ക്ഷേത്രപരിചയം (യാത്രാവിവരണം)
സി.മാധവന്‍ നായര്‍
പേജ്: 116 വില: 200 രൂപ
ഫോണ്‍: 9544064294
സി. മാധവന്‍ നായരുടെ ക്ഷേത്രപരിചയം (യാത്രാവിവരണം) എന്ന കൃതി കേരളത്തിന്റെ ക്ഷേത്ര സംസ്‌കൃതിയെ ഉള്‍ക്കൊള്ളുന്ന ഒരു സഞ്ചാരകഥയാണ്. സാഹിത്യം ഒട്ടും ചേര്‍ക്കാതെ ഒരു സാധാരണക്കാരന് ഉതകുന്ന ഭാഷയിലുള്ള രചന. ഈ ഗ്രന്ഥത്തില്‍ ഉള്ളടങ്ങിയ സ്ഥലങ്ങള്‍ ചിട്ടയോടെ കൂട്ടിയിണക്കിയാല്‍ കേരളത്തിന്റെ തീര്‍ത്ഥയാത്രാ പാത രൂപപ്പെടുത്താം. കര്‍ണ്ണാടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നാണ് അദ്ദേഹം രചന ആരംഭിക്കുന്നത്. കാസര്‍കോട്ടെയും വയനാട്ടിലെയും വിവിധ ക്ഷേത്രങ്ങളും സാംസ്‌കാരിക യാത്രയുടെ പ്രധാന കവാടങ്ങള്‍ ആവുന്നുണ്ട്. യാത്രയില്‍ കണ്ട തകര്‍ക്കപ്പെട്ട ജൈന ക