സാവര്‍ക്കറെന്നാല്‍ ത്യാഗം
സാവര്‍ക്കറെന്നാല്‍ തപം
സാവര്‍ക്കറെന്നാല്‍ തത്ത്വം
സാവര്‍ക്കറെന്നാല്‍ തിതിക്ഷ
വിപ്ലവങ്ങളുടെ രാജകുമാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിനായക ദാമോദര്‍ സാവര്‍ക്കര്‍ എന്ന വീര സാവര്‍ക്കറെക്കുറിച്ച് ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് കാവ്യാത്മകമായി പറഞ്ഞതാണിത്. ഈ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന സാവര്‍ക്കറുടെ ത്യാഗോജ്ജ്വലമായ ജീവിതം പ്രമേയമാക്കി രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രമാണ് ‘സ്വതന്ത്ര വീര്‍ സാവര്‍ക്കര്‍.’ ഹൂഡ തന്നെയാണ് സാവര്‍ക്കറുടെ വേഷം ചെയ്തിരിക്കുന്നത്. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ്, രണ്‍ദീപ് ഹൂഡ, യോഗേഷ് രഹര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
1897 ല്‍ മഹാരാഷ്ട്രയിലുണ്ടായ പ്ലേഗ് ദുരന്തത്തിന്റെ നടുക്കുന്ന കാഴ്ചകളില്‍ നിന്നാരംഭിക്കുന്ന സിനിമ ബ്രിട്ടീഷ് ക്രൂരതകളുടെ തെളിഞ്ഞ ചിത്രം വരച്ചുകാട്ടുന്നു. അഗ്‌നിയില്‍ എരിഞ്ഞടങ്ങുന്ന നൂറുകണക്കിനു മൃതദേഹങ്ങളെ വൈക്കോല്‍ കൂനകള്‍ക്കിടയിലൂടെ കാണുന്ന സാവര്‍ക്കര്‍ സഹോദരന്മാരുടെ ഉള്ളില്‍ തെളിഞ്ഞ ദേശസ്‌നേഹത്തിന്റെ വിളക്കിലേക്ക് സംവിധായകന്‍ പ്രേക്ഷകരുടെ ശ്രദ്ധയെ എത്തിക്കുന്നു. പ്ലേഗ് ദുരന്തത്തെ ഭാരതീയരെ ഉന്മൂലനം ചെയ്യാനുപയോഗിച്ച കമ്മീഷണര്‍ റാന്‍ഡിനെ കൊല്ലുന്ന ചപേക്കര്‍ സഹോദരന്‍മാരുടെ വീരബലിദാനത്തില്‍ തുടങ്ങി ഭാരത സ്വാതന്ത്ര്യത്തിനായി ജീവന്‍ ഹോമിച്ച ധീരവിപ്ലവകാരികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഓരോ തവണ തൂക്കുകയര്‍ കാണിക്കുമ്പോഴും ഉച്ചത്തില്‍ മുഴങ്ങുന്ന ‘വന്ദേമാതരം’ ദേശസ്‌നേഹികളുടെയുള്ളില്‍ തുടിപ്പുളവാക്കും.
സാവര്‍ക്കറുടെ വിദ്യാഭ്യാസ കാലത്തെ ധീരമായ നിലപാടുകളും സ്വാതന്ത്ര്യത്തിനായുളള അടങ്ങാത്ത ആഗ്രഹവും ജ്യേഷ്ഠനായ ഗണേഷ് ദാമോദര്‍ സാവര്‍ക്കറിനൊപ്പം അഭിനവ് ഭാരത് എന്ന സംഘടന സ്ഥാപിച്ച് പ്രവര്‍ത്തിച്ചതും ഭംഗിയായിഅവതരിപ്പിച്ചിട്ടുണ്ട്. ഗണേഷായി അഭിനയിച്ച അമിത് സിയാലിന്റ പ്രകടനം എടുത്തു പറയേണ്ടതു തന്നെ. സാവര്‍ക്കറിന്റെ ഇളയ സഹോദരന്‍ നാരായണായി ചേതന്‍ സ്വരൂപും ഭാര്യ യമുനാ ബായിയായി അംഗിതാ ലോഖാണ്ടെയുമാണ് അഭിനയിച്ചിരിക്കുന്നത്. ലോകമാന്യ തിലകനും ഭഗത് സിംഗും ഖുദിറാം ബോസും ചന്ദ്രശേഖര ആസാദും ഗോഖലെയുമെല്ലാം നമ്മെ സ്വാതന്ത്യ സമരസ്മൃതിയിലേക്ക് എത്തിക്കുന്നു.
