്രയില്‍ കൂടെ കൊണ്ടുപോകുന്നു.
പുസ്തകം നമ്മെ വ്യക്തമായി ബോധ്യപ്പെടുത്തുന്നത്, നര്‍മ്മദ ഒരു സാധാരണ നദിയല്ല, മറിച്ച് സൗന്ദര്യത്തിന്റെ അവതാരവും ശാന്തിയുടെ സംഗീതവും, ദൈവികതയുടെ അനന്തവുമാണെന്നാണ്. എഴുത്തുകാരന്റെ കൃത്രിമത്വമില്ലാത്ത ശുദ്ധവും ലളിതവുമായ ഭാഷ നമ്മെ വായനയില്‍ പിടിച്ചിരുത്തും. ഓരോ വരിയിലും ഹൃദയസ്പര്‍ശിയായ സത്യസന്ധതയും ആത്മീയ ചായ്‌വും ലാളിത്യവും വേണ്ടിടത്ത് ഹാസ്യവും വിതറിക്കൊണ്ടുള്ള അതുല്യമായ രചന വായനക്കാരെ തീര്‍ച്ചയായും ആഹ്ലാദിപ്പിക്കും.
ആത്മീയത ഈ കൃതിയില്‍ പൂര്‍ണമായും പതിഞ്ഞിരിക്കുന്നു. നര്‍മദാ മാതാവിന്റെ ജലത്തില്‍ കാലും മുഖവും കഴുകുമ്പോള്‍ അനുഭവിച്ച ആന്തരിക ശാന്തി, ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ മനസ്സില്‍ ഉയര്‍ന്ന വികാരങ്ങള്‍, രാത്രിയില്‍ നക്ഷത്രങ്ങളെ സാക്ഷിയാക്കി കിടന്നപ്പോള്‍ അനുഭവിച്ച അദൃശ്യസാന്നിധ്യം, ചില യാത്രികരുടെ അസുഖകരമായ പെരുമാറ്റങ്ങള്‍ എല്ലാം അസാധാരണമായ ആത്മീയതാളം കൊണ്ട് നിറച്ചിരിക്കുന്നത് ഗ്രന്ഥകാരന്റെ എഴുത്തിന്റെ മഹത്വത്തെ കാണിക്കുന്നു. സത്യസന്ധതയും ആത്മീയതയും ചേര്‍ന്ന ഒരു അപൂര്‍വ്വയാത്രയാണ് ഈ പുസ്തകം. വായനക്കാരന് അദ്ദേഹം ഒരു സാധാരണ യാത്രികനല്ല, ഒരു ഭക്തന്‍, ഒരു സഹോദരന്‍, ഒരു സഹപദയാത്രികന്‍, എല്ലാമാണ്. മലയാളത്തില്‍ ആദ്യമായി നര്‍മദാപരിക്രമണത്തെ ആഴത്തില്‍ പരിചയപ്പെടുത്തിയ കൃതിയാണിത്.
ഗ്രാമീണ ഇന്ത്യയുടെ ഹൃദയത്തിലെ സംസ്‌കാരവും മനോഹാരിതയും ഭംഗിയായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. ഈ പുസ്ത കം ഒരു സാധാരണ യാത്രാവിവരണമല്ല; മറിച്ച് ഒരു ആത്മീയ സ്രോതസ്സാണ്. നാം കാണുന്ന ഭക്തിയുടെ നിമിഷങ്ങള്‍, പ്രകൃതിയുടെ നിശ്ശബ്ദത, അജ്ഞാതരുടെ ചിരിയും സഹായവും എല്ലാം എങ്ങനെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യണം, എങ്ങനെ മനസ്സിനെ നിയന്ത്രിക്കണം, എങ്ങനെ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തണം എന്ന് നമ്മെ പഠിപ്പിക്കുന്നു.






















