കട്ടിപ്പുതപ്പു മറനീക്കി! പ്രയാഗഗംഗാ-
ഘാട്ടില്‍ക്കുളിച്ചുതൊഴുവാനണയുന്നു സൂര്യന്‍!
മുട്ടറ്റമുള്ളൊരുടുമുണ്ടു പിഴിഞ്ഞുടുത്തി-
ട്ടുത്സാഹമോടെയുരുവിട്ടു വിഭാതമന്ത്രം!
ചുറ്റും നിറഞ്ഞ മുനിസഞ്ചയമേറ്റുപാടും
ഹുങ്കാരമാര്‍ന്ന ശിവശങ്കരപുണ്യനാമം!
കൊട്ടിത്തളര്‍ന്നമുകില്‍ വൃന്ദമുടുക്കു വാനില്‍
കെട്ടുന്നു ഭസ്മമഴയില്‍ സ്വയമാണ്ടിരിക്കാന്‍!
ചന്ദ്രാംശുമിന്നിമറയുന്ന ജടാകലാപം
മന്ദാകിനീസലിലമിറ്റിയ നീലകണ്ഠം!
കണ്ഠസ്ഥലത്തിലിളകുന്നൊരു നാഗഹാരം!
ചിന്തിക്കിലെന്തൊരനവദ്യവിചിത്രചിത്രം!
നിദ്രാവിഹീനമൊരുകാലമപര്‍ണ്ണ നിന്നെ-
ചിത്തേ ധരിച്ചുതപമാര്‍ന്ന വനാന്തരങ്ങള്‍
കണ്‍മുന്നിലിന്നുമുണരുന്നു; മദന്തരംഗം
ചിന്താരതം ശിവപദത്തിലടിഞ്ഞു ഭക്ത്യാ!
ധ്യാനിച്ചിരിക്കെ, ശിവരൂപമൊടേതൊരാളെന്‍
പാദം ഗ്രസിച്ചു ശിവമന്ത്രമുരുക്കഴിച്ചാന്‍
ആരാട്ടെ! ഇന്നിവിടെയെത്തീടുമേതൊരാള്‍ക്കും
കാണുന്നതൊക്കെ ശിവതത്വമതൊന്നുമാത്രം!
യാതൊന്നു കാണ്‍മതതിലൊക്കെ ശിവസ്വരൂപം
യാതൊന്നു കേള്‍പ്പതതിലൊക്കെ നമഃശിവായ!
യാതൊന്നു ഭോജ്യമമൃതായിലഭിച്ചിടുന്നോ
നേരാണതൊക്കെ ഭഗവാന്റെ നിവേദ്യശിഷ്ടം!