”ഇപ്പോള്‍ എവിടെപ്പോയി നിന്റെ
സ്വരാജ്”?
”സഹ്യാദ്രിയുടെ കുന്നുകളില്‍,
ഗോദാവരിയിലെ ഓളങ്ങളില്‍,
റായ്ഗഡിന്റെ ആ മണ്ണില്‍,
ജല്‍നയിലെ തെരുവുകളില്‍,
നാസിക്കില്‍ വീശുന്ന കാറ്റിലും,
കൊങ്കണിന്റെ ഓരോ കോണിലും,
മാ ഭവാനിയുടെ ചരണങ്ങളില്‍,
ലക്ഷക്കണക്കിന് മറാത്ത വീരന്മാരുടെ ശ്വാസത്തിലും,
അവിടെ ആണ് സ്വരാജ്.
നിങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന സ്വരാജ് എന്നത് ഒരു രാജ്യമല്ല, ഒരു ഭൂമി അല്ല,
അത് ഛത്രപതി ശിവാജി മഹാരാജാവിന്റെ സങ്കല്പം ആണ്. നശിക്കില്ല.’
സംഗമശ്വര് യുദ്ധത്തില്‍ ചതിയില്‍ പെട്ട് തടവിലാക്കപ്പെട്ട സംഭാജിയെ കൊടും പീഡനത്തിന് വിധേയനാക്കി, ബന്ധനത്തില്‍ കിടക്കുന്നു. വിരലിലെ നഖങ്ങള്‍ എല്ലാം പിഴുത്തെടുത്തു, കണ്ണുകള്‍ ചൂഴ്ന്നെടുത്തു, ദേഹമാസകലം മുറിവേറ്റ ഇടത്തെല്ലാം ഉപ്പ് വാരിപൊതിഞ്ഞു കൊണ്ട് മരണത്തെ മുഖാമുഖംകണ്ടു നില്ക്കുന്ന സംഭാജിയുടെ മുന്നിലേക്ക് അത് വരെ മാറി നിന്ന് നിര്‍ദ്ദേശം കൊടുത്തു കൊണ്ടിരുന്ന ക്രൂരനായ മുഗള്‍ സ്വേച്ഛാധിപതി വരികയാണ്.
ഔറംഗസേബ് തന്റെ മുന്നില്‍ ബന്ധനസ്ഥനായി മൃതപ്രായനായി കിടക്കുന്ന സംഭാജിയോട് ചോദിക്കുന്ന ചോദ്യം ആണ് അത്.
സംഭാജി കൊടുക്കുന്ന മറുപടി കേട്ടാല്‍ ഏതൊരു ഭാരതീയന്റെയും രോമാഞ്ചം അതിന്റെ പാരമ്യത്തില്‍ എത്തിക്കും. വടക്കെ ഇന്ത്യക്കാര്‍ കൂടുതല്‍ ഉള്ള തിയേറ്ററില്‍ ഷോ കണ്ടത് കൊണ്ടാവും കയ്യടിയുടെ മാറ്റൊരു തലത്തിലൂടെ ആണ് സിനിമയിലെ ഈ സീന്‍ കടന്ന് പോയത് എന്ന് പറയാതെ വയ്യ.
ഒരു വലിയ ജനത മനസ്സില്‍ ഭഗവാനെ പോലെ പ്രതിഷ്ഠിച്ച ദൈവതുല്യനായ സിംഹവീര്യം ഉള്ള ഒരാള്‍, അവരുടെ ഛത്രപതി. അദ്ദേഹത്തിന്റെ അതേ ഗുണഗണങ്ങളും ആയി പിറന്ന മകനെയും, ആ സിംഹക്കുട്ടിയേയും അവര്‍ അതേ മനസ്സിന്റെ സിംഹാസനത്തിലാണ് പ്രതിഷ്ഠിച്ചത് എന്ന് ഇന്നത്തെ പുതുതലമുറയും സാക്ഷ്യം പറയുന്ന രംഗങ്ങള്‍ ആണ് ”ഛാവ” പ്രദര്‍ശിപ്പിക്കുന്ന സിനിമശാലകളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. അതേ ഛത്രപതി സംഭാജി മഹാരാജ് ജീവിക്കുന്നത് ഭാരതത്തിന്റെ ജനഹൃദയങ്ങളിലെ സിംഹാസനത്തില്‍ തന്നെ ആണ്.
