അമേരിക്കയിലും കാനഡയിലും ബ്രിട്ടനിലും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗങ്ങളുടെ കേന്ദ്രസന്ദേശം മാനവികതയായിരുന്നു. ആര്‍എസ്എസ്സിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വടക്കേ അമേരിക്കന്‍ സന്ദര്‍ശനം, സംഘടനയുടെ പ്രവര്‍ത്തനപരിധി ഭാരതത്തിലൊതുങ്ങുന്നതല്ലെന്നും അത് മുന്നോട്ടുവയ്ക്കുന്ന സാംസ്‌കാരിക ദര്‍ശനം മാനവരാശിയെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാണെന്നും വ്യക്തമാക്കുന്നതായി.
ആഗോളതലത്തില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയ ഈ സന്ദര്‍ശനത്തിലൂടെ സനാതന ധര്‍മത്തിന്റെ സാര്‍വത്രിക സന്ദേശമാണ് സര്‍സംഘചാലക് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ആര്‍എസ്എസ്സിന്റെ സംഘടനാപരമായ മുന്‍ഗണനകളെക്കുറിച്ച് വിശദീകരിക്കുന്നതിനേക്കാള്‍, ഭാരതത്തിന്റെ വൈദിക പാരമ്പര്യവും ലോകവീക്ഷണവും ആധുനിക കാലത്ത് അതിനുള്ള പ്രസക്തിയുമാണ് അദ്ദേഹം സംസാരിച്ചത്.
ഒരു ‘വൈചാരിക ആറ്റംബോംബ്’ പൊട്ടിക്കുമെന്ന പ്രതീക്ഷയില്‍ ഭാഗവതിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ ഉറ്റുനോക്കിയ വിമര്‍ശകര്‍ക്ക് നിരാശപ്പെടേണ്ടിവന്നു. ഏറ്റുമുട്ടലിന്റെ ഭാഷയല്ല, സംവാദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഭാഷയാണ് അദ്ദേഹം സ്വീകരിച്ചത്. ആര്‍എസ്എസ് തലവനെന്ന നിലയിലുപരി ഒരു ഇന്ത്യന്‍ ഹിന്ദു രാഷ്ട്രതന്ത്രജ്ഞന്റെ വിശാലമായ കാഴ്ചപ്പാടോടെയാണ് അദ്ദേഹം സംസാരിച്ചത്.
വിവേകാനന്ദനില്‍ നിന്ന് ഭാഗവതിലേക്ക്
ഭാരതം വൈദേശിക അടിമത്തത്തിലായിരുന്ന കാലത്താണ് സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ ലോകമത മഹാസമ്മേളനത്തില്‍ പങ്കെടുത്ത് ഹിന്ദുധര്‍മത്തിന്റെ മഹത്വം ലോകത്തിന് മുന്നില്‍ പ്രഖ്യാപിച്ചത്. ഭാരതത്തിന്റെ ആത്മീയ പാരമ്പര്യം ലോകമനസ്സാക്ഷിയുടെ മുന്നിലെത്തിച്ച ആ ചരിത്രദൗത്യത്തിന് ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടപ്പോള്‍ പുതിയൊരു കാലഘട്ടത്തില്‍ അതേ സാംസ്‌കാരിക സന്ദേശത്തിന്റെ ആധുനിക വ്യാഖ്യാനവുമായാണ് മോഹന്‍ ഭാഗവത് അമേരിക്കയിലും കാനഡയിലും എത്തിയത്.
സ്വാതന്ത്ര്യം നേടിയ ഭാരതം സ്വന്തം കരുത്തില്‍ മുന്നേറുന്ന ഇന്നത്തെ ഘട്ടത്തില്‍ സനാതന ധര്‍മത്തിന് നിര്‍വഹിക്കാനുള്ള ആഗോള ദൗത്യത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലായി ഈ സന്ദര്‍ശനത്തെ കാണാം.
ഓരോ രാഷ്ട്രത്തിനും ലോകത്തിന് നല്‍കാനുള്ള ഒരു പ്രത്യേക സന്ദേശമുണ്ടെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരുന്നു. ഭാരതത്തിന്റെ സന്ദേശം ആത്മീയതയില്‍ അധിഷ്ഠിതമായ സാമൂഹിക ദര്‍ശനമാണ്. മനുഷ്യനെ മനുഷ്യനായി കാണുന്നതും പ്രകൃതിയെയും സകല ജീവജാലങ്ങളെയും ഒരേ അസ്തിത്വത്തിന്റെ ഭാഗങ്ങളായി കാണുന്നതുമാണ് ആ ദര്‍ശനത്തിന്റെ കാതല്‍.
മാഡിസണ്‍ സ്‌ക്വയറിലെ വലിയ തുടക്കം
ന്യൂയോര്‍ക്കിലെ വിഖ്യാതമായ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന ‘യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍’ പരിപാടി സന്ദര്‍ശനത്തിലെ പ്രധാന സംഭവമായി. പരിപാടിക്കെതിരെ ഇരുന്നൂറിലേറെ അമേരിക്കന്‍ സംഘടനകള്‍ പ്രതിഷേധിക്കുകയും സര്‍സംഘചാലകിന്റെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കപ്പുറം ആയിരക്കണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഈ സംഭവത്തിന്റെ പ്രാധാന്യം വിവാദത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അമേരിക്കയില്‍ ആത്മവിശ്വാസത്തോടെ വളര്‍ന്നുവരുന്ന ഹിന്ദു സമൂഹത്തിന്റെ പുതിയ ഉണര്‍വിനെയാണ് അത് അടയാളപ്പെടുത്തുന്നത്.
