ഹിമാലയത്തിന്റെ മനോഹാരിതയ്ക്ക് പുറത്ത് തലയെടുപ്പോടെ ഒളിഞ്ഞിരിക്കുന്ന അതിന്റെ രൗദ്രഭാവമുണ്ട്. ആഗസ്റ്റ് 26ന് നേപ്പാളിലുണ്ടായ മിന്നല്‍പ്രളയം അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം. പ്രകൃതിദുരന്തങ്ങള്‍ സ്വാഭാവിക പ്രതിഭാസങ്ങളാണെങ്കിലും മനുഷ്യ ഇടപെടലുകള്‍ ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ഭാരതത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത് ചൈന പടുത്തുയര്‍ത്തുന്ന വമ്പന്‍ ജലബോംബ് ഉയര്‍ത്തുന്ന ഭീഷണി ഗൗരവാവഹമാണ്.
ടിബറ്റിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത്, നാംചാ ബര്‍വ പര്‍വതത്തിന് സമീപമുള്ള ബ്രഹ്മപുത്ര നദിയിലാണ് (ചൈനീസ് പേര് യാര്‍ലുങ് സാങ്പോ) ചൈന മെഡോഗ് ജലവൈദ്യുത നിലയം നിര്‍മിക്കുന്നത്. 1970ല്‍ ഇതുസംബന്ധിച്ച പ്രാഥമിക പഠനം ആരംഭിച്ചു. മൂന്ന് പതിറ്റാണ്ടിന് ശേഷം, 2002ല്‍ നാംചാ ബര്‍വ പര്‍വതത്തിന് സമീപമുള്ള ഗ്രേ റ്റ് ബെന്‍ഡില്‍ 40 ജിഗാവാട്ട് ഉല്പാദന ശേഷിയുള്ള ജലവൈദ്യുത നിലയം നിര്‍മിക്കാമെന്ന് ചൈനീസ് എഞ്ചിനീയര്‍മാര്‍ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്കി. പക്ഷെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യം അന്ന് ചൈനയ്ക്ക് ഇല്ലായിരുന്നു. 2020ല്‍ പതിനാലാമത് പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഈ പദ്ധതിക്ക് വീണ്ടും ജീവന്‍വച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ അടിസ്ഥാന സൗകര്യ മേഖലയില്‍ ചൈന കൈവരിച്ച മുന്നേറ്റമായിരുന്നു പ്രധാന കാരണം. 60 ജിഗാവാട്ട് ഉല്പാദന ശേഷിയുള്ള ലോകത്തെ ഏറ്റവും വലിയ ഡാമാണ് ചൈന പണിയുന്നത്. 137 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 2024ല്‍ ചൈനീസ് ഭരണകൂടം അനുമതി നല്കി. 2025 ജൂലൈയില്‍ നിര്‍മാണവും ആരംഭിച്ചു.
ഭാരതത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് അന്‍പത് കിലോമീറ്റര്‍ അകലെയാണ് പുതിയ ഡാം നിര്‍മിക്കുന്നത്. ഭാവിയിലെ ഭാരത-ചൈന സംഘര്‍ഷങ്ങളില്‍ ഈ ഡാമിനെ ഒരു വിലപേശല്‍ ശക്തിയായി ചൈന ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 2002ല്‍ ഭാരതവും ചൈനയും തമ്മില്‍ ബ്രഹ്മപുത്രയിലെ മഴയുടെ അളവ്, പ്രളയ സാധ്യത തുടങ്ങിയ ജലവിവരങ്ങള്‍ കൈമാറുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചിരുന്നു. എന്നാല്‍ 2017ലെ ഡോക്ലാം സംഘര്‍ഷത്തെ തുടര്‍ന്ന് ഈ ധാരണ ചൈന ലംഘിച്ചു. ഇത്തരം ശത്രുതാപരമായ നിലപാട് ഭാവിയിലും പ്രതീക്ഷിക്കാം.