സിനിമയുടെ അവസാനം ടൈറ്റില്‍ കാര്‍ഡ് കാണിക്കുമ്പോള്‍, വെളിച്ചം തെളിയുമ്പോള്‍ കണ്ണീര് ഒഴുക്കുന്ന മനുഷ്യരെ നമുക്ക് കാണാം, നിറഞ്ഞ കണ്ണുകളോടെ സംഭാജി രാജക്ക് ജയ് വിളിക്കുന്നത് നമുക്ക് കാണാം. ഇന്നത്തെ തലമുറയിലെ കൊച്ചു കുട്ടികള്‍ വരെ നെഞ്ചില്‍ കൈവച്ചു അവരുടെ ഭൂപതി ആയിരുന്ന, പ്രജാപതി ആയിരുന്ന ആള്‍ക്ക് ജയ് വിളിക്കുമ്പോള്‍ മെക്കാളെ സായിപ്പിന്റെ വിദ്യാഭ്യാസം എന്തിനാണോ ശ്രമിച്ചത് അതിനെ തള്ളിക്കളഞ്ഞു കൊണ്ട് നമ്മുടെ വീരന്മാരുടെ വാമൊഴി ചരിത്രവും ഭാരതത്തിന്റെ വീര ഇതിഹാസങ്ങളും വിജയം നേടുന്ന കാഴ്ച മനോഹരമല്ലേ.
ഛാവ സിനിമയിലേക്ക് വന്നാല്‍, അവിടെ വിക്കി കൗശല്‍ എന്ന നായകനെ എവിടെയും കാണാന്‍ കഴിഞ്ഞിട്ടില്ല. ബയോപിക്കുകളുടെ രാജകുമാരന് ആയ വിക്കി സംഭാജി രാജയിലേക്ക് പരകായപ്രവേശം നടത്തിയിരുന്നു. അത് പറയാന്‍ കാരണവും ഉണ്ട്.
127 യുദ്ധങ്ങള്‍ ജയിച്ച, ഒരു പടുകൂറ്റന്‍ ഉടവാള് ഉപയോഗിക്കുന്ന, ഒരു നോട്ടം കൊണ്ട് തന്നെ എതിരെ നില്ക്കുന്ന ആളുടെ കണ്ണുകള്‍ക്ക് ഭാരം ആവുന്ന, 12 ഭാഷകള്‍ സംസാരിക്കുന്ന, ശസ്ത്ര ശാസ്ത്രങ്ങളില്‍ പാരംഗതന്‍ ആയ, ഗറില്ല യുദ്ധമുറകളില്‍ തന്റെ പിതാവിനെ തന്നെ പിന്നിലാക്കുന്ന യുദ്ധനൈപുണിയും, കവിതകള്‍ കൊണ്ട് കവികളെ വെല്ലുവിളിക്കുന്ന, മുഗളന്മാരുടെ വന്കോട്ടകളില് വെള്ളിടി ആയി മിന്നിയ ഒരാളെ നിങ്ങള്‍ സ്ക്രീനില്‍ അവതരിപ്പിക്കുമ്പോള്‍ അയാള്‍ കൊണ്ട് വരുന്ന ”ഔറ” അത്ര ഭീകരം ആയില്ല എങ്കില്‍ സിനിമ അവിടെ തീര്‍ന്നു, ആദ്യ സീനില്‍. പിന്നെ ആ സിനിമക്ക് ജീവനില്ലാതെ പോവും. പലവുരു അത്തരം അവസ്ഥകള്‍ പല സിനിമക്കും ഉണ്ടായിട്ടുണ്ട്. അക്ഷയ് കുമാര്‍ അഭിനയിച്ച പൃഥ്വിരാജ് ചൗഹാന് അതിന് ഉദാഹരണം ആണ്.
