‘കാപട്യം സാര്‍വ്വജനീനമാകുമ്പോള്‍ സത്യം പറയുന്നത് തന്നെ വിപ്ലവപ്രവര്‍ത്തനമാണ.്’ ജോര്‍ജ് ഓര്‍വെലിന്റെ വിഖ്യാതമായ വാക്കുകളാണിത്. അതിപ്പോള്‍ ദൃഷ്ടാന്തമായിരിക്കുന്നത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ എന്ന ചലച്ചിത്രത്തിന്റെ കാര്യത്തിലാണ്.
ഒരു സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ വിവാദമാവുക, പരക്കെ ചര്‍ച്ച ചെയ്യപ്പെടുക, നിരോധിക്കണം എന്ന ആവശ്യവുമായി കോടതികളില്‍ വാദങ്ങളും ഹര്‍ജ്ജികളും വരിക എന്നതൊക്കെ സമീപകാലത്തൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്. എന്നാല്‍ ഈ പ്രബുദ്ധകേരളത്തില്‍ അതും സംഭവിച്ചു. കേരളത്തില്‍ ഏറെക്കാലമായി സജീവചര്‍ച്ചയായ ഇസ്ലാമിക ഭീകരതയും ലവ് ജിഹാദുമൊക്കെ തന്നെയാണ് ചിത്രത്തിന്റെ പ്രമേയവും ഇതിവൃത്തവും.
കാസര്‍ക്കോട്ടെ ഒരു നഴ്‌സിംഗ് കോളേജില്‍, ഒരു ഹോസ്റ്റല്‍ മുറി പങ്കുവെയ്ക്കുന്ന നാല് പെണ്‍കുട്ടികളില്‍ ഒരാളായ ആസിഫ തന്റെ കൂട്ടുകാരായ ശാലിനി ഉണ്ണികൃഷ്ണന്‍, ഗീതാഞ്ജലി, നിമാ മാത്യൂസ് എന്നിവരില്‍ പതിയെ പതിയെ ഇസ്‌ലാം മതത്തെ കുത്തിവെക്കുന്നിടത്താണ് കഥ ചലിച്ചു തുടങ്ങുന്നത്. തങ്ങളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പറ്റി ഏറെയൊന്നും ആഴത്തില്‍ അറിവില്ലാത്ത ശാലിനിയെയും ഗീതാഞ്ജലിയെയും ദൈവഭയത്തിന്റെ പേരില്‍ വേഗം സ്വാധീനിക്കാന്‍ ആസിഫക്ക് കഴിയുന്നു. പതുക്കെ ആസിഫ അവരെ മറ്റു മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് പരിചയപ്പെടുത്തി അവരെ പ്രണയത്തിന്റെ കുരുക്കില്‍ വീഴ്ത്തുന്നു. ഇതെല്ലാം കൃത്യമായ ഒരു കേന്ദ്രത്തില്‍ നിന്ന് നിയന്ത്രിക്കപ്പെടുന്നുമുണ്ട്. പെണ്‍കുട്ടികള്‍ സ്വാധീനിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ അവരെ ലൈംഗികമായി ഉപയോഗിക്കണമെന്നും സാധിച്ചാല്‍ ഗര്‍ഭിണി ആക്കണം എന്നുമുള്ളത് വരെ ഈ പദ്ധതിയുടെ ഭാഗമാണ്. ഈ കാര്യങ്ങള്‍ക്ക് വേണ്ടി മയക്കുമരുന്നുകള്‍ വരെ ഉപയോഗിക്കുന്നു.
ശാലിനി ഉണ്ണികൃഷ്ണന്‍ മതം മാറുമ്പോഴേക്ക് അവളെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയ സമീറിനെ കാണാതാവുകയും ഈ കാര്യങ്ങളെല്ലാം നിയന്ത്രിച്ച കൂട്ടര്‍ പറയുന്ന പ്രകാരം ക്രിസ്ത്യന്‍ മതത്തില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച ഇഷാഖിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാവുകയും ചെയ്യുന്നു. അവരുടെ മസ്തിഷ്‌കപ്രക്ഷാളനവും, ബ്ലാക് മെയിലിംഗും, മയക്കുമരുന്നുകളുടെ സ്വാധീനവും എല്ലാം കൂടി ചേര്‍ന്ന് ഒരു പ്രത്യേക മാനസികാവസ്ഥയില്‍ എത്തിയ, ഫാത്തിമ ബാ എന്ന് പേര് മാറിയ ശാലിനി ഉണ്ണികൃഷ്ണന്‍ ശ്രീലങ്ക, പാകിസ്ഥാന്‍ വഴി അഫ്ഗാനില്‍ എത്തുന്നു. ഗീതാഞ്ജലി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട് ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കുന്നു. ഒരു തരത്തിലും കീഴടങ്ങാതെ നിന്ന നിമയാകട്ടെ ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്യപ്പെടുന്നു.
അഫ്ഗാനില്‍ വെച്ച്, ഇഷാഖ് ശാലിനിയെ ഉപേക്ഷിച്ചു പോവുകയും അവള്‍ ഐഎസിന്റെ ലൈംഗിക അടിമയാവുകയും ചെയ്തു. അവരുടെ തടവില്‍ നിന്ന് രക്ഷപ്പെട്ടോടിയ ശാലിനി യു.എന്‍ സമാധാന സേനയുടെ പിടിയില്‍, അവരുടെ തടങ്കല്‍ പാളയത്തിലെ ചോദ്യം ചെയ്യലില്‍ മനസ്സ് തുറക്കുന്നതിലൂടെയാണ് കഥയുടെ മുഴുവന്‍ പ്ലോട്ടും ഇതള്‍ വിരിയുന്നത്.
എന്തുകൊണ്ടാണ് മുസ്‌ലിം കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ഐഎസ്സിലേക്ക് അയക്കാത്തത്, എന്തുകൊണ്ട് അന്യസമുദായങ്ങളില്‍ നിന്നും മതം മാറ്റിയ പെണ്‍കുട്ടികളെ മാത്രം അയക്കുന്നു എന്നതിന്റെ വ്യക്തമായ ഉത്തരവും സിനിമ നല്‍കുന്നു. അവിടേക്ക് അയക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ഭീകരവാദികളുടെ ലൈംഗിക അടിമകളായി മാറുകയാണ്. ഈ ആവശ്യത്തിനുവേണ്ടി അവര്‍ പെണ്‍കുട്ടികളെ വിലയ്ക്ക് വാങ്ങുകയാണ്. അതിന്റെ ഗുണഭോക്താക്കളാണ് കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകളും പ്രവര്‍ത്തകരും. അഫ്ഗാനില്‍ കിടന്നു കൂട്ടബലാല്‍സംഗത്തിനു ഇരയാകാന്‍ തങ്ങളുടെ പെണ്‍കുട്ടികളെ വിടില്ല എന്ന് അവര്‍ തീരുമാനിക്കുന്നത് സ്വാഭാവികമാണല്ലോ.
ഹിന്ദു ഭവനങ്ങളില്‍ നഷ്ടപ്പെടുന്ന സാംസ്‌കാരിക ബോധവും, പാരമ്പര്യങ്ങളോടുള്ള പുച്ഛവും ആണ് ഹിന്ദു പെണ്‍കുട്ടികള്‍ ഈ കുരുക്കില്‍ വീഴാനുള്ള പ്രധാന കാരണം എന്ന ഭയാനകമായ സന്ദേശവും സിനിമ നല്‍കുന്നു. ഈ കെണിയില്‍ പെട്ട് അവസാനം ആത്മഹത്യ ചെയ്യുന്ന ഒരു പെണ്‍കുട്ടി ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നാണ് വരുന്നത്. കമ്മ്യൂണിസവും ജിഹാദി മനഃസ്ഥിതിയും പരസ്പരപൂരകമാവുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തം. ഇവ രണ്ടുമാണല്ലോ ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വെല്ലുവിളികളും.
ചിത്രത്തിന്റെ തുടക്കത്തിലേ ഡിസ്‌ക്‌ളൈമര്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഈ ചിത്രത്തിലെ പ്രമേയത്തിനും സംഭവങ്ങള്‍ക്കും കൃത്യമായ തെളിവുകളും രേഖകളുമുണ്ട് എന്ന് അണിയറപ്രവര്‍ത്തകര്‍ എടുത്തുപറയുന്നു. പത്തുവര്‍ഷത്തിനിടെ കാണാതായ 32000 പെണ്‍കുട്ടികളുടെ കാര്യം മുന്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ചോദിക്കുമ്പോള്‍ ആ വെബ്‌സൈറ്റ് തന്നെ നിലവിലില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. ഇത് ചിത്രത്തിന്റെ അവസാനം എഴുതിക്കാട്ടുന്നുണ്ട്. നിയമങ്ങളുടെ പഴുതുകളിലൂടെ അതിവിദഗ്ദ്ധമായി നടപ്പാക്കുന്ന ഈ പദ്ധതികളുടെ മുമ്പില്‍ എല്ലാ നിയമങ്ങളും നിസ്സഹായമാണ്. കണ്മുമ്പില്‍ക്കൂടി നടക്കുന്ന ഈ കൊടിയ ഭീകരത കൈയും കെട്ടി നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. ആ പഴുതു തന്നെയാണ് ഈ ഭീകരതയെ ന്യായീകരിക്കുന്ന എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നിരത്തുന്നതും.
ഈ ചിത്രത്തില്‍ ഒരിടത്തും ഇസ്‌ലാം മതത്തിനെയോ, പ്രവാചകനെയോ, ഖുറാനെയോ പരാമര്‍ശിക്കുന്നതുപോലുമില്ല. പൂര്‍ണ്ണമായും ഐഎസ് ഭീകരത, അവരുടെ പിണിയാളുകളായ കുറച്ച് വ്യക്തികള്‍, അവരുടെ ആസൂത്രിതനീക്കങ്ങള്‍ എന്നിവയില്‍ മാത്രമാണ് ചിത്രം ആദ്യവസാനം ഊന്നിനില്‍ക്കുന്നത്. ഈ ചിത്രത്തിനെ എതിര്‍ക്കുന്നവര്‍ മുഴുവന്‍ മുസ്‌ലിം വിഭാഗത്തെയും ഭീകരതയുമായി കൂട്ടിയിണക്കുകയാണ് ചെയ്യുന്നത്.സത്യത്തില്‍ ഈ ചിത്രം ഏറ്റവുമധികം കണ്ണ് തുറപ്പിക്കേണ്ടത് സാധാരണ മുസ്ലീങ്ങളെ ആണ്. തങ്ങളുടെ മതത്തെയും വിശ്വാസങ്ങളെയും ദുരുപയോഗം ചെയ്ത് സമൂഹത്തില്‍ ഭീകരതയുടെ വിത്തുകള്‍ വിതക്കുന്ന ഇരുട്ടിന്റെ ശക്തികളെ ആ സമൂഹം തന്നെ കൈകാര്യം ചെയ്യാത്ത പക്ഷം അവരെ ഉപയോഗിച്ചുള്ള രാഷ്ട്രീയ സ്വാര്‍ത്ഥതകള്‍ ഇവിടെ തുടരുക തന്നെ ചെയ്യും. അത് സമൂഹത്തിലെ ഭിന്നിപ്പ് കൂടുതല്‍ കൂടുതല്‍ വഷളാക്കിക്കൊണ്ടേ ഇരിക്കും.
ഹിന്ദു കുടുംബങ്ങളില്‍ നമ്മുടെ പാരമ്പര്യത്തിന്റെ മഹത്വം പഠിപ്പിച്ചു കൊടുക്കാന്‍ കഴിയാത്തതിന്റെ പ്രത്യാഘാതങ്ങള്‍ കൂടിയാണ് ഈ ചിത്രം ഗൗരവത്തോടെ പറയുന്നത്. അതേസമയം ആഴത്തിലുള്ള മതബോധമുള്ള നിമയെ സ്വാധീനിക്കാന്‍ അവര്‍ക്ക് കഴിയുന്നുമില്ല. ഇനിയെങ്കിലും യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പരിഹാരം കണ്ടില്ലെങ്കില്‍ ഇനിയുമേറെ നിമിഷമാരും അഖിലമാരും ഇവിടെ ജനിക്കും.
അദാ ശര്‍മ്മയുടെ കൈയ്യില്‍ ശാലിനി ഉണ്ണികൃഷ്ണന്റെ കഥാപാത്രം ഭദ്രമാണ്. ചിത്രത്തിന്റെ തിരക്കഥ തുടക്കത്തില്‍ ഇത്തിരി ഇഴയുന്നുണ്ടങ്കിലും പടം പുരോഗമിക്കുന്നതിനനുസരിച്ച് അത് കെട്ടുറപ്പ് ആര്‍ജ്ജിക്കുന്നുണ്ട്. ലേ, ലഡാക്കില്‍ ചിത്രീകരിച്ച അഫ്ഗാന്‍ ഭൂപ്രകൃതിയും ഭീകരവാദി താവളങ്ങളും, അവരുടെ ക്രൂരതയും എല്ലാം അസാമാന്യ തനിമയോടെയാണ് വെള്ളിത്തിരയില്‍ കാണുന്നത്.
കശ്മീര്‍ ഫയല്‍സ് നല്‍കുന്ന ഞെട്ടലും മുറിവും മാറുന്നതിനു മുമ്പാണ് ചോരയൊലിക്കുന്ന ഒരു അപ്രിയസത്യവുമായി കേരള സ്റ്റോറി എത്തുന്നത്. അപ്രിയ സത്യങ്ങളെ ഉള്‍ക്കൊണ്ടാല്‍ മാത്രമേ അവയ്ക്ക് പരിഹാരവുമുള്ളൂ. അതുതന്നെയാണ്, തിയേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകനെ ശാലിനി ഉണ്ണികൃഷ്ണനും അവള്‍ കടന്നുവന്ന ചതിയുടെ പാതകളുമെല്ലാം ഓര്‍മ്മിപ്പിക്കുന്നത്.