സാവര്‍ക്കറുടെ ജീവിതത്തിലെ പ്രധാന അദ്ധ്യായങ്ങളിലൊന്നാണ് അദ്ദേഹത്തിന്റെ ലണ്ടനിലെ ബാരിസ്റ്റര്‍ പഠനം. വിപ്ലവത്തിലൂടെ മാത്രമേ സ്വാതന്ത്ര്യവും അഖണ്ഡഭാരത സാക്ഷാത്കാരവും സാധ്യമാകൂ എന്ന തന്റെ ചിന്തയെ ലണ്ടനിലും സാവര്‍ക്കര്‍ മുറുകെപ്പിടിക്കുന്നു. ഇന്ത്യാ ഹൗസിലെ താമസവും മാഡം കാമ, ശ്യാംജി കൃഷ്ണ വര്‍മ്മ എന്നിവരോടു ചേര്‍ന്നു പ്രവര്‍ത്തിച്ചതും ചിത്രത്തില്‍ പ്രാധാന്യത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിലാണ് 1857 ലെ സായുധ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് സാവര്‍ക്കര്‍ പുസ്തകം എഴുതുന്നത്. ചിത്രത്തില്‍ പല സന്ദര്‍ഭങ്ങളിലായി ഈ പുസ്തകം കടന്നു വരുന്നുണ്ട്. ഗാന്ധിജിയും സാവര്‍ക്കറും തമ്മിലുള്ള ആദ്യ കുടിക്കാഴ്ചയും ലണ്ടനിലാണ്. ഹിംസയും അഹിംസയും തമ്മിലുള്ള സംഘട്ടനം എന്ന രീതിയിലാണ് ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയെ സംവിധായകന്‍ അവതരിപ്പിക്കുന്നത്. തന്റെ ഹിംസാത്മക വിപ്ലവം സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമാണെന്നും അതു ലോകനാശത്തിനുള്ളതല്ലെന്നും ഹിരോഷിമയിലെ ആണവായുധ പ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍ പിന്നീട് ചിത്രത്തില്‍ സാവര്‍ക്കര്‍ പറയുന്നുണ്ട്. കഥ മുന്നോട്ടു പോകുന്ന ഓരോ ഘട്ടത്തിലും ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചകളും ഗാന്ധിജിയുടെ വിപരീത നിലപാടുകളും എടുത്തു കാണിക്കാന്‍ സംവിധായകന്‍ പ്രത്യേകം ഉത്സാഹം കാണിച്ചിട്ടുണ്ട്.
ലണ്ടനിലെ താമസത്തിനിടയില്‍ സാവര്‍ക്കര്‍ ലെനിനുമായി കണ്ടുമുട്ടുന്ന രംഗവും ചിത്രത്തിലുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ എം.പി.ടി ആചാര്യ ഇതില്‍ ഒരു പ്രധാന കഥാപാത്രമാണ്. ആചാര്യ ആദ്യം സാവര്‍ക്കറിന്റെ നീക്കങ്ങളെ ബ്രിട്ടീഷ് സീക്രട്ട് സര്‍വ്വീസിന് ഒറ്റുകൊടുക്കുന്നതും പിന്നീട് സാവര്‍ക്കറെ സഹായിക്കുന്നതും ചിത്രത്തില്‍ ഉണ്ട്. പണത്തിനു വേണ്ടി അമ്മയെ ഒറ്റിക്കൊടുക്കുമോ എന്ന് സാവര്‍ക്കര്‍ ആചാര്യയോട് ചോദിക്കുന്നത് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതാണ്.