വിക്കി കൗശലിന്റെ നടപ്പും എടുപ്പും സംസാരവും അംഗ ചലനങ്ങളും എന്തിന് ഒരു നോട്ടം പോലും മേല്പറഞ്ഞ സംഭാജിയുടെ ഗംഭീര്യം നിറഞ്ഞു നില്‍ക്കുന്നത് ആയിരുന്നു. ചില അവസരങ്ങളില്‍ സ്വയം ശിവാജിയുടെ ചിത്രങ്ങളില്‍ നമ്മള് കണ്ടിട്ടുള്ള അതേ ശിവാജി നേരില്‍ വന്നതാണോ എന്ന് പോലും തോന്നുന്ന അഭൂതപൂര്‍വ്വമായ സാമ്യത ഉണ്ടാക്കാന്‍ വിക്കിക്ക് കഴിഞ്ഞു എന്നതാണ് സത്യം. അദ്ദേഹം സിനിമ ഒറ്റക്ക് ചുമലില്‍ എടുത്ത്വച്ചു നടന്നു എന്ന് പറയാം.
ശിവാജി സാവന്ത് എഴുതിയ മാറാത്ത നോവല്‍ ഛാവയോട് നീതി കാണിക്കുന്ന തരത്തില്‍ ഉള്ള മേക്കിങ് ആയിരുന്നു ആദ്യാവസാനം. സിനിമയുടെ സംവിധായകന് ലക്ഷ്മണ് ഉടേക്കര്‍ അതിന് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. പുസ്തകത്തിലെ പോലെ അതീവ വികാരപരമായ രംഗങ്ങളില്‍ പോലും വിക്കി കൗശല്‍ എന്ന അനുഗൃഹീത നടന് സംഭാജി രാജേ ആയി ജീവിച്ചു തന്നെ പകര്‍ന്നാടിയിരിക്കുന്നു.
സംഭാജി രാജേയുടെ റോള്‍ ചെയ്യുന്നത് വിക്കി കൗശലിനെ പോലുള്ളവര്‍ ആണെങ്കില്‍ ആ ഔറയെ അത് പോലെ നേരിടാന്‍ കഴിയുന്ന ഒരു അഭിനേതാവ് ആവണം വില്ലനായി മറുവശത്ത് വരേണ്ടത്. അക്ഷയ് ഖന്നയുടെ ഔറംഗസീബ് അക്കാര്യത്തില്‍ പവന്മാറ്റ് പ്രകടനം ആണ് നടത്തിയത്. കണ്ടിരിക്കുന്ന പ്രേക്ഷകന്റെ മനസ്സിലേക്ക് ക്രൂരതയുടെ നോട്ടം ആഴ്ന്നിറങ്ങാന്‍ അധിക സമയം എടുക്കില്ല.
സംഭാജിയുടെ സുഹൃത്തായ ചന്ദോഗമത്യ എന്ന കവി കലശ് ആയി വേഷമിട്ട വിനീത് കുമാറും വിക്കി കൗശലും ആയുള്ള എല്ലാ കൊമ്പിനേഷന്‍ രംഗങ്ങളും അതീവ ഹൃദ്യമായിരുന്നു എങ്കിലും മരണത്തിലേക്ക് നടന്നു പോകുന്ന ഇരുവരുടെയും സംഭാഷണം ആരെയും കണ്ണീരിലാഴ്ത്തും.
”കവിതയെല്ലാം കഴിഞ്ഞു പോയി രാജേ,
ഇനി ഞാന്‍ പോകട്ടെ,
അങ്ങയുടെ ശത്രുക്കളുടെ മുറിവില്‍ ഉപ്പായി മാറുവാന്‍”
എന്ന് പറഞ്ഞു കഴുമരത്തിലേക്ക് പോകുന്ന കവി കലശിനെ സംഭാജി രാജേ കവിത ചൊല്ലി തന്നെ വിട പറയുന്ന രംഗം അതിതീവ്രവികാരങ്ങള്‍ സംവദിക്കുന്നതാണ്.
” നീ ഉപ്പല്ല പ്രിയ സുഹൃത്തേ കവി,
നീ എന്റെ നെറ്റിയില്‍ ചാര്‍ത്തിയ തിലകമാണ് എന്നറിയൂ”
എന്ന് പറഞ്ഞാണ് മരണത്തിന് മുന്‍പ് സംഭാജി തന്റെ സുഹൃത്തിനോട് യാത്ര പറയുന്നത്.
