മാതൃഭൂമിയില്‍ (ഓഗസ്റ്റ് 16-22) കണ്ട രണ്ടു കവിതകള്‍ ഒന്ന് ആര്യാംബികയുടെ ”കര്‍ക്കടകത്തിന്‍ പള്ളിക്കൂടത്തില്‍”; മറ്റൊന്ന് ശ്രീകുമാര്‍ മുഖത്തലയുടെ ”ഇരട്ടവാലന്‍” രണ്ടും ചേര്‍ത്തു വായിക്കാന്‍ ചിലതുണ്ട്. സ്റ്റീഫന്‍ സ്‌പെന്‍ഡര്‍ ഒരിക്കല്‍ ഇന്ത്യയില്‍ വന്നപ്പോള്‍ മലയാള കവികളെക്കുറിച്ചന്വേഷിച്ചത്രെ! കൂടെയുണ്ടായിരുന്നവര്‍ ജിശങ്കരക്കുറുപ്പിന്റെ കവിതകള്‍ വായിച്ച് തര്‍ജ്ജമ ചെയ്തു കേള്‍പ്പിച്ചു. അപ്പോള്‍ അദ്ദേഹം ഒട്ടും തൃപ്തനായില്ല. ”ഇതൊക്കെ ഞങ്ങളുടെ നാട്ടിലെ കവികളും എഴുതുന്നതൊക്കെത്തന്നെയല്ലേ, കേരളത്തിന്റെ തനിമ പുലര്‍ത്തുന്ന കവിതകള്‍ വായിക്കൂ” എന്നായിരുന്നത്രേ കവിയുടെ പ്രതികരണം. തുടര്‍ന്നു വൈലോപ്പിള്ളിയേയും പിയേയും കേള്‍പ്പിച്ചപ്പോള്‍ അവ അദ്ദേഹത്തിനു ബോധിച്ചു. കാരണം ആ കവിതകളില്‍ ശക്തമായ കേരളീയതയുണ്ടായിരുന്നു.
കേരളത്തിലെ ഒരു കവിയെഴുതുമ്പോള്‍ അമേരിക്കയില്‍ സാര്‍വ്വത്രികമായി കാണുന്നതും നമ്മുടെ നാട്ടില്‍ കാണാത്തതുമായ പിയോനി (Peony), അസേലിയ (Azalia), മഗ്നോലിയ (Magnolia), മേഫ്‌ളവര്‍ (Mayflower)- തുടങ്ങിയ പുഷ്പങ്ങളെ ബിംബങ്ങളാക്കിയാല്‍ അവ മോരും മുതിരയും പോലെ നമുക്കനുഭവപ്പെടും. എന്നാല്‍ ഒരമേരിക്കക്കാരി ഇന്ത്യന്‍ യുവാവിനെ പ്രണയിക്കുന്നതായോ മറ്റോ ഉള്ള സന്ദര്‍ഭമാണ് വിഷയമെങ്കില്‍ അടിക്കുറിപ്പോടെ ഇവയ്‌ക്കൊക്കെ കടന്നുവരാവുന്നതേയുള്ളൂ. ഇപ്പോള്‍ പുഷ്പങ്ങളും പഴങ്ങളും ലോകത്തല്ലായിടത്തും സാര്‍വ്വത്രികമായിത്തീര്‍ന്നു തുടങ്ങിയിട്ടുണ്ട്. പണ്ടു നമ്മള്‍ കേട്ടിട്ടേയില്ലാതിരുന്ന റമ്പൂട്ടാനും ഡ്രാഗണ്‍ഫ്രൂട്ടും സ്‌ട്രോബറിയും അവക്കാഡോയുമെല്ലാം ഇപ്പോള്‍ നമ്മുടെ നാട്ടില്‍ത്തന്നെ സുലഭമായി കൃഷിചെയ്തു തുടങ്ങിയിരിക്കുന്നു. വൈകാതെ അവയെല്ലാം നമ്മുടെ കഥകളിലും കവിതകളിലുമെത്തും. അപ്പോള്‍ പണ്ടുണ്ടായിരുന്ന പല ഫലങ്ങളും കണ്ണീരോടെ പടിയിറങ്ങിപ്പോകും; പൂക്കളും.
