ഇന്ന് അപ്പുവിന്റെ പിറന്നാളാണ്.
മുത്തച്ഛന് ഒരു പ്ലാവിന്തൈയാണ് പിറന്നാള്‍ സമ്മാനമായി അവനു നല്‍കിയത്.
‘അപ്പുവിന്റെ ജന്മനക്ഷത്രം ഉത്രാടമാണല്ലോ. ഉത്രാടം നക്ഷത്രത്തിന്റെ വൃക്ഷമാണ് പ്ലാവ്. പിറന്നാളിന് നക്ഷത്രവുമായി ബന്ധപ്പെട്ട മരത്തിന്റെ തൈ നടുന്നത് ഉത്തമമാണ്.’
മുത്തച്ഛന് അറിയിച്ചു
അപ്പു, മുത്തച്ഛന്റെ സഹായത്തോടെ പറമ്പില്‍ ഒരു കുഴിയെടുത്ത് പ്ലാവിന് തൈ നട്ടു.
‘മുത്തച്ഛന്റെ ജന്മനക്ഷത്രം കാര്‍ത്തികയല്ലേ. കാര്‍ത്തികയുടെ നക്ഷത്ര വൃക്ഷം ഏതാണ്?’
അപ്പു ചോദിച്ചു.
‘അത്തിയാണ് കാര്‍ത്തികയുടെ നക്ഷത്ര വൃക്ഷം.’
മുത്തച്ഛന് പറഞ്ഞു.
‘എല്ലാ നക്ഷത്രങ്ങള്‍ക്കും ഇതുപോലെ മരങ്ങളുണ്ടോ?’
അപ്പു കൗതുകത്തോടെ ചോദിച്ചു.
‘ഉണ്ട്. ഇരുപത്തി ഏഴു നക്ഷത്രങ്ങള്‍ക്കും വൃക്ഷങ്ങളുണ്ട്.’
മുത്തച്ഛന് താടി തടവിക്കൊണ്ട് പറഞ്ഞു.
‘ഏതെല്ലാമാണ് ആ മരങ്ങള്‍?’- അപ്പു ചോദിച്ചു.
‘പറയാം.’
‘അശ്വതിക്ക് കാഞ്ഞിരം, ഭരണിക്ക് നെല്ലി,
കാര്‍ത്തികയ്ക്ക് അത്തി, രോഹിണിക്ക് ഞാവല്‍, മകയിരത്തിന് കരിങ്ങാലി, തിരുവാതിരയ്ക്ക് കരിമരം, പുണര്തത്തിന് മുള, പൂയത്തിന് അരയാല്‍, ആയില്യത്തിന് നാകമരം, മകത്തിന് പേരാല്‍, പൂരത്തിന് ചമത(പ്ലാശ്), ഉത്രത്തിന് ഇത്തി, അത്തത്തിന് അമ്പഴം, ചിത്തിരയ്ക്ക് കൂവളം (വില്വകം), ചോതിക്ക് നീര്‍മരുത്, വിശാഖത്തിന് വയങ്കത, അനിഴത്തിന് ഇലഞ്ഞി, തൃക്കേട്ടയ്ക്ക് വെട്ടി, മൂലത്തിന് വെള്ളപ്പൈന്‍, പൂരാടത്തിന് വഞ്ചിമരം, ഉത്രാടത്തിന് പ്ലാവ്, തിരുവോണത്തിന് എരുക്ക്, അവിട്ടത്തിന് വന്നി, ചതയത്തിന് കടമ്പ്, പൂരുരുട്ടാതിക്ക് മാവ്, ഉതൃട്ടാതിക്ക് കരിമ്പന, രേവതിക്ക് ഇലിപ്പ.’
മുത്തച്ഛന് തുടര്‍ന്നു:
‘ഓരോ നക്ഷത്രത്തില്‍ ജനിച്ചവര്‍ നക്ഷത്ര വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിച്ചാല്‍ ആയുസ്സും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.’
‘വിശ്വാസം എന്തു തന്നെയായാലും മരം നട്ടുവളര്‍ത്തുന്നത് ഒരു നല്ല കാര്യമാണല്ലോ.’
അപ്പുവും അതിനോടു യോജിച്ചു.