ഒരിടത്ത്
ആര്‍ത്തനാദം
നെഞ്ചുകീറുന്ന
നിലവിളികള്‍,
ശവഘോഷയാത്രകള്‍….
ഒരിടത്ത്
അട്ടഹാസം
കൊലവിളി
രക്തദാഹം പൂണ്ട
വെട്ടുകത്തികളുടെ
നിര്‍ദയ ഭാഷ.
ഒരിടത്ത്
സായുധസേനകളുടെ
റൂട്ട് മാര്‍ച്ച്
ആംബുലന്‍സുകളുടെ
ചീറിപ്പാച്ചില്‍
റെഡ്‌ക്രോസുകളുടെ
സമാധാനദൗത്യം.
ഒരിടത്ത്,
നാനാവര്‍ണ്ണത്തിലുള്ള
പുഷ്പങ്ങള്‍ ഇതള്‍ വിരിച്ച പൂന്തോട്ടം
ചിത്രശലഭങ്ങളായതില്‍
പാറിപ്പറക്കുന്ന ശൈശവങ്ങള്‍….
സന്ധ്യാംബരത്തിന്റെ
പ്രതിച്ഛായ നിഴലിച്ച
ഈ പൂന്തോട്ടത്തില്‍
അലഞ്ഞെത്തിയ യാത്രക്കാരാ
അല്പമിരുന്നേച്ചുപോവുക
ശപിക്കപ്പെട്ട കാഴ്ചകളെ
മറന്നേച്ചു പോവുക!