ആര്യാംബികയുടെ ‘കര്‍ക്കടകത്തിന്‍ പള്ളിക്കൂടത്തില്‍’ എന്ന കവിതയില്‍ മേല്‍പ്പറഞ്ഞ പരദേശി പുഷ്പങ്ങളൊന്നുമില്ല. നമ്മുടെ നാട്ടിലെ ദശപുഷ്പങ്ങളില്‍ പത്തിന്റെ പേരും മുറതെറ്റാതെ കവിതയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാലത്ത് ദശപുഷ്പങ്ങളെക്കുറിച്ചൊന്നുമാര്‍ക്കുമറിയില്ല. ഒരു കവിതയിലൂടെ അവയുടെ പേരുകളെങ്കിലും ഓര്‍മ്മിപ്പിച്ചല്ലോ, നന്നായി. പക്ഷേ ദശപുഷ്പങ്ങളുടെ പേരു പറഞ്ഞാല്‍ മാത്രം കവിതയാകില്ല. ഇനി ശ്രീകുമാര്‍ മുഖത്തലയുടെ ‘ഇരട്ടവാലന്‍’ എന്ന കവിതയിലേയ്ക്കു വരാം. ആര്യാംബിക സസ്യങ്ങളെ പരിചയപ്പെടുത്തുകവഴി നമ്മുടെ പരിസരത്തെ ഓര്‍മ്മിപ്പിച്ചുവെങ്കില്‍ മുഖത്തല സ്വയം ഒരു ഇരട്ടവാലിയായി പ്രഖ്യാപിച്ച് അതിലൂടെ സ്വന്തം വ്യക്തിത്വം അറിയിക്കാന്‍ ശ്രമിക്കുന്നു. ആര്യാംബികയുടെ നേരെഴുത്തിനെ ഏറിയാല്‍ വിജ്ഞാനപ്രദം (informative) എന്നു വിളിക്കാമെന്നല്ലാതെ കവിതയെന്നു പറയാന്‍വയ്യ. വൃത്തബദ്ധമല്ലെങ്കിലും മുഖത്തലയുടേത് കവിതതന്നെ. ”ഞാന്‍ പടച്ചതല്ല ഭൂമി കവിതകളും നോവും ഞാനറിയാതെന്റെയുള്ളിലാരുവച്ചിതെല്ലാം” എന്ന അമ്പരപ്പോടെ പ്രകൃതിയെ നോക്കാന്‍ ഒരു യഥാര്‍ത്ഥ കവിയ്‌ക്കേ കഴിയൂ ”കാലമെത്ര കവിതയിലെ കറ തിരയാനായി വാല്‍ മുറിഞ്ഞിരട്ടയായ ഞാനുണര്‍ന്നിരിപ്പൂ” എന്ന കുറ്റസമ്മതവും കവിക്കുമാത്രം സാധ്യമാകുന്നതാണ്. എല്ലാവരികളും ഉദ്ധരിക്കാനുതകുന്നവ തന്നെ.
