നിശബ്ദമാക്കപ്പെടുന്ന
ഒരു ദിവസത്തെ കണ്ടുകൊണ്ടുവേണം
നീ ഉച്ചത്തില്‍-
സംസാരിക്കുവാന്‍.
ഒരു നിമിഷം കൊണ്ട് നിശ്ചലമാക്കപ്പെടാവുന്ന
കാലുകളെ ഓര്മ്മിച്ചുവേണം
അതുയര്‍ത്തി ചവിട്ടുവാന്‍
ചാടുവാന്‍, നടക്കുവാന്‍.
ഒരു വേള ആലിലപോലെ
വിറച്ചു വീഴാവുന്ന കരങ്ങളെ
ഓര്മ്മിച്ചുവേണം
അപരന്റെ നേര്‍ക്ക് വീശുവാന്‍
മുഷ്ടി ചുരുട്ടുവാന്‍.
വാക്കറ്റുപോകാവുന്ന നാവിനെ
കരുതി വേണം
മുറിപ്പെടും വാക്കിന്റെ
കത്തി പ്രയോഗിക്കുവാന്‍.
ഒരു എരിഞ്ഞടങ്ങലിനപ്പുറം
മറ്റൊന്നുമില്ലെന്നിരിക്കെ
എന്തിനാണ്
എന്തിനാണ്
പുകഞ്ഞൊടുങ്ങല്?