അടുത്ത കാലത്ത് ഈ ലേഖകന്‍ വിവര്‍ത്തനം ചെയ്ത, 2020 ലെ ദല്‍ഹി കലാപത്തിന്റെ പിന്നാമ്പുറ ഗൂഢാലോചനകള്‍ അനാവരണം ചെയ്ത പുസ്തകത്തിന്റെ രചനാവേളയില്‍ കണ്മുമ്പിലെത്തിയ ചില വിവരങ്ങള്‍ കണ്ട് അദ്ഭുതപ്പെട്ടുപോയി. അതിലേറ്റവും പ്രധാനം ഭാരതത്തില്‍ ഏറ്റവുമധികം ആള്‍ക്കാര്‍ കൊലചെയ്യപ്പെട്ട ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയത് ലഷ്‌കര്‍ ഇ തോയിബയോ, ഹിസ്ബുള്‍ മുജാഹിദീനോ അതുപോലുള്ള ഇസ്ലാമിക ഭീകര സംഘടനകള്‍ അല്ല. പകരം നക്‌സലിസം, മാവോയിസം എന്നൊക്കെയുള്ള ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ഭീകരപ്രവര്‍ത്തനമാണ് എന്നതാണത്. ഛത്തീസ്ഗഡ്, ഒഡിഷ പ്രദേശങ്ങളിലെ ദണ്ഡകാരണ്യ മേഖലയിലെ കൊടും വനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന കമ്മ്യൂണിസ്റ്റ് ഭീകരവാദം നടത്തിയ കൊടും ക്രൂരതകളുടെ കഥകള്‍ രക്തം മരവിച്ചുപോകുന്ന വിധം അവിശ്വസനീയമാണ്. മനുഷ്യരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യത്തിനുത്തരം ലളിതമാണ്. കമ്മ്യൂണിസ്റ്റ് ആയാല്‍ മാത്രം മതി, അവര്‍ക്ക് എതിരെ നില്‍ക്കുന്നവരോട് ചെയ്യുന്ന ഓരോ കൊടും പാതകവും അവര്‍ക്ക് പുണ്യകര്‍മ്മമാണ്. ആ രീതിയിലാണ് അവര്‍ മനസ്സിനെ പാകപ്പെടുത്തിയിരിക്കുന്നത്.
അങ്ങനെയുള്ള രക്തം മരവിക്കുന്ന സമീപകാല ചരിത്രമാണ് കേരള സ്റ്റോറി എന്ന വിവാദചിത്രത്തിലൂടെ ലവ് ജിഹാദിന്റെ കഥ പറഞ്ഞ സുദിപ്‌തോ സെന്‍ ‘ബസ്തറി’ലൂടെ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകളോടെതന്നെയാണ് ബസ്തറിനു ടിക്കറ്റെടുത്തത്.
മീഡിയ, ജുഡീഷ്യറി, അക്കാദമിക രംഗം, രാഷ്ട്രീയം, ബോളിവുഡ്, സെലിബ്രിറ്റികള്‍ തുടങ്ങി സര്‍വ്വ സംവിധാനങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം വലിയ സ്വാധീനം ചെലുത്തിയിരുന്ന 2000-2010 കാലഘട്ടത്തില്‍ ബസ്തറില്‍ നടന്ന സിപിഐ (മാവോയിസ്റ്റ്) ആക്രമണങ്ങളുടെയും അതിനെതിരെ യുവ ഐപിഎസ് ഓഫീസറും സിആര്‍പിഎഫ് കമാണ്ടറുമായ നീരജ മാധവന്റെ നേതൃത്വത്തില്‍ നടന്ന പ്രതിരോധ ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. എല്ലാ കഥാപാത്രങ്ങളും സംഭവങ്ങളും യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
നട്ടെല്ലോ കാഴ്ചപ്പാടോ ഇല്ലാത്ത സ്വാര്‍ത്ഥരാഷ്ട്രീയനേതൃത്വം രാജ്യം ഭരിക്കുമ്പോള്‍ പ്രതിലോമശക്തികള്‍ എത്രത്തോളം അപകടകാരികളായി മാറുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരവാദം. പണത്തിനു വേണ്ടി സര്‍വ്വ സംവിധാനങ്ങളും ദേശവിരുദ്ധ ശക്തികള്‍ക്ക് അടിയറവു പറയുന്ന വലിയ ഒരു കാലഘട്ടം ഈ നാടിനെ ചൂഴ്ന്നു തിന്നിരുന്നു എന്ന് ഞെട്ടലോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. കമ്മ്യൂണിസ്റ്റ് ഭീകരതയോടൊപ്പം ഈ സിനിമ കോറിയിടുന്നത് ആ വലിയ യാഥാര്‍ത്ഥ്യങ്ങളുടെ ചരിത്രം കൂടിയാണ്.
