പെനിലോപ് ഷട്ടില്‍ (Penelope Shuttle) ഇപ്പോഴും ജീവിച്ചിരിക്കുന്ന 79 കാരിയായ ഒരു ബ്രിട്ടീഷ് കവിയാണ്. ബ്രിട്ടനിലെ മിഡില്‍സെക്‌സില്‍ ജനിച്ച ഇവര്‍ കവിത മാത്രമല്ല നോവലുകളും ലേഖനങ്ങളുമൊക്കെ പ്രസിദ്ധം ചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ കവിയുടെ സ്വന്തം ശബ്ദത്തില്‍ ചൊല്ലിയ ചില കവിതകള്‍ കേള്‍ക്കാന്‍ കഴിയും. അതിലൊന്നാണ് ‘Thief’. കവിതയുടെ ആമുഖമായി പെനിലോപ് പറയുന്നത് കള്ളന്‍ എന്നു വിളിക്കുന്നത് ഡിപ്രഷനെ ആണെന്നാണ്. പൊതുവെ കവികളെല്ലാം കടുത്ത വിഷാദരോഗം കൊണ്ടു പൊറുതിമുട്ടുന്നവരാണ്. ആ പൊറുതികേടില്‍ നിന്നാണ് ‘കള്ളന്‍’ എഴുതിയിരിക്കുന്നത്. ”He will steal it, whatever you posses whatever you value, what bears your name everything you call ‘mine’. He will steal”. എല്ലാം നമ്മളില്‍ നിന്നു കവര്‍ന്നുകൊണ്ടുപോകുന്ന കള്ളനാണ് ഡിപ്രഷന്‍ എന്ന കവിയുടെ നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ഡിപ്രഷന്‍ അനുഭവിച്ചിട്ടുള്ളവര്‍ക്കൊക്കെ അറിയാം. ഈ കവിയുടെ കവിതകളില്‍ പലതും ആസ്വാദ്യങ്ങളാണ്. Father Lear The Hell Bender, The knife knows How അവയില്‍ ചിലതാണ്.
‘In the Kitchen’ എന്ന പെനിലോപിന്റെ കവിത വായിച്ചപ്പോള്‍ മാധ്യമം വാരികയില്‍ ബിശാറ മുജീബിന്റെ ‘കിച്ചണ്‍ ട്രഷേഴ്‌സ്’ എന്ന കവിതയോടു ചേര്‍ത്തു വയ്ക്കാന്‍ തോന്നി. സമ്പന്ന രാജ്യമായ ബ്രിട്ടണിലെ സ്ത്രീകള്‍ അടുക്കളയുടെ ഇരുളില്‍ തളച്ചിടപ്പെടുന്നവരല്ല എന്നാണ് നമ്മള്‍ പൊതുവെ കരുതുന്നത്. എന്നാല്‍ പെന്‍ലോപിന്റെ ഈ കവിതയും ജീന്‍ മേരി ബ്യൂമോണ്ടിന്റെ ‘When I am in the Kitchen’ എന്ന കവിതയും വായിച്ചു കഴിഞ്ഞപ്പോള്‍ ലോകത്തെല്ലായിടത്തും സ്ത്രീകള്‍ ഒരേ ഏകാന്തതയാണ് അടുക്കളയുടെ ചുമരുകള്‍ക്കുള്ളില്‍ അനുഭവിക്കുന്നതെന്ന് മനസ്സിലായി. ”A jug of water has its lustrous turmoil the ironing board thanks god for its two good strong legs and sturdy back The new fridge hums like a maniac with helpfulness I am trying to love the world back to normal The chair recites its stand – alone prayer again and again.” ഇതാണ് ഇംഗ്ലീഷ് കവിയുടെ അവസ്ഥ. ബിശാറ മുജീബിന്റെ കവിത ആരംഭിക്കുന്നതു തന്നെ ”കൂട്ടിനാരുമില്ലാതാവുമ്പോള്‍ അടുക്കളയില്‍ കയറണം” എന്ന വരിയോടു കൂടിയാണ്. രണ്ടുപേരും അനുഭവിക്കുന്നത് ഒരേ ഏകാന്തതാ ദുഃഖം തന്നെ.