മലയാളം വാരികയില്‍ (ആഗസ്റ്റ് 10) സെബാസ്റ്റ്യന്‍ പോള്‍ ടൊവിനോ തോമസിന്റെ ലൂസിഫറിലെ കടന്നുവരവിനോടുപമിച്ചും ബൈബിള്‍ കഥാപാത്രങ്ങളുടെ പേരുകള്‍ പ്രയോജപ്പെടുത്തിയും അഭിജിത് ദീപ്‌കെ എന്ന പാറ്റാ സമരക്കാരനെ പുകഴ്ത്തി പ്രഥമദൃഷ്ട്യാ എന്ന പംക്തിയില്‍ ഉറഞ്ഞുതുള്ളുന്നത് എഫ്‌സിആര്‍എ എന്ന പേരിലൊരു ബില്‍ പാസ്സായേക്കുമെന്നതിന്റെ പേരില്‍ ക്രിസ്ത്യന്‍ സഭകള്‍ക്കുള്ള ഉല്‍ക്കണ്ഠ ഏറ്റെടുത്തുകൊണ്ടാണ്. ഇന്ത്യയില്‍ പഠിക്കാത്ത ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഇവിടത്തെ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടില്‍ എന്നാണിത്ര താല്പര്യം? അഴിമതിക്കാര്‍ക്കും മതപരിവര്‍ത്തനക്കാര്‍ക്കും രാജ്യദ്രോഹികള്‍ക്കും ഇപ്പോഴത്തെ കേന്ദ്രഭരണത്തെ രുചിക്കാതായിട്ട് കുറെക്കാലമായി. ഇന്ത്യ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതില്‍ സെബാസ്റ്റ്യന്‍ പോളുമാര്‍ക്ക് തീരെ താല്പര്യമില്ല. രാജ്യവിരുദ്ധ മാധ്യമക്കാര്‍ക്കെല്ലാം ദാരിദ്ര്യ ചെളിക്കുണ്ടായ ഒരിന്ത്യയാണാവശ്യം. ദാരിദ്ര്യം കുറഞ്ഞുവരുന്നതില്‍ അവരാകെ അസ്വസ്ഥരാണ്. ഇന്ത്യയെ എങ്ങനെയെങ്കിലും പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചു കൊണ്ടുപോകാന്‍ അവര്‍ താല്പര്യപ്പെടുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസപദ്ധതിയില്‍ നിന്ന് ബോധപൂര്‍വ്വം പാശ്ചാത്യതാല്പര്യ സംരക്ഷണത്തിനായി സ്വാതന്ത്ര്യസമരത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും പാഠങ്ങള്‍ മാറ്റുകയും പകരം ദളിത് പഠനങ്ങളും സബാള്‍ടേണ്‍ ഹിസ്റ്ററിയുമൊക്കെ ഉള്‍പ്പെടുത്തുകയും ചെയ്തതിന്റെ അനന്തരഫലമാണ് ഇന്നത്തെ പാറ്റാ തലമുറ. അവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു വേണ്ടി ചിന്തിയ ചോരയുടെ കഥ ഇന്നത്തെ കുട്ടികള്‍ക്കറിയില്ല. എത്രമാത്രം മഹത്തായ ഒരു സംസ്‌കാരത്തിന്റെ ഉടമകളാണ് തങ്ങളെന്നും അവര്‍ക്കറിയില്ല. പലവിധ സ്രോതസ്സുകളില്‍ നിന്നും പണം കൈപ്പറ്റിക്കൊണ്ട് സെലിബ്രിറ്റികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ നടത്തുന്ന രാജ്യദ്രോഹപ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനുള്ള വിവേകവും ശരിയായ ചരിത്രം പഠിക്കാത്ത ഇന്നത്തെ കുട്ടികള്‍ക്കില്ല. പുതുതലമുറയെ വഴിതെറ്റിക്കുന്ന സെബാസ്റ്റ്യന്‍ പോളിനെപ്പോലുള്ള വരെ തിരിച്ചറിയാന്‍ രാജ്യസ്‌നേഹത്തിന്റെ പാഠങ്ങള്‍ കൊണ്ട് കുട്ടികളെ ആയുധമണിയിക്കേണ്ടിയിരിക്കുന്നു.