പതിറ്റാണ്ടുകളായി അമേരിക്കയിലെ ശ്രദ്ധേയമായ കുടിയേറ്റ സമൂഹങ്ങളിലൊന്നാണ് ഹിന്ദു-അമേരിക്കക്കാര്‍. ബിസിനസ്, വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ, അക്കാദമിക രംഗം, പൊതുജീവിതം തുടങ്ങി വിവിധ മേഖലകളില്‍ അവര്‍ നിര്‍ണായക സാന്നിധ്യമായി മാറി. ക്ഷേത്രങ്ങളും സാമൂഹിക സംഘടനകളും സ്ഥാപിച്ചു. സ്വന്തം സാംസ്‌കാരിക പാരമ്പര്യം കൈവിടാതെ അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമാകുന്ന തലമുറകളെ വളര്‍ത്തിയെടുത്തു.
എന്നാല്‍ സ്വന്തം സാംസ്‌കാരിക സ്വത്വവും ദര്‍ശനവും അമേരിക്കന്‍ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതില്‍ അവര്‍ക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ടായിരുന്നു. മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലെ പരിപാടി അതിന് ഒരു വലിയ തുടക്കമായി.
സര്‍സംഘചാലകിനെ സ്വീകരിക്കുക എന്നതിലുപരി ‘വസുധൈവ കുടുംബകം’ എന്ന ഭാരതത്തിന്റെ ചിരപുരാതന ആശയം അമേരിക്കന്‍ പൊതുമണ്ഡലത്തില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുകയായിരുന്നു അവിടത്തെ ഹിന്ദു സമൂഹം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

വൈവിധ്യം ഐക്യത്തിന് എതിരല്ല
വൈവിധ്യത്തോടുള്ള ഭാരതത്തിന്റെ സവിശേഷമായ സമീപനമാണ് ഭാഗവത് അമേരിക്കയില്‍ പ്രത്യേകം വിശദീകരിച്ചത്. വൈവിധ്യങ്ങളെ ഐക്യത്തിന് തടസ്സമായി കാണുന്നതിനുപകരം, ഭാരതം പണ്ടുമുതലേ അവയെ വിശാലമായ ഐക്യത്തിന്റെ ഭാഗമായാണ് കണ്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
”ഭാരതീയര്‍ സചേതനവും അചേതനവുമായ എല്ലാറ്റിനെയും തങ്ങളുടേതായി കാണുന്നു. വൈവിധ്യത്തില്‍ ഐക്യം കാണാന്‍ അവരെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഭാരതത്തില്‍ വൈവിധ്യം ഒരിക്കലും ഐക്യത്തിന് തടസ്സമാകാത്തത്. നമ്മുടെ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നത് വൈവിധ്യത്തില്‍ ഐക്യം മാത്രമല്ല, വൈവിധ്യം തന്നെ ഐക്യത്തിന്റെ ഒരു രൂപമാണെന്നാണ്.”
ഈ കാഴ്ചപ്പാടിനെയാണ് അദ്ദേഹം ‘വസുധൈവ കുടുംബകം’ എന്ന ആശയവുമായി ബന്ധിപ്പിച്ചത്. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്നത് വെറും ഒരു തത്വവാക്യമല്ല; മനുഷ്യര്‍ തമ്മിലുള്ള അടിസ്ഥാനപരമായ ഏകത്വം തിരിച്ചറിയാനുള്ള ജീവിതദര്‍ശനമാണെന്നാണ് ഭാഗവതിന്റെ വിശദീകരണം.
ഇവിടെ ഹിന്ദുത്വം ഒരു മതപരമായ ആധിപത്യത്തിന്റെ ആശയമായല്ല അവതരിപ്പിക്കപ്പെട്ടത്. മറിച്ച് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന, സംവാദത്തെ അംഗീകരിക്കുന്ന, സഹവര്‍ത്തിത്വത്തെ അടിസ്ഥാനമാക്കുന്ന ഒരു സാംസ്‌കാരിക ദര്‍ശനമായാണ് അദ്ദേഹം അവതരിപ്പിച്ചത്.
ആധിപത്യമല്ല, സേവനമാണ് ഭാരതത്തിന്റെ വഴി
പാശ്ചാത്യ ചിന്തയെ രൂപപ്പെടുത്തിയ ആധിപത്യം, സംരക്ഷണം, ചൂഷണം തുടങ്ങിയ ചരിത്രാനുഭവങ്ങളില്‍നിന്ന് വ്യത്യസ്തമായാണ് ഭാരതത്തിന്റെ സാംസ്‌കാരിക യാത്രയെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി.
ആധുനിക ആശയവിനിമയ സംവിധാനങ്ങളും ഗതാഗത സൗകര്യങ്ങളും ലഭ്യമല്ലാതിരുന്ന കാലത്തുപോലും ഭാരതീയര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ യാത്രകളുടെ ലക്ഷ്യം രാഷ്ട്രീയാധിപത്യം സ്ഥാപിക്കുകയോ മറ്റുള്ളവരെ കീഴടക്കുകയോ മതപരിവര്‍ത്തനം നടത്തുകയോ ആയിരുന്നില്ല; അറിവും സംസ്‌കാരവും പങ്കുവയ്ക്കുകയായിരുന്നു.
മെക്‌സിക്കോ മുതല്‍ സൈബീരിയ വരെയും ചൈന മുതല്‍ തെക്കുകിഴക്കന്‍ ഏഷ്യ വരെയും ഭാരതീയ പൂര്‍വികര്‍ സഞ്ചരിച്ചുവെന്ന് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
”അവര്‍ ഒരു രാജ്യവും കീഴടക്കിയില്ല; ആരെയും മതപരിവര്‍ത്തനം ചെയ്തില്ല.”
ഈ ചരിത്രബോധത്തെയാണ് അദ്ദേഹം ഭാരതത്തിന്റെ ഇന്നത്തെ ആഗോള ദൗത്യവുമായി ബന്ധിപ്പിച്ചത്.