ഭാരതത്തിന്റെ ആശങ്ക പ്രധാനമായും മൂന്ന് വിഷയങ്ങളിലാണ്. ഒന്ന്, ടിബറ്റില്‍ നിന്ന് ഉത്ഭവിക്കുന്ന ബ്രഹ്മപുത്ര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി ബംഗ്ലാദേശിലൂടെ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. ഭൂമിശാസ്ത്രപരമായി ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ടിബറ്റിന് താഴ്ഭാഗത്താണ്. ഭാരതത്തിലേക്കുള്ള ജലപ്രവാഹത്തെ ചൈന ഡാം കെട്ടി നിയന്ത്രിക്കുമ്പോള്‍ ബ്രഹ്മപുത്രയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാകും. അതേസമയം മണ്‍സൂണ്‍ സമയത്ത് പ്രളയത്തിന്റെ ആഘാതവും വര്‍ദ്ധിക്കും. അതായത്, ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ചൈന വിചാരിച്ചാല്‍ ഏത് സമയത്തും വരള്‍ച്ചയും വെള്ളപ്പൊക്കവും ഒരുപോലെ സൃഷ്ടിക്കാമെന്ന് ചുരുക്കം.
രണ്ട്, 1960ല്‍ ഭാരതവും പാകിസ്ഥാനും തമ്മില്‍ ഒപ്പുവച്ച സിന്ധു നദീജല കരാര്‍ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഭാരതം മരവിപ്പിച്ചു. പാകിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ മൊത്തം കാര്‍ഷിക ഉല്പാദനത്തിന്റെ 80 ശതമാനവും സിന്ധു, ഝലം, ചെനാബ് നദികളില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ്. അതുകൊണ്ട് കരാര്‍ പുനഃസ്ഥാപിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഭീകരവാദം അവസാനിപ്പിക്കാതെ കരാര്‍ പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ഭാരതം. ചൈനയുടെ ഡാം നിര്‍മാണം പൂര്‍ത്തിയായാല്‍ പാകിസ്ഥാന് വേണ്ടി ഭാരതത്തെ സമ്മര്‍ദത്തിലാക്കാന്‍ ചൈന ശ്രമിച്ചേക്കാം.
മൂന്നാമതായി, ഭാരത ഫലകം യൂറേഷ്യന്‍ ഫലകവുമായി കൂട്ടിയിടിക്കുന്ന പ്രദേശത്തിന്റെ കിഴക്കന്‍ ഭാഗത്താണ് ചൈന ഡാം പണിയുന്നത്. 2026ല്‍ ചൈനീസ് ഭൂഗര്‍ഭശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ ഡാം പണിയുന്ന പ്രദേശത്ത് സജീവ ഭൂഗര്‍ഭ വിള്ളലുണ്ടെന്ന് കണ്ടെത്തി. ഏതെങ്കിലും കാരണത്താല്‍ ഡാം തകരുകയാണെങ്കില്‍ അതുണ്ടാക്കുന്ന നാശം അതിഭീകരമായിരിക്കും. ഭാരതത്തിന് പുറമേ ബംഗ്ലാദേശും അതിന്റെ ദുരിതം അനുഭവിക്കും. എന്നാല്‍ ചൈന ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
പ്രതിരോധിക്കാന്‍ ഭാരതം
അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങില്‍ ഡാം നിര്‍മിക്കാനാണ് ഭാരതം പദ്ധതിയിടുന്നത് (സിയാങ് അപ്പര്‍ മള്‍ട്ടി പര്‍പസ് പ്രോജക്റ്റ്). ഒന്‍പത് ബില്യണ്‍ ക്യുബിക് മീറ്റര്‍ ജലം സംഭരിക്കാന്‍ ഈ ഡാമിന് ശേഷിയുണ്ടാകും. ഇതിലൂടെ 11,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയും. വരള്‍ച്ചയും വെള്ളപ്പൊക്കവും ഒരു പരിധിവരെ പ്രതിരോധിക്കാനും കഴിയും. ഇതിനോടനുബന്ധിച്ച് അടിസ്ഥാന സൗകര്യ മേഖലയിലും വികസനമുണ്ടാകും.
അതേസമയം, ചൈന ഡാം നിര്‍മിക്കുന്ന വേഗത്തില്‍ ഭാരതത്തിന് ഡാം നിര്‍മിക്കുക എളുപ്പമല്ല. ചൈനയില്‍ സര്‍ക്കാര്‍ തീരുമാനത്തിന് മേല്‍ മറ്റൊരു മറുവാക്ക് സാധ്യമല്ല. എന്നാല്‍ ഭാരതത്തിലെ സാഹചര്യം നേരെ വിപരീതമാണ്. പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ഡാം നിര്‍മാണത്തിനെതിരെ സമരം തുടങ്ങിക്കഴിഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്തായാലും, ഭാരത-ചൈന ബന്ധത്തിലെ അടുത്ത നയതന്ത്രപ്പോരിന് തറക്കല്ലിട്ടിരിക്കുകയാണ് ചൈന.






















