പി.എം കെയേഴ്‌സ് ഫണ്ടിനെച്ചൊല്ലിയും ഇപ്പോള്‍ വിവരാവകാശത്തിലൂടെ ദിമാഗി നക്‌സലുകള്‍ ബഹളം കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. 8452.06 കോടി രൂപയാണ് ഇപ്പോള്‍ പി. എം. കെയേഴ്‌സ് ഫണ്ടിന്റെ അക്കൗണ്ടിലുള്ളത്. ചെലവാക്കിയതാകട്ടെ 77 ലക്ഷം രൂപയും. അതായത് 0.01 ശതമാനം തുകമാത്രം. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 7173 കോടി രൂപയാണ് ബാക്കിയുണ്ടായിരുന്നത്. ആ വര്‍ഷം 681 കോടി രൂപ തദ്ദേശീയമായും 1.13 കോടി രൂപ വിദേശത്തു നിന്നും സംഭാവനയായി ലഭിച്ചു. 2024-25-ല്‍ 479 കോടി ആഭ്യന്തരമായും 92.8 ലക്ഷം രൂപ വിദേശത്തു നിന്നും കിട്ടി. 7500 കോടിയാണ് കോവിഡ് കാലത്ത് കിട്ടിയത്. അഴിമതിയൊട്ടുമില്ലാതെ അങ്ങനെതന്നെ കിടക്കുന്ന പണം കണ്ട് പൊറുതി മുട്ടിയാണ് കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും ഇപ്പോള്‍ ദിമാഗി നക്‌സലിസം അഴിച്ചുവിടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
2047-ഓടെ വന്‍ശക്തിയാവാന്‍ കുതിക്കുന്ന നമ്മുടെ മാതൃഭൂമിയുടെ ഗതി ത്വരിതപ്പെടുത്താന്‍ പോന്ന ഏഴു നിര്‍ദ്ദേശങ്ങളും തന്റെ ചെങ്കോട്ട പ്രസംഗത്തില്‍ രാജ്യത്തിനു മുമ്പില്‍ നമ്മുടെ പ്രധാനമന്ത്രി അവതരിപ്പിച്ചിരുന്നു. അത് ഇങ്ങനെയായിരുന്നു:
1. വര്‍ക്ക് ഫ്രം ഹോം
2. ഒരുവര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാ ക്കുക.
3. പേട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച് യാത്രകള്‍ക്ക് പൊതുഗതാഗതം ഉപയോഗപ്പെടുത്തുക
4. പാചക എണ്ണകളുടെ ഉപയോഗം കുറയ്ക്കുക
5. രാസവളങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ട് പരമ്പരാഗതകൃഷി രീതിയിലേക്കു മാറുക
6. വിദേശ ഉല്പന്നങ്ങളുടെ ഉപയോഗത്തിനു നിയന്ത്രണം വരുത്തി ആഭ്യന്തര ഉല്പന്നങ്ങള്‍ കഴിയുന്നതും വാങ്ങാന്‍ ശ്രമിക്കുക
7. വിദേശയാത്രകള്‍ പരമാവധി കുറയ്ക്കുക.
രാജ്യത്തിന്റെ, സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും ശക്തമാക്കാനുമുള്ള 7 മാര്‍ഗ്ഗങ്ങളാണ് പ്രധാനമന്ത്രിയുടെ ഈ നിര്‍ദ്ദേശങ്ങളില്‍ നിലീനമായി കിടക്കുന്നത്.