”വെളുത്ത മധുരം കരിഞ്ചായയില്‍ അലിഞ്ഞില്ലാതാവുന്നതു പോലെ ഉള്ളില്‍ പുകയുന്ന വേപഥു ആളിക്കത്താതെ കാക്കുന്നത് ഉള്ളിനീരുകഴുകിത്തുടച്ച കണ്ണുകളാവാം” എന്നും ”അകാല ചരമങ്ങള്‍ അസ്വസ്ഥപ്പെടുത്തുമ്പോള്‍ വറ്റല്‍മുളക് കുരുകളഞ്ഞു പൊടിച്ചത് ഒരു സ്പൂണ്‍ അധികം ചേര്‍ത്തു കറിയുണ്ടാക്കി നോക്കണം” എന്നും എഴുതുമ്പോള്‍ ബിശാറയെപ്പോലുള്ള സ്ത്രീജന്മങ്ങളുടെ നിസ്സഹായത നമുക്കു മനസ്സിലാക്കാനാവും. എല്ലാവിധ സ്വാതന്ത്ര്യങ്ങളും സ്ത്രീകള്‍ക്കു അനുവദിച്ചു കിട്ടുന്ന ജനാധിപത്യരാജ്യമായ ഇന്ത്യയിലായിരുന്നിട്ടും അടുക്കളയില്‍ ശരണം പ്രാപിക്കാനാണ് ഇത്തരക്കാര്‍ക്കു പറ്റുന്നത്. ഇറാനിലോ അഫ്ഗാനിസ്ഥാനിലോ എന്തിന് ബംഗ്ലാദേശിലോ ആയിരുന്നു എങ്കില്‍ ഒരു കവിതയിലൂടെയെങ്കിലും ഇവര്‍ക്ക് സ്വന്തം വേദനകള്‍ ശമിപ്പിക്കാനാവുമോ? തസ്‌ലീമ നസ്രീന് എഴുതാന്‍ വേണ്ടി ഇന്ത്യയിലും മോണിക്ക അലിക്ക് ബ്രിട്ടനിലും മാറിത്താമസിക്കേണ്ടി വന്നത് നമ്മുടെ തൊട്ടയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്നാണ്.
മുന്‍പേ പോയവരില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കുക എന്നത് മെച്ചപ്പെട്ട എഴുത്തിന്റെ ലക്ഷണമാണ്. ആറ്റൂരിന്റെ സംക്രമണം എന്ന കവിതയില്‍ നിന്നും എംടിയില്‍ നിന്നും വിജയനില്‍ നിന്നുമൊക്കെ ഊര്‍ജ്ജം കണ്ടെത്താനുളള കവിയുടെ ശ്രമം നല്ലതുതന്നെ. നൈജാമലിയും അപ്പുക്കിളിയും ഏകാധ്യാപക വിദ്യാലയവും ശിവരാമന്‍ നായരുടെ ഞാറ്റുപുരയുമൊക്കെ എത്രയോ പറഞ്ഞും എഴുതിയും പഴകിയിരിക്കുന്നു. എസ്.കെ. പൊറ്റെക്കാടിന്റെ ദേശത്തിന്റെ കഥയിലേയ്ക്കും ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരിലേയ്ക്കുമൊക്കെ സഞ്ചരിക്കട്ടെ കവിതയും കഥയുമെല്ലാം. സിവി തന്റെ നോവലിലെ ഓരോ അധ്യായത്തിനും തലക്കുറിയായി കുഞ്ചന്‍ നമ്പ്യാരുടേയും ഉണ്ണായി വാര്യരുടേയും എഴുത്തച്ഛന്റേയും കോട്ടയത്തു തമ്പുരാന്റേയുമൊക്കെ വരികള്‍ ഉപയോഗിച്ചിരിക്കുന്നു. അത് നമ്മുടെ ഭാഷയോടും സാഹിത്യത്തോടുമുള്ള ഉത്തരവാദിത്തമാണ്. ഖസാക്കുമാത്രമാണ് ചര്‍ച്ചയ്ക്കു വിധേയമാകുന്നത്. തകഴിയുടെ കയറും ഒരു ദേശത്തിന്റെ കഥയുമൊക്കെ സാഹിത്യത്തിന്റെ നെറുകയിലെത്തിയാലേ നമ്മുടെ രചനാലോകം സുരഭിലമാകൂ! ഒരു ദേശത്തിന്റെ കഥ തീര്‍ച്ചയായും ഒരു ഇതിഹാസനോവലാണ്. അത് മലയാളികള്‍ക്കു മനസ്സിലായില്ലെങ്കിലും ഉത്തരേന്ത്യക്കാര്‍ക്കു മനസ്സിലായി. അതുകൊണ്ടായിരിക്കും അവര്‍ അദ്ദേഹത്തെ ജ്ഞാനപീഠം നല്‍കി ആദരിച്ചത്. തകഴിക്കും എസ്.കെയ്ക്കും ഇന്ത്യന്‍ ഭാഷകളിലെല്ലാം തര്‍ജ്ജമയും വായനക്കാരുമുണ്ട്. എന്നാല്‍ ഓ.വി വിജയനോ ബഷീറിനോ മലയാളത്തിനപ്പുറം വായനക്കാരെ സമ്പാദിക്കാനായിട്ടില്ല. ”എന്റെ അടുക്കളയില്‍ നിന്ന് ഒറ്റയ്ക്കാണെങ്കിലും നിധി കുഴിച്ചെടുത്തുകൊണ്ടിരിക്കുകയാണിപ്പോള്‍” എന്നു പറഞ്ഞാണ് ബിശാറ തന്റെ കവിത അവസാനിപ്പിക്കുന്നത്. എത്രമാത്രം നിസ്സഹായയാണ് താനുള്‍പ്പെടുന്ന പെണ്‍കൂട്ടമെന്ന് കവി വ്യക്തമാക്കുകയാണിവിടെ. ആ ഏകാന്തതയോട് നമുക്ക് സഹതപിക്കാം. അതില്‍ നിന്ന് രക്ഷപ്പെടുന്ന ഒരു കാലം ഉണ്ടാവുമെന്ന് പ്രത്യാശിക്കാം. കവിയ്ക്ക് അഭിനന്ദനങ്ങള്‍.