സാവര്‍ക്കറുടെ നിലപാടുകളില്‍ ആകൃഷ്ടനായ മദന്‍ലാന്‍ ദിംഗ്ര ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ കര്‍സണ്‍ വൈലിയെ വെടിവച്ചു കൊല്ലുന്നതു മുതല്‍ കഥയുടെ ഗതി മാറുകയാണ്. പിന്നീട് സാവര്‍ക്കറുടെ ജീവിതത്തിലെ നരകയാതനകള്‍ ആരംഭിക്കുകയാണ്. തങ്ങള്‍ക്ക് ഭീഷണിയാണെന്നു മനസ്സിലാക്കി ബ്രിട്ടീഷുകാര്‍ സാവര്‍ക്കറെ അറസ്റ്റു ചെയ്യുന്നതും പിന്നീട് ഇന്ത്യയിലേക്ക് മാറ്റുന്നതും ഒടുവില്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ എത്തിപ്പെടുന്നതുമായ രംഗങ്ങളില്‍ സാവര്‍ക്കറുടെ ദേശസ്‌നേഹത്തിന്റെ ആഴം സംഭാഷണങ്ങളിലൂടെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. സെല്ലുലാര്‍ ജയിലിലെ കൊടിയ പീഡനങ്ങളുടെ ആവിഷ്‌കാരം സംവിധാന മികവു തന്നെയാണ്. ഓരോ തവണയും ഇരുട്ടു മുറിയില്‍ എകാന്തത്തടവില്‍ അടയ്ക്കപ്പെടുമ്പോള്‍ സാവര്‍ക്കര്‍ അനുഭവിക്കുന്ന മാനസികപിരിമുറുക്കങ്ങളും ശാരീരിക വ്യഥകളും രണ്‍ദീപ് ഹൂഡ അസാമാന്യമായി അഭിനയിച്ചിരിക്കുന്നു. വലിയ ചക്കില്‍ കെട്ടിയിട്ട് ചാട്ടവാറുകൊണ്ട് അടിച്ച് രക്തം പൊടിഞ്ഞു നിലത്തു വീഴുന്ന രംഗം കാലാപാനിയിലെ ക്രൂരതകളില്‍ ചിലതുമാത്രമാണ്. ദാഹജലം പോലും നിഷേധിക്കപ്പെട്ട് പുഴുവരിച്ച ഭക്ഷണവും വിസര്‍ജ്യവും കഴിക്കാന്‍ നല്‍കുന്ന ബ്രിട്ടീഷ് ഭീകരതയെ ബിഗ്‌സ്‌ക്രീനില്‍ കാണുമ്പോള്‍ ആരും ഒന്ന് നൊമ്പരപ്പെടും. സാവര്‍ക്കറുടെ ശരീരഭാഷയുമായി അഭൂതപൂര്‍വ്വമായ തന്മയത്വം ഹൂഡയ്ക്ക് സാധ്യമായിട്ടുണ്ട്. സെല്ലുലാര്‍ ജയിലിലെ ഓരോ രംഗവും നൂറുകണക്കിനു സ്വാതന്ത്ര്യസമര സേനാനികളുടെ ഹൃദയം നുറുക്കുന്ന ത്യാഗങ്ങളുടെ പരിച്ഛേദമാണ്. കാലാപാനിയില്‍ ശിക്ഷയനുഭവിക്കുന്ന സാവര്‍ക്കര്‍ സഹോദരന്മാര്‍ അവിടെവെച്ച് ആദ്യം കണ്ട ശേഷം പിന്നീട് കാണാന്‍ ഒന്‍പതു വര്‍ഷമെടുക്കുന്നു. അവര്‍ തമ്മിലുള്ള ആ കൂടിക്കാഴ്ച കരളലിയിപ്പിക്കുന്നതാണ്. ഹൂഡയും സിയാലും മത്സരിച്ചഭിനയിച്ചതു പോലുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാരുടെ കൊടുംക്രൂരത സഹിച്ച സാവര്‍ക്കറെ പരിഹസിക്കുന്ന ആധുനിക അല്പബുദ്ധിജീവികള്‍ ഈ രംഗങ്ങളില്‍ കാണിച്ചിട്ടുള്ള ചരിത്രയാഥാര്‍ത്ഥ്യങ്ങളോട് മുഖം തിരിക്കാതെ സത്യസന്ധമായി അവയെ വിലയിരുത്തിയാല്‍ സാവര്‍ക്കറോടും അതുപോലെയുള്ള അനേകം ത്യാഗികളായ സ്വാതന്ത്ര്യ സമര സേനാനികളോടും ആദരവു തോന്നുകയേ ഉള്ളൂ. മറിച്ചായാല്‍ സാവര്‍ക്കര്‍ ആചാര്യയോടു ചോദിച്ച ചോദ്യം അവരോടും ചോദിക്കേണ്ടി വരും.
