ഭാരതത്തിന്റെ സമകാലീന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടു നാഴികക്കല്ലുകളാണ് അയോദ്ധ്യയിലെ രാമക്ഷേത്രവും കാശ്മീരിന് പ്രത്യേക പദവി കൊടുക്കുന്ന 370-ാം വകുപ്പ് നീക്കം ചെയ്തതും. ഒരു ദശകം മുമ്പ് വരെ അസാധ്യമെന്നു കടുത്ത ദേശീയവാദികള്‍ പോലും വിലയിരുത്തിയിരുന്ന ഈ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകങ്ങളായി എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും. ഇതില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത ഐതിഹാസികമായ ചരിത്രമാണ് അതേ പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഹിന്ദി സിനിമയുടെ ഇതിവൃത്തം.
ഒരു ചരിത്രസംഭവം സിനിമയാക്കുമ്പോള്‍ അതിനനുസരിച്ചുള്ള ചേരുവകള്‍ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ സിനിമ വിജയിക്കില്ല. ബോക്‌സ് ഓഫീസില്‍ തകര്‍ന്നു പോകും എന്നുള്ള ചില പൊതുധാരണകള്‍ ഉണ്ട്. കോടികള്‍ ഇറക്കിയുള്ള കളിയായത് കൊണ്ട് നിര്‍മ്മാതാക്കളും സംവിധായകരും അങ്ങനെയുള്ള കാര്യങ്ങളില്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്യാറുമില്ല. അതുകൊണ്ടുതന്നെ റിലീസ് ദിവസം തന്നെ പടത്തിനു ടിക്കറ്റെടുക്കുമ്പോള്‍ ഒരു ഫാന്റസിയുടെ സെന്റിമെന്റുകളെ ചുറ്റിപ്പറ്റി ചരിത്രത്തെ അനാവരണം ചെയ്യുന്ന ട്രീറ്റ്‌മെന്റ് ആകും എന്നാണു പ്രതീക്ഷിച്ചത്. എന്നാല്‍ പടം തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ എല്ലാ മുന്‍ധാരണകളെയും കാറ്റില്‍ പറത്തിയുള്ള സിനിമയുടെ പോക്ക് കണ്ടപ്പോള്‍ സംവിധായകന്‍ ആദിത്യ ജംബലെ ഇതെവിടെക്കാണ് കൊണ്ടുപോകുന്നത് എന്ന് അദ്ഭുതപ്പെട്ടു.
സൂനി ഹക്‌സര്‍ എന്ന വനിതാ ഇന്റലിജന്‍സ് ഓഫീസറിലൂടെയാണ് പടം മുന്നേറുന്നത്. കുപ്രസിദ്ധ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ കുടുക്കുന്ന ഓപ്പറേഷനില്‍ സൂനി വഹിച്ച പങ്ക് മേലധികാരികള്‍ എടുത്തത് ശരിയായ രീതിയിലായിരുന്നില്ല. സൂനി കുറച്ചുകൂടി പക്വത കാട്ടിയിരുന്നെങ്കില്‍ വാനിയെ ഒരു വലിയ രക്തസാക്ഷിയാക്കി മുതലെടുക്കാന്‍ ഭീകരര്‍ക്ക് കഴിയുമായിരുന്നില്ല എന്ന മേലധികാരികളുടെ നിഗമനവും പൂര്‍ണ്ണമായി തെറ്റാണ് എന്ന് പറയാന്‍ പറ്റില്ല. ഒരു അവസരം കൂടി ലഭിച്ചിരുന്നെങ്കില്‍ വാനിയുടെ ശവശരീരം വിട്ടുകൊടുക്കില്ലായിരുന്നു എന്ന് സൂനിയും സമ്മതിക്കുന്നുണ്ട്. എന്തായാലും ദല്‍ഹിയിലേക്ക് സ്ഥലം മാറ്റപ്പെട്ട സൂനി, എല്ലാ പ്രതീക്ഷയും വെടിഞ്ഞു സേനയില്‍ നിന്ന് വിരമിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് പുല്‍വാമ ആക്രമണത്തില്‍ അവളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ ചൗഹാന്‍ അടക്കമുള്ള നാല്‍പ്പത് ഭടന്മാര്‍ കൊല്ലപ്പെടുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്‌പെഷ്യല്‍ ഓഫീസര്‍ ആയ രാജേശ്വരിയുടെ നിര്‍ബന്ധപ്രകാരം സൂനി എന്‍.ഐ.എയുടെ പ്രത്യേക ചുമതലയില്‍ താഴ്‌വരയില്‍ മടങ്ങിയെത്തി.