പീഡിപ്പിക്കപ്പെട്ടവര്‍ക്കും മതഅസഹിഷ്ണുതയുടെ ഇരകള്‍ക്കും നൂറ്റാണ്ടുകളായി ഭാരതം സംരക്ഷണവും അഭയവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പാര്‍സികളും ജൂതന്മാരും ഉള്‍പ്പെടെ വിവിധ സമൂഹങ്ങള്‍ ഭാരതത്തില്‍ അഭയം കണ്ടെത്തിയ ചരിത്രവും ഇതിന്റെ ഭാഗമാണ്.
കാനഡയില്‍ കണ്ടത് പുത്തനുണര്‍വ്
അമേരിക്കയ്ക്ക് പിന്നാലെ കാനഡയിലെത്തിയ സര്‍സംഘചാലകിന് അവിടത്തെ ഹിന്ദു സമൂഹം നല്‍കിയ സ്വീകരണവും ശ്രദ്ധേയമായി.
ടൊറന്റോയില്‍ നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. കാനഡയിലെ എട്ട് പ്രവിശ്യകളില്‍ നിന്നായി 3000-ലേറെ ഹിന്ദുക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തത് സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെ പ്രതിഫലനമായി.
ഭാരതം എത്രത്തോളം ശക്തമായിത്തീരുന്നു എന്നതുകൊണ്ടല്ല, മറിച്ച് കൂടുതല്‍ ഐക്യമുള്ള ഒരു മാനവരാശിക്കായി എത്രത്തോളം സംഭാവന ചെയ്യുന്നു എന്നതിലൂടെയായിരിക്കണം ഭാരതത്തിന്റെ ഉയര്‍ച്ചയെ അളക്കേണ്ടതെന്ന് ഭാഗവത് പറഞ്ഞു.
”ഭാരതത്തെ ഒരു സൂപ്പര്‍ പവര്‍ എന്ന് വിളിക്കാമായിരുന്നു. എന്നാല്‍ അത് ഒരു സൂപ്പര്‍ പവര്‍ ആയിരുന്നില്ല. അത് ലോകത്തിന് സേവനം നല്‍കി. സ്വഭാവത്തിലൂടെ അത് വിശ്വഗുരുവായി മാറി.”
ഇതുതന്നെയാണ് ഭാഗവതിന്റെ ലോകവീക്ഷണത്തിന്റെ കാതല്‍. ശക്തി എന്നത് മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഉപാധിയല്ല; ലോകത്തിന് സേവനം ചെയ്യാനുള്ള ശേഷിയാണ്.
‘ഹിന്ദുക്കള്‍ ഉണര്‍ന്നാല്‍ ലോകം ഉണരും’
‘ഹിന്ദു വിശ്വബന്ധുസൗഹൃദത്തോടെ ലോകത്തെ ചേര്‍ത്തുപിടിക്കുക’ എന്ന പരിപാടിയില്‍ ‘ഭാരതത്തിന്റെ ഡിഎന്‍എ’യെക്കുറിച്ചും സര്‍സംഘചാലക് സംസാരിച്ചു.
”ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ളവര്‍ ഭാരതത്തോട് സഹായം ആവശ്യപ്പെട്ടപ്പോഴെല്ലാം അത് ഒരിക്കലും നിരസിച്ചിട്ടില്ല. ആരെങ്കിലും ആവശ്യപ്പെടുന്നതിനു മുമ്പുതന്നെ ഭാരതം സഹായഹസ്തം നീട്ടുന്നു. ഇതാണ് നമ്മുടെ പാരമ്പര്യം, ഭാരതത്തിന്റെ ഡിഎന്‍എ.”
‘ഹിന്ദുക്കള്‍ ഉണര്‍ന്നാല്‍ ലോകം ഉണരും’ എന്ന വാക്കിന്റെ അര്‍ത്ഥവും ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം വിശദീകരിച്ചത്. ഹിന്ദുക്കളുടെ ഉണര്‍വ് മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ആഹ്വാനമല്ല; മനുഷ്യരാശിയുടെ നന്മയ്ക്കായി ഭാരതത്തിന്റെ ജ്ഞാനവും ജീവിതദര്‍ശനവും പങ്കുവയ്ക്കുന്നതിനുള്ള ഉണര്‍വാണ്.
എതിര്‍പ്പുകള്‍ക്കിടയിലും പിന്തുണ
സര്‍സംഘചാലകിന്റെ സന്ദര്‍ശനത്തിനെതിരെ അമേരിക്കയിലും കാനഡയിലും ചില സംഘടനകള്‍ രംഗത്തെത്തിയെങ്കിലും അതിനൊപ്പം വലിയൊരു പിന്തുണ നിരയും ഉയര്‍ന്നു.
കാനഡയില്‍ നൂറിലേറെ ഹിന്ദു സംഘടനകളും പൗരാവകാശ കൂട്ടായ്മകളും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ പിന്തുണച്ച് സര്‍ക്കാരിന് കത്തെഴുതി. സര്‍സംഘചാലകിനെ കാനഡ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹത്തെ പ്രവേശനത്തിന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഹിന്ദു പൈതൃകമുള്ള പത്തുലക്ഷത്തിലേറെ കനേഡിയന്‍ പൗരന്മാരുള്ള രാജ്യത്ത് മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനം സമൂഹത്തിന് വലിയ പ്രാധാന്യമുള്ളതാണെന്നും സംഘടനകള്‍ വ്യക്തമാക്കി. ഇതോടെ സന്ദര്‍ശനത്തിനെതിരായ കുപ്രചാരണങ്ങള്‍ക്ക് മറ്റൊരു വശവും തുറന്നുകാട്ടപ്പെട്ടു. വടക്കേ അമേരിക്കയിലെ ഹിന്ദു സമൂഹം ഇനി സ്വന്തം സാംസ്‌കാരിക സ്വത്വത്തെക്കുറിച്ച് പ്രതിരോധപരമായി സംസാരിക്കാന്‍ തയ്യാറല്ല. ആത്മവിശ്വാസത്തോടെ പൊതുസമൂഹത്തിന്റെ മുന്നില്‍ അത് അവതരിപ്പിക്കാനുള്ള ഘട്ടത്തിലേക്ക് അവര്‍ എത്തിയിരിക്കുന്നു.
