ഇരുളടഞ്ഞ രാഷ്ട്രീയ വഴിയില്‍ പെട്ടുപോയ മനുഷ്യരുടെയും പിന്നെ ചാത്തന്റെയും കഥ. അധികാരം ഉറപ്പിച്ചു നിര്‍ത്താന്‍ പട്ടിണികൊണ്ട് മനസ്സ് മെലിഞ്ഞുപോയവന് ഇത്തിരി വറ്റുകൊടുത്തു കൂടെക്കൂട്ടി നടക്കുന്ന സമകാലിക രാഷ്ട്രീയ ദുരാചാരത്തിന്റെ സമഗ്രമായ വിശകലനം സാധ്യമാകുന്ന സിനിമയാണ് ഭ്രമയുഗം. ഭ്രമയുഗം ഭീതി ജനിപ്പിക്കുന്നു, അതെ നമ്മുടെ രാഷ്ട്രീയവും. മലയാളി അകപ്പെട്ടുപോയ രാഷ്ട്രീയ ദുരാചാരത്തിന്റെ പൊളിഞ്ഞുവീഴാറായ കൊട്ടാരവും അവിടുത്തെ രാജാവും കുശിനിക്കാരനും അതിഥിയും. കുശിനിക്കാരന്‍ രാജാവിനോട് അതൃപ്തി മനസ്സില്‍ സൂക്ഷിച്ച് നടക്കുന്നു. വലിഞ്ഞുകയറി വന്ന് സ്ഥാനം നേടിയ അതിഥിയുടെ കാതില്‍ കുശിനിക്കാരന്‍ പലപ്പോഴായി അപകടത്തിന്റെ മുന്നറിയിപ്പ് നല്‍കുന്നു.
യുക്തിവാദവും സഹാനുഭൂതിയും സമഭാവനയും പറഞ്ഞ് പാണനെ വശത്താക്കിയിട്ട് ഇനി തന്നെ മാത്രം ദൈവമായി കണ്ടാല്‍ മതി എന്ന് അഭയം തന്നവന്‍ പറയുമ്പോള്‍ താന്‍ ആചരിച്ചുവന്ന തന്റെ സംസ്‌കൃതിയെ ത്യജിക്കുവാനോ തന്റെ സ്വത്വത്തെ ഇല്ലാതാക്കുവാനോ അവന് സാധിക്കുന്നില്ല. പാണന് ജീവിക്കണമെങ്കില്‍ യജമാനനെ സ്തുതിക്കണം അങ്ങനെ അല്ലെങ്കില്‍ മരണം തന്നെ ശിക്ഷ. ജീവിക്കാന്‍ പാടുപെട്ട് നെട്ടോട്ടമോടുന്ന മലയാളിയുടെ ശരിയായ പ്രതിനിധി തന്നെയാണ് ഭ്രമയുഗത്തിലെ പാണന്‍.
എന്തും സഹിച്ചും ത്യജിച്ചും മാനം പണയപ്പെടുത്തിയും യജമാനന് കഞ്ഞി വെച്ചുകൊടുത്തു ഏറാന്‍ മൂളിയായി നടക്കുന്ന കുശിനിക്കാരന്‍, എപ്പോഴെങ്കിലും യജമാനനെതിരെ തിരിഞ്ഞാല്‍ കുറ്റം പറയാന്‍ പറ്റില്ല. പാണന്റെ ചങ്ങാതിയെ കൊന്ന യക്ഷി പക്ഷേ യജമാനന്റെ കിടപ്പറ പങ്കിടുന്ന കൂട്ടുകാരിയാണ്. പാണന്‍ അങ്ങനെ പലതും കാണുന്നുണ്ട്. ബ്രാഹ്‌മണനില്‍ തുടങ്ങി പാണനില്‍ തുടരുന്ന ചാത്തന്റെ പരകായ പ്രവേശം കേരളത്തിലെ അധികാര രാഷ്ട്രീയത്തിന് നേരെയുള്ള വിരല്‍ ചൂണ്ടല്‍ ആയി കണക്കാക്കാം. കേരളത്തിലെ ഇടതു രാഷ്ട്രീയത്തിന്റെ ഭീകരമുഖം സിനിമയില്‍ ആരെങ്കിലും കണ്ടു പോയാല്‍ അവരെ കുറ്റം പറയാന്‍ നമ്മുടെ രാഷ്ട്രീയ അനുഭവങ്ങള്‍ സമ്മതിക്കില്ലല്ലോ.
