വെറുതേയൊരിഷ്ടം
നിലാവില് നടക്കും
മുകില്കുഞ്ഞു മാലാഖ-
മാരോടൊരിഷ്ടം
കുളിര്മഞ്ഞുപെയ്യുന്ന
കുന്നിന് ചുവട്ടില്‍
വെയില് കാഞ്ഞുനില്‍ക്കും
പ്രഭാതത്തെയിഷ്ടം!
വെറുതേയൊരിഷ്ടം
ഇറമ്പത്തു ചാറും
മഴത്തുള്ളി നോക്കി-
ക്കിടക്കുന്നൊരിഷ്ടം
മഴവില്ലു പൂക്കുന്ന
മാനത്തൊരിഷ്ടം
കൊഞ്ചുന്ന പാദ-
സരങ്ങളോടിഷ്ടം.
ഒരു പൂവു മിണ്ടി-
പ്പറയുന്നൊരിഷ്ടം
ഒരു വണ്ടു കാതില്‍
കലമ്പുന്നൊരിഷ്ടം
പിരിയാതെ തമ്മില്‍
പിണങ്ങുന്നൊരിഷ്ടം,
സ്നേഹം പരസ്പരം
പാടുന്നൊരിഷ്ടം.
അറിയാതെ തേങ്ങും
പുഴക്കാറ്റുപോലെ
മിണ്ടാതെ മാറി
നടക്കുന്നതിഷ്ടം
പിന്നാലെ വന്നു
വിളിയ്ക്കുന്നതിഷ്ടം
കണ്ണീര് തുടച്ചു
ചിരിയ്ക്കുന്നതിഷ്ടം.