പുതിയ സന്ദേശമല്ല, പഴയ ആശയത്തിന്റെ ആധുനിക അവതരണം
മോഹന്‍ ഭാഗവത് ഇത്തവണ അമേരിക്കയില്‍ ആദ്യമായി അവതരിപ്പിച്ച ആശയങ്ങളാണ് ഇതെല്ലാമെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി. എന്നാല്‍ വസ്തുത അങ്ങനെയല്ല.
2018 സപ്തംബറില്‍ അമേരിക്കയില്‍ നടന്ന വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ്സിലും സര്‍സംഘചാലക് ഏറെക്കുറെ ഇതേ ആശയങ്ങളാണ് അവതരിപ്പിച്ചത്. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ആ സമ്മേളനം.
ഹിന്ദു സമൂഹം വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഒന്നിച്ചുചേരണമെന്നും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അന്ന് ആഹ്വാനം ചെയ്തു. ഹിന്ദുക്കള്‍ക്ക് ആധിപത്യം സ്ഥാപിക്കാനുള്ള യാതൊരു ആഗ്രഹവുമില്ലെന്നും സഹകരണവും ഏകത്വവുമാണ് പുരോഗതിക്കായി സമൂഹം സ്വായത്തമാക്കേണ്ട പ്രധാന ഗുണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
”ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആധിപത്യം സ്ഥാപിക്കാനുള്ള യാതൊരു ആഗ്രഹവും ഞങ്ങള്‍ക്കില്ല. കീഴടക്കലിന്റെയോ കോളനിവല്‍ക്കരണത്തിന്റെയോ ഫലമല്ല ഞങ്ങളുടെ സ്വാധീനം.”അന്ന് പറഞ്ഞ ഈ വാക്കുകള്‍ തന്നെയാണ് പുതിയ സാഹചര്യത്തില്‍ വടക്കേ അമേരിക്കയില്‍ വീണ്ടും മുഴങ്ങിയത്.
മുസ്ലീങ്ങള്‍ ഇല്ലാത്ത ഭാരതത്തെ സങ്കല്‍പ്പിക്കുന്നവര്‍ ഹിന്ദുക്കളല്ലെന്ന നിലപാടും ഭാഗവത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘എല്ലാ പള്ളികള്‍ക്കടിയിലും വിഗ്രഹങ്ങള്‍ അന്വേഷിക്കേണ്ടതില്ല’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും ഇതേ സമവായപരമായ സമീപനത്തിന്റെ ഭാഗമാണ്.
അതുകൊണ്ട് ഇത്തവണ അദ്ദേഹം സ്വീകരിച്ചത് ഒരു പുതിയ പ്രത്യയശാസ്ത്രമല്ല; ഏറെക്കാലമായി ആര്‍എസ്എസ് നേതൃത്വം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെ ആഗോള പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കുകയായിരുന്നു.
സംവാദവും സമവായവും
ഭാരതീയ പാരമ്പര്യത്തിലെ സംവാദത്തിന്റെയും വിയോജിപ്പിന്റെയും സമവായത്തിന്റെയും പ്രാധാന്യവും ഭാഗവത് എടുത്തുപറഞ്ഞു.
അറിവിന്റെ സംരക്ഷണത്തിനായി ഇന്ത്യ നടത്തിയ ത്യാഗത്തിന്റെ ഉദാഹരണമായി ചൈനീസ് സഞ്ചാരി ഹുയാന്‍സാങ്ങിന്റെ നളന്ദയില്‍ നിന്നുള്ള മടക്കയാത്ര അദ്ദേഹം വിവരിച്ചു. ഗ്രന്ഥങ്ങളുടെ ഭാരത്താല്‍ പടവ് മുങ്ങാന്‍ തുടങ്ങിയപ്പോള്‍ അവ സംരക്ഷിക്കുന്നതിനായി അദ്ദേഹത്തിന്റെ ചില ശിഷ്യന്മാര്‍ നദിയിലേക്ക് ചാടാന്‍ തയ്യാറായെന്ന കഥ അറിവിനോടുള്ള ഭാരതീയ സമൂഹത്തിന്റെ സമീപനത്തിന്റെ പ്രതീകമായാണ് അദ്ദേഹം അവതരിപ്പിച്ചത്.
മഹാഭാരതത്തെ മുന്‍നിര്‍ത്തിയും അദ്ദേഹം ഇതേ ആശയം വിശദീകരിച്ചു. നേതൃത്വത്തോടുള്ള തത്വാധിഷ്ഠിതമായ അടുപ്പത്തിനൊപ്പം വിയോജിക്കാനുള്ള സ്വാതന്ത്ര്യവും ക്ഷമയും ആവശ്യമാണ്. എന്നാല്‍ ഒരു കാര്യത്തില്‍ സമവായത്തിലെത്തിയാല്‍ അതനുസരിച്ച് ഒരുമിച്ച് മുന്നേറാനുള്ള ശേഷിയും വേണം.
”നമ്മുടെ മൂല്യങ്ങള്‍ സാര്‍വത്രികമാണ്. ഹിന്ദു സമൂഹത്തില്‍ നിരവധി കഴിവുറ്റ വ്യക്തികളുണ്ട്. അവരെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കണം.”
പ്രാചീനവും ഉത്തരാധുനികവുമായ ദര്‍ശനം
ആര്‍എസ്എസ്. ‘ആധുനിക വിരുദ്ധമാണ്’ എന്ന വിമര്‍ശനത്തെയും ഭാഗവത് ചോദ്യം ചെയ്തു. നമുക്കുണ്ടായിരുന്ന അറിവ് പ്രാവര്‍ത്തികമാക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും മറന്നതാണ് ദീര്‍ഘകാലത്തെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
”കൂട്ടായി ചിന്തിക്കുക, ധീരമായി ലക്ഷ്യം കൈവരിക്കുക” എന്നതാണ് ഹിന്ദു തത്വത്തിന്റെ അടിസ്ഥാനം എന്നും അദ്ദേഹം വ്യക്തമാക്കി.
