ഓര്‍ക്കുക ഹിരോഷിമ, നാഗസാക്കിയും, ആര്‍ക്കു-
മോര്‍ക്കാതെയിരിയ്ക്കുവാനാകാത്ത ദുരന്തങ്ങള്‍!
ചേര്‍ത്തുനിര്‍ത്തുക ശാന്തിദൂതുമായ് സഹജരെ-
യോര്‍ക്കണം ദുരന്തഭൂവാക്കരുതൊരേടവും.
ആരാണുവിജയിച്ച, താര്‍ക്കാണ് പരാജയം?
ആരാണൊരവകാശി, ആളുന്നൊരഗ്‌നി സാക്ഷി!
ആഴമേറും മുറിവീയുദ്ധഭൂവില്‍ ഇനി-
യാരുവാഴണം? നിണംവാര്‍ന്നൊഴുകുന്നു വീണ്ടും!
കഷ്ടദൈന്യങ്ങള്‍, ഉറ്റമിത്രങ്ങള്‍നഷ്ടപ്പെട്ടോര്‍,
ഇറ്റിറ്റുവീഴും കണ്ണീര്‍ച്ചാലുകള്‍; കബന്ധങ്ങള്‍.
പൊട്ടിത്തകര്‍ന്നങ്ങുവീഴുന്ന ഹൃദയങ്ങള്‍,
ഞെട്ടറ്റ മാസ്മരിക ബന്ധങ്ങള്‍, ദുരന്തങ്ങള്‍!
‘ദൃഷ്ടിയ്ക്കുപോലുമരുതാത്തതാമധികാര-
മുഷ്ടി’യ്ക്കുമുന്നില്‍ തകര്‍ന്നടിയുന്ന നിരാലംബര്‍,
ശിഷ്ടമെന്താണിതിന്‍ ഫലമെന്നുള്ളതറിയാത്ത-
ദുഷ്ടദൃക്കുകള്‍, ചാവേര്‍പ്പടയായി മാറുന്നവര്‍.
പ്രാകൃതമാണിക്കാഴ്ചയൊക്കെയും; സഹജരെ –
പാടേമറന്നെന്തു നേടുന്നു ഹതഭാഗ്യര്‍!
പാഴ് ശ്രുതികളല്ലിതില്‍, സ്‌നേഹോദാര-
മാധുരി പൊഴിയ്ക്കുവാന്‍ മനസ്സൊന്നുണര്‍ന്നെങ്കില്‍!
ഓര്‍ക്കുക ഹിരോഷിമ, നാഗസാക്കിയും, ആര്‍ക്കു-
മോര്‍ക്കാതെയിരിയ്ക്കുവാനാകാത്ത ദുരന്തങ്ങള്‍!
ഓര്‍ക്കണം നരമേധമാടുവാന്‍ തുനിയരു-
താര്‍ക്കുമേ ശാപഗ്രസ്തമാക്കരുതെന്‍ഭൂമിയെ






