സംഭാജി രാജേയുടെ പ്രിയ പത്നി യെശുഭായി ആയി വേഷമിട്ട രശ്മിക മന്ദനയും മികച്ച പ്രകടനം കാഴ്ച വച്ചു. സംഭാജി രാജേയുടെ രാജ്ഞി എന്നാല്‍ മാറാത്ത സാമ്രാജ്യത്തിന്റെ അമ്മയാണ്. ആ ഒരു വലിയ റോള്‍ ഏറ്റെടുക്കാന്‍ ഉള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ രശ്മികക്ക് സിനിമയില്‍ ഉണ്ടായില്ല. സംഭാജി രാജേയുടെ പിന്നില്‍ അദ്ദേഹത്തിന്റെ ശക്തി സ്രോതസ്സ് ആയി നിലകൊള്ളുന്ന സംഭാജിയുടെ ശ്രീസഖി ആയിരുന്നു രശ്മിക. ഇരുവരും തമ്മില്‍ ഉള്ള പ്രണയരംഗങ്ങളും അതിതീവ്രമായി തന്നെ സിനിമയില്‍ കാണിക്കുന്നു.
വിക്കി കൗശല്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. മാറാത്ത സൈന്യം യുദ്ധം നയിക്കുമ്പോള്‍ ആദ്യത്തെ പ്രഹരമേല്‍പ്പിക്കുന്നത് അവരുടെ രാജേ ആയിരിക്കും. അതുപോലെ തന്നെ ആദ്യ പ്രഹരം നെഞ്ചില്‍ വാങ്ങുന്നതും രാജേ ആയിരിക്കും എന്ന്. മുഗള്‍ യുദ്ധങ്ങളില്‍ എണ്ണത്തില്‍ സൈനികരെ ബലി കൊടുത്ത് നേടുന്ന വിജയങ്ങള്‍ ആണ് അധികവും.
ഒരു രാജാവും ഒരു ഭരണാധികാരിയും തമ്മിലുള്ള വ്യത്യാസമാണ് യുദ്ധമുഖത്ത് പോലും തെളിഞ്ഞു കാണുന്നത്. ഈ വീരചരിതങ്ങള്‍ ആണ് നമ്മുടെ ചരിത്രത്തില്‍ എവിടെയോ നമുക്ക് നഷ്ടമായത്.
മാസ്സ് ആക്ഷന്‍ ഡ്രാമ ആണെങ്കിലും അതിനകത്തും നിരന്തര ആത്മസംഘര്‍ഷങ്ങള്‍ നേരിടുന്ന ഒരാളുടെ ഉള്ളിലെ ഹൃദയവേദന പറയാന്‍ കൂടിയുള്ള സ്ഥലം സംവിധായകന് നല്‍കിയിട്ടുണ്ട്. സംഭാജി രാജേയുടെ നന്നേ ചെറുപ്പത്തില്‍ നഷ്ടമായ അമ്മയെയും തന്റെ അച്ഛനായ ശിവാജി മഹാരാജിനെയും സംഘര്‍ഷഭരിത മുഹൂര്‍ത്തങ്ങളില്‍ അദ്ദേഹം മനസ്സില്‍ ഓര്‍ക്കുന്നത് ഇരുട്ടില്‍ സംഭ്രമിച്ചു നില്ക്കുന്ന ഒരു കൊച്ചു കുട്ടി അമ്മയെയും അച്ഛനെയും വിളിക്കുമ്പോള്‍ അവര്‍ മറുപടി നല്‍കുന്നത് പോലെയാണ്. അത് ഹൃദയസ്പര്‍ശി ആയിരുന്നു.