ക്രിസ്ത്യന്‍ മിഷനറീസ് അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ തദ്ദേശീയര്‍ക്കെതിരെ നടത്തിയ ക്രൂരതകള്‍ വര്‍ണ്ണനാതീതമാണ്. ഈ വിഷയത്തില്‍ ധാരാളം പുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. The great Evil: Christianity, the Bible and the Native American Genocides എന്ന Chris Mato Numpa യുടെ കൃതി അതിലൊന്നാണ്. കൂടാതെ Medicine River: A Story of Survival and the Legacy of Indian Boarding Schools – by Mary Annette Pember; Kill the Indian, save the man: The Genocidal Impact of American Indian Residential Schools – By ward Churchil, The Gods of Indian country: Religion and the Struggle for the American west – by Jennifer Graber എന്നിവ അവയില്‍ ചിലതാണ്. ഇനിയും ധാരാളം കൃതികള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. തണുപ്പില്‍ നിന്നു രക്ഷിക്കാന്‍ കമ്പിളി വസ്ത്രങ്ങള്‍ നല്‍കാന്‍ എന്ന വ്യാജേന വസൂരി ബാധിച്ചു മരിച്ചയാളിന്റെ ചലവും അണുക്കളും നിറഞ്ഞ കമ്പിളി എറിഞ്ഞു കൊടുത്ത് കൂട്ടത്തോടെ വസൂരികൊണ്ട് തദ്ദേശീയരെ ഉന്മൂലനം ചെയ്യാന്‍ തുനിഞ്ഞ കഥ വളരെ പ്രസിദ്ധമായതിനാല്‍ മുന്‍പു തന്നെ കേട്ടിട്ടുള്ളതാണ്. ഏറ്റവും ഭീകരമായ ഒന്ന് ഡീകള്‍ച്ചറൈസ് ചെയ്യാനെന്ന പേരില്‍ റെഡ് ഇന്ത്യന്‍ കുട്ടികളെ കൂട്ടത്തോടെ ബലം പ്രയോഗിച്ച് പാതിരിമാര്‍ നടത്തുന്ന റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് പറിച്ചു നട്ടതാണ്. നിലവിളിക്കുന്ന അമ്മമാരെ നിഷ്‌ക്കരുണം തല്ലിച്ചതച്ചാണ് കുട്ടികളെ വേര്‍പെടുത്തിയത്. അങ്ങനെ സ്ഥാപിച്ച റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് ഒരുവിധ സൗകര്യങ്ങളുമുണ്ടായിരുന്നില്ല. കുട്ടികള്‍ രോഗങ്ങള്‍ ബാധിച്ച് കൂട്ടമരണങ്ങള്‍ക്ക് കീഴടങ്ങുകയായിരുന്നു. അത്തരം കുട്ടികളെ അവരുടെ മാതാപിതാക്കളുടെ അനുവാദം പോലും വാങ്ങാതെ കൂട്ടക്കല്ലറകളില്‍ അടക്കുകയായിരുന്നു പതിവ്. Chris Mato Nimpa യുടെ The Great Evil: Christianity, The Bible and the Native American Genocides എന്ന കൃതിയില്‍ Genocidal Commands of the Old Testament God എന്ന അധ്യായത്തില്‍ ”The lord is a man of war: the LORDD is name (Exodus 153 NKJV) The Lord the warrior – Lord is his name (Torah) The main purpose of the chapter is to give the reader a flavour of the brutality and horror of the genocidal commands of Yehweh, the old Testament God. Thus we will look at a number of old Testament commands from the new king James version. We will also look at the same verse from the Torah and Tanakh. Occasionally we will look at the same verse from the New American Bible, A Catholic Translation.)”