മലയാളത്തില്‍ സുധീഷ് കോട്ടേമ്പ്രാ എഴുതിയിരിക്കുന്ന കഥ ‘മുനീശ്വരവിലാസം’ വായിച്ചപ്പോള്‍ സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിച്ച പ്രശസ്ത ചലച്ചിത്രം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും പ്രശസ്ത അമേരിക്കന്‍ സയന്‍സ്ഫിക്ഷന്‍ എഴുത്തുകാരനായ Isaac Asimov ന്റെ Robot Dreams പോലുള്ള കഥകളും ഓര്‍മവരുന്നു. രജനീകാന്തിന്റെ സിനിമ യന്തിരനും ഇതൊക്കെ തന്നെ പറയുന്നു. പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സൊക്കെ ലോകം കീഴടക്കാന്‍ തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് ഇനി കഥകളോ സാഹിത്യമോ കലയോ ഒക്കെ ഉണ്ടാവുമോ എന്തോ? അസിമോവിന്റെ കഥയിലും രജനീകാന്തിന്റെ സിനിമയിലും യന്ത്രമനുഷ്യന്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നീങ്ങാന്‍ തുടങ്ങുമ്പോള്‍ അതിനെ സൃഷ്ടിച്ച മനുഷ്യന്‍തന്നെ അതിനെ നശിപ്പിക്കുന്നതാണ് കാണുന്നത്. എന്നാല്‍ മനുഷ്യനും പ്രകൃതിയിലെ സഹജമായ ഊഷ്മളതയ്ക്കും പകരം നില്‍ക്കാന്‍ യന്ത്രമനുഷ്യന്മാര്‍ക്കോ എ.ഐക്കോ ഒന്നും കഴിയില്ല എന്ന സന്ദേശമാണ് മുനീശ്വരവിലാസം നല്‍കുന്നത്. ഈ സന്ദേശം നമുക്ക് ശുഭാപ്തിവിശ്വാസം നല്‍കുന്നു. മനുഷ്യന്റെ അടിസ്ഥാന ചോദനകളെ വരെ തൃപ്തിപ്പെടുത്താന്‍ ഇത്തരം കൃത്രിമ നിര്‍മ്മിതികള്‍ക്കു കഴിഞ്ഞാല്‍ പിന്നെ മനുഷ്യന്‍ തന്നെ അപ്രസക്തനാവില്ലേ? അങ്ങനെയുണ്ടാവാതിരിക്കട്ടേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.
സുധീഷ് കോട്ടേമ്പ്രത്തിന്റെ കഥയില്‍ തോബിയാസ് എന്ന വൃദ്ധനും എഴുത്തുകാരനുമായ രോഗിക്ക് തന്റെ രചന പൂര്‍ത്തിയാക്കാനും മറ്റു ജീവിതകാര്യങ്ങളില്‍ സഹായിക്കാനുമായി ഒരു മോഡം പ്രസാധകര്‍ നല്‍കിയത്രേ! അതു അയാള്‍ പറയുന്നതൊക്കെ രേഖപ്പെടുത്തുകയും വേണമെങ്കില്‍ ആ രചനയെ മോടിപിടിപ്പിക്കുകയും ചെയ്യും. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെപ്പോലെ തന്നെ കൃത്യമായ വിവരങ്ങള്‍ സമയാസമയങ്ങളില്‍ ഐരാവതം എന്നു പേരുള്ള മോഡവും നല്‍കുന്നു (ഡിജിറ്റല്‍ നിരക്ഷരനായ എന്നെപ്പോലുള്ളവര്‍ക്ക് ഈ മോഡത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചൊന്നും കൃത്യമായ ഒരറിവും ഇല്ല) അന്തരീക്ഷത്തിന്റെ ഊഷ്മാവ്, പ്രാതല്‍ കഴിക്കേണ്ട സമയം, പ്രാതലിന്റെ ചൂട്, അതിലെ ഉപ്പിന്റെ അളവ് ഇവയൊക്കെ മോഡം തോബിയാസിനെ അറിയിക്കുന്നു. അതൊക്കെ മോഡം ചെയ്യുമോ എന്ന് അറിയില്ല. കഥാകൃത്ത് അങ്ങനെയൊക്കെ പറയുന്നു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബോട്ടും അതൊക്കെ ചെയ്യുന്നുണ്ട്.
