ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് ശശികല ടീച്ചറും കേരളത്തിലെ വഖഫ് ബോര്‍ഡു വിവാദവും തമ്മില്‍ എന്തു ബന്ധം? ബോര്‍ഡില്‍ തന്നെ അംഗമാക്കണമെന്ന് ടീച്ചര്‍ ആരോടെങ്കിലും ആവശ്യപ്പെട്ടോ? ഹിന്ദു സമൂഹത്തിന്റെ കാര്യം പറയാനല്ലാതെ വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഒരക്ഷരം പോലും പറയാത്ത ടീച്ചറെ എന്തിനാ സമസ്ത മതമഹാപണ്ഡിതരേ, ഈ പൊല്ലാപ്പിലേക്ക് വലിച്ചിഴക്കുന്നത്? ഇയ്യിടെയായി സംസ്ഥാന വഖഫ് ബോര്‍ഡ് അംഗത്തിന്റെ കസേരയില്‍ ടീച്ചര്‍ ഇരിക്കുന്നത് സ്വപ്‌നം കണ്ട് ചില സമസ്ത ഉസ്താദുമാര്‍ ഞെട്ടിയുണരുന്നു; പിച്ചും പേയും പറയുന്നു. വഖഫ് ബോര്‍ഡിലെ രണ്ട് അമുസ്ലീം പ്രതിനിധികളുടെ നാമനിര്‍ദ്ദേശം സംബന്ധിച്ച് മുസ്ലീം ലീഗും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും തമ്മിലുള്ള പൊരിഞ്ഞ വാക്‌പോര് മുസ്ലീം മതവികാരം കൊണ്ടുള്ള തീക്കളിയായതോടെ അതിലെ തീപ്പൊരി സമസ്ത ഉസ്താദുമാരുടെയും താടിയ്ക്കും തലേക്കെട്ടിനും പിടിച്ചിരിക്കയാണ്. അതിന്റെ ലക്ഷണമാണ് ഈ സ്വപ്‌നം കാണലും പിച്ചുംപേയും പറയലും. ‘സംസ്ഥാന സര്‍ക്കാര്‍ അംഗങ്ങളെ നിര്‍ദ്ദേശിക്കുന്നത് സംഘസ്വാധീനത്താലാണ് എന്ന് ഭരണമുന്നണി അംഗങ്ങള്‍ തന്നെ പറയുമ്പോള്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികല അമുസ്ലീം പ്രതിനിധിയായി വന്നാലും അതിശയിക്കേണ്ട’ എന്ന കാന്തപുരം സമസ്ത മൊയ്‌ല്യാര് വഹാബ് സഖാഫി മമ്പാടിന്റെ വാക്ക് കേട്ടാല്‍ മനോരോഗം അത്ര നിസ്സാരമല്ല എന്ന് വ്യക്തം. ഷോണ്‍ ജോര്‍ജിന്റെ ആവശ്യമനുസരിച്ച് ഹൈക്കോടതി നിലവിലെ വഖഫ് ബോര്‍ഡിനെ അയോഗ്യമാക്കിയതിനും സര്‍ക്കാര്‍ എതിര്‍ക്കാതിരുന്നതിനും കാരണമെന്തെന്നറിയാന്‍ ഇ.കെ. സമസ്ത ഗ്രൂപ്പിന്റെ മൊയ്‌ല്യാര് സത്താര്‍ പന്തല്ലൂര്‍ വെറ്റിലയില്‍ മഷിയിട്ടു നോക്കിയപ്പോള്‍ തെളിഞ്ഞുവന്നത് സംഘബന്ധം! അവിടെ അസുഖം ഇതുതന്നെ.