നാം ഒരേസമയം പ്രാചീനരും ഉത്തരാധുനികരുമാണെന്നും ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം മനുഷ്യരാശിക്ക് എന്താണ് ആവശ്യമാകുകയെന്ന് ഇന്ന് തന്നെ ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെയാണ് ഭാഗവതിന്റെ പ്രസംഗങ്ങള്‍ക്ക് പുതിയൊരു മാനം കൈവരുന്നത്. അദ്ദേഹം കേവലം ഭൂതകാലത്തെ മഹത്വവല്‍ക്കരിക്കുകയായിരുന്നില്ല. പുരാതന ഭാരതീയ ജ്ഞാനത്തെ ഭാവിയുടെ മനുഷ്യരാശിയുടെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുകയായിരുന്നു.
ഹിന്ദുത്വത്തിന്റെ ആഗോള വായന
ഭാഗവതിന്റെ വടക്കേ അമേരിക്കന്‍ സന്ദര്‍ശനത്തെ ആര്‍എസ് എസ്സിന്റെ സംഘടനാ പരിപാടിയായി മാത്രം കാണുന്നത് അതിന്റെ വിശാലമായ അര്‍ത്ഥം നഷ്ടപ്പെടുത്തും.
ആഗോള സമൂഹത്തിലേക്കുള്ള ഒരു സാംസ്‌കാരിക സംവാദമായിരുന്നു അത്. വിവാദങ്ങള്‍ സൃഷ്ടിക്കുന്ന വിഷയങ്ങളില്‍നിന്ന് വിട്ടുനിന്നുകൊണ്ട്, ഹിന്ദു ദര്‍ശനത്തിന്റെ സാര്‍വത്രികതയാണ് അദ്ദേഹം മുന്നോട്ടുവച്ചത്.
പ്രകൃതിയോടുള്ള സഹവര്‍ത്തിത്വം, മനുഷ്യരാശിയുടെ ഏകത്വം, വൈവിധ്യത്തിലെ ഐക്യം, സംവാദം, സഹിഷ്ണുത, സേവനം, അറിവിന്റെ പങ്കുവയ്ക്കല്‍ ഇവയെല്ലാം ചേര്‍ന്നതാണ് അദ്ദേഹം അവതരിപ്പിച്ച ഭാരതീയ ദര്‍ശനം.
ഇത് പാശ്ചാത്യ പ്രേക്ഷകരെ ആകര്‍ഷിച്ചതും അതുകൊണ്ടുതന്നെ. പ്രസംഗങ്ങളില്‍ പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ നിന്നുള്ള കഥകളും വിവരണങ്ങളും ഉണ്ടായിരുന്നെങ്കിലും അവയുടെ സന്ദേശം ആധുനിക ലോകത്തിന്റെ പ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നു.
ഇത് ആര്‍എസ്എസ്സിന്റെ പുതിയ കാഴ്ചപ്പാടായിരുന്നില്ല. മറിച്ച്, പുതിയ ഇന്ത്യയുടെ ദൗത്യവും ഭാവിയും ആയിരുന്നു ആര്‍എസ് എസ് തലവന്‍ ആഗോള പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ചത്.
അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക് ഇടിമുഴക്കമാര്‍ന്ന കയ്യടികള്‍ ലഭിച്ചത്
ലോകം ഉറ്റുനോക്കുന്നത് ഭാരതത്തിലേക്ക്
സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ പറഞ്ഞത് ഓരോ രാഷ്ട്രത്തിനും ലോകത്തിന് നല്‍കാനുള്ള ഒരു സന്ദേശമുണ്ടെന്നാണ്. ഭാരതത്തിന്റെ സന്ദേശം ആത്മീയതയില്‍ അധിഷ്ഠിതമായ സാമൂഹിക രചനയാണ്.
ആ ദര്‍ശനത്തിന്റെ കാതലായി ഹിന്ദുത്വത്തെ കാണുന്ന ആര്‍ എസ്എസ്, ശതാബ്ദി പിന്നിടുന്ന വേളയില്‍ അതിന്റെ ആഗോള പ്രസക്തിയെക്കുറിച്ച് പുതിയൊരു സംവാദത്തിന് തുടക്കമിടുകയാണ്.
മോഹന്‍ ഭാഗവതിന്റെ അമേരിക്ക, കാനഡ, ബ്രിട്ടന്‍ സന്ദര്‍ശനങ്ങള്‍ അതിന്റെ ഒരു അധ്യായം മാത്രമാണ്.
ലണ്ടനില്‍ ഏകതയുടെ ആഘോഷം
ലണ്ടന്‍ നഗരത്തിന്റെ ഹൃദയത്തില്‍ ആ സായാഹ്നം മുഴങ്ങിയത് ഒരു സംഘടനയുടെ ശതാബ്ദിയുടെ ആഘോഷം മാത്രമായിരുന്നില്ല. അതിനപ്പുറം, വ്യത്യസ്ത ദേശങ്ങളിലും സമൂഹങ്ങളിലും ജീവിത സാഹചര്യങ്ങളിലും കഴിയുന്ന മനുഷ്യരെ ഒരുമിപ്പിക്കുന്ന ഒരു ആശയത്തിന്റെ ആഘോഷമായിരുന്നു അത്. വേദിയിലെ മുഖങ്ങള്‍ പലതായിരുന്നു. പശ്ചാത്തലങ്ങള്‍ പലതായിരുന്നു. അനുഭവങ്ങളും ജീവിതവഴികളും വ്യത്യസ്തമായിരുന്നു. പക്ഷേ, അവയ്ക്കിടയിലെ അദൃശ്യമായ ഒരു ഏകത ആ സദസ്സിനെ ചേര്‍ത്തുനിര്‍ത്തി.
