1921 ല്‍ മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയെ ആസ്പദമാക്കി രാമസിംഹന്‍ അബൂബക്കര്‍ സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ എന്ന സിനിമ തിയറ്ററുകളില്‍ വിജയം വരിക്കുകയും ഏറെ ചര്‍ച്ചചെയ്യപ്പെടുകയുമുണ്ടായി.
കച്ചവട സിനിമയുടെ ആസ്വാദന നിലവാരത്തിന്റെ വീക്ഷണ കോണില്‍ കൂടെ നോക്കുകയാണെങ്കില്‍ പലരും പ്രതീക്ഷിക്കുന്ന പോലുള്ള മസാല ചേരുവകളും ഉത്തേജനങ്ങള്‍ക്കു വേണ്ടിയുള്ള ഗിമ്മിക്കുകളും ഈ സിനിമയില്‍ നമുക്ക് കാണാന്‍ സാധിക്കില്ല. ഭൗതിക സാഹചര്യങ്ങളുടെ പരിമിതി മൂലവും, ബോധപൂര്‍വ്വം ഉപയോഗിച്ചു എന്ന് തന്നെ കരുതാവുന്ന ആഖ്യാന ശൈലിയുടെ പ്രത്യേകതയും തന്നെയാണ് അതിനു കാരണം.
എന്നാല്‍, ഈയൊരു സിനിമയെ കേവല ആസ്വാദനത്തിനു വേണ്ടി മാത്രമുള്ള ഒരു നിര്‍മ്മിതി എന്ന് വിലയിരുത്തുന്നതിനേക്കാള്‍ കൂടുതല്‍, ഏക ദിശയിലേക്കു മാത്രം നീങ്ങിക്കൊണ്ടിരുന്ന ബോധപൂര്‍വ്വമായ ഒരു ആഖ്യാന പദ്ധതിയുടെ എതിരെ നടത്തിയ ഒരു നീക്കം എന്ന നിലയില്‍ അടയാളപ്പെടുത്തുന്നതാവും കൂടുതല്‍ ഉചിതവും ചരിത്രത്തോടുള്ള നീതിയും. അതുകൊണ്ട് തന്നെയാണ് സിനിമാ ആസ്വാദനത്തിന്റെ മാത്രമായ അളവുകോല്‍ കൊണ്ട് ഈ സിനിമയെ കീറിമുറിക്കാന്‍ ശ്രമിക്കുന്നത്. ചരിത്രത്തോടും അവഗണിക്കപ്പെട്ട ഹിന്ദു സമൂഹത്തോടും ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത തെറ്റാകുന്നത്.
കേരളം കണ്ട ഏറ്റവും വലിയ വംശഹത്യ ആയ മലബാര്‍ കലാപ കാലത്തെ ഹിന്ദു വംശഹത്യയുടെ സൂത്രധാരന്മാരെയും മുന്നണി കലാപകാരികളെയും വെളുപ്പിച്ചെടുക്കുവാനും മുഖ്യധാരയിലേക്ക് കൊണ്ട് വന്നു ഒരു കസേരയിട്ട് ഇരുത്തുവാനും ഉള്ള തീവ്രവാദികളുടെ ശ്രമങ്ങള്‍ക്ക് എതിരായുള്ള പ്രതിപ്രവര്‍ത്തനം ആയാണ് ഈ സിനിമ തുടക്കം കുറിക്കുന്നത്. സിനിമയിലും യഥാര്‍ത്ഥ ജീവിതത്തിലും ആ ഒരു ഭൂമിക വ്യക്തമായി അടയാളപ്പെടുത്തിക്കൊണ്ടാണ് സിനിമ തുടങ്ങുന്നത്. വാരിയം കുന്നനെ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ സ്വാതന്ത്ര്യസമര സേനാനി ആയി കൊണ്ടാടുന്ന ഒരു അനുസ്മരണ പരിപാടിയില്‍ എത്തിപ്പെടുന്ന ചാത്തനിലൂടെയും സാവിത്രിയിലൂടെയും ആണ് കഥ തുടങ്ങുന്നത്. ഒരു ചരിത്ര ഡോക്യൂമെന്ററിയുടെ ദൃശ്യ ഭാഷയാണ് ആഖ്യാനത്തിനു വേണ്ടി സിനിമയിലുടനീളം സംവിധായകന്‍ ഉപയോഗിക്കുന്നത.്