കേരളത്തിനേക്കാള്‍ വലിപ്പമുള്ള ബസ്തര്‍ ജില്ലയില്‍, നീരജ മാധവന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ കോടതി വിചാരണയിലൂടെയാണ് പടം നീങ്ങുന്നത്. തങ്ങളുടെ സ്വതസിദ്ധമായ വാക്ചാതുര്യത്തിലൂടെയും വിലക്കെടുക്കപ്പെട്ട മനസ്സാക്ഷിയോടേയും ബസ്തറില്‍ നടക്കുന്നത് മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് എന്ന് മാവോയിസ്റ്റുകളുടെ അഭിഭാഷക നീലം നാഗ്പാല്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. അതിനോട് വേണ്ടവിധം പ്രതിരോധിക്കാനോ തെളിവുകള്‍ നിരത്താനോ പ്രോസിക്യൂഷന് കഴിയുന്നില്ല. പ്രമുഖ എഴുത്തുകാരിയായ വന്യ റോയ്, പ്രമുഖ സര്‍വ്വകലാശാലയിലെ പ്രൊഫസറായ യമുന നാഗര്‍, വലിയ ഗാന്ധിയനായി അറിയപ്പെടുന്ന ഡോ. അജയ് എന്നിവരെല്ലാം ഈ ഭീകരതയ്ക്ക് എല്ലാ പിന്തുണയും നല്‍കി, ആവുന്ന സഹായങ്ങളെല്ലാം ചെയ്യുന്നുണ്ട്. പക്ഷെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിസ്സഹായരാണ്. എല്‍ടിടിഇ, ലഷ്‌കര്‍, മറ്റ് അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് ഭീകരവാദ ഗ്രൂപ്പുകള്‍ എന്നിവരെ ഇവിടുത്തെ ഭീകരതയുമായി ഇണക്കുന്ന പ്രധാന കണ്ണി നാരായണ്‍ ബാഗ്ച്ചി എന്ന ലളിതജീവിതം നയിക്കുന്ന, സമൂഹത്തില്‍ വലിയ വിലയുള്ള സാമൂഹ്യപ്രവര്‍ത്തകനാണ്. ഇവരിലൂടെ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് എന്‍ജിഒ കളിലൂടെ സമാഹരിക്കുന്ന ശതകോടികളാണ് ഭീകരതയുടെ പ്രവര്‍ത്തന ഫണ്ട്. ഈ പണമുപയോഗിച്ചാണ് സര്‍വ്വ സംവിധാനങ്ങളെയും ഇവര്‍ വിലക്കെടുക്കുന്നത്.