ഭക്ഷണംകൊണ്ടുവരുന്ന പരിചാരകനു നല്‍കിയിരിക്കുന്ന പേര് നൊബേല്‍ സമ്മാനം നേടിയ പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ ജോസ് സരമാഗുവിന്റെ പേരാണ്. സരമാഗു എന്നൊരു പേര് ഒരു മലയാളിക്ക് ഉണ്ടാകാനിടയില്ലല്ലോ. കഥയില്‍ ചോദ്യമില്ല. കഥാകൃത്തിന്റെ സ്വാതന്ത്ര്യത്തിലിടപെടുന്നത് ശരിയല്ല. അങ്ങനെയും പേരാകാം. പക്ഷേ കഥയുടെ സാരാംശം ഇതൊന്നുമല്ല. മുനീശ്വരന്‍ എന്ന പൂച്ചയുടെ വാലുകൊണ്ടുള്ള സ്പര്‍ശത്തെപ്പോലും ആസ്വദിക്കുന്ന തോബിയാസിന്റെ മനോനിലയാണ് പ്രധാനം. കൃതിമമായി മനുഷ്യബുദ്ധി സൃഷ്ടിച്ചെടുക്കുന്നതൊന്നും പ്രകൃതിയിലെ സ്വാഭാവികമായ സൃഷ്ടികള്‍ക്കു ബദലാവുന്നില്ല എന്നതാണ് കഥയുടെ സന്ദേശം. അതുപറയാന്‍ കുറെ വളച്ചുകെട്ടലുകളൊക്കെ കഥാകൃത്ത് നടത്തിയെന്നതിലേ പരാതിയുള്ളു. കഥയുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത ലത്തീന്‍ കത്തോലിക്കരുടെ ”ആവേ മാരീസ് സ്റ്റെല്ല ദേയിമാത്തര്‍ അല്‍മ ഉപ്പുകടലിന്‍തായേ നീലക്കുരിശിന്‍ ദൈവേ….” എന്ന ക്രിസ്തീയഗാനമൊക്കെ എന്തിന് കഥയില്‍ ഉള്‍പ്പെടുത്തിയോ എന്തോ? അതൊക്കെയാണല്ലോ കേരളത്തിലെ ഇപ്പോഴത്തെ രീതി; ‘മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോകുന്ന’താണ് കേരളത്തിലിപ്പോള്‍ കാണുന്നത്. ഇസ്ലാംമതഭീകര ശക്തികളെ ഭയന്ന് ദേശീയ സംഘടനകളുടെ തോളില്‍ കൈയിടുന്നവര്‍ സൂക്ഷ്മമായ ഇടപെടലുകളിലൂടെ തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് ആരും ശ്രദ്ധിക്കുന്നില്ല. സിനിമ, സാഹിത്യം എന്നിവയിലെല്ലാം അവര്‍ തങ്ങളുടെ മതബിംബങ്ങള്‍ കുത്തിനിറച്ചും വ്യാപകമായ മതപരിവര്‍ത്തനം നടത്തിയും അരങ്ങു വാഴുന്നത് ആരും തിരിച്ചറിയുന്നില്ല. ആ സംസ്‌കാരപരിവര്‍ത്തനത്തിന്റെ അബോധസ്വാധീനത്തില്‍പ്പെട്ടാണ് സുധീഷ് കോട്ടേമ്പ്രവും തന്റെ കഥയില്‍ ഈ ലത്തീന്‍ പാട്ട് കുത്തിക്കയറ്റിയിരിക്കുന്നത്. ഇനിയുള്ള കാലത്ത് ശക്തമായ സാംസ്‌കാരിക പ്രതിരോധം തീര്‍ക്കാത്തപക്ഷം ഇത്തരം സൃഷ്ടികള്‍ മാത്രമായി മാറുന്നതാവും ഫലം.