ഇതിനിടയില്‍ കശ്മീരിലെ സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും മൂലകാരണമായ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യാനുള്ള നിര്‍ണ്ണായക നീക്കങ്ങള്‍ പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ഏഴു പതിറ്റാണ്ട് പിന്നില്‍ മുതലുള്ള വിശദാംശങ്ങളിലേക്കു രാജേശ്വരിയുടെ നേതൃത്വത്തിലുള്ള ടീം മുങ്ങിത്തപ്പിയപ്പോള്‍ വെളിപ്പെട്ടത് നെഹ്‌റു കുടുംബവും ഷെയ്ക്ക് അബ്ദുല്ല കുടുംബവും ചേര്‍ന്ന് നടത്തിയ രാഷ്ട്രവിരുദ്ധ ഗൂഢാലോചനയുടെ നേര്‍ചിത്രങ്ങളാണ്. ഒരു വീട്ടില്‍ രണ്ട് അടുപ്പുകള്‍ എത്രത്തോളം നികൃഷ്ടമാണോ അതിനേക്കാള്‍ ഭയാനകമാണ് ഒരു രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം എന്നതുപോലെ കേന്ദ്രസര്‍ക്കാരിന് ഒരു നിയന്ത്രണങ്ങളുമില്ലാതെ ചില കുടുംബങ്ങള്‍ അവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടി ഒരു ജനതയെ തെറ്റിദ്ധരിപ്പിച്ചു ചൂഷണം ചെയ്യാന്‍ കാരണമായ ആര്‍ട്ടിക്കിള്‍ 370 എന്ന യാഥാര്‍ഥ്യമാണ് ചിത്രത്തിലൂടെ ചുരുളഴിയുന്നത്.
രാജ്യസ്‌നേഹവും രാഷ്ട്രതന്ത്രവും ഒരുമിച്ചു ചേര്‍ന്ന അതീവ രഹസ്യാത്മക നീക്കങ്ങള്‍ ഉണ്ടാക്കുന്ന ഉദ്വേഗം ഏത് മികച്ച ത്രില്ലര്‍ സിനിമകളെയും വെല്ലുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെ ആത്മാര്‍ത്ഥമായി ഒരു ടീം കഠിനാധ്വാനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചാല്‍ സാധിക്കാത്തതൊന്നുമില്ല എന്ന മഹത്തായ സന്ദേശം കൂടിയാണ് ഈ സിനിമ നല്‍കുന്നത്. സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍, തക്കം പാര്‍ത്തിരുന്ന പ്രതിപക്ഷത്തെ ഞെട്ടിച്ചുകൊണ്ട് 370-ാം വകുപ്പ് നീക്കം ചെയ്യുന്ന ബില്‍ അവതരിപ്പിച്ചത്, പ്രതിപക്ഷം ഉന്നയിച്ച വാദങ്ങളെ തന്നെ ആധാരമാക്കി അവരെ നിശ്ശബ്ദരാക്കിയത്, കുറുക്കന്മാരായ മാധ്യമങ്ങളെ കബളിപ്പിച്ചത്, അവസാനം വന്‍ ഭൂരിപക്ഷത്തോടെ രാജ്യസഭയില്‍ നിയമം പാസ്സാക്കിയെടുത്തത് ഒക്കെ ഓരോ രാജ്യസ്‌നേഹിയെയും പുളകം കൊള്ളിക്കുന്ന രംഗങ്ങളാണ്.