ഇക്കാരണം കൊണ്ടൊക്കെത്തന്നെ നീരജ മാധവന്റെ ഓരോ ശ്രമവും പരാജയപ്പെടുകയാണ്. ഭീകരവാദികളെ ഇല്ലാതാക്കുമ്പോള്‍ അത് മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ പെടുത്തി പരാജയപ്പെടുത്താന്‍ നീലം നാഗ്പാലിനും ടീമിനും കഴിയുന്നു. കോടതിയിലും പൊതുസമൂഹത്തിലും ഇങ്ങനെ കമ്മ്യൂണിസ്റ്റ് ഭീകരതയെ ആദര്‍ശവല്‍ക്കരിക്കുമ്പോള്‍ പാവം ആദിവാസികളെ ചൂഷണം ചെയ്തും കൊന്നൊടുക്കിയും അവയുടെ പേരില്‍ ശത കോടികള്‍ കൈമറിഞ്ഞും ആ കച്ചവടം കൊഴുക്കുകയാണ്. ലോകത്തിലെ ഏറ്റവും ലാഭകരമായ ബിസിനസ്സാണ് ഭീകരത.അവിടെ മുതല്‍മുടക്കുന്ന ഓരോ രൂപയും തഴച്ചുവളരുന്നത് അതിവേഗത്തിലാണ്. അതിനു ഏറ്റവും വളക്കൂറുള്ള ഇടമായിരുന്നു ഏറെകാലത്തേക്ക് നമ്മുടെ ഭാരതം.
മാവോയിസ്റ്റ് സ്വാധീനമുള്ള ഒരു ഗ്രാമത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിനെ തുടര്‍ന്ന് അതിക്രൂരമായി കൊല്ലപ്പെടുന്ന മിലിന്ദ് കശ്യപിന്റെ കഥ ഈ ചിത്രത്തിലുണ്ട്. ഭാര്യയുടെയും മകളുടെയും കണ്‍മുമ്പില്‍ അതിക്രൂരമായി വെട്ടിനുറുക്കപ്പെടുന്ന ആ ദൃശ്യങ്ങള്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ വയലന്‍സ് രംഗങ്ങളിലൊന്നാണ്. ഇത് ബസ്തറില്‍ നടന്ന സംഭവമാണ്. ഇതേ തുടര്‍ന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മകനെ വീണ്ടെടുക്കാന്‍ മിലിന്ദിന്റെ ഭാര്യ സര്‍ക്കാര്‍ സംവിധാനം തന്നെയായ സ്‌പെഷ്യല്‍ പോലീസ് സേനയില്‍ ചേരുന്നുണ്ട്. ദേശവാസികളായ ആദിവാസികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഈ സേന കമ്മ്യൂണിസ്റ്റ് ഭീകരതയെ പ്രതിരോധിക്കുന്നതില്‍ എന്നും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കോടതിയിലെ സംഭാഷണങ്ങളിലൂടെ പുറത്തുവരുന്ന ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ ഉണ്ട്. ഭാരതവും പാകിസ്ഥാനും തമ്മില്‍ നടന്ന നാലു യുദ്ധങ്ങളില്‍ നഷ്ടപ്പെട്ടത് എണ്ണായിരം ജവാന്മാരെ ആണെങ്കില്‍ കമ്മ്യൂണിസ്റ്റ് ഭീകരത കൊന്നുതള്ളിയത് പതിനയ്യായിരം ജവാന്മാരെ ആണ്. എങ്ങനെയാണ് എകെ 47, ആധുനിക റോക്കറ്റ് ലോഞ്ചറുകള്‍ തുടങ്ങിയ അത്യാധുനിക ആയുധങ്ങളും കോടിക്കണക്കിനു രൂപയും ദണ്ഡകാരണ്യത്തിലെ കൊടും വനങ്ങളില്‍ എത്തുന്നത്. ആദ്യം സൂചിപ്പിച്ചത് പോലെ എന്‍ജിഒകള്‍, സെലിബ്രിറ്റികള്‍, എഴുത്തുകാര്‍, സമൂഹത്തില്‍ മാന്യതയുടെ മുഖം മൂടിയണിഞ്ഞ പൊതുപ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍ എല്ലാമടങ്ങിയ ഒരു വന്‍ ശൃംഖലയാണ് ഇത്. ഈ ഭീകരത അവസാനിപ്പിക്കണമെങ്കില്‍ ഈ റാക്കറ്റ് തകര്‍ക്കണം എന്ന അഭ്യര്‍ത്ഥന കോടതിയില്‍ പറയുന്നുണ്ടെങ്കിലും തെളിവുകളുടെയും നിയമസംവിധാനങ്ങളുടെ നൂലാമാലകളുടെയും എല്ലാം ഇടയില്‍ അവയെല്ലാം വെള്ളത്തിലെ വരകള്‍ പോലെ ആവുകയാണ്.
