ഗൗരീശങ്കരം
വിനയന് അമ്പാടി
ഗ്രീന്‍ ബുക്സ്
പേജുകള്‍: 168
വില 225 രൂപ
ഹിമാലയത്തിന്റെ മാസ്മരിക ദര്ശനാനുഭൂതിയെ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. അതില്‍ത്തന്നെ പരമപവിത്ര ഗൗരീശങ്കരധാമമായ കൈലാസദര്ശനമായാലോ. അതിമധുരവും അനിര്‍വ്വചനീയവുമായ സൗഭാഗ്യമെന്നേ പറയാനാകൂ. അത്തരമൊരു യാത്രാനുഭൂതിയിലൂടെ നമ്മെ കൊണ്ടുപോകുന്ന വിവരണമാണ് വിനയന് അമ്പാടി തന്റെ കൈലാസ മാനസസരോവര യാത്രാ വിവരണത്തിലൂടെ നടത്തിയിരിക്കുന്നത്. ഹിന്ദുക്കള്‍ ഏറെ പരിപാവനമായി കരുതുന്ന കൈലാസയാത്രയുടെ പ്രാരംഭ വിവരങ്ങള്‍ മുതല്‍ ആ യാത്രയുടെ അനുഭവസുഖം വരെ ഇതുപകര്ന്നു നല്കുന്നു. യാത്രയ്ക്കിടയിലെ കഠിനമായ സാഹചര്യങ്ങളും, യാത്രികന് നേരിടുന്നതായ പ്രശ്നങ്ങളും, എന്നാല്‍ അവയെ എല്ലാം ഈശ്വരാനുഗ്രഹം കൊണ്ടും മനക്കരുത്തും കൊണ്ടും നേരിടുന്നതുമെല്ലാം ഇതില്‍ വിവരിക്കുന്നു. മഴയും കാറ്റും പ്രകൃതിയുടെ വിപരീത ഭാവങ്ങളും കൂറ്റന്‍ പാറക്കെട്ടുകള്‍ ഉയര്‍ത്തുന്ന ഭീഷണികളും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളും എല്ലാം അതിജീവിച്ച് ഒരു യാത്രികന് എങ്ങനെ ഈശ്വരധാമത്തിലേക്ക് പ്രവേശിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ച ഈ വിവരണത്തില്‍ ദൃശ്യമാണ്. മലയാളത്തില്‍ അനേകം യാത്രാവിവരണ ഗ്രന്ഥങ്ങള്‍ ഹിമാലയത്തിന്റെയും വിശിഷ്യാ കൈലാസത്തിന്റെയും സുവ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഈ ഗ്രന്ഥകാരന് കൈലാസയാത്രയെ ഒട്ടും വിരസതയ്ക്ക് ഇടം വരാത്ത വിധം വര്‍ണ്ണിച്ചിരിക്കുന്നു എന്നത് സ്തുത്യര്‍ഹമാണ്. കൈലാസയാത്രയ്ക്ക് തയ്യാറെടുക്കുന്ന യാത്രികര്‍ക്കും ഭക്തജനങ്ങള്‍ക്കും ഈ പുസ്തകം ഏറെ പ്രയോജനകരമാണ്. യാത്രയിലെ ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, കരുതേണ്ട അവശ്യസാധനങ്ങള്‍, പ്രതിസന്ധി ഉണ്ടായാല്‍ എടുക്കേണ്ട നടപടികള്‍ എന്നിവയൊക്കെ ഇതില്‍ നിന്നും ലഭ്യമാണ്. കൂടാതെ കൈലാസദര്‍ശനത്തിന്റെ ആന്തരികാനുഭൂതി ഭാവനാത്മകമായി വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുവാനും ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. ഹിമശൈലങ്ങളില്‍ വച്ച് പരമപവിത്രമായ കൈലാസ മഹാപര്വ്വതത്തിലേക്കുള്ള ആരോഹണാവരോഹണങ്ങളുടെ ആത്മീയാനുഭവം വായനക്കാര്‍ക്ക് ഈ ഗ്രന്ഥം പകര്‍ന്നു കൊടുക്കുന്നു. മലയാള യാത്രാവിവരണങ്ങളില്‍ ശ്രദ്ധേയമായ ഒരു സ്ഥാനം ഈ ഗ്രന്ഥം അര്‍ഹിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. കൈലാസയാത്രയ്ക്കിടയിലെ വിവിധ സ്ഥലങ്ങളുടെ വര്‍ണ്ണചിത്രങ്ങളും പുസ്തകത്തിന്റെ മാറ്റു കൂട്ടുന്നു. കെ.ജയകുമാറിന്റെ അവതാരികയും ശ്രദ്ധേയമാണ്.മലയാളത്തിലെ ഹിമാലയന്‍ സാഹിത്യശാഖയില്‍ സവിശേഷഗരിമയോടെ ഈ കൃതി തലയുയര്‍ത്തി നില്ക്കുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഹരണക്രിയ
രേഖ ആര്. താങ്കള്‍
ഉണ്മ പബ്ലിക്കേഷന്‍സ്
നൂറനാട്
പേജ്: 80 വില: 100
രേഖ. ആര് താങ്കള്‍ രചിച്ച മുപ്പത്തിനാല് കവിതകളുടെ സമാഹാരമാണ് ഹരണക്രിയ. ജീവിതത്തിന്റെ വിവിധ മാനങ്ങളെ അര്‍ത്ഥപൂര്‍ണ്ണമായ പദങ്ങള്‍ കൊണ്ട് അലങ്കരിച്ച ഈ കവിതകള്‍ മനസ്സിനെ ഹരിക്കുന്നവയാണ്. ആഖ്യാന ശൈലിയിലും വ്യത്യസ്തത പുലര്‍ത്തുന്ന ഈ കവിതകള്‍ സാമൂഹ്യ വിഷയങ്ങളെ ഉള്‍ക്കൊള്ളുന്നതും താളാത്മകവുമാണ്. ‘ഹാരകം പൂര്‍ണ്ണമായി ഹാര്യത്തില് അടങ്ങിയാലും അവസാനപടിയില്‍ ശിഷ്ടം കളിയാക്കി ചിരിക്കുന്നു’ എന്ന വരിയിലൂടെ ജീവിതത്തിന്റെ അപൂര്‍ണ്ണതയെ ഗ്രന്ഥകാരി ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. വൈകാരികമായി സ്ഫുടം ചെയ്ത ചിന്താബിന്ദുക്കളെ കോര്‍ത്തിണക്കുന്ന ഈ കവിതകളില്‍ ഗ്രന്ഥകാരിയുടെ പാഠ്യവിഷയങ്ങളായ ഭൗതികശാസ്ത്രവും തത്വചിന്തയും അങ്ങിങ്ങു തെളിഞ്ഞുവരുന്നുണ്ട്. പ്രണയം, തത്വശാസ്ത്രം, ഓര്‍മ്മകള്‍ എന്നിവയെല്ലാം ഇടംപിടിക്കുന്ന ഈ സമാഹാരം അവസാനിപ്പിച്ചിരിക്കുന്നത് കൊറോണക്കാലത്തെ പുതുനാമ്പുകള്‍ കൊണ്ടാണ്. സി. രാധാകൃഷ്ണന്റെ കുറിപ്പും വിശ്വന് പടനിലത്തിന്റെ അവതാരികയും ആസ്വാദ്യകരമാണ്.