സാധാരണ വായിക്കുന്ന കൃതികളൊക്കെ മനസ്സില്‍ വര്‍ഷങ്ങളോളം പച്ചപിടിച്ചു നില്‍ക്കാറുണ്ട്. എന്നാല്‍ വായിച്ചു കഴിയുമ്പോള്‍ത്തന്നെ മറന്നുപോകുന്ന ചില കൃതികളുണ്ട്. അത്തരത്തിലൊന്നാണ് സി.വി. ബാലകൃഷ്ണന്റെ ‘ആയുസ്സിന്റെ പുസ്തകം’. കാര്യമായ ഒരു കഴമ്പും ഇല്ലാത്ത വളരെ നിലവാരം കുറഞ്ഞ ഒരു കൃതിയായാണ് അതു വായിച്ചപ്പോള്‍ തോന്നിയത്. പോസ്റ്റ് മോഡേണ്‍ എന്നൊക്കെ പേരിട്ടു വിളിച്ച് വലിയ സ്വീകാര്യതയുണ്ടാക്കാന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും അത്തരത്തില്‍ എന്തെങ്കിലും മേന്മ അവകാശപ്പെടാന്‍ ആ കൃതിയ്ക്ക് അര്‍ഹതയുള്ളതായി എന്നിലെ വായനക്കാരനു തോന്നുന്നതേയില്ല. 1984ലാണ് ആയുസ്സിന്റെ പുസ്തകം പുറത്തുവന്നതെന്നു തോന്നുന്നു. എന്നാല്‍ അതിനുശേഷം 1993ല്‍ പുറത്തിറങ്ങിയ ടി.വി. കൊച്ചുബാവയുടെ ‘വൃദ്ധ സദനം’ എന്നെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്തു. ജാപ്പനീസ് എഴുത്തുകാരനായ യാസുനാരി കവാബത്തയുടെ ഉറങ്ങുന്ന സുന്ദരികള്‍ അഥവാ സഹശയനം എന്ന കൃതിയുമായി ചെറിയ ചില സാദൃശ്യങ്ങളുണ്ടെങ്കിലും വൃദ്ധസദനം മഹത്തായ ഒരാധുനിക നോവല്‍ തന്നെയാണ്.
ഭാഷാപോഷിണിയില്‍ (ആഗസ്റ്റ്) ജയന്‍ ശിവപുരം, സി.വി. ബാലകൃഷ്ണനുമായി നടത്തുന്ന അഭിമുഖം; എഴുത്ത് എന്ന ദിവ്യബലി വായിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ആയുസ്സിന്റെ പുസ്തകത്തിന്റെ വായനാനുഭവം ഓര്‍മവന്നത്. ആദ്യപുസ്തകം തന്നെ മടുപ്പുണ്ടാക്കിയതുകാരണം അദ്ദേഹത്തിന്റെ മറ്റു കൃതികളോട് വലിയ താല്പര്യം തോന്നിയതേയില്ല. കൈയില്‍ കിട്ടിയാലും വായിക്കാന്‍ ഒരു മടി തോന്നിയിരുന്നു. ‘മക്കള്‍’ എന്ന പേരില്‍ ഒരു കഥ വായിച്ചതുമാത്രം മനസ്സിലുണ്ട്. ആ കഥ ഒരുവിധം ആസ്വാദ്യമായ ഒന്നായിരുന്നു. എങ്കിലും വായിച്ചപ്പോള്‍ മാധവിക്കുട്ടിയുടെ സ്വാധീനമുള്ളതുപോലെ തോന്നിയിരുന്നു. പക്ഷേ അഭിമുഖത്തിലെ പല നിലപാടുകളും യോജിക്കാവുന്നവയായിത്തോന്നി. ഓ.വി. വിജയനെക്കുറിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ നോവലുകളെക്കാള്‍ ശ്രദ്ധേയം ലേഖനങ്ങളാണെന്ന അഭിപ്രായത്തോട് നൂറുശതമാനം യോജിപ്പുതോന്നി. വിജയന്റെ കാര്‍ട്ടൂണുകളും ലേഖനങ്ങളുമാണ് എന്നെയും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. നോവലുകളോടും കഥകളോടും എനിക്കും വലിയ താല്പര്യം തോന്നിയിട്ടില്ല. വിജയന്റെ ഖസാക്കിനേക്കാള്‍ മുകുന്ദന്റെ മയ്യഴി എന്നെ സ്വാധീനിച്ചിട്ടുണ്ട്. പൊറ്റെക്കാടും ഉറൂബുമെല്ലാം വിജയനുമുകളിലാണെന്ന് എനിക്കുതോന്നിയിട്ടുണ്ട്. എന്റെ ഏറ്റവും പ്രിയങ്കരനായ നോവലിസ്റ്റ് എസ്.കെ. പൊറ്റെക്കാടു തന്നെ.