ബാഹുബലി പോലെ ഉള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ നിന്നും ഒരു പണതൂക്കം മുന്നില്‍ ഛാവ നില്‍ക്കാനുള്ള കാരണം മറ്റൊന്നാണ്. ബാഹുബലി പോലെ ഉള്ള സിനിമകള്‍ അതിന്റെ മേക്കിങ് കൊണ്ട് നമ്മളെ അദ്ഭുതപ്പെടുത്തി നമ്മളെ പിടിച്ചിരുത്തുമ്പോള്‍ ഛാവ നമുക്ക് അതിനും മുകളില്‍ രോമാഞ്ചവും അതിലുപരി നമ്മുടെ നാടിന്റെ ചരിത്രത്തെ ഓര്‍ത്ത്, ധര്‍മ്മത്തെ ഓര്‍ത്ത് അഭിമാനവും സന്തോഷവും നല്കുന്നു. ആദ്യ സീനില്‍ ബുര്‍ഹാന്‍പൂര്‍ ആക്രമിക്കാന്‍ എത്തുന്ന സംഭാജി രാജേയുടെ ഇന്‍ട്രോ സീനില്‍ ”ഹര് ഹര് മഹാദേവ്” വിളിച്ചു കൊണ്ട് തന്റെ കുതിരയെ ബാരിക്കേഡുകള്‍ക്ക് മുകളിലൂടെ ചാടിക്കുന്ന ഒരു രംഗം ആണ്. ജയ് മഹിഷ്മതി വിളിക്കുന്നതും ”നമഃ പാര്‍വതി പതയെ – ഹര ഹര മഹാദേവ” വിളിക്കുന്നതും തമ്മില്‍ ഉള്ള വ്യത്യാസം, ആദ്യത്തേത് സിനിമയിലെ ഒരു കഥാപാത്രം ആണ് വിളിക്കുന്നത് എങ്കില്‍ അടുത്തത് സിനിമയിലെ കഥാപാത്രത്തിന്റെ ഒപ്പം നമ്മുടെ മനസ്സും, കൂടെ രോമകൂപങ്ങളും കൂടെ ഭഗവാന്റെ ഭൂതഗണങ്ങളും വരെ ഏറ്റുവിളിക്കും.
ഉടനീളം പഞ്ച് ഡയലോഗിന്റെ ഒരു കടലാണ് ഛാവ എന്ന സിനിമ എന്ന് പറയാതെ വയ്യ. അതുപോലെ തന്നെ കവിതയും. ഔറംഗസീബിന്റെ മകന് തന്റെ അച്ഛനെ കൊല്ലാന്‍ സഹായം ചോദിച്ചു സംഭാജിയെ കാണാന്‍ വരുന്നുണ്ട്. അവിടെ നിരായുധനായി തന്നെ കാണാന്‍ ഒറ്റക്ക് വന്ന സംഭാജിയെ മുഹമ്മദ് അക്ബര്‍ പ്രകീര്‍ത്തിക്കുന്നു. അപ്പോ സംഭാജിയുടെ മറുപടി ഇങ്ങനെ ആണ്. ”എന്റെ ഉടവാളിനെ ഞാന്‍ ആദരിക്കുന്നു. പാമ്പിന്റെ കുഞ്ഞിനെ ഞങ്ങള്‍ രണ്ട് വിരല്‍ കൊണ്ട് എടുത്ത് മുഷ്ടിക്കുള്ളില്‍ ഞെക്കി ആണ് കൊല്ലാറുള്ളത്, വാള് കൊണ്ടല്ല” എന്ന്. തന്റെ സുഹൃത്തും കവിയും ആയ ചന്ദോഗമത്യയെ സൂര്യനോട് ഉപമിക്കുന്ന സംഭാജി രാജേയോട് തന്നെ ഉപ്പ് ആയി കണ്ടാല്‍ മതി, ആവശ്യം ഉള്ള ഇടത്ത് ആവശ്യം പോലെ ഉപയോഗിക്കാന്‍ കവി ആവശ്യപ്പെടുമ്പോള്‍ എന്നാല്‍ ഞാന്‍ താങ്കളെ ശത്രുക്കളുടെ മുറിവില്‍ പുരട്ടുന്ന ഉപ്പായി ഉപയോഗിക്കും എന്ന് സംഭാജി രാജേയുടെ മറുപടി.
