എസ്എഫ്ഐക്ക് അര്‍ഹിക്കുന്ന നിര്‍വചനമാണ് ലഭിച്ചിരിക്കുന്നത്. Sexually Frustrated idiots. ക്യാമ്പസുകളെ ജനാധിപത്യ വിരുദ്ധമായി അടക്കിഭരിച്ചും തങ്ങളുടെ ആധിപത്യം ഹിംസാത്മകമായി മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചും പോന്ന ഈ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന ഇപ്പോള്‍ ക്യാമ്പസുകളില്‍ ലൈംഗിക അരാജകത്വവും സൃഷ്ടിക്കുകയാണ്. എസ്എഫ്‌ഐയുടെ ഭരണത്തിന്‍ കീഴില്‍ തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ കുറെക്കാലമായി നടന്നുകൊണ്ടിരിക്കുന്നത് പൊതുസദാചാരത്തിനും സാന്മാര്‍ഗികതയ്ക്കും നിരക്കാത്ത കാര്യങ്ങളാണ്.
പുതിയ അധ്യയന വര്‍ഷത്തില്‍ ക്യാമ്പസില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് എസ്എഫ്‌ഐ സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷത്തില്‍ തന്നെ കാണികളില്‍ ജുഗുപ്‌സ എന്ന വികാരം ഉണര്‍ത്തുന്നതാണ്. ”ദേശീയത തുലയട്ടെ, ഞങ്ങള്‍ ഭൂമിയില്‍ ജീവിക്കുന്നവര്‍” എന്നെഴുതി മുള്ളുവേലികളുടെ വിലക്കുകള്‍ ലംഘിച്ച് പരസ്പരം ചുംബിക്കുന്ന സ്ത്രീ പുരുഷന്മാരുടെ ചിത്രമാണ് ഒരു ബോര്‍ഡില്‍. ”ഒന്നു ചിന്തിക്കൂ. ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി” എന്നു ചോദിച്ചശേഷം ”ഭൂഗോളം ലൈംഗിക വിമോചനം ആവശ്യപ്പെടുന്നു” എന്നാണ് മറ്റൊരു പോസ്റ്റര്‍ പ്രഖ്യാപിക്കുന്നത്. ഒരു സ്ത്രീയും പുരുഷനും പ്രാകൃതമായി ഇണചേരുന്ന ചിത്രവും വരച്ചുവച്ചിരിക്കുന്നു.
കലാലയങ്ങള്‍ രതിപഠനശാലകളോ?
ഇത് ആദ്യമായല്ല എസ്എഫ്‌ഐ കേരളവര്‍മ കോളേജ് കാമ്പസ് ഇത്തരം രതിവൈകൃത പ്രദര്‍ശനങ്ങള്‍ക്ക് വേദിയാക്കുന്നത്. 2017 ല്‍ നവാഗതരായ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ കോേളജിലേക്ക് സ്വാഗതം ചെയ്തത് സരസ്വതീ ദേവിയുടെ എം.എഫ്. ഹുസൈന്‍ വരച്ച അശ്ലീല ചിത്രം ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്.