ആ ഏകതയെക്കുറിച്ചായിരുന്നു ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സംസാരം.
ലണ്ടനില്‍ ഹിന്ദു സ്വയംസേവക് സംഘ് സംഘടിപ്പിച്ച ‘സെലിബ്രേറ്റിങ് വണ്‍നെസ്’ പരിപാടി പേരുകൊണ്ടുതന്നെ മുന്നോട്ടുവച്ചത് ഒരു ആശയമാണ്. ഒരേപോലെയാകുന്നതിലല്ല ഏകത; വൈവിധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും അവയ്ക്കിടയിലെ ഏകാത്മകത തിരിച്ചറിയുന്നതിലാണ്.
മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വയംസേവകര്‍ സജീവമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ലഡാക്ക് മുതല്‍ കന്യാകുമാരി വരെ സംഘത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ എത്തിനില്‍ക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം, ദുരന്തനിവാരണം തുടങ്ങി സമൂഹജീവിതത്തിന്റെ വിവിധ മേഖലകളില്‍ സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നു. ഈ പ്രവര്‍ത്തനത്തിന്റെ വ്യാപ്തിയെ ഏതാനും വാക്കുകളില്‍ ചുരുക്കുക എളുപ്പമല്ല.
സംഘത്തെ രാഷ്ട്രീയ കാരണങ്ങളാല്‍ എതിര്‍ക്കുന്നവര്‍ക്കുപോലും പല സന്ദര്‍ഭങ്ങളിലും സംഘപ്രവര്‍ത്തനത്തിന്റെ മൂല്യവും സ്വയംസേവകരുടെ കഴിവും തിരിച്ചറിയേണ്ടിവരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ അവരില്‍ ചിലര്‍ സംഘത്തിന്റെ സഹകരണം തേടുകയും സംഭാഷണത്തിന് തയ്യാറാവുകയും ചെയ്യുന്നു. ഒരു സംഘടനയുടെ സ്വീകാര്യത അളക്കാനുള്ള ഏറ്റവും വലിയ മാനദണ്ഡം അതുതന്നെയാകാമെന്നായിരുന്നു സര്‍സംഘചാലകന്റെ വാക്കുകളുടെ അന്തര്‍ധാര.

നൂറില്‍ നിന്ന് അടുത്ത നൂറിലേക്ക്
ഒരു നൂറ്റാണ്ട് പിന്നിട്ട സംഘടനയെക്കുറിച്ചുള്ള സ്വാഭാവിക ചോദ്യം ഇനി എന്ത് എന്നായിരിക്കും.
ഉത്തരം ലളിതമായിരുന്നു: യാത്ര തുടരുകയാണ്.
സംഘം നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും ലക്ഷ്യം പൂര്‍ത്തിയായിട്ടില്ല. അടുത്ത നൂറ് വര്‍ഷവും പ്രവര്‍ത്തിക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടാകരുതെന്നാണ് മോഹന്‍ ഭാഗവതിന്റെ ആഗ്രഹം. ചെയ്യാനുള്ള കാര്യങ്ങള്‍ അത്രയും ദീര്‍ഘകാലം കാത്തുവയ്‌ക്കേണ്ടതില്ല.
”ഞാന്‍ സംഘത്തിന്റെ മൂന്നാം തലമുറയില്‍പ്പെട്ടയാളാണ്. ഇപ്പോള്‍ അഞ്ചാം തലമുറയായി ഈ പ്രവര്‍ത്തനം തുടരുന്നു. ഹിന്ദുസമാജസംഘാടനം എന്ന പ്രക്രിയ ഏഴാം തലമുറയിലേക്ക് എത്തും മുമ്പ് പൂര്‍ത്തിയാകണം.”
ഒരു സംഘടനയുടെ ചരിത്രം പറയുമ്പോള്‍ തലമുറകളുടെ കണക്ക് സാധാരണയായി ഉപയോഗിക്കാറില്ല. എന്നാല്‍ ഇവിടെ അത് ഒരു കാലഗണന മാത്രമല്ല. ആശയത്തിന്റെ തുടര്‍ച്ചയുടെ സൂചന കൂടിയാണ്. ഒരാള്‍ ആരംഭിച്ച പ്രവര്‍ത്തനം മറ്റൊരാള്‍ ഏറ്റെടുക്കുന്നു. പിന്നെ അടുത്ത തലമുറ. വ്യക്തികള്‍ മാറുന്നു; ലക്ഷ്യം തുടരുന്നു.
സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥവും അതിലുണ്ട്. പിന്നിട്ട നൂറു വര്‍ഷത്തെ ഓര്‍മിക്കുക മാത്രമല്ല, മുന്നിലുള്ള കാലത്തെക്കുറിച്ച് ചിന്തിക്കുക.
ഏകത ഒരേപോലെയാകലല്ല
ലണ്ടനിലെ വേദിയില്‍ ഉയര്‍ന്ന ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളില്‍ ഒന്നായിരുന്നു ഹിന്ദുത്വത്തെക്കുറിച്ചുള്ള മോഹന്‍ ഭാഗവതിന്റെ വിശദീകരണം.
ഹിന്ദുത്വം സത്യമാണ്. എന്നാല്‍ ആ സത്യത്തിന്റെ സ്വഭാവം വൈവിധ്യമാണ്. വ്യത്യാസങ്ങളെ ഇല്ലാതാക്കുന്നതിലല്ല ഏകത. അവയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലാണ്. വ്യത്യസ്തതകളെ ഏകാത്മകതയുടെ അലങ്കാരങ്ങളായി കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
ഒരേ ഭാഷ, ഒരേ വേഷം, ഒരേ ആചാരം, ഒരേ ജീവിതരീതി ഇവയൊന്നും ഏകതയുടെ നിര്‍ബന്ധിത വ്യവസ്ഥകളല്ല. വ്യത്യസ്തരായിരിക്കുമ്പോഴും പരസ്പരം ബഹുമാനിക്കാനും അംഗീകരിക്കാനും കഴിയുന്നിടത്താണ് യഥാര്‍ത്ഥ ഏകത.
അതുകൊണ്ടുതന്നെ ‘ഹിന്ദു’ എന്ന വാക്കിനെയും ഒരു പ്രത്യേക മതാചാരത്തിന്റെയോ ജീവിതശൈലിയുടെയോ പരിധിയില്‍ മാത്രം കാണാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലണ്ടനിലെ ഈ ആശയവിനിമയത്തിന് ഒരു പ്രത്യേക പ്രസക്തിയുണ്ട്. കാരണം, വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നും സംസ്‌കാരങ്ങളില്‍നിന്നും ജീവിതാനുഭവങ്ങളില്‍നിന്നും എത്തിയ മനുഷ്യര്‍ ഒന്നിച്ചുജീവിക്കുന്ന നഗരമാണ് ലണ്ടന്‍. അവിടെ ഏകതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് ഭാരതത്തിന്റെ ഒരു ആഭ്യന്തര ചര്‍ച്ചയായി മാത്രം അവശേഷിക്കുന്നില്ല. ആഗോള സമൂഹം നേരിടുന്ന വലിയ ചോദ്യങ്ങളിലൊന്നായി അത് മാറുന്നു.
യുവത്വത്തിന്റെ ധൈര്യം
ഭാവിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മോഹന്‍ ഭാഗവത് പ്രതീക്ഷ വെക്കുന്നത് യുവതലമുറയിലാണ്.
ലോകത്തെ കൂടുതല്‍ മികച്ചതാക്കാനുള്ള ആഗ്രഹം അവര്‍ക്കുണ്ട്. അതിനായി വ്യത്യാസങ്ങള്‍ മറികടക്കാനും അവര്‍ തയ്യാറാണ്. മുതിര്‍ന്ന തലമുറയെക്കാള്‍ കൂടുതല്‍ സത്യസന്ധമായി തങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ പിന്തുടരാനുള്ള ധൈര്യവും അവര്‍ക്കുണ്ട്.
എന്നാല്‍ യുവത്വത്തിന്റെ ഈ ധൈര്യത്തിന് അനുഭവത്തിന്റെ കൈപിടിത്തം ആവശ്യമാണ്.
പ്രായം കൂടുന്തോറും മനുഷ്യന്‍ അനുഭവത്തിലൂടെ ജാഗ്രത പഠിക്കുന്നു. ഒരു തീരുമാനത്തിന്റെ പിന്നില്‍ എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാകാമെന്ന് മുന്‍കൂട്ടി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ചിലപ്പോള്‍ പറയേണ്ടത് പറയാതിരിക്കാനും ചെയ്യേണ്ടത് മാറ്റിവയ്ക്കാനും മുതിര്‍ന്നവര്‍ തയ്യാറാകും.
യുവാക്കള്‍ക്ക് ആ അനുഭവമില്ല. അതുകൊണ്ടുതന്നെ അവര്‍ കൂടുതല്‍ സ്വതന്ത്രരാണ്. ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ മടിക്കില്ല.
ഇവിടെ തലമുറകള്‍ തമ്മിലുള്ള ഒരു മനോഹരമായ സംഭാഷണമാണ് ആവശ്യപ്പെടുന്നത്. മുതിര്‍ന്നവര്‍ അവരുടെ അനുഭവം യുവതലമുറയ്ക്ക് നല്‍കണം. എന്നാല്‍ അനുഭവത്തിന്റെ പേരില്‍ അവരുടെ മേല്‍ സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. വഴി കാണിച്ചുകൊടുക്കാം; പക്ഷേ വഴി നടക്കേണ്ടത് അവര്‍ തന്നെയായിരിക്കണം.
അറിവ് പകര്‍ന്നുനല്‍കുകയും സ്വാതന്ത്ര്യം നിലനിര്‍ത്തുകയും ചെയ്യുക. ഭാവി തലമുറയെ വളര്‍ത്തുന്നതിന്റെ ഈ സന്തുലിതബോധമാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകളില്‍ തെളിഞ്ഞത്.
സേവനം: ഉപകാരമല്ല, സാധന
സംഘചിന്തയിലെ സേവനത്തിന് അദ്ദേഹം നല്‍കുന്ന അര്‍ത്ഥവും ശ്രദ്ധേയമാണ്.
മറ്റൊരാള്‍ക്ക് ഉപകാരം ചെയ്യുകയാണ് സേവനം എന്ന ചിന്തയില്‍ നിന്ന് മാറണം. സ്വന്തം മഹത്വം തെളിയിക്കാനുള്ള അവസരമായും സേവനത്തെ കാണരുത്.
സേവനം ഈശ്വരനോട് കൂടുതല്‍ അടുക്കാനുള്ള അവസരമാണ്.
ഇവിടെ സേവിക്കുന്നവനും സേവനം സ്വീകരിക്കുന്നവനും തമ്മിലുള്ള ബന്ധം തന്നെ മാറുന്നു. ”ഞാന്‍ മറ്റൊരാള്‍ക്ക് നന്മ ചെയ്യുന്നു” എന്ന അഹങ്കാരത്തിന് പകരം, ”എനിക്ക് സേവിക്കാനുള്ള അവസരം നല്‍കിയത് അവരാണ്” എന്ന വിനയം വരുന്നു.
ഈ മനോഭാവം സേവനത്തെ ഒരു സാമൂഹിക പ്രവര്‍ത്തനത്തില്‍നിന്ന് ആത്മീയ അനുഭവമാക്കി മാറ്റുന്നു.
സേവനത്തിന്റെ മഹത്വം അതിന്റെ വലുപ്പത്തിലല്ല; അതിനു പിന്നിലെ മനോഭാവത്തിലാണ്.