ഇങ്ങനെ ബൈബിള്‍ തന്നെ ഈ വംശഹത്യകളെ ന്യായീകരിക്കുന്നുണ്ടെന്നാണ് രചയിതാവിന്റെ അഭിപ്രായം. സൗത്ത് വെസ്റ്റ് മിനസോട്ട സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ അസോസിയേറ്റ് പ്രൊഫസറാണ് ക്രിസ് മാറ്റോനുമ്പ. ഈശ്വരന്‍ പടയാളിയാണെന്ന് സ്ഥാപിക്കുന്ന ദൈവശാസ്ത്രത്തോട് യഥാര്‍ത്ഥ ആത്മീയവാദികള്‍ക്ക് എങ്ങനെ യോജിക്കാനാവും.
മലയാളം (ആഗസ്റ്റ് 10) വാരികയില്‍ കുഞ്ഞൂസ് എഴുതിയിരിക്കുന്ന ലേഖനം ‘ഒരു ജനതയുടെ ദുഃസ്വപ്‌നം’, കാനഡയില്‍ റെഡ് ഇന്ത്യന്‍ കുട്ടികളോട് ക്രിസ്ത്യന്‍മിഷനറി സ്‌കൂളധികൃതര്‍ നടത്തിയിരുന്ന കൊടും ക്രൂരതകള്‍ വിവരിക്കുന്നു. പ്രാദേശികഭാഷകള്‍ സംസാരിച്ചതിനുപോലും കുട്ടികള്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കു വിധേയരായിരുന്നത്രേ! ആയിരക്കണക്കിനു കുട്ടികള്‍ പോഷകാഹാരവും മരുന്നും ലഭിക്കാതെ മരിച്ചുപോയി! കൂട്ടക്കല്ലറകളില്‍ അവരുടെ പേരു പോലും രേഖപ്പെടുത്താതെ വീട്ടുകാരെ മരണവിവരം പോലും അറിയിക്കാതെ കുഴിച്ചിടുകയായിരുന്നു. മധ്യകാല യൂറോപ്പിലെ അനാഥാലയങ്ങളില്‍ നടന്നിരുന്ന ക്രൂരതകളെക്കുറിച്ച് ഒലിവര്‍ ട്വിസ്റ്റ്, ക്രിസ്തുമസ് കരോള്‍, ജെയിന്‍ അയര്‍ തുടങ്ങിയ കൃതികളില്‍ വായിച്ചതോര്‍ക്കുന്നു. അവയൊക്കെ മറികടക്കുന്നതായിരുന്നു പാതിരിമാര്‍ നേരിട്ടു നടത്തിയിരുന്ന സ്‌കൂളുകളിലെ പീഡനങ്ങള്‍. ഒടുവില്‍ ഈ ക്രൂരതകള്‍ കണ്ടുമടുത്ത കനേഡിയന്‍ സര്‍ക്കാരിനുപോലും സ്‌കൂളുകള്‍ അടച്ചു പൂട്ടേണ്ടതായും പൊതുസമൂഹത്തോടു മാപ്പുപറയേണ്ടതായും വന്നു. പതിവിനു വിരുദ്ധമായി സമകാലിക മലയാളം വാരിക ഇങ്ങനെ ചില സത്യങ്ങള്‍ കൂടി അവതരിപ്പിക്കുന്നതില്‍ അത്ഭുതം തോന്നുന്നു.
