പുറമേ നിന്നും ഒരു വീടിനെ വരയ്ക്കുക വളരെ എളുപ്പമാണ്.
പക്ഷേ ഉള്ളിലേക്ക് കയറി ചെന്ന്
അതിന്റെ ഹൃദയവാല്‍വുകളില്‍ തൊട്ട് വരയ്ക്കാന്‍ ശ്രമിക്കുമ്പോഴായിരിക്കും
അതത്ര എളുപ്പമുള്ള കാര്യമല്ല എന്ന് മനസ്സിലാവുക.
നമ്മളാരും കാണാത്ത ഇടിമിന്നലോടു കൂടി
കാര്‍ന്ന് പെയ്യുന്നൊരു കൊടും മഴ
ഉള്ളിലങ്ങനെ നിറഞ്ഞ് പെയ്യുന്നുണ്ടാവും.
അടുക്കള വരയ്ക്കിടയില്‍ നിറം കൊടുക്കുമ്പോഴായിരിക്കും
ഒരു പെരും കടല്‍ത്തിര വരകള്‍ക്കിടയില്‍ ഇരച്ചുകയറുക.
എങ്ങോ മുങ്ങിച്ചാവാന്‍ ഒരുമ്പെട്ട കരിപിടിച്ച നിഴലുകള്‍
ഇടയ്ക്ക് കത്തിപ്പോയ വാക്കുകളില്‍ നിന്നും
തലയുയര്‍ത്തിപ്പിടിക്കുന്നുണ്ടാവും.
ചാറ്റല്‍മഴ കുതിര്‍ന്ന് ചിറകൊതുക്കി
അടുക്കളയില്‍ പുകഞ്ഞ് കത്തുന്നുണ്ട്
സ്വപ്‌നങ്ങളില്‍ പൂത്ത പെണ്‍നോവുകള്‍.
ലഹരി കുടഞ്ഞിട്ട കൊടുങ്കാറ്റില്‍ കടപുഴകി
നിലതെറ്റി ചിതറിവീണ നക്ഷത്രക്കണ്ണുകള്‍
അടുക്കളപാത്രങ്ങളും ഷവറും ചുമരുകളും എഴുതിവച്ചിട്ടുണ്ടാവും
താലിച്ചരടില്‍ വീര്‍പ്പ് മുട്ടി കിതയ്ക്കും അവളുടെ എരിവേനല്‍.
തൂക്കിവിറ്റ സ്‌നേഹത്തിന്റെ കണക്ക് പുസ്തകത്തില്‍
പതിയിരിക്കും കറുത്ത വാക്കുകള്‍..
പീഡനത്തിന്റെ വാള്‍മുന നെഞ്ചിലിറക്കി
കത്തും നോവുകളിലൂടെ പെയ്ത് തോരാത്ത മിഴികളുമായ്
പെരുമഴയിലലിഞ്ഞ വരകളില്‍ കുതറിവീണ കണ്ണീര്‍പൂവിതളുകള്‍.
വീണ്ടും വരയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ
വീടിന്റെ പൂര്‍ണ്ണമാവാത്ത ചിത്രത്തില്‍ നിന്നും
ഒരു മൂര്‍ഖന്‍ പാമ്പും കീരിയും ഇടവഴികളിലേക്കിറങ്ങി പോയി…..