1923 മാർച്ച് 23 ന് സിന്ധിലെ സക്കൂർ എന്ന സ്ഥലത്താണ് ഹേമു കലാനി ജനിച്ചത്. പെസുമൽ കാലാനിയുടെയും ജെതി ബായിയുടെയും മകനായിരുന്നു. കുട്ടിക്കാലം മുതൽ യൗവനകാലം വരെ വിദേശ സാധനങ്ങളുടെ ബഹിഷ്ക്കരണത്തിനായി സുഹൃത്തുക്കളോടൊപ്പം പ്രചരണം നടത്തി. സ്വദേശി ചരക്ക് ഉപയോഗിക്കാനായി ആളുകളെ പ്രേരിപ്പിക്കാൻ ശ്രമിച്ചു. വിപ്ലവ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുകയും ബ്രിട്ടീഷുകാരെ എതിർത്തുകൊണ്ട് പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
മഹാത്മാ ഗാന്ധിയുടെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം 1942- ൽ ആരംഭിച്ചപ്പോൾ ഹേമു കലാനിയും ചേർന്നു. സിന്ധിലെ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിനായി ഭരണാധികാരികൾ പ്രത്യേക സേനയെ അയക്കുവാൻ തീരുമാനിച്ചു. ഒരു ട്രെയിനിൽ ഈ സേനയുടെ കടന്നു പോകുന്നതായി ഹെമു കലാനി കണ്ടെത്തി. ട്രാക്കിൽ നിന്ന് ഫിഷ് പ്ലേറ്റുകൾ ഒഴിവാക്കുന്നതിലൂടെ പാളംതെറ്റിക്കാൻ തീരുമാനിക്കുകയും ചെയ്തു.
എന്നാൽ അട്ടിമറി നടത്താൻ കഴിയുന്നതിന് മുൻപ് ബ്രിട്ടീഷ് സേന അവരെ കണ്ടുപിടിച്ചു. ഹേമു കലാനിയെ അറസ്റ്റ് ചെയ്തു. സഹ-ഗൂഢാലോചനക്കാരുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ചെങ്കിലും അദ്ദേഹം യാതൊന്നും തന്നെ വെളിപ്പെടുത്തിയില്ല. ഒടുവിൽ അദ്ദേഹത്തെ വിചാരണ ചെയ്യുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. 1943 ജനുവരി 21ന് കേവലം ഇരുപത് വയസ് മാത്രമുണ്ടായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി.
ധീര നായകന് പ്രണാമങ്ങൾ