സിനിമ പിന്നെയും മുന്നോട്ട് പോകുമ്പോള്‍ സംഭാജി രാജേയെ വധിക്കാനും ഭരണം പിടിക്കാനും തന്റെ രണ്ടാനമ്മയും കൂട്ടരും തന്റെ ബന്ധുക്കളെ കൂട്ടി നടത്തുന്ന ചതിയില്‍ അകപ്പെടുന്ന അവസരം എല്ലാം വികാരനിര്‍ഭര രംഗങ്ങള്‍ ആണ്. അവിടെയും തന്റെ മകന് രാമരാജേയെ രാജാവാക്കാന്‍ തന്റെ കൊട്ടാരത്തില്‍ തന്നെ ഇരുന്ന് കരുക്കള്‍ നീക്കുന്ന രണ്ടാനമ്മയുടെ പാദങ്ങള്‍ തൊട്ട് വണങ്ങി യുദ്ധത്തിന് പോകുന്ന ധര്‍മ്മിഷ്ഠനായ രാജാവിനെ നമുക്ക് കാണാം.
സംഗമേശ്വറില്‍ നടക്കുന്ന യുദ്ധവും പിന്നെ സംഭാജിയെ തടവില്‍ പിടിക്കുന്നതും 40 ഓളം ദിവസം പീഡിപ്പിച്ചു പീഡിപ്പിച്ചു കൊല്ലുന്ന രംഗങ്ങള്‍ ആണ് അവസാന 40 മിനിറ്റ്. കാഴ്ചക്കാരെ കരയിപ്പിക്കുന്നത് ഈ ദൃശ്യങ്ങള്‍ ആണ്. അക്ഷരാര്‍ത്ഥത്തില്‍ സംഗമേശ്വരറില് നടന്ന യുദ്ധം എന്നാല്‍ ഒരു സിംഹത്തെ കീഴടക്കാന്‍ നൂറുകണക്കിന് ആളുകള്‍ ആയുധങ്ങളും ആയി ശ്രമിക്കുന്ന കാഴ്ച തന്നെയാണ്. 8 ലക്ഷം സൈനികരും ആയി വരുന്ന ഔറംഗസീബിന്റെ പടയെ നേരിടാന്‍ തന്റെ ഗണരാജ്യങ്ങളെയും ബന്ധുജനങ്ങളെയും പറഞ്ഞു മനസ്സിലാക്കി തയ്യാറാക്കുന്ന രംഗങ്ങള്‍ ഉദ്വേഗജനകമാണ്.
ഏറ്റവും വികാരനിര്‍ഭരമാണ് അവസാന രംഗങ്ങള്‍. ഒരു മാസ്സ് ക്ലൈമാക്സ് ആണ് വേണ്ടിയിരുന്നത് എങ്കില്‍ സംഭാജിയുടെ 127 യുദ്ധവിജയങ്ങള്‍ കൊണ്ട് സിനിമ എടുക്കാമായിരുന്നു. പക്ഷെ ലക്ഷ്മണ് ഉടെക്കര്‍ എന്ന സംവിധായകന് ശ്രമിച്ചത് ശിവാജി സാവന്തിന്റെ പുസ്തകത്തിലെ സംഭാജി മഹാരാജിനെ വരച്ചു കാണിക്കാനാണ്. അതില്‍ അദ്ദേഹം പൂര്‍ണ്ണ വിജയം നേടി എന്ന് പറയാം. 40 ദിവസത്തെ കൊടും പീഡനം നേരിട്ട സംഭാജിക്ക് മുന്നില്‍ ഔറംഗസീബ് മോഹിപ്പിക്കുന്ന പല വാഗ്ദാനങ്ങളും നല്‍കുന്നുണ്ട്. പക്ഷെ ധര്മ്മപരിവര്ത്തനം നടത്തണം. മതം മാറണം. കണ്ണുകള്‍ ചൂഴ്ന്നെടുത്തു, നഖങ്ങള്‍ പറിച്ചെടുത്തു, മുടി പിഴുതു മാറ്റി, ശരീരം മുഴുവന്‍ വാളിനു വരഞ്ഞു മുറിവില്‍ ഉപ്പ് പൊതിഞ്ഞു ചെയ്യാവുന്ന എല്ലാ പീഡനവും ഏറ്റു വാങ്ങിയാണ് സംഭാജി രാജേ വിട പറയുന്നത്.
