തുഞ്ചന്റെ തത്ത പാടീ ”ശ്രീരാമകഥാമൃതം”
കുഞ്ചന്‍ തന് തത്തപാടീ ”ശ്രീകൃഷ്ണചരിതങ്ങള്”
ചെറുശ്ശേരിതന്‍ തത്ത ”കൃഷ്ണഗാഥ”യെപ്പാടീ
ഉണ്ണായിവാര്യര്‍ തന്റെ ”യാട്ടവും” പാടീ തത്ത
വള്ളത്തോള്‍ സാഹിത്യത്തിന് മഞ്ജരി പാടീ തത്ത
ഉള്ളൂരി”ന്നുമയുടെ കേരളം” പാടീ തത്ത
ആശാന്റെ ”വീണപൂവും” പാടിയ തത്ത പിന്നെ,
ചങ്ങമ്പുഴ തന് പ്രേമ ”രമണന്” പാടീത്തീര്ത്തു
ശ്രീധരമേനവന്റെ ”മാമ്പഴ”സ്വാദും പാടീ
സന്തതം ചരിയ്ക്കുന്ന കൈരളിപ്പെണ്ണിന് തത്തേ
കൃതാന്തപാശം പാര്‍ത്തു നാളുകള്‍ നീക്കുന്നൊരീ-
ഹതഭാഗ്യവാന് തന്റെ ”ഹരിശ്രീഗാന”ത്തെ നീ,
ചെഞ്ചുണ്ടാല് പാടിക്കേള്പ്പാനേറെ ഞാന്‍ കൊതിയ്ക്കുന്നൂ
തുഞ്ചന്റെ കാരസ്കരം മധുരിപ്പിച്ചോളല്ലേ?