പൊളിഞ്ഞു വീഴാറായ മനയുടെ കീഴെ അധികാരത്തിന്റെ മത്തില്‍ ആര്‍ത്തുല്ലസിക്കുന്ന പോറ്റിയെ അവതരിപ്പിച്ച മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി പകര്‍ന്നാടിയത് മലയാളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത കഥാപാത്രത്തെയാണ്. ഈ സിനിമയില്‍ നമുക്ക് മമ്മൂട്ടിയെ കാണാന്‍ സാധിക്കില്ല. കീഴാളന്റെ ശരീര ഭാഷയും സ്തുതിപാടകന്റെ ലാളിത്യവും അര്‍ജുന്‍ അശോകന്റെ പാണനില്‍ ലയിച്ചു ചേര്‍ന്നു. എല്ലാം കണ്ടും കേട്ടും സഹിച്ചും വെച്ചു വിളമ്പി കഴിയുന്ന, നാളെ ഒരു ദിവസത്തിനുവേണ്ടി കാത്തുനില്‍ക്കുന്ന കൂട്ടാളി, സിദ്ധാര്‍ത്ഥ് ഭരതന്‍ കലക്കി. സാധാരണക്കാരന്റെ രക്തം കുടിച്ച് സുന്ദരിയായ യക്ഷി ഏതു ചാത്തന്റെയും കിടപ്പറയില്‍ രാസലീലയാടുന്നു. എത്ര പറഞ്ഞാലും മതിവരാത്ത മനോഹരമായ പാത്രസൃഷ്ടി. സാധാരണ സിനിമകളില്‍ കണ്ടുമടുത്ത സ്ഥിരം യക്ഷി അല്ല ഈ യക്ഷി. ഇവള്‍ പുതിയതാണ്. അമല്‍ഡ ലിസ് കോരിത്തരിപ്പിച്ചു. എല്ലാവരും മത്സരിച്ചഭിനയിച്ചു. അവര്‍ ഓരോരുത്തരുടെയും ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ വച്ച് ഏറ്റവും നല്ല കഥാപാത്രങ്ങള്‍.
ഭൂതകാലത്തിനുശേഷം രാഹുല്‍ സദാശിവന്‍ എന്ന സംവിധായക പ്രതിഭയുടെ രണ്ടാമത്തെ ചിത്രം ഗംഭീരമായിരിക്കുന്നു. ഒറ്റ ലൊക്കേഷനില്‍ മൂന്ന് കഥാപാത്രങ്ങളെ വെച്ച് പ്രേക്ഷകനെ ഭ്രമിപ്പിച്ച ആ വിരുതിനു മുന്നില്‍ നമസ്‌കരിക്കുന്നു. ടി.ഡി. രാമകൃഷ്ണന്‍ കുറച്ചു വാക്കുകളിലൂടെ വലിയൊരു ചിന്തയെ തുറന്നു വിട്ടു. ക്യാമറാമാന്‍ ഷഹിനാദ് ജലാല്‍ കറുപ്പും വെളുപ്പും കൊണ്ട് നമ്മെ ഞെട്ടിക്കുന്നു. ബ്ലാക്ക് ആന്റ് വൈറ്റിന് ഇത്രയും ഭംഗിയുണ്ടെന്ന് ഈ കാലത്ത് കാട്ടിത്തന്നതിന് നന്ദി. മേല്‍ക്കൂര തകര്‍ന്ന് പൊളിഞ്ഞു വീഴാറായ പ്രൗഢി കെട്ടടങ്ങിയിട്ടില്ലാത്ത മന. കൊള്ളാം ഇതെങ്ങനെ സാധിക്കും, ജ്യോതിഷ് ശങ്കര്‍ എന്ന ആര്‍ട്ട് ഡയറക്ടര്‍ അത് നമുക്ക് കാട്ടിത്തന്നു. ക്രിസ്റ്റോ സേവിയറിന്റെ സംഗീതം ഈ സിനിമയെ ചെറുതായിട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. പ്രേക്ഷക മനസ്സിലേക്ക് ഭീതിയെ സന്നിവേശിപ്പിക്കാന്‍ അതിന് സാധിച്ചു.
ഇരുളടഞ്ഞ രാഷ്ട്രീയ വഴിയില്‍ പെട്ടുപോയവര്‍ക്ക് വര്‍ണ്ണങ്ങള്‍ സ്വപ്‌നം പോലും കാണാന്‍ അവകാശമില്ലല്ലോ, അവന്‍ കറുപ്പിലും വെളുപ്പിലും ചുറ്റി അപഭ്രംശത്തിനിരയായ കലിയുഗത്തിലെ ഭ്രമയുഗത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരല്ലോ.