പരമാവധി വര്‍ക്ക് ഫ്രം ഹോം എന്ന വഴി ഉദ്യോഗസ്ഥന്മാര്‍ തിരഞ്ഞെടുക്കുമ്പോള്‍ അതു നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ പരോക്ഷമായെങ്കിലും പോഷിപ്പിക്കാന്‍ സഹായകമാവും. അതിലൂടെ, പണിസ്ഥലത്തെത്തിച്ചേരാനുള്ള വാഹനോപയോഗം കുറയുകയും ഇന്ധനത്തിന്റെ ഇറക്കുമതി കുറയ്ക്കാന്‍ അത് ഉപയുക്തമാവുകയും ചെയ്യുന്നു. യാത്രയ്ക്ക് പൊതുഗതാഗതമാര്‍ഗ്ഗങ്ങളുപയോഗിക്കുന്നതിലൂടെയും ഇന്ധനോപയോഗം വലിയൊരളവില്‍ കുറയ്ക്കുവാന്‍ സാധിക്കും. ഡിമാന്റു കുറയുമ്പോള്‍ വിലയും ആനുപാതികമായി കുറയുന്നു എന്ന സാമ്പത്തികശാസ്ത്രനിയമത്തിനനുസൃതമായി ഇറക്കുമതി കുറയ്ക്കുന്നതിലൂടെ ഇന്ധനവില കുറയ്ക്കാനും ഈ മാര്‍ഗ്ഗം വഴിയൊരുക്കുന്നുണ്ട്. നമ്മുടെ ആഭ്യന്തര ഉപയോഗത്തിന്റെ 85 ശതമാനം എണ്ണയും നമ്മള്‍ ഇറക്കുമതി ചെയ്യുകയാണ് എന്നുള്ളതുകൊണ്ട് വിദേശ എണ്ണയുടെ വിലക്കയറ്റം നമ്മുടെ നാടിന്റെ സാമ്പത്തികസ്ഥിതി അപകടത്തിലാക്കുകയും നിത്യോപയോഗസാധനങ്ങളുടെ വില ഉയരാന്‍ കാരണമാകുകയും ചെയ്യുന്നു.
ഒരുവര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങുന്നതൊഴിവാക്കാനുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശവും രാജ്യത്തെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താന്‍ പോന്നതാണ്. എണ്ണൂറു മുതല്‍ 900 ടണ്‍ സ്വര്‍ണ്ണമാണ് നമ്മുടെ രാജ്യം ഒരു വര്‍ഷം ഇറക്കുമതി ചെയ്യുന്നത്. അമ്പതു മില്യണ്‍ ഡോളറാണ് അതിനുവേണ്ടി ചെലവാക്കുന്നത്. ഏകദേശം നാലു ലക്ഷം കോടി രൂപ. ഇത്രയും തുക മുടക്കി ഇറക്കുമതി ചെയ്യപ്പെടുന്ന സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും വീട്ടിലെ അലമാരകള്‍ക്കുള്ളിലോ ബാങ്ക് ലോക്കറുകള്‍ക്കുള്ളിലോ മുടങ്ങിക്കിടക്കുകയാണ് ചെയ്യുന്നത്. വ്യര്‍ത്ഥമാകുന്ന ഈ പണത്തിന്റെ വിദേശത്തേക്കുള്ള കുത്തൊഴുക്കിനാണ് സ്വര്‍ണ്ണം വാങ്ങുന്നത് കുറയ്ക്കുന്നതിലൂടെ മൂക്കുകയറിടപ്പെടുന്നത്. ഡോളറിനു നേരെയുള്ള രൂപയുടെ മൂല്യം കുറയുന്നതു തടയാനും ഇതിലൂടെ നമുക്കു സാധിക്കും.
പാചക എണ്ണകളുടെ ഉപയോഗം കുറയ്ക്കാനുള്ള മോദിയുടെ നിര്‍ദ്ദേശത്തിന്റെ പിന്നിലും മതിയായ കാരണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്താനാകും. നമുക്കാവശ്യത്തിനുള്ള പാമോയിലിന്റെയും സൂര്യകാന്തി എണ്ണയുടെയും 65 ശതമാനവും നമ്മുടെ നാട് ഇറക്കുമതി ചെയ്യുകയാണ്. ഉപ യോഗനിയന്ത്രണത്തിലൂടെ ഉപഭോഗം കുറയ്ക്കുമ്പോള്‍ ഇറക്കുമതി കുറയുകയും അതിലൂടെയുണ്ടായേക്കാവുന്ന ഡോളറിന്റെ വ്യയം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. വ്യയം കുറയുമ്പോള്‍ പണപ്പെരുപ്പവും കുറയുന്നു. പണപ്പെരുപ്പം കുറയുമ്പോള്‍ വിലയും കുറയുന്നു.
രാസവളങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ട് പരമ്പരാഗതകൃഷിരീതിയിലേക്കു മാറുക എന്നുള്ളതായിരുന്നു മോദി രാജ്യത്തോടഭ്യര്‍ത്ഥിച്ച മറ്റൊരു നിര്‍ദ്ദേശം. രണ്ടു ലക്ഷത്തോളം കോടി രൂപ ചിലവഴിച്ചാണ് നമ്മുടെ ആഭ്യന്തര കൃഷിക്കു വേണ്ട രാസവളങ്ങള്‍ സര്‍ക്കാര്‍ ഭാരതത്തിന്റെ കൃഷിയിടങ്ങളിലേക്കെത്തിക്കുന്നത്. നാട്ടില്‍ ഉല്പാദിപ്പിക്കുന്ന രാസവളങ്ങള്‍ക്കാവശ്യമായ രാസവസ്തുക്കള്‍ക്കും ഭാരതത്തിന് വിദേശത്തെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. രാസവളങ്ങളുടെ ഉപയോഗം കുറയുമ്പോള്‍ സ്വാഭാവികമായും ഡോളറിന്റെ വിനിമയം നിയന്ത്രിച്ചു നിര്‍ത്താന്‍ നമുക്കു സാധിക്കും. രാസവളങ്ങളുടെ അമിതോപയോഗം നമ്മുടെ ഭൂഗര്‍ഭജലത്തിന്റെ ഗുണമേന്മ കുറയ്ക്കാനും കാരണമാകുന്നുണ്ടല്ലൊ.
പ്രധാനമന്ത്രി പറഞ്ഞപോലെ, വിദേശ ഉല്പന്നങ്ങളുടെ ഉപയോഗത്തിനു നിയന്ത്രണം വരുത്തി ആഭ്യന്തര ഉല്പന്നങ്ങള്‍ കഴിയുന്നതും വാങ്ങാന്‍ ശ്രമിക്കുന്നതിലൂടെയും നമുക്ക് നമ്മുടെ പണം വിദേശത്തേക്കു കുത്തിയൊഴുകുന്നത് കുറയ്ക്കാന്‍ സാധിക്കും. നമ്മുടെ രാജ്യത്തുണ്ടാക്കുന്ന വസ്തുക്കള്‍ മാത്രമേ വാങ്ങൂ എന്ന നിഷ്ഠ ആറു മാസക്കാലത്തേക്ക് ഭാരതീയന്‍ കൈക്കൊള്ളുന്നതിലൂടെ രൂപയുടെ മൂല്യം ഡോളറിന്റെ മൂല്യത്തിനു സമമായെത്തിക്കാന്‍ കഴിയുമെന്ന് പണ്ടൊരിക്കല്‍ ഭാരതത്തിന്റെ പ്രിയപ്പെട്ട മിസ്സൈല്‍മാനും മുന്‍ പ്രസിഡന്റുമായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാമും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ദേശത്തെ അഭിവൃദ്ധിപ്പെടുത്താനായി വിദേശയാത്രകള്‍ പരമാവധി കുറയ്ക്കാനും മോദി തന്റെ പ്രസംഗത്തിലൂടെ രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു. വിദേശയാത്രള്‍ക്കായി പ്രതിവര്‍ഷം ഏകദേശം പത്തു ബില്യണ്‍ ഡോളറാണ് നമ്മുടെ രാജ്യത്തിന് ചെലവാക്കേണ്ടിവരുന്നത്. അതായത്, എണ്‍പതിനായിരം കോടി രൂപ. അതുപോലെത്തന്നെ, വിദേശത്തു പോയി പണം ചെലവഴിക്കാനായി ഇന്ത്യന്‍ രൂപ വിദേശ കറന്‍സിയാക്കി മാറ്റേണ്ടി വരുകയും ചെയ്യുന്നുണ്ട്. അതിലൂടെ വിദേശനാണ്യത്തിന്റെ കയ്യിരുപ്പു കുറയുമ്പോള്‍ അന്താരാഷ്ട്രവിപണിയില്‍ രൂപയുടെ മൂല്യശോഷണം സംഭവിക്കുകയും അത് വിലക്കയറ്റത്തിനു കാരണമാവുകയും ചെയ്യും. വിദേശത്തു പോയി ചെലവാക്കുന്ന ഈ പണം നമ്മുടെ നാട്ടില്‍ത്തന്നെ ചെലവാക്കപ്പെടുമ്പോള്‍ അത് നമ്മുടെ ജിഡിപി വര്‍ദ്ധിപ്പിക്കാനും നാടിന് അഭിവൃദ്ധിയുണ്ടാവാനും വഴിയൊരുക്കുന്നു.
കോവിഡ് വന്നപ്പോഴും റഷ്യ-ഉക്രൈന്‍ യുദ്ധംകൊണ്ട് ലോകത്താകമാനം ഇന്ധനത്തിനു ക്ഷാമം നേരിട്ടപ്പോഴും നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണങ്ങളാണ് പ്രതിസന്ധി തരണം ചെയ്യാന്‍ ഭാരതത്തെ പര്യാപ്തമാക്കിയത്. നമ്മുടെ നാടിനുണ്ടാവുന്ന പ്രാതികൂല്യങ്ങള്‍ നേരിടാനായി രാജ്യത്തോടൊപ്പം നില്ക്കാന്‍ ഓരോ പൗരനും കടപ്പാടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തിനുവേണ്ടി നിസ്തന്ദ്രം അദ്ധ്വാനിക്കുന്ന, മാതൃഭൂമിയെ മാതൃതുല്യം മതിക്കുന്ന നിസ്വാര്‍ത്ഥനായ നമ്മുടെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്താനും ദേശസ്‌നേഹികളായ ഓരോ പൗരനും ബാധ്യസ്ഥനാണ്.