പ്രതിപാദിക്കുന്ന വിഷയത്തിന്റെ ഗൗരവവും, പ്രസക്തിയും കണക്കിലെടുക്കുമ്പോള്‍ അത്തരത്തില്‍ ഒരു ആഖ്യാന ശൈലി സ്വീകരിച്ചതില്‍ സംവിധായകനെ വിമര്‍ശിക്കുവാന്‍ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ഒരു ‘സിനിമാറ്റിക് എക്‌സ്പീരിയന്‍സ്’ സൃഷ്ടിച്ചെടുത്ത് അതിലൂടെ പ്രസ്തുത വിഷയത്തെ സംവദിച്ചിരുന്നുവെങ്കില്‍ ആ ‘സിനിമാറ്റിക് എക്‌സ്പീരിയന്‍സ്’ എന്ന ഒറ്റ കാരണം കൊണ്ട് തന്നെ ഇവിടെ പ്രതിപാദിക്കുന്ന വിഷയത്തിന്റെ ഗൗരവം ചോര്‍ന്നു പോയേനെ.
താത്കാലിക ലാഭം മാത്രം നോക്കി പൊതുജനത്തിന് സ്വീകാര്യമായ തരത്തിലുള്ള കച്ചവട സിനിമകളുടെ ചേരുവകള്‍ കൃത്യമായി ചേര്‍ക്കുവാന്‍ സംവിധായകന്‍ മുതിര്‍ന്നിരുന്നുവെങ്കില്‍ ഇനി വരാന്‍ പോകുന്ന അനവധി തലമുറകള്‍ക്ക് ഒരു ചരിത്ര സംഭവത്തെ കുറിച്ച് വിവരിക്കുവാനുള്ള റഫറന്‍സ് എന്ന ഗൗരവം ഈ സിനിമയ്ക്ക് കൈമോശം വന്നേനെ. അതുകൊണ്ട് തന്നെ സിനിമയിലുടനീളം പുലര്‍ത്തിയ ഡോക്യുമെന്ററി സമാനമായ ആഖ്യാന ശൈലി സ്വീകരിച്ചതില്‍ സംവിധായകനോട് ആരെങ്കിലും നീരസപ്പെടുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല.
1988 ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ മാമലക്കള്‍ക്കപ്പുറത്തിന് മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും 1996ല്‍ പുറത്തിറങ്ങിയ ‘റാബിയ ചാലിക്കുന്ന്’ എന്ന ചിത്രത്തിന് മികച്ച വിദ്യാഭ്യാസ/പ്രേരണ/പ്രബോധന ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയ അലി അക്ബറിന്റെ പ്രിയപ്പെട്ട ആഖ്യാന ഭാഷ കച്ചവട സിനിമയുടേത് അല്ലാതാകുന്നതില്‍ ആര്‍ക്കും അതിശയം തോന്നേണ്ടതില്ലല്ലോ.
എന്നാല്‍ ഈയൊരു ഉദ്യമത്തിലും ആഖ്യാന ശൈലിയിലും പൂര്‍ണ്ണമായും അലി അക്ബര്‍ വിജയിച്ചോ എന്ന ഒരു ചോദ്യം പ്രസക്തമാണ്. ഗൗരവമായ ഒരു ചരിത്ര വിഷയം പ്രതിപാദിക്കുമ്പോള്‍ ഇടയില്‍ വരുന്ന ഖവാലി സമാനമായ സംഗീതവും, കുമാരനാശാന്റെ ദുരവസ്ഥ എന്ന ഖണ്ഡകാവ്യത്തിലെ ചാത്തന്‍ എന്നും സാവിത്രി എന്നും ഉള്ള സാങ്കല്പിക കഥാപാത്രങ്ങളുടെ ഉള്‍പ്പെടുത്തലും ആ ആഖ്യാന ശൈലിയോട് നീതി പുലര്‍ത്തുന്നില്ല എന്ന് തന്നെ പറയേണ്ടി വരും.
