പുതിയ വീടുകള്‍
ഗൗളികളെയും
നേരൊച്ചകളെയും
പുറത്താക്കുന്നു.
പാറ്റകളെ പുറത്താക്കുന്നു.
എട്ടുകാലന്മാരെയും
ഉറുമ്പുകളെയും
മൂലക്കഴുക്കോലുകളില്
ഓട്ടപ്പന്തയം നടത്തുന്ന
ഗണപതിവാഹകരെയും
നിര്‍ദ്ദയം പുറത്താക്കുന്നു.
ചൂലുകളെ പുറത്താക്കുന്നു
കവുങ്ങോലയില്‍ തീര്‍ത്ത
തുടപ്പകളെ പുറത്താക്കുന്നു.
മാത്രമല്ല,
ഗാംഭീര്യം നഷ്ടപ്പെട്ട
പല്ലുകൊഴിഞ്ഞ വാക്കുകളെയും
മുറുമുറുക്കുന്ന തേഞ്ഞുപോയ
ചെരുപ്പുകളെയും പുറത്താക്കുന്നു.
പുതിയ വീടുകള്‍,
പുതിയ വാക്കുകള്‍ കൊണ്ടുവരുന്നു.
കിച്ചന്, വര്‍ക്കേരിയ
ഡൈനിംഗ് ഹാള്‍, സിറ്റൗട്ട്
ബെഡ് റൂം
ബാത്ത് റൂം
ഡ്രസ്സിംഗ് റൂം…
പുതിയ വീടുകള്‍
പുതിയ വസ്ത്രങ്ങള്‍ കൊണ്ടുവരുന്നു.
മിഡി
ടോപ്പ്
കൂര്‍ത്ത
പൈജാമ…
പുതിയ വീടുകള്‍
പുകയില്ലാത്ത അടുപ്പുകള്‍
കൊണ്ടുവരുന്നു.
പുതിയ ഭക്ഷണം കൊണ്ടുവരുന്നു.
നൂഡില്‍സ് പോലെ
കുഴിമന്തി പോലെ…
ആട്ടാന്‍ അരയ്ക്കാന്‍
പൊടിക്കാന്‍
പുതിയ ഉപകരണങ്ങള്‍ വരുന്നു.
അതെ,
പുതിയ വീടുകള്‍
പഴയ വീടുപോലെ
ഒരു വീടേ അല്ല.
വീടേ അല്ല.
പുതിയ വീട്
ഒരക്വേറിയമാണ്.
ഉള്ളില്‍
അലങ്കാര മത്സ്യങ്ങളും!