കഥയറിയാതെ ആട്ടം കാണുന്ന ഈ മതപണ്ഡിതര്‍ക്ക് വഖഫ് എന്ന് കേള്‍ക്കേണ്ട താമസം ഹാലിളകും. അതിനുള്ള മരുന്ന് മുഖ്യമന്ത്രിയായിരിക്കെ വിജയന്‍ സഖാവും മരുമകന്‍ റിയാസും പാദസേവകന്‍ എ.എ. റഹീമും കൂടി ഏ.കെ.ജി. സെന്ററിലിരുന്ന് പാകപ്പെടുത്തി പുതിയ വഖഫ് ബോര്‍ഡ് എന്ന കൂടോത്രമാക്കി ഒപ്പിച്ചുവെച്ചിരുന്നു. നിലവിലെ വഖഫ് ബോര്‍ഡ്, കാലാവധി കഴിയുന്നതിനു മുമ്പ് പിരിച്ചുവിട്ടു പാര്‍ട്ടിയുടെ സ്വന്തക്കാരനായ ഹംസയെ പ്രസിഡന്റും റഹീം അടക്കമുള്ളവരെ അംഗങ്ങളുമാക്കി പുതിയ വഖഫ് ബോര്‍ഡ് രൂപീകരിച്ചതാണ് ഈ കൂടോത്രം. പാര്‍ലമെന്റ് അംഗീകരിച്ച പുതിയ വഖഫ് ബോര്‍ഡ് നിയമപ്രകാരമാണ് അംഗങ്ങളെ നിശ്ചയിച്ചതെങ്കിലും രണ്ട് അമുസ്ലീം അംഗങ്ങളെയും ഒരു ഷിയാ അംഗത്തെയും ബോധപൂര്‍വ്വം നിശ്ചയിച്ചില്ല. പിന്നീടുവന്ന യു.ഡി.എഫ് സര്‍ക്കാരും ഈ ഒഴിവ് നികത്താതിരുന്നപ്പോഴാണ് ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെ നാലുപേര്‍ കോടതിയെ സമീപിച്ചത്. നിയമം പാലിക്കാത്ത രണ്ടു സര്‍ക്കാരുമാണ് കുറ്റക്കാര്‍ എന്ന വസ്തുത മൂടിവെച്ച് സി.പി.എമ്മും ലീഗും രാഷ്ട്രീയ ചക്കളത്തിപ്പോര് നടത്തി, ഇതിലൊന്നും പുലബന്ധമില്ലാത്ത ആര്‍എസ്എസ് എന്ന ഉമ്മാക്കി കാട്ടി മുസ്ലീം സമുദായത്തെ കബളിപ്പിക്കുകയാണ്. മന്ദബുദ്ധികളായ ഉസ്താദുമാര്‍ ഇവര്‍ പറയുന്നതു കേട്ട് ഹാലിളകി വരികയാണ്.
ഇപ്പോഴത്തെ വഖഫ് പ്രശ്‌നം മതപരമായ ഒന്നല്ല, കേവലം നിയമപരമായതാണ് എന്ന വസ്തുത മുസ്ലീം സമുദായത്തോട് തുറന്നു പറയുന്നതിനു പകരം വഖഫ് ബോര്‍ഡിനെ മൊത്തം ആര്‍എസ്എസ് വിഴുങ്ങിക്കളയും എന്നമട്ടില്‍ വിദ്വേഷ പ്രചരണം നടത്തുന്ന മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും ലീഗും സംസ്ഥാനത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത്? നിയമസഭയില്‍ പുതിയ വഖഫ് നിയമത്തിനെതിരെ ഒന്നിച്ചുനിന്നു പ്രമേയം പാസ്സാക്കിയ ഇവര്‍ തന്നെയാണ് പുതിയ വഖഫ് നിയമം അംഗീകരിക്കുന്നു എന്നു കോടതിയില്‍ പറഞ്ഞതും. താടിക്കാര്‍ കണ്ണു തുറന്നാല്‍ എല്ലാവര്‍ക്കും നല്ലത്.
തലവര:
വീര സവര്‍ക്കര്‍ സിനിമയുടെ സംവിധായകന് പുരസ്‌കാരം നല്‍കിയതില്‍ എം.എ. ബേബി കടുത്തവിമര്‍ശനം ഉന്നയിച്ചു.
ഭാരതമാതാവിനെ അപമാനിക്കുന്നതാണ് പുരസ്‌കാരത്തിന്റെ പു.ക.സ. മാനദണ്ഡം എന്ന് ഈ പാവങ്ങള്‍ക്കറിയില്ല സഖാവേ.





