ഗാന്ധിജിയോടൊപ്പം നെഹ്‌റു, ഡോ. അംബേദ്കര്‍, നേതാജി, ജിന്ന എന്നിവരുടെ ഇടപെടലുകളും ചിത്രത്തിലുണ്ട്. ഖിലാഫത്തിനെക്കുറിച്ചും മാപ്പിള കലാപത്തെക്കുറിച്ചുമുള്ള സാവര്‍ക്കറുടെയും അംബേദ്കറുടെയും നിലപാടുകള്‍, ഖിലാഫത്തിനെ അനുകൂലിച്ച ഗാന്ധിജിയോടുള്ള വിമര്‍ശനം എന്നിവയും സിനിമയില്‍ കാണാം. ശ്രദ്ധേയമായ മറ്റൊന്ന് സവര്‍ക്കറുടെ ഹിന്ദുത്വ എന്ന ആശയത്തിന്റെ നിര്‍വചനമാണ്. മതത്തിനും ജാതിക്കും അതീതമായി സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ ഹിന്ദുത്വത്തെ ചിത്രത്തില്‍ പലതവണയായി സാവര്‍ക്കര്‍ അവതരിപ്പിക്കുന്നുണ്ട്. യാഥാസ്ഥിതിക പുരോഹിതന്മാരുടെ ജാതിവിവേചനത്തിനെതിരെ പോരാടിയ സാമൂഹികപരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു സാവര്‍ക്കര്‍. താഴ്ന്ന ജാതികളെന്നു മുദ്രകുത്തി ക്ഷേത്രങ്ങളില്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട സമൂഹത്തിനു വേണ്ടി അദ്ദേഹം രത്‌നഗിരിയില്‍ പതിതപാവന ക്ഷേത്രം നിര്‍മ്മിക്കുകയും ആ ജനങ്ങളോടൊപ്പമിരുന്ന് ആഹാരം കഴിക്കുകയും ചെയ്യുന്ന രംഗം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. പതിതപാവന ക്ഷേത്രം എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും വേണ്ടിയാണ് എന്ന് വിളംബരം ചെയ്യുന്ന സാവര്‍ക്കര്‍ താഴ്ന്നജാതിയില്‍ പെട്ട ഒരു കുട്ടിക്ക് ഭക്ഷണം വായില്‍ വെച്ചുകൊടുക്കുന്ന രംഗം അദ്ദേഹത്തിന്റെ സമഭാവനയുടെ ഉത്തമോദാഹരണമാണ്.
രണ്ടു ലോകമഹായുദ്ധങ്ങളും ക്വിറ്റ് ഇന്ത്യാ സമരവും നാവികസേനാ സമരവും സിനിമയില്‍ പശ്ചാത്തലമാകുന്നു. ഗാന്ധിവധവും അതില്‍ സാവര്‍ക്കര്‍ അറസ്റ്റിലാകുന്നതും കുറ്റവിമുക്തനാകുന്നതുമെല്ലാം പെട്ടെന്നു പറഞ്ഞു പോകുന്നതായാണ് തോന്നിയത്. ക്ലൈമാക്‌സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊരഭിപ്രായമുണ്ട്. തിരക്കഥ, ക്യാമറ, പശ്ചാത്തല സംഗീതം, എഡിറ്റിംഗ്, വസ്ത്രാലങ്കാരം, കലാസംവിധാനം എന്നിവ മികവു പുലര്‍ത്തിയിട്ടുണ്ട്. സുപ്രധാനമായ ധാരാളം ചരിത്രസംഭവങ്ങള്‍ മൂന്നുമണിക്കൂറിനുള്ളില്‍ അവതരിപ്പിക്കുന്നത് എളുപ്പമല്ല. സംവിധായകന്‍ അതില്‍ വിജയിച്ചിട്ടുണ്ട്. സംഭാഷണങ്ങള്‍ എല്ലാം തന്നെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. സാവര്‍ക്കറിന്റെ സാഹിത്യം അധികം അവതരിപ്പിക്കുന്നില്ലെങ്കിലും ഇടയ്ക്കുള്ള കവിതാ ശകലങ്ങളും ഒടുവിലെ ഗാനവും ആ കുറവു നികത്തുന്നു. എല്ലാ ദേശസ്‌നേഹികളും ഈ സിനിമ നിശ്ചയമായും കാണേണ്ടതാണ്. സിനിമ തീരുമ്പോള്‍ എഴുതിക്കാണിക്കുന്ന ഒരു വാചകം ആരെയും ഇരുത്തി ചിന്തിപ്പിക്കും. അതിന്റെ ഏകദേശ തര്‍ജ്ജമ ഇങ്ങനെയാണ്.
‘അഹിംസാവാദിയായ ഗാന്ധിജിയുടെ മരണം വെടിയുണ്ടകള്‍ എറ്റാണെങ്കില്‍ വിപ്ലവകാരിയായ സാവര്‍ക്കര്‍ മരിച്ചത് ഉപവാസത്തിലൂടെയാണ്.’