കണിക്കൊന്നകള്‍ പൂത്തുലയുന്നു
വിഷുക്കാല വിളംബരമല്ലേ!
കണിക്കാഴ്ചയൊരുക്കി നാടും
വരവേല്പിനൊരുങ്ങി നാട്ടാര്.
വിഷുപ്പക്ഷി ഉണര്ത്തുന്നളവില്
ഉഷസ്സെത്തിയൊരുക്കും കണികള്‍
പഴമക്കാര്‍ പലവുരു ചൊല്ലും
പതിരില്ലാപ്പഴമൊഴി മുത്തായ്.
മഴപ്പെയ്ത്തിന് വരവറിയിക്കാന്‍
തനിത്തങ്കപ്പൂക്കള് നിരന്നു.
മഴത്തുള്ളില്‍ വീണു കുതിര്‍ന്നു
പുതുമണ്ണില്‍ നാമ്പു കിളിര്‍ത്തു.
പുതുവര്ഷപ്പുളകപ്പെയ്ത്തില്
അഴലൊന്നായൊഴുകിയൊഴിഞ്ഞു.
വരവായി മാമലനാട്ടില്‍
ഒരു മേടപ്പുലരിക്കതിരോന്.
ഒരുക്കി കണിവെള്ളരി പാടം
പൊഴിച്ചു തേന്‍കനി മാങ്കൂട്ടം
നിവര്‍ത്തി പൂഞ്ചേലകള്‍ മാനം
കൊരുത്തു പൂമാലകള്‍ താരം
നിരന്നു കരിവീരന് മലയില്‍
പരന്നു പൊന്‍പ്രഭയായ് മിന്നല്‍
കൊതിക്കും വിഷുപ്പക്ഷികള്‍ പാടി
വിളിക്കു മറുപാട്ടുകളെത്തി
മഴവില്ലു വിടര്‍ത്തീ വാനം
കൊതിയൂറും കാഴ്ചകളേറെ.
വിരുന്നെത്തും ഋതുകന്യകയെ
വരവേല്‍ക്കാന്‍ തുടിതാളങ്ങള്‍!