ഡല്‍ഹിയില്‍ ഈ നീക്കങ്ങളൊക്കെ ദ്രുതഗതിയില്‍ നടക്കുമ്പോള്‍, കാശ്മീരില്‍ ഒരു നിരപരാധിയുടെയും ചോര വീഴാന്‍ പാടില്ല എന്ന പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം പാലിക്കാന്‍ ഇറങ്ങിത്തിരിച്ച സൂനിയും സംഘവും എല്ലാ പ്രതിലോമകാരികളെയും തടവിലാക്കി താഴ്‌വരയെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കി. ഒരിക്കലും സംഭവിക്കില്ല എന്ന് തങ്ങള്‍ കരുതിയ കാര്യങ്ങള്‍ കണ്‍മുമ്പില്‍ പൂ പറിക്കുന്ന ലാഘവത്തോടെ നടക്കുന്നത് കണ്ട രാഷ്ട്രീയസൃഗാലന്മാരുടെ നിസ്സഹായാവസ്ഥ വിവരിക്കാന്‍ വയ്യ.
ഒരു രാജ്യം നന്നായി ഭരിക്കാന്‍ രാഷ്ട്രപതി മാത്രം പോര, ശത്രുവിന്റെ ഏത് നീക്കവും മുന്‍കൂട്ടി കണ്ടു തകര്‍ക്കാനുള്ള ഒരു സൈന്യാധിപന്റെ തന്ത്രജ്ഞത കൂടി വേണം എന്നും ഈ സിനിമ പറയാതെ പറയുന്നുണ്ട്. ഉദ്ദേശ്യശുദ്ധി നല്ലതെങ്കില്‍ വിജയിക്കാന്‍ ഏത് തന്ത്രവും പ്രയോഗിക്കുന്നതില്‍ അധാര്‍മ്മികതയൊന്നുമില്ല എന്ന് കുരുക്ഷേത്രഭൂമിയില്‍ നിന്ന് ഭഗവാന്‍ കൃഷ്ണന്‍ നല്‍കിയ സന്ദേശം ഈ പടത്തില്‍ ഉടനീളം കാണാം.
കെട്ടുറപ്പുള്ള സ്‌ക്രിപ്റ്റ്, കാച്ചിക്കുറുക്കിയ ഡയലോഗുകള്‍ എന്നിവയാണ് ഈ സിനിമയുടെ നട്ടെല്ല്. സൂനിയായി വരുന്ന യാമി ഗൗതം കാഴ്ചവെക്കുന്ന പ്രകടനം സമാനതകളില്ലാത്തതാണ്. പ്രത്യേകിച്ച് സംഘട്ടന രംഗങ്ങളില്‍ ഒരു തികഞ്ഞ ഭടന്‍ പുലര്‍ത്തേണ്ടുന്ന കൈയ്യടക്കവും ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അച്ചടക്കവുമെല്ലാം അതീവ സൂക്ഷ്മതയോടെയാണ് യാമി നിര്‍വ്വഹിച്ചിരിക്കുന്നത്. രാജേശ്വരിയായി പ്രിയാമണിയുടെ പ്രകടനം പൂര്‍ണ്ണമാണ്. പ്രധാനമന്ത്രിയായി വരുന്ന അരുണ്‍ ഗോവില്‍ നിറഞ്ഞു നില്‍ക്കുന്നു.
രാഷ്ട്രവിരുദ്ധ ചിന്തകളാല്‍ ഒരുകാലത്ത് മലിനപ്പെട്ടു കിടന്നിരുന്ന സിനിമാരംഗത്തിനു അടുത്തകാലത്തുണ്ടായ മാറ്റം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. അതിലേക്കൊരു വലിയ മുതല്‍ക്കൂട്ടാണ് ‘ആര്‍ട്ടിക്കിള്‍ 370’ എന്ന് സംശയമില്ലാതെ പറയാം.