ഒരുപക്ഷെ ഭൗതിക സാഹചര്യങ്ങളുടെ ദൗര്‍ലഭ്യത്താല്‍ സിനിമയുടെ സാങ്കേതിക വശങ്ങളില്‍ ചില പോരായ്മകള്‍ ഉണ്ടെന്നു തുറന്നു സമ്മതിച്ചാലും സിനിമയില്‍ അഭിനയിച്ച അഭിനേതാക്കളുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ചും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആയി രംഗത്ത് വന്ന തലൈ വാസല്‍ വിജയ് തകര്‍ത്താടുക തന്നെ ആയിരിന്നു. ജോയ്മാത്യുവും, കോഴിക്കോട് നാരായണന്‍ നായരും, ദിനേശ് പണിക്കരും മറ്റു പ്രമുഖരും ശരാശരിയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയപ്പോള്‍ നൂനന്‍ ആയി അഭിനയിച്ച മധുലാലും മമ്മദ് ആയി രംഗത്തു വന്ന ശ്രീജിത്ത് കൈവേലിയും അത്യുജ്ജ്വലമായ പ്രകടനങ്ങള്‍ തന്നെ കാഴ്ചവച്ചു. എന്നാല്‍ ചാത്തന്റെയും സാവിത്രിയുടെയും അഭിനയത്തില്‍ അല്പം അസ്വാഭാവികതയും നാടകീയതയും മുഴച്ചു നിന്നു എന്ന് പറഞ്ഞാല്‍ അത് തെറ്റാവുകയില്ല.
ഇത് തുറന്നു സമ്മതിക്കുമ്പോഴും, പരിമിതമായ ഭൗതിക സാഹചര്യത്തിലും, മതേതരര്‍ എന്ന് സ്വയം അവകാശപ്പെടുന്ന, മത പ്രീണനം രാഷ്ട്രീയ നയം ആയി അംഗീകരിക്കുന്ന ഇടത്-വലത് പാര്‍ട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള ഒരു സംസ്ഥാനത്ത് നിന്നുകൊണ്ട്, തീക്ഷ്ണമായ സാമുദായിക സമ്മര്‍ദ്ദത്തെയും മറ്റ് അനവധി ഘടകങ്ങളെയും എതിര്‍ത്തുതോല്‍പ്പിച്ചു കൊണ്ട് ഇത്തരത്തിലുള്ള ഒരു സിനിമ എടുത്തതിന്റെ ചരിത്ര പ്രാധാന്യം തിരിച്ചറിയുമ്പോള്‍ മറ്റ് എന്ത് ന്യൂനതയും നമുക്ക് അവഗണിക്കാവുന്നതേയുള്ളൂ.
ഏത് കലയുടെയും അടിസ്ഥാനപരമായ അളവുകോല്‍ ആസ്വാദനം ആണെന്നും, അത് മാത്രമാണെന്നും വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആള്‍ക്കാര്‍ ഉണ്ട്. എന്നാല്‍ സമൂഹത്തെ ക്രിയാത്മകമായി സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചിലപ്പോഴൊക്കെ പരിവര്‍ത്തനം ചെയ്യിപ്പിക്കുകയും ചെയ്യുന്ന ഒരു ഉത്തോലകം ആണ് അല്ലെങ്കില്‍ ആവണം കല എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. കലയുടെ രണ്ടാമത്തെ നിര്‍വചനത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ‘പുഴ മുതല്‍ പുഴ വരെ’ ഒരു ഉദാത്ത കലാ സൃഷ്ടി തന്നെയാണ്.