മാധ്യമങ്ങളുടെ പിന്തുണയോടെ മാനംമുട്ടെ വളര്‍ന്ന ഒരു രാഷ്ട്രീയനേതാവല്ല നരേന്ദ്രമോദി. തക്കം കിട്ടുമ്പോഴെല്ലാം ഗര്‍ഭമെന്നും ശൂലമെന്നുമൊക്കെ അലറിവിളിച്ച് അദ്ദേഹത്തെ പരമാവധി കരിതേച്ചു കാണിക്കാനാണ് നമ്മുടെ മാദ്ധ്യമങ്ങള്‍ ശ്രദ്ധ വെച്ചത്. ആ അവസ്ഥയ്ക്ക് ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നുള്ളതാണ് അനിഷേധ്യമായ വാസ്തവം. അതിനെയൊക്കെ പ്രതിരോധിച്ചുകൊണ്ടാണ് അദ്ദേഹം ഇന്ന് ലോകത്തിലെ അനിഷേധ്യനായ നേതാവായി മാനം മുട്ടെ വളര്‍ന്നു നില്ക്കുന്നത്. മുമ്പ് ഭാരതം ഭരിച്ചിരുന്ന പ്രധാനമന്ത്രിമാര്‍ വിദേശസഞ്ചാരത്തിനു പോവുമ്പോള്‍ പത്രക്കാരുടെ ഒരു സംഘത്തെത്തന്നെ കൂടെ കൂട്ടുന്ന കീഴ്‌വഴക്കത്തിന് അതുകൊണ്ടാണ് അദ്ദേഹം പൂര്‍ണ്ണവിരാമമിട്ടത്. രാജ്യത്തിന്റെ ചെലവില്‍ ലോകം ചുറ്റാന്‍ കിട്ടിയിരുന്ന ആ സുവര്‍ണ്ണാവസരം നഷ്ടപ്പെട്ടതിലെ നിരാശാകാലുഷ്യവും മാധ്യമസിംഹങ്ങളുടെ ഗൃഹാതുരമനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടാവണം. അതുകൊണ്ടുതന്നെയാവണം, രാജ്യപുരോഗതിക്കായുള്ള മോദിയുടെ അശ്രാന്തപരിശ്രമങ്ങളെ അവര്‍ കണ്ടില്ലെന്നു നടിക്കുന്നത്.
ഇന്ത്യ, പഴയ ഇന്ത്യയല്ലെന്നും ലോകശക്തി എന്ന ലക്ഷ്യത്തിലേക്ക് അത് ശരവേഗത്തില്‍ കുതിച്ചുകൊണ്ടിരിക്കുകയാണെന്നും മോദിസര്‍ക്കാരിനെതിരെ നിരന്തരം പണിയെടുത്തു കൊണ്ടിരിക്കുന്ന ദിമാഗി നക്‌സലുകളും അവരുടെ പിന്നാലെ പോകുന്ന മാധ്യമങ്ങളും മനസ്സിലാക്കണം. രാജ്യത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ഈ സത്യം ഗ്രഹിച്ചുകൊണ്ട് കപടരാഷ്ട്രീയത്തിന്റെ പാതയുപേക്ഷിച്ച് ദേശീയതയിലേയ്ക്കടുത്തുകൊണ്ടിരിക്കുന്നുണ്ട് എന്ന വസ്തുത തീര്‍ച്ചയായും ശുഭോദര്‍ക്കംതന്നെയാണ്. കനേഡിയന്‍ എഴുത്തുകാരനായ എറിക് വാള്‍ട്ടേസിന്റെ, ‘ഉള്ളതു സംരക്ഷിക്കാന്‍ വകയില്ലെങ്കില്‍ കൈയിലുള്ളതില്‍ എന്തു കാര്യം?’ എന്ന ചോദ്യം ഇവിടെ പ്രസക്തമാവുന്നു.
(അവസാനിച്ചു)






