ഹുസൈന്‍ വരച്ച ദേവീദേവന്മാരുടെ നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കോളേജ് മാഗസിന്‍ പ്രസിദ്ധീകരിച്ചും എസ്എഫ്‌ഐ പ്രകോപനം സൃഷ്ടിക്കുകയുണ്ടായി. ശബരിമല അയ്യപ്പനെ അപകീര്‍ത്തിപ്പെടുത്തുന്നവിധം ആഭാസകരമായ ചിത്രം വരച്ചുവച്ചായിരുന്നു മറ്റൊരിക്കല്‍ എസ്എഫ്‌ഐ തങ്ങളുടെ അശ്ലീലമുഖം പുറത്തെടുത്തത്. മറ്റ് കലാലയങ്ങളിലും അശ്ലീലതയോടുള്ള തങ്ങളുടെ ആഭിമുഖ്യം എസ്എഫ്‌ഐ പ്രകടിപ്പിക്കാറുണ്ട്. 2016 ല്‍ എറണാകുളം മഹാരാജാസ് കോളേജിന്റെ ചുമരുകളില്‍ അശ്ലീല പദപ്രയോഗവും, മതസ്പര്‍ധ വളര്‍ത്തുന്ന വാക്കുകളും എഴുതിവച്ചതിന് ആറ് എസ്എഫ്‌ഐക്കാരെ പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. സാധാരണഗതിയില്‍ മുനിസിപ്പാലിറ്റികളിലെ മൂത്രപ്പുരകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന ഇത്തരം രതിവൈകൃതങ്ങളുടെ വരകളും സംഭാഷണങ്ങളുമൊക്കെ കോളേജ് ക്യാമ്പസുകളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. എസ്എഫ്‌ഐ എന്തുകൊണ്ട് ഇതിന് തയ്യാറാവുന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റ് പ്രത്യയശാസ്ത്രങ്ങളൊക്കെ അപൂര്‍ണവും സാങ്കല്പികവുമാണെന്നും സാമൂഹ്യമാറ്റത്തിന് വഴിയൊരുക്കുന്നത് സോഷ്യലിസവും കമ്യൂണിസവുമാണെന്നുള്ള അവകാശവാദങ്ങള്‍ വെറും പാരഡികളായാണ് ക്യാമ്പസുകളില്‍ മുഴങ്ങുന്നത്. ഒരുകാലത്ത് ക്യാമ്പസുകളെ ചുവപ്പിച്ചിരുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി ഇപ്പോള്‍ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. മങ്ങിപ്പോയിരിക്കുന്ന പ്രതീകങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാന്‍ കഴിയുന്നില്ല. ആഗോളതലത്തില്‍ തന്നെ കമ്യൂണിസത്തെ പിന്‍പറ്റുന്ന രാജ്യങ്ങള്‍ എന്നേ അപ്രത്യക്ഷമായിരിക്കുന്നു. ചൈനയും ഉത്തരകൊറിയയും ക്യൂബയുമൊക്കെ ഏകാധിപത്യത്തിന്റെ ഭീകരവാഴ്ചകളാണ്. പ്രാഗ് വസന്തം വിരിഞ്ഞ ചെക്കോസ്ലോവാക്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതായതാണ് ഏറ്റവും പുതിയ വാര്‍ത്ത.
ലെനിനും സ്റ്റാലിനും മാവോയും കാസ്‌ട്രോയുമൊക്കെ തകര്‍ന്നടിഞ്ഞ ബിംബങ്ങളാണ്. ഇവയുടെ ഭഗ്നാവശിഷ്ടങ്ങള്‍ കൂട്ടിയോജിപ്പിച്ച് സമ്മോഹന രൂപങ്ങളാക്കിയാല്‍ ആരെയും ആകര്‍ഷിക്കാനാവില്ല. ഇടക്കാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന ചെഗുവേരയുടെ വിപണിമൂല്യം തീരെ കുറഞ്ഞിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ യുവാക്കളായ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ലൈംഗിക അരാജകത്വം ഒരു അടവുനയമായി എസ്എഫ്‌ഐ സ്വീകരിക്കുകയാണ്. അശ്ലീലം യുവത്വത്തെ ഇക്കിളിപ്പെടുത്തുമെന്നും ആശയപരമായ ദാര്‍ഢ്യമോ ആദര്‍ശതീവ്രതയോ ഇല്ലാതെ തന്നെ വിദ്യാര്‍ത്ഥികളെ വശീകരിക്കാന്‍ ഇതിനു കഴിയുമെന്നും എസ്എഫ്‌ഐ കരുതുന്നതിന്റെ പ്രകടിത രൂപമാണ് പ്രാകൃതമായ ലൈംഗിക കാമനകളെ കൂട്ടുപിടിക്കാന്‍ കാരണം.