പട്ടത്തുവിള കരുണാകരനും എന്റെ പ്രിയ കാഥികനാണ്. അക്കാര്യം സി.വി. ബാലകൃഷ്ണനും പറയുന്നുണ്ട്. മലയാളത്തില്‍ മറ്റെഴുത്തുകാരാരും പട്ടത്തുവിളയുടെ കഥകളെ പരാമര്‍ശിക്കുന്നതു കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വായനാനുഭവങ്ങള്‍ പലതും വ്യക്തിപരമായി എനിക്കു യോജിക്കാവുന്നവയാണ്. ഇത്രയും മെച്ചപ്പെട്ട നിലപാടുകള്‍ ഉള്ള ഒരെഴുത്തുകാരന്‍ തീര്‍ച്ചയായും മെച്ചപ്പെട്ട രചനകളും നടത്തിയിട്ടുണ്ടാവും. ആദ്യകൃതിയുണ്ടാക്കിയ മടുപ്പിന്റെ പേരില്‍ പ്രശസ്തനായ ഈ കാഥികനെ വായനയില്‍ നിന്നൊഴിവാക്കിയതില്‍ കുറ്റബോധം തോന്നുന്നു.
ഭാഷാപോഷിണിയില്‍ വിജയലക്ഷ്മിയുടെ ‘മീനം’ എന്നൊരു കവിതയുണ്ട്. കവിയുടെ ലക്ഷ്യങ്ങളൊന്നും വായനയിലൂടെ എനിക്കു വെളിവായിക്കിട്ടിയില്ല. ”നീച ജീവിതന്‍ തുള്ളിപ്പാലല്ല തയിര്‍ നെയ്യും പാടില്ല നാട്ടില്‍ പായിച്ചാട്ടണം ഏട്ടില്‍പോലും ചാണകം വാരിക്കോരിയുണക്കിക്കത്തിക്കുന്നോരാ വടക്കന്മാര്‍ക്കാവാം പൃഷ്ടവന്ദനം നമ്മള്‍” ഈ വരികളെ വിശ്വസിക്കാനാവുന്നില്ല. ഉത്തരേന്ത്യക്കാരുടെ ഗോമാതാവെന്ന സങ്കല്പത്തോടു കവിയ്ക്ക് ആദരവോ? തുടര്‍ന്നുള്ള വരികളിലും അങ്ങനെയൊന്നല്ലേ കവി ഉദ്ദേശിക്കുന്നത് എന്നു തോന്നിപ്പോകുന്നു. ഒന്നും വ്യക്തമല്ല. എങ്കിലും ചുള്ളിക്കാടില്‍ കാണുന്നതുപോലെ ഒരു മനഃപരിവര്‍ത്തനം ഇക്കവിയിലും സംഭവിക്കുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇനിയുള്ള രചനകളില്‍ അതു വ്യക്തമായേക്കും.





















