മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസിന് മുമ്പില്‍ ‘നിങ്ങള്‍ സി.സി.ടി.വി നിരീക്ഷണത്തിലാണ്’ എന്ന് ബോര്‍ഡില്ലെങ്കിലും അവിടെ വരുന്നവരേയും പോകുന്നവരെയും നിരീക്ഷിക്കാന്‍ പലരുടെയും ക്യാമറകള്‍ ഉണ്ടെന്ന് മനസ്സിലായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സംഘപരിവാര്‍ ബന്ധമുള്ളവര്‍ കയറിയിറങ്ങുന്നു എന്ന് മുന്‍മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞപ്പോഴാണ്. തനി യാഥാസ്ഥിതിക മതമൗലികവാദ സംഘടനയായ സമസ്ത ചില വട്ടത്തൊപ്പിക്കാരെ സംഘി മണമുള്ളവര്‍ അവിടെ വരുന്നുണ്ടോ എന്നറിയാന്‍ ഏര്‍പ്പാടു ചെയ്തിരുന്നു എന്ന് മനസ്സിലായത് അവരുടെ യുവജന വിഭാഗമായ എസ്‌വൈഎസ്സിന്റെ തലനരച്ച സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടുരും ഇതേ ആരോപണമുന്നയിച്ചപ്പോഴാണ്. അവരുടെ റഡാറില്‍ സംഘിവത്കരണക്കാരായ രണ്ടുപേര്‍ കടന്നുപോകുന്നത് തെളിഞ്ഞുകണ്ടു. അതിലൊരാള്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിക്കപ്പെട്ട എന്‍. ശേഷാദ്രിനാഥനാണ്. രണ്ടാമത്തെയാള്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിക്കപ്പെട്ട അഡ്വ. ഡി.എസ്. ശരത്തും. സമസ്ത നേതാക്കള്‍ ഉടന്‍ തന്നെ അപായമണി മുഴക്കി. യു. ഡി. എഫില്‍ ലീഗ് വിഷയം ഉന്നയിക്കട്ടെ എന്നാണ് സമദ് പറഞ്ഞത്.
സമസ്തയേക്കാള്‍ ഇത് ഉറക്കം കെടുത്തിയത് ജമാഅത്തെ ഇസ്ലാമിയെയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വി.ഡി.സതീശന്‍ മതേതരത്വത്തിന്റെ കണ്ടംവെച്ച കോട്ട് സമ്മാനിച്ചതിന്റെ സന്തോഷാതിരേകത്തിലാണെങ്കിലും ഖലീഫ ഭരിക്കുമ്പോഴേ ഒരു മുസ്ലീമിന് സമാധാനമായി പ്രാര്‍ത്ഥിക്കാന്‍ പോലും പറ്റൂ എന്ന വിശ്വാസത്തില്‍ ജമാഅത്തിന് കടുകിട മാറ്റമില്ല. ഒരൊറ്റ സംഘിക്കും, കഴിവും യോഗ്യതയും ഉണ്ടായാല്‍പോലും അവര്‍ക്ക് ഒരു പോസ്റ്റു പോലും നല്‍കാന്‍ പാടില്ല. അതുകൊണ്ടുതന്നെ ഔദ്യോഗിക മികവും യോഗ്യതയും മാത്രം പരിഗണിച്ച് മന്ത്രിസഭ കൂട്ടായാണ് ശേഷാദ്രിനാഥനെ മുഖ്യെതരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചത് എന്ന് ലീഗ് മന്ത്രി കെ.എം. ഷാജി പറഞ്ഞത് ജമാഅത്തിന് അത്രക്ക് പിടിച്ചിട്ടില്ല.
യു.ഡി.എഫ് സര്‍ക്കാരില്‍ വി.ഡി.സതീശനാണ് മുഖ്യമന്ത്രിയെങ്കിലും കുഞ്ഞാലിക്കുട്ടിയാണ് സൂപ്പര്‍ മുഖ്യമന്ത്രി എന്ന് ചില അസൂയക്കാര്‍ പറയുന്നുണ്ട്. എന്നാല്‍, ആഭ്യന്തര വകുപ്പിന്റെയും സ്പീക്കറുടെയും ചില നടപടികള്‍ കണ്ടാല്‍ തോന്നുക അതുക്കും മീതെയുള്ള ഖലീഫയാണ് ഭരണത്തെ നിയന്ത്രിക്കുന്നത് എന്നാണ്. രമേശ് ചെന്നിത്തല സമസ്ത നേതാവ് ജിഫ്രിമുത്തു കോയ തങ്ങളെ തൂഫാന്‍ പോരാളിയാക്കിയത് ആ സമുദായക്കാരാണ് ലഹരി ഉപയോഗിക്കുന്നവര്‍ എന്ന തെറ്റിദ്ധാരണ വളര്‍ത്തില്ലേ എന്ന് ഫെയ്‌സ്ബുക്കിലൂടെ കമന്റിട്ട ഹിന്ദുഐക്യവേദി പ്രസിഡന്റ് ആര്‍.വി. ബാബുവിനെ തിരെ പി.ഡി.പി കേന്ദ്രകമ്മറ്റിയംഗം ഒരു അഷറഫ് പരാതി നല്കിയ ഉടനെ പോലീസ് കേസ്സെടുത്തു. തിരുവനന്തപുരത്തെ ബി.ജെ.പി. കൗണ്‍സിലര്‍ സുഗതനെ കാപ്പാ കേസ്സില്‍ അറസ്റ്റ് ചെയ്ത ആഭ്യന്തര വകുപ്പ് ചേര്‍ത്തലയിലെ ക്രിമിനലായ കിഷോര്‍ എന്ന പിടികിട്ടാപുള്ളിയെ പിടിക്കാന്‍ ഇതേ ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കില്‍ അത് നീതിന്യായവകുപ്പിന് കൂടുതല്‍ കരുത്താകുമായിരുന്നില്ലേ എന്ന് ചോദിച്ചതിന് ആഭ്യന്തര മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി എന്ന കാരണംകാട്ടി ഹരിപ്പാട്ടെ അനില്‍കുമാര്‍ എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ പേരിലും കേസ്സെടുത്തു. ബി.ജെ.പി എം.എല്‍.എ. പത്മകുമാര്‍ നിയമസഭാപ്രസംഗത്തിനിടെ മദനിയെ ഭീകരന്‍ എന്നു വിളിച്ചത് സഭയില്‍ ആര്‍ക്കും വലിയ തെറ്റായി തോന്നിയില്ല. എന്നാല്‍ ഒരു പി.ഡി.പിക്കാരന്‍ പരാതി നല്കിയ ഉടനെ സ്പീക്കര്‍ ആ പരാമര്‍ശം രേഖയില്‍ നിന്നു നീക്കി. ജാമ്യത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി അന്‍വാറശ്ശേരിയിലെ വീട്ടില്‍ കഴിയുന്ന മദനിയെ ഖലീഫയായി വാഴിക്കാന്‍ ലീഗിനും ജമാഅത്തിനും സമസ്തക്കും മാത്രമല്ല, ഇടത് – വലതു മുന്നണികള്‍ക്കും പൂര്‍ണ്ണ സമ്മതം എന്നതില്‍ എന്തു സംശയം?
തലവര:
പാര്‍ട്ടിക്ക് പോറലേല്ക്കാതെ അഭിപ്രായം പറയണമെന്ന് എം.എ. ബേബി. അത് ബുദ്ധിമുട്ടാണ്. പോറലില്ലാത്ത ഒരു ഇഞ്ച്‌പോലും പാര്‍ട്ടിക്കില്ലല്ലോ സഖാവേ!






