അഴിഞ്ഞാടുന്ന എസ്എഫ്‌ഐ ഫാസിസം
കേരളവര്‍മ കോളേജില്‍ എസ്എഫ്‌ഐ ആവര്‍ത്തിക്കുന്ന ഇത്തരം അശ്ലീല പ്രദര്‍ശനങ്ങള്‍ക്ക് സിപിഎമ്മിനോട് ആഭിമുഖ്യമുള്ള അധ്യാപകരുടെ പൂര്‍ണമായ പിന്തുണയും ലഭിക്കുന്നു. അതിനാല്‍ ശക്തമായ പ്രതിഷേധമുയര്‍ന്നാലും ഇത്തരം ബോര്‍ഡുകള്‍ എസ്എഫ്‌ഐ എടുത്തുമാറ്റാറില്ല. ഒടുവില്‍ പാര്‍ട്ടിയുടെ അനുമതി ലഭിക്കുമ്പോള്‍ മാത്രമാണ് ഇവ നീക്കം ചെയ്യാറുള്ളത്. സമൂഹമാധ്യമങ്ങളില്‍ തുടര്‍ന്നും ഇത്തരം ചിത്രങ്ങള്‍ നിലനിലനില്‍ക്കുമെന്ന ഉറപ്പിലാണ് ഇങ്ങനെ ചെയ്യുന്നതുപോലും. ഇത് തങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്ന വാദവും എസ്എഫ്‌ഐ ഉന്നയിക്കാറുണ്ട്. അതേസമയം മറ്റ് സംഘടനകള്‍ക്ക് ഈ അവകാശം എസ്എഫ്‌ഐ അനുവദിച്ചു കൊടുക്കാറുമില്ല. കാഞ്ഞങ്ങാട് സെന്റ് പയസ് കോളജ്, നാട്ടിക എസ്എന്‍ കോളജ്, ചെങ്ങന്നൂര്‍ എസ്എന്‍ കോളജ് എന്നിവിടങ്ങളിലെ മാഗസിനുകള്‍ ഇടതുപക്ഷ വിരുദ്ധത ഒളിച്ചുകടത്തുന്നു എന്ന് ആരോപിച്ചു എസ്എഫ്‌ഐ തടഞ്ഞുവച്ചത് ഇതിന് തെളിവാണ്. അതേസമയം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ‘വിശ്വവിഖ്യാതമായ തെറി’ എന്ന മാഗസിന്‍ എസ്എഫ്‌ഐ പുറത്തിറക്കുകയും ചെയ്തു.
കേരളത്തിലെ ക്യാമ്പസുകളെ അക്രമവല്‍ക്കരിച്ചത് എസ്എഫ്‌ഐയാണ്. പ്രാകൃതവും കിരാതവുമായ അക്രമങ്ങളാണ് ഇവര്‍ മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കുനേരെ അഴിച്ചുവിടാറുള്ളത്. ഈ ആക്രമണങ്ങളെ തുടര്‍ന്ന് പഠനം നിര്‍ത്തിയവരുണ്ട്. കൈകാലുകള്‍ നഷ്ടപ്പെട്ടവരുണ്ട്. കണ്ണു കുത്തിപ്പൊട്ടിച്ചതിനാല്‍ കാഴ്ചശക്തി പോയവരുണ്ട്. ജീവന്‍ നഷ്ടമായവരുണ്ട്. ജീവച്ഛവമായി മാറിയവരുണ്ട്. ജനാധിപത്യവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഈ അതിക്രമങ്ങളോട് ചിലപ്പോഴൊക്കെ മറ്റുള്ളവര്‍ പ്രതികരിക്കാറുണ്ടെങ്കിലും വില്ലന്‍ എസ്എഫ്‌ഐ ആയിരിക്കും. അക്രമങ്ങള്‍ നടത്തി ആധിപത്യം നേടുകയും ആനന്ദം അനുഭവിക്കുകയും ചെയ്യുന്ന മനോരോഗികളായവര്‍ എല്ലാ ക്യാമ്പസുകളിലും എസ്എഫ്‌ഐ സംഘടനാ നേതൃത്വത്തിന്റെ അവിഭാജ്യഘടകമായിരിക്കും. ഇത്തരക്കാരെ ഏതു സന്ദര്‍ഭത്തിലും രക്ഷിക്കുകയെന്നത് സിപിഎമ്മിന്റെ നയവുമാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതികളാവുമ്പോള്‍ ജനരോഷം തണുപ്പിക്കാന്‍ ഇവരെ സസ്‌പെന്റ് ചെയ്യുക, സംഘടനയില്‍നിന്ന് പുറത്താക്കുക എന്നിങ്ങനെയൊക്കെ ചെയ്യാറുണ്ടെങ്കിലും അതൊരു ഒത്തുകളിയുടെ ഭാഗമായിരിക്കും. ഇങ്ങനെ പുറത്താക്കപ്പെട്ടവര്‍ അധികം വൈകാതെ എസ്എഫ്‌ഐയിലോ സിപിഎമ്മിലോ തിരിച്ചെത്തും. ഇത്തരക്കാരെ സംരക്ഷിക്കേണ്ടത് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ ലഭിക്കാന്‍ ആവശ്യമാണെന്ന നയമാണ് സിപിഎം സ്വീകരിക്കാറുള്ളത്. എന്നാല്‍ മാധ്യമങ്ങള്‍ സജീവമായതോടെ എസ്എഫ്‌ഐ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങള്‍ വലിയ ചര്‍ച്ചയാവുകയും ജനങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കുകയും ചെയ്യുന്നു. ഇത് വലിയൊരു പ്രശ്‌നമായി എസ്എഫ്‌ഐ നേതൃത്വം കാണുന്നുണ്ട്. ഇതിനാലാവാം ഹിംസ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടരുമ്പോള്‍ തന്നെ അസാന്മാര്‍ഗികതയെ പിന്‍പറ്റിക്കൊണ്ട് വിദ്യാര്‍ത്ഥികളെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുവാന്‍ എസ്എഫ്‌ഐ ശ്രമിക്കുന്നത്. ഇതിന്റെ ക്ലൈമാക്‌സാണ് കേരളവര്‍മ കോളജില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നത്.
ആചാര്യന്മാരുടെ ലൈംഗിക അരാജകത്വം
ഒരര്‍ത്ഥത്തില്‍ ഇത് എസ്എഫ്ഐക്ക് പരമ്പരാഗതമായി കിട്ടിയിട്ടുള്ളതാണ്. ഇവര്‍ പാടിപ്പുകഴ്ത്താറുള്ള കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികളില്‍ പലരും ലൈംഗിക അരാജകവാദികളായിരുന്നു. കാറല്‍ മാര്‍ക്‌സിന്റെ ജീവിതം യൂറോപ്പിലെ തന്നെ സാന്മാര്‍ഗികതയുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. വേലക്കാരിയില്‍ തനിക്കുണ്ടായ കുട്ടിയെ അംഗീകരിക്കാന്‍ പോലും മാര്‍ക്സ് തയ്യാറായില്ല. സൈബീരിയന്‍ തടവുകാലത്ത് 35 വയസ്സുള്ള ജോസഫ് സ്റ്റാലിനില്‍നിന്ന് പതിമൂന്ന് വയസ്സുള്ള ലിന്‍ഡ എന്ന പെണ്‍കുട്ടി അവിഹിത ഗര്‍ഭം ധരിച്ചത് ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലെനിന്റെ ഭാര്യയായ ക്രൂപ്‌സ്‌കായയോട് സ്റ്റാലിന്‍ അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയതാണ് ഇരുവരും തമ്മില്‍ അകലാനുള്ള കാരണങ്ങളിലൊന്ന്. മാവോ സേതൂങ്ങിന്റെ കുത്തഴിഞ്ഞതും വികൃതവുമായ ലൈംഗിക ജീവിതത്തെക്കുറിച്ച് ചികിത്സിച്ച ഡോക്ടര്‍ തന്നെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. വന്യമായ ലൈംഗികാഭിവാഞ്ചയുള്ള ഫിഡല്‍ കാസ്ട്രോ തന്റെ ജീവിതകാലത്ത് 35000 സ്ത്രീകളുമായി വേഴ്ച നടത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ക്യൂബയിലെ ഹവാന ബീച്ചില്‍ നിന്ന് ഇതിനായി സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ സംവിധാനങ്ങളുണ്ടായിരുന്നുവത്രേ. അര്‍ജന്റീനയിലായിരുന്ന ചെറുപ്പകാലം മുതല്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നയാളായിരുന്നു ചെഗുവേര. പിന്നീട് ക്യൂബയിലും ബൊളീവിയയില്‍ വച്ചും ഇത് തുടര്‍ന്നു.
അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതാക്കളില്‍ പലരും ഒളിവുജീവിതകാലത്ത് പലരുമായും അവിഹിത ബന്ധത്തിലേര്‍പ്പെട്ടതിന്റെ കഥകള്‍ നിരവധിയാണ്. നാടകാചാര്യനായിരുന്ന തോപ്പില്‍ ഭാസി ആത്മകഥയായ ഒളിവിലെ ഓര്‍മകളില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മാന്യന്മാരായി കരുതപ്പെടുന്ന ചില കമ്യൂണിസ്റ്റ് നേതാക്കള്‍ അവിഹിത സന്തതികള്‍ക്കു പോലും ജന്മം നല്‍കിയിട്ടുള്ളതായി പാര്‍ട്ടി രഹസ്യങ്ങള്‍ അറിയാവുന്നവര്‍ സ്വകാര്യ സംഭാഷണങ്ങളില്‍ വെളിപ്പെടുത്താറുണ്ട്. എം.എ. ബേബിയെപ്പോലുള്ള സിപിഎം നേതാക്കള്‍ ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പ്രസ്താവനകളിറക്കുന്നതും ആശയപരമായ പിന്‍തുണ നല്‍കുന്നതും നമുക്കറിവുള്ളതാണ്. സ്വവര്‍ഗരതിയെ അനുകൂലിച്ചുകൊണ്ടുള്ള പ്രസ്താവനയും സരസ്വതീ ദേവിയെ അപകീര്‍ത്തിപ്പെടുത്തി അശ്ലീല ചിത്രം വരച്ച എം.എഫ്. ഹുസൈനെ ന്യായീകരിച്ചതും സാംസ്‌കാരിക മന്ത്രിയായിരിക്കെ രാജാരവിവര്‍മ്മ അവാര്‍ഡ് നല്‍കി ഹുസൈനെ ആദരിച്ചതുമൊക്കെ ബേബിയുടെ ഈ നിലപാട് വ്യക്തമാക്കുന്നതാണ്. ഇതേ മനോഭാവം തന്നെയാണ് കേരള വര്‍മ്മ കോളജില്‍ നഗ്‌നചിത്രം സ്ഥാപിക്കുന്ന എസ്എഫ്ഐ പിന്‍പറ്റുന്നതും.
‘ഭൂഗോളം ലൈംഗിക വിമോചനം ആവശ്യപ്പെടുന്നു’ എന്നൊക്കെ മഹത്തായ കാര്യമായി അവതരിപ്പിക്കുന്ന എസ്എഫ്‌ഐയുടെ മനസ്സിലിരുപ്പ് വ്യക്തമാണ്. ഇന്റര്‍നെറ്റ് കഫേകളില്‍ എന്തും കാണാനുള്ള സൗകര്യം അനുവദിച്ച് കൗമാരക്കാരെ ആകര്‍ഷിച്ച് പണമുണ്ടാക്കുന്നതുപോലുള്ള തന്ത്രമാണിതും. യുവാക്കള്‍ സഹജമായിത്തന്നെ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെയും ദു:സ്വാതന്ത്ര്യത്തിന്റെയും അതിരുകള്‍ നേര്‍ത്തതാണ്. ഇതറിഞ്ഞുകൊണ്ട് സദാചാരത്തിന്റെയും സാന്മാര്‍ഗികതയുടെയും പരിധികള്‍ ലംഘിക്കാനുള്ള അവസരം എസ്എഫ്‌ഐ ബോധപൂര്‍വം സൃഷ്ടിക്കുകയാണ്. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഈ കെണിയില്‍ വീണു പോവുകയും ചെയ്യുന്നു. ഇത് സംഘടനാപരമായി മുതലാക്കാന്‍ എസ്എഫ്ഐക്ക് അറിയാം. പഠനം ഉഴപ്പിയും പരീക്ഷകള്‍ എഴുതാതെയും നടക്കുന്ന യുവ സഖാക്കളെ സഹായിക്കാന്‍ എസ്എഫ്‌ഐക്ക് സംവിധാനമുണ്ട്. മതിയായ അറ്റന്റന്‍സ് ഇല്ലാത്തവര്‍ക്ക് അത് അനുവദിക്കുക. ചോദ്യപേപ്പര്‍ വീട്ടില്‍ കൊണ്ടുപോയിപ്പോലും പരീക്ഷ എഴുതാന്‍ അവസരം നല്‍കുക. പരീക്ഷയില്‍ തോറ്റവരേയും മാര്‍ക്കു നല്‍കി വിജയികളായി പ്രഖ്യാപിക്കുക. സെം ഔട്ടായവരെ ക്യാമ്പസില്‍ തങ്ങാന്‍ അനുവദിക്കുക. ഇവരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍ക്ക് അധ്യാപകരുടെ പിന്തുണ ഉറപ്പാക്കുക. ഇവയൊക്കെ കാലങ്ങളായി എസ്എഫ്‌ഐ വിജയകരമായി ചെയ്തുകൊണ്ടിരിക്കുന്നതാണ്. ക്ലാസ് റൂമുകളിലെ ബെഞ്ചും ഡസ്‌കുമൊക്കെ വെട്ടിക്കീറി തീയുണ്ടാക്കി അതില്‍ മാംസം ചുട്ടുതിന്നുന്നതുവരെ ഇതില്‍പ്പെടുന്നു. ഇക്കൂട്ടര്‍ ക്യാമ്പസുകളില്‍ ‘ബീഫ് ഫെസ്റ്റ്’ നടത്തുന്നതില്‍ അതിശയിക്കാനൊന്നുമില്ല.
എസ്എഫ ്‌ഐയുടെ അസാന്മാര്‍ഗികതയ്ക്ക് കൂട്ടുനില്‍ക്കുന്നവരാണ് ഇടതുപക്ഷ യൂണിയനില്‍പ്പെടുന്ന ബഹുഭൂരിപക്ഷം അധ്യാപകരും. എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിന്റെ കസേര എസ്എഫ് ഐക്കാര്‍ കത്തിച്ചത് ഇടതു അധ്യാപക സംഘടനയില്‍പ്പെട്ടവരുടെ ഒത്താശയോടെയാണ്. പാലക്കാട് വിക്‌ടോറിയ കോളേജില്‍ പ്രിന്‍സിപ്പലായി വിരമിക്കുന്ന അധ്യാപികയ്ക്ക് കുഴിമാടം ഒരുക്കിയപ്പോഴും നിന്ദ്യമായ ആ നടപടിക്കെതിരെ സഹഅധ്യാപകരൊന്നും രംഗത്തുവന്നില്ല. എസ്എഫ്‌ഐയുടെ ഇത്തരം അസാന്മാര്‍ഗിക വൃത്തികളെ ഏതെങ്കിലും അധ്യാപകര്‍ എതിര്‍ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്താല്‍ അവരെ ഒറ്റപ്പെടുത്താനും അപമാനിക്കാനും എസ്എഫ് ഐയ്ക്ക് മടിയില്ല. ഹണിട്രാപ്പു പോലും ഇതിനായി ഉപയോഗിച്ചെന്നു വരാം. അതിനും ഈ സംഘടനയില്‍ ആളുണ്ടാവും.
പ്രായേണ സാമ്പത്തിക ശേഷി കുറവുള്ള പശ്ചാത്തലത്തില്‍നിന്നു വരുന്ന വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കാനായാല്‍ അവര്‍ എക്കാലവും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ധാരണയാണ് എസ്എഫ്‌ഐക്കുള്ളത്. ഇങ്ങനെയാണ് പലപ്പോഴും സംഭവിക്കാറുള്ളതും. പഠിക്കാനയച്ച മകള്‍ ഗര്‍ഭിണിയായി മടങ്ങി വന്നതിന്റെ ദുഃഖം പങ്കുവയ്ക്കുന്ന സിപിഎം നേതാവായ അച്ഛന്‍ ഒരു പ്രതീകമാണ്. എസ്എഫ്‌ഐയുടെ വിജയമാതൃകയാണ് ഈ വിദ്യാര്‍ത്ഥിനി.