ജന്മഭൂമിയും കര്‍മ്മഭൂമിയും
ലണ്ടനിലെ ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാന ആശയവും സര്‍സംഘചാലക് മുന്നോട്ടുവച്ചു.
ബ്രിട്ടനില്‍ താമസിക്കുന്ന ഹിന്ദുക്കളുടെ കര്‍മ്മഭൂമി ബ്രിട്ടനാണ്. അതിനോട് വിശ്വസ്തരായിരിക്കണം. എന്നാല്‍ മൂല്യങ്ങളുടെ ഉറവിടം ജന്മഭൂമിയായ ഭാരതമാണ്. ആ മൂല്യങ്ങളെ മുറുകെപ്പിടിക്കുകയും വേണം.
ഇത് ഒരു ഭൂമിശാസ്ത്രപരമായ വിഭജനം മാത്രമല്ല. സംസ്‌കാരവും ഉത്തരവാദിത്വവും തമ്മിലുള്ള ഒരു സമന്വയമാണ്.
ജന്മഭൂമിയോടുള്ള സാംസ്‌കാരിക ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ കര്‍മഭൂമിയോട് പൂര്‍ണ ഉത്തരവാദിത്വത്തോടെ ജീവിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഭാരതീയ സമൂഹത്തിന്റെ ജീവിതത്തെ നിര്‍വചിക്കാന്‍ കഴിയുന്ന ഒരു സമീപനമാണിത്.
ഭാരതീയത ഒരു അതിര്‍ത്തിക്കുള്ളില്‍ പൂട്ടിവയ്‌ക്കേണ്ട ഒന്നല്ല. അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുമ്പോഴും ജീവിതത്തില്‍ നിലനിര്‍ത്താവുന്ന മൂല്യങ്ങളുടെ സമാഹാരമാണ്.
326 സംഘടനകള്‍, 600 പ്രതിനിധികള്‍
മമത സുബ്രഹ്മണ്യം നയിച്ച സംവാദം ഔപചാരിക പ്രസംഗത്തിനപ്പുറം നേരിട്ടുള്ള ആശയവിനിമയത്തിനുള്ള വേദിയായി മാറി. വിവിധ വിഷയങ്ങളില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മോഹന്‍ ഭാഗവത് മറുപടി നല്‍കി.
യുകെയിലെ 326 സംഘടനകളെ പ്രതിനിധീകരിച്ച് 600 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗങ്ങള്‍, എംപിമാര്‍, മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കൊപ്പം യുകെയിലെ ഭാരത ഹൈക്കമ്മീഷണര്‍ പെരിയസാമി കുമാരന്‍, ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കാര്‍ത്തിക് പാണ്ഡെ തുടങ്ങിയവരും പങ്കെടുത്തു.
അങ്ങനെ നോക്കുമ്പോള്‍ ‘സെലിബ്രേറ്റിങ് വണ്‍നെസ്’ എന്ന പേര് പരിപാടിയുടെ അലങ്കാരം മാത്രമായിരുന്നില്ല. അതിന്റെ ഉള്ളടക്കം തന്നെയായിരുന്നു.
ഒരു നൂറ്റാണ്ടിന്റെ അനുഭവം, ഒരു നൂറ്റാണ്ടിന്റെ സ്വപ്‌നം
ആര്‍എസ്എസ്സിന്റെ നൂറുവര്‍ഷത്തെ യാത്രയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മോഹന്‍ ഭാഗവത് ഓര്‍മിപ്പിച്ചത് കഴിഞ്ഞ കാലത്തെക്കുറിച്ചല്ല. വരാനിരിക്കുന്ന കാലത്തെക്കുറിച്ചാണ്.
വ്യത്യാസങ്ങള്‍ നിലനില്‍ക്കും. തലമുറകള്‍ മാറും. ഭൂമിശാസ്ത്രങ്ങള്‍ മാറും. സമൂഹത്തിന്റെ ആവശ്യങ്ങളും മാറും. എന്നാല്‍ മനുഷ്യനെ മനുഷ്യനുമായി ബന്ധിപ്പിക്കുന്ന ചില മൂല്യങ്ങള്‍ കാലാതീതമാണ്.
ബഹുമാനം, അംഗീകാരം, സേവനം, ഉത്തരവാദിത്വം, ഏകാത്മകത.
ലണ്ടനിലെ ആ സായാഹ്നത്തില്‍ ആഘോഷിക്കപ്പെട്ടത് ഒരു സംഘടനയുടെ ശതാബ്ദി മാത്രമല്ലായിരുന്നു. വ്യത്യസ്തതകളെ ഭയപ്പെടാതെ അവയെ ചേര്‍ത്തുപിടിക്കുന്ന ഒരു ജീവിതദര്‍ശനത്തിന്റെ ആഘോഷം കൂടിയായിരുന്നു.
ഭാരതത്തിന്റെ ഉയര്‍ച്ച മറ്റൊരു ശക്തികേന്ദ്രത്തിന്റെ ഉദയമല്ല; ലോകത്തെ കൂടുതല്‍ ഐക്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കാന്‍ കഴിയുന്ന ഒരു സാംസ്‌കാരിക ശക്തിയുടെ ഉയര്‍ച്ചയാണ്.
ആധിപത്യമല്ല, സേവനം.
ഏകാധിപത്യമല്ല, സഹവര്‍ത്തിത്വം.
ഏകരൂപതയല്ല, വൈവിധ്യത്തിലെ ഐക്യം.
മതപരിവര്‍ത്തനമല്ല, സംവാദം.
ഇതാണ് ‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ ആശയത്തിന്റെ ആധുനിക ആഗോള വായന.
ലോകം മുഴുവന്‍ ഒരു കുടുംബമാണെങ്കില്‍, ആ കുടുംബത്തോട് ഭാരതത്തിന് പറയാനുള്ള സന്ദേശവും അത്ര തന്നെ വിശാലമാണ്.






