2010 ഏപ്രില്‍ മാസത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത് എഴുപത്തിയാറു സിആര്‍പിഎഫ് ജവാന്മാരാണ്. നാമിതാ എഴുപത്തിയാറു നായ്ക്കളെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു ആ ഭീകരത ആഘോഷിക്കപ്പെട്ടത് ദല്‍ഹി ജെഎന്‍യുവില്‍ ആണ്. ഈ വന്‍ റാക്കറ്റിന്റെ ഭാഗമായ, രാഷ്ട്രീയത്തിലെയും, ജുഡീഷ്യറിയിലെയും, അക്കാദമിക രംഗങ്ങളിലേയും, മാധ്യമങ്ങളിലേയുമെല്ലാം ആള്‍ക്കാര്‍ ഈ ക്രൂരതയെ ആഘോഷിച്ച് കൊടും ചതിക്ക് കൂട്ടുനില്‍ക്കുന്ന നടുക്കുന്ന സത്യങ്ങളും ഈ സിനിമ നമ്മോട് പറയുന്നു. അതിനിടയില്‍ നേര്‍ച്ചക്കോഴികളെപ്പോലെ കഴിയേണ്ടി വരുന്ന സാധാരണക്കാരുടെയും സായുധസൈന്യത്തിന്റെയും അവസ്ഥ ഹൃദയസ്പര്‍ശിയായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു.
ബീജാപ്പൂരിലെ ഭദ്രകാളി ഗ്രാമത്തില്‍ വെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകര നേതാവ് ലങ്ക റെഡ്ഢിയെ അരിവാള്‍ കൊണ്ട് കൊലപ്പെടുത്തുന്ന രത്‌നയുടെ ഒരു രംഗം ഇതിലുണ്ട്. സാക്ഷാല്‍ ഭദ്രകാളി നടത്തുന്ന ദുഷ്ടനിഗ്രഹത്തിന്റെ സമകാലിക രൂപം തന്നെ ഇവിടെ നമുക്ക് കാണാന്‍ കഴിയും.
നീരജ മാധവനെ സസ്‌പെന്‍ഡ് ചെയ്യുക, ജനകീയ പ്രതിരോധ സേനയായ സല്‍വ ജുദുമിനെ നിരോധിക്കുക, വന്യ റോയ്, യമുന നാഗര്‍ എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കുക തുടങ്ങി ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍വ്വ ആവശ്യങ്ങള്‍ക്കും കോടതി വഴങ്ങിക്കൊടുക്കുകയാണ്. തനിക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണ സമിതിക്കു മുന്നില്‍ നിരാശയും സംഘര്‍ഷവും രാജ്യസ്‌നേഹവും എല്ലാം ഇടകലര്‍ന്ന വികാരവിക്ഷോഭത്തില്‍ പൊട്ടിത്തെറിക്കുന്ന നീരജയിലാണ് പടം അവസാനിക്കുന്നത്. എങ്ങനെയൊക്കെ നശിപ്പിക്കാന്‍ ശ്രമിച്ചാലും നീരജ മാധവനെപ്പോലുള്ള ജന്മങ്ങളും ഈ രാജ്യത്ത് ഉണ്ടായിക്കൊണ്ടേയിരിക്കും എന്ന വലിയ ആത്മവിശ്വാസവും ഈ പടം നല്‍കുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും വലിയ പരീക്ഷണശാലകളിലൊന്നായ കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ ചെയ്തികളുടെ ദുരന്തചിത്രം കൂടുതല്‍ മനസ്സിലാകും. ജനാധിപത്യത്തിന്റെ ആട്ടിന്‍ തോല്‍ അണിഞ്ഞുകൊണ്ട് ഇവിടെയുണ്ടങ്കിലും അവരുടെയുള്ളിലെ ക്രൂരതയുടെ ചെന്നായ് ചൂരില്‍ കേരളം ഇടക്ക് അനുഭവിക്കാറുണ്ടല്ലോ. കമ്മ്യൂണിസത്തിനും കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കും ജനാധിപത്യം, മാനവികത എന്നതൊക്കെ സാഹചര്യത്തിനനുസരിച്ചുള്ള വില്പനച്ചരക്കുകള്‍ മാത്രമാണ് എന്നത് ചരിത്രം പലവട്ടം തെളിയിച്ച വസ്തുതയാണ്.അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് മാര്‍ക്‌സിസ്റ്റ് ആയാലും മാവോയിസ്റ്റ് ആയാലും ആത്യന്തികമായി ഒന്ന് തന്നെ എന്നതും ഈ പടം നല്‍കുന്ന വ്യക്തമായ സന്ദേശമാണ്.
കേരള സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണനില്‍ നിന്ന് നീരജ മാധവന്‍ എന്ന കാരിരുമ്പ് കഥാപാത്രത്തിലേക്കുള്ള അദാ ശര്‍മ്മയുടെ പകര്‍ന്നാട്ടം സമാനതകളില്ലാത്തതാണ്.ഒരു സൈനിക ഓഫീസറുടെ ശരീരഭാഷയും കാര്‍ക്കശ്യവും സമര്‍പ്പണവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന നീരജ മാധവന്‍ എന്ന കഥാപാത്രം അദാ ശര്‍മ്മയുടെ കരിയര്‍ ബെസ്റ്റ് ആണെന്നതില്‍ സംശയമില്ല. സാഹചര്യത്തിനനുസരിച്ച പശ്ചാത്തലസംഗീതം, ഗാനങ്ങള്‍ എല്ലാം ഒന്നിനൊന്ന് മെച്ചം.ആക്ഷന്‍ രംഗങ്ങളുടെ പൂര്‍ണ്ണത എടുത്തുപറയണം.
സുദിപ്‌തോ സെന്‍ എന്ന ചലച്ചിത്രകാരന്റെ ജീവിതനിയോഗമാണ് ഈ സിനിമ. കേരള സ്റ്റോറി ആയാലും ബസ്തര്‍ ആയാലും അവസാനിക്കുന്നത് പ്രേക്ഷകന്റെ മനസ്സില്‍ ഉണങ്ങാത്ത മുറിപ്പാടുകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ്. അങ്ങനെയാകണം എന്നതുകൊണ്ടാണെന്നു തോന്നുന്നു, ഈ പടം അദ്ദേഹം അവസാനിപ്പിക്കുന്നത് 2010ലായത്. കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭീകരത എഴുപത് ശതമാനം കുറഞ്ഞതും ബസ്തര്‍ സമാധാനത്തിന്റെ പാതയിലേക്ക് വന്നതുമെല്ലാം അവസാനം എഴുതിക്കാണിക്കുന്നുണ്ട്. എങ്കിലും തിയേറ്റര്‍ വിട്ടിറങ്ങുന്നവരുടെ ഉള്ളിലെ നീറ്റല്‍ മാറണമെങ്കില്‍ കമ്മ്യൂണിസ്റ്റ് ഭീകരത എന്നന്നേക്കുമായി അവസാനിക്കുക തന്നെ വേണം.