ഓര്‍ത്ത് വെക്കാനുള്ള രണ്ട് സന്ദര്ഭങ്ങള്കൂടെ പറഞ്ഞു കൊണ്ട് മാത്രമേ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ കഴിയൂ.
”നിന്റെ മരണത്തോടെ മറാത്ത സാമ്രാജ്യം ഞാന്‍ അവസാനിപ്പിക്കും”
എന്ന് ഔറംഗസേബ് പറയുമ്പോള്‍ മരണത്തിന് മുന്‍പ് സംഭാജി രാജേ പറയുന്നത് ഇങ്ങനെ ആണ്.
‘എന്റെ മരണം ഓരോ മറാത്തായുടെ കുടുംബത്തിലും ഒരു പുതിയ ശിവാജിയെ, ഒരു പുതിയ സംഭാജിയെ സൃഷ്ടിക്കും. പക്ഷെ നീ മരിച്ചാല്‍, നിന്നോട് കൂടി ഈ മുഗള്‍ സാമ്രാജ്യവും മണ്ണടിയും.’
ശാപം പോലെ സംഭാജിയുടെ വാക്കുകള്‍ ഏറ്റെടുത്ത് മറാത്ത സൈന്യം ഭാരതം മുഴുവന്‍ ഭഗവക്കൊടി നാട്ടി. മുഗള്‍ സാമ്രാജ്യം അതോടെ അവസാനിക്കുകയും ചെയ്തു.
സംഭാജി രാജേയുടെ മരണശേഷം സ്വന്തം മകനെ കത്തി കൊണ്ട് കുത്തി കുത്തി കൊന്ന ശേഷം ഔറംഗസേബ് പുലമ്പുന്നത് കേള്‍ക്കാം.
”സംഭായെപ്പോലെ ഒരു മകന് ആയിരുന്നു എനിക്ക് ഉണ്ടായത് എങ്കില്‍ ഞാന്‍ ഈ കാണായ ലോകം മുഴുവന്‍ കീഴടക്കുമായിരുന്നു. അവന്റെയും അവന്റെ പിതാവിന്റെയും അടങ്ങാത്ത ഇച്ഛാശക്തി ആണ് എന്നെ ഇത്രയും ചെയ്യിച്ചത്”.
100 കണക്കിന് വര്‍ഷം ഇസ്ലാമിന്റെയും ബ്രിട്ടന്റെയും മറ്റ് വിദേശ ശക്തികളുടെയും കീഴില്‍ ആയിരുന്നിട്ടും ഇന്നും ഭാരതത്തില്‍ മാത്രം ഹിന്ദു ജനത 80% ഉണ്ടെങ്കില്‍ അതിനെല്ലാം നമ്മള് നന്ദി പറയേണ്ടത് നമ്മുടെ പൂര്‍വികരായ ഇവരെ പോലുള്ള വീരേതിഹാസങ്ങള്ക്കാണ്. അവരുടെ വംശ പരമ്പരയാണ് നമ്മള് എന്ന ബോധ്യം ആണ് നമ്മള് ഇന്നുള്ള തലമുറക്കും നാളെ വരാന്‍ പോകുന്ന തലമുറക്കും ആയി കരുതിവക്കേണ്ട സമ്പാദ്യം. അതിന് പുസ്തകത്താളുകള്‍ വേണ്ടിവരരുത്. ഇത്തരം സിനിമകള്‍ അതിനുള്ള ഒരു പ്രേരണ കൂടിയാവണം.
ഛാവ നമ്മുടെ വംശപരമ്പരയുടെ ചെറുത്ത് നില്‍പ്പിന്റെ കഥയാണ്. നമ്മുടെ പൂര്‍വികരുടെ വീരഗാഥയാണ്. നമ്മള് എല്ലാവരും നമ്മുടെ കുട്ടികളും കുടുംബവുമായി സിനിമാശാലകളില്‍ പോയി കാണേണ്ട ഒരു സിനിമയാണ് ഛാവ. മറക്കരുത്.