ഏതെങ്കിലും ഒരു വിദേശ എഴുത്തുകാരന്റെ പേര് എഴുതി വച്ചാല്‍ കവിതയാകുമോ? ജര്‍മ്മന്‍ എക്‌സിസ്റ്റന്‍ഷിയലിസ്റ്റ് ആയ കാഫ്കയെ മലയാളി കേട്ടു കേട്ടു മടുത്തിരിക്കുന്നു. ജര്‍മ്മനിയിലോ അദ്ദേഹം ജനിച്ച ചെക്കോസ്ലാവാക്യയിലെ പ്രേഗ് നഗരത്തിലോ ഈ എഴുത്തുകാരനില്ലാത്ത പ്രാധാന്യമാണ് നമ്മള്‍ മലയാളികള്‍ നല്‍കുന്നത്. നെരൂദ, ചെഗുവേര, കാഫ്ക പിന്നെ മാര്‍ക്കേസ് ഈ നാലുപേരുമാണ് മലയാളികളുടെ വളരെക്കാലമായുള്ള പൊങ്ങച്ചങ്ങള്‍. ഇവരുടെയൊക്കെ പേര് പറഞ്ഞു ഞെളിഞ്ഞു നടക്കുന്നവരില്‍ പലരോടും സംസാരിച്ചപ്പോഴാണ് ഇവര്‍ക്കൊന്നും മേപ്പടി കഥാപാത്രങ്ങളെക്കുറിച്ച് യാതൊന്നുമറിയില്ല എന്നു മനസ്സിലാകുന്നത്. ഏതെങ്കിലും വിദേശ എഴുത്തുകാരനെക്കുറിച്ചറിയുന്നതു വഴി നമ്മള്‍ വലിയ ബുദ്ധിജീവിയാകും എന്ന തെറ്റിദ്ധാരണയാണ് മലയാളം വാരികയില്‍ മൂന്ന് ചെറുകവിതകള്‍ എഴുതിയിരിക്കുന്ന ഹരികൃഷ്ണനേയും പിന്തുടരുന്നത്. അദ്ദേഹത്തിന്റെ ഒരു ചെറുകവിതയുടെ പേര് കാഫ്കയെന്നാണ്. ‘പരീക്ഷാമുറിയില്‍ കാഫ്കയുടെ മുഖമുള്ളൊരാള്‍ കോപ്പിയടിക്കുന്ന’ത്രേ! എന്താണ് കാഫ്കയുടെ മുഖത്തിനിത്ര പ്രത്യേകത. ക്ഷയരോഗം ബാധിച്ച് നാല്പതാം വയസ്സില്‍ മരിച്ചുപോയ കാഫ്ക തീരെ ആരോഗ്യമില്ലാത്ത ഒരു മുഖഭംഗിയുമില്ലാത്ത ഒരാളായിരുന്നു. അദ്ദേഹത്തിന്റെ മുഖമുള്ളതുകൊണ്ട് എന്തു മേന്മയാണുള്ളത്. അയാള്‍ കോപ്പിയടിക്കുന്നത് കാഫ്കയെത്തന്നെയാണത്രേ! കാഫ്കയില്‍ നിന്ന് എന്താണിത്ര കോപ്പിയടിക്കാനുള്ളത്. വേറെ രണ്ടു കവിതകള്‍ കൂടിയുണ്ട്; ‘ലിഫ്‌ലില്‍’, ‘ഒരു കൊറ്റി’. മൂന്നും കവിതയേയല്ല. ഇത്തരം വിഡ്ഢിത്തങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പത്രാധിപരെ വേണം പറയാന്‍!
മഗ്‌സസെ അവാര്‍ഡ് വാങ്ങിയവരെ പൊതുവെ എനിക്കു ഭയമാണ്. 1958ല്‍ ആചാര്യവിനോബാഭാവെ തുടങ്ങി 60 ഓളം ഇന്ത്യക്കാര്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. റോക് ഫെല്ലര്‍ ഫൗണ്ടേഷനും ഫിലിപ്പൈന്‍സ് സര്‍ക്കാരും ചേര്‍ന്നാണത്രേ പുരസ്‌കാരം നല്‍കുന്നത്. ഫണ്ട് നേക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ വകയാണെന്നു കേള്‍ക്കുന്നു. ഏഷ്യയിലെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന ഈ പുരസ്‌കാരം നല്‍കാന്‍ റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ എന്തിനാണിത്രയും പണം മുടക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അത്ര നല്ല ഉദ്ദേശ്യമല്ല ഈ ഫൗണ്ടേഷനുള്ളത് എന്നു ചിലപ്പോള്‍ തോന്നിപ്പോകുന്നു. കാരണം ഈ സമ്മാനം വാങ്ങിയ പലരും ഇന്ത്യാവിരുദ്ധമായ വര്‍ത്തമാനങ്ങള്‍ പലപ്പോഴും പറയുന്നതാണു കേട്ടിട്ടുള്ളത്. അരവിന്ദ് കെജ്‌രിവാള്‍ 2006ല്‍ മഗ്‌സസെ അവാര്‍ഡ് വാങ്ങി എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ഞാന്‍ സംശയത്തോടെയാണ് നോക്കിയത്. ടി.എം.കൃഷ്ണ എന്ന സംഗീതജ്ഞന്‍ 2016ല്‍ ഈ അവാര്‍ഡ് വാങ്ങിയശേഷം പറയുന്നതു മുഴുവന്‍ രാജ്യവിരുദ്ധ ചിന്തകള്‍ ആണെന്നു തോന്നിയിരുന്നു. ജാതീയമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ത്തമാനങ്ങളാണ് പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളത്. സാമൂഹ്യപ്രവര്‍ത്തകര്‍ക്കാണ് സാധാരണ മഗ്‌സസെ സമ്മാനം കൊടുക്കാറ്. എന്നാല്‍ ഒരു സംഗീതജ്ഞന് കൊടുത്തത് അത്ഭുതമായിത്തോന്നി. മറ്റു പല കര്‍ണാടകസംഗീതജ്ഞരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇദ്ദേഹം ഒരു അന്തര്‍ദ്ദേശീയ പുരസ്‌കാരമൊക്കെ നേടാന്‍ തക്ക ഗായകനായി എനിക്കു തോന്നിയിട്ടില്ല. സംഗീതത്തിനപ്പുറം എന്തോ ചിലത് ഇദ്ദേഹത്തിന്റെ അവാര്‍ഡിനു പിറകില്‍ ഉണ്ട് തീര്‍ച്ച. കര്‍ണാടക സംഗീതമേഖലയില്‍ ഇപ്പോള്‍ വലിയ പ്രതിഭകളൊന്നും ഉയര്‍ന്നുവരുന്നില്ല എന്നതു വച്ചുനോക്കുമ്പോള്‍ അദ്ദേഹത്തെ പൊറുപ്പിക്കാം.
ഭാഷാപോഷിണിയില്‍ (ആഗസ്റ്റ് ലക്കം) കവി പ്രഭാവര്‍മ്മ ടി.എം. കൃഷ്ണയെക്കുറിച്ച് ഒരു കവിത എഴുതിയിരിക്കുന്നു. ഒരു കവിതയെഴുതി സ്തുതിക്കേണ്ട സംഗീതമൊന്നും കൃഷ്ണയില്‍ നിന്നും കേട്ടിട്ടില്ല. ‘രാഗതൂര്യമാം ഗംഭീരനാദ കൃഷ്ണവിസ്മയം’ എന്താണോ എന്തോ? തൂര്യം പെരുമ്പറയല്ലേ? രാഗം പെരുമ്പറ കൊട്ടുന്നതുപോലെയായാല്‍ എന്താണൊരു സുഖമുണ്ടാവുക! അതോ ഇനി തുരീയമാണോ? ടി.എം. കൃഷ്ണ പാടുമ്പോള്‍ ഏറ്റവും അരോചകമായി തോന്നാറുള്ളത് അദ്ദേഹത്തിന്റെ വികൃതമായ ആംഗ്യങ്ങളും മുഖഭാവങ്ങളുമാണ്. അതിനെ പുകഴ്ത്തി ”ഭാവമാമമൂര്‍ത്ത തയ്ക്കു രൂപമേകിടുന്നതോ ദീര്‍ഘമാം കരാംഗുലീ വിലാസമാകുമാംഗികം” എന്നാണ് കവി എഴുതുന്നത്. പ്രതിജന ഭിന്നവിചിത്രമാം ലോകം എന്നേ പറയാനാവൂ.






