എസ്എഫ്‌ഐ പിഎഫ്‌ഐ ആവുമ്പോള്‍
ദേശീയതയെ നിന്ദിക്കുകയും ലൈംഗിക അരാജകത്വത്തെ പുകഴ്ത്തുകയും ചെയ്യുന്ന എസ്എഫ്‌ഐ ജിഹാദിസത്തെ വെള്ള പൂശുകയും ചെയ്യുന്നു. താലിബാനെയും അമേരിക്കയെയും ഒരുപോലെ കുറ്റപ്പെടുത്തി ആദ്യത്തേതിനെ ന്യായീകരിക്കുന്നതാണ് കേരളവര്‍മ കോേളജിലെ മറ്റൊരു പോസ്റ്റര്‍. സുരക്ഷാ ഭടന്മാരെ എറിയാന്‍ ഒരു പാലസ്തീനിയന്‍ തീവ്രവാദി കയ്യില്‍ കല്ലുമായി നില്‍ക്കുന്നതാണ് മറ്റൊരു പോസ്റ്റര്‍. പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.
ഇവിടെയും സിപിഎമ്മിന്റെ നയത്തിന് അനുസൃതമാണ് എസ്എഫ്‌ഐയുടെ പോസ്റ്ററുകള്‍. പാലസ്തീനിലെ ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തില്‍ മലയാളിയായ ഒരു നഴ്‌സ് കൊല്ലപ്പെട്ടപ്പോള്‍ പോലും അതിനെ അപലപിക്കാന്‍ കൂട്ടാക്കാതെ അനുശോചനക്കുറിപ്പ് തിരുത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. അഫ്ഗാനില്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചപ്പോഴും ജമാഅത്തെ ഇസ്ലാമിക്കും പോപ്പുലര്‍ ഫ്രണ്ടിനും മറ്റുമൊപ്പം ആഗോള ഇസ്ലാമിക ഭീകരതയുടെ പക്ഷത്താണ് തങ്ങളെന്ന് സിപിഎം പലതരത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഇതേ പാതയിലാണ് എസ്എഫ്‌ഐയും. ആവശ്യമായ ഒത്താശകളെല്ലാം ചെയ്തുകൊടുത്ത് ക്യാമ്പസുകളില്‍ ഇസ്ലാമിക ഭീകരവാദത്തെ കുടിയിരുത്തിയത് എസ്എഫ്‌ഐയാണ്. എറണാകുളം മഹാരാജാസ് കോളേജിലെ ജിഹാദികള്‍ തങ്ങളിലൊരുവന്റെ ജീവനെടുത്തിട്ടും ഇസ്ലാമിക ഭീകരവാദത്തെ തള്ളിപ്പറയാന്‍ എസ്എഫ്‌ഐക്ക് കഴിയുന്നില്ല.
ഇസ്ലാമിക തീവ്രവാദികള്‍ക്ക് സംഘടനാ ശേഷിയില്ലാത്ത ക്യാമ്പസുകളില്‍ ഇക്കൂട്ടര്‍ എസ്എഫ്‌ഐ ആയാണ് പ്രത്യക്ഷപ്പെടുക. സന്മാര്‍ഗ ചിന്തയില്ലാത്ത, അക്രമവാസനയും പണവും വേണ്ടുവോളമുള്ള ക്യാമ്പസ് ജിഹാദികള്‍ക്ക് ഇരകളാകാന്‍ വിദ്യാര്‍ത്ഥിനികളെ പരുവപ്പെടുത്തുന്ന പണിയാണ് അറിഞ്ഞോ അറിയാതെയോ എസ്എഫ്‌ഐ ചെയ്യുന്നത്. ലൗജിഹാദിന്റെ ശില്പശാലകളായി എസ്എഫ്‌ഐ ഭരിക്കുന്ന ക്യാമ്പസുകള്‍ മാറുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ഇസ്ലാമിക ഭീകരതയെ ആദര്‍ശവല്‍ക്കരിക്കുന്ന എസ്എഫ്‌ഐയില്‍ നിന്ന് പിഎഫ്‌ഐ എന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലേക്കുള്ള ദൂരം ഓരോദിവസം ചെല്ലുന്തോറും കുറഞ്ഞുവരികയാണ്. അപകടകരമായ ഈ അവിശുദ്ധ സഖ്യത്തെ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിരോധം തീര്‍ക്കുന്നില്ലെങ്കില്‍ ക്യാമ്പസുകളുടെ ഭാവി അശുഭകരമായിരിക്കും.