വിദ്യ ശക്തി സമ്പത്താദി സമസ്ത മേഖലകളില്‍
ലോകരെല്ലാം വാഞ്ഛയോടെ വീക്ഷിച്ച നാട്ടില്‍
സാഹോദര്യം മറന്നിട്ട് തമ്മില്‍ തമ്മില്‍ കലഹിച്ച്
അടിമത്തം വരിച്ചൊരു ജനതയ്ക്കായി
അവതാരപുരുഷനാം ഭഗവാന്റെ നാമധാരി
വിജയദശമി എന്ന ശുഭദിനത്തില്‍
ബീജാവാപം നടത്തിയ സംഘടന മാതാവിനെ
സേവിക്കുവാന്‍ തനയരെ ഉദ്ബുദ്ധരാക്കി
വ്യക്തിയാണ് സമാജത്തിന് അടിത്തറ എന്നതിനാല്‍
വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്ട്ര നിര്‍മ്മാണം
ക്രാന്തദര്‍ശി ഡോക്ടര്‍ജി തന് മഹത്തരമീ ദര്‍ശനം
കാര്യപദ്ധതികള്ക്കെല്ലാമടിസ്ഥാനമായ്
ചക്രവ്യൂഹം തകര്‍ത്തങ്ങ് കുലത്തിന്റെ മാനം കാത്ത
സൗഭദ്രന്റെ പ്രായക്കാരാം ബാലകന്മാരെ
അണിചേര്‍ത്ത് തുടങ്ങിയ പ്രസ്ഥാനത്തിന് കാര്യക്രമം
വ്യായാമങ്ങള്‍ കളികളും ബൗദ്ധിക്കുമല്ലോ
കല്ലും മുള്ളും നിറഞ്ഞതാം പന്ഥാവുകള്‍ താണ്ടി നമ്മള്
വിശ്വോത്തരം എന്ന ഖ്യാതി കൈവരിച്ചല്ലോ
പ്രസ്ഥാനങ്ങള്‍ നിരവധി ജന്മം കൊണ്ടീ തറവാട്ടില്‍
അവയെല്ലാം സ്വന്തം കര്‍മ്മ മണ്ഡലങ്ങളില്‍
വൈജയന്തി പാറിച്ചങ്ങ് മുന്നേറുന്നു രാജ്യത്തിന്റെ
അമരക്കാരെല്ലാവരും സ്വയംസേവകര്‍
എത്തിയല്ലോ ശതാബ്ദിയില്‍ സംഘമെന്ന മഹാനൗക
തോല്‍വി എന്തെന്നറിയാത്ത മഹാപ്രസ്ഥാനം
കോടിക്കോടി ജന്മങ്ങളില് സമ്പാദിച്ച പുണ്യം വേണം
ചരിത്രമുഹൂര്ത്തത്തിലോ പങ്കാളിയാവാന്‍
ബീജാവാപം ചെയ്തവരും സുദര്‍ശനം നല്കിയോരും
ആശിഷം ചൊരിഞ്ഞുവിണ്ണില് നിറഞ്ഞു നില്പ്പൂ
അവര്‍ കണ്ട സ്വപ്നങ്ങളെ ഒന്നൊന്നായി പൂര്‍ത്തിയാക്കി
ശതാബ്ദി തന് നിറവിലേക്കടിവെച്ചിടാം.
(സംഘശതാബ്ദിയുടെ ഭാഗമായി വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ തയ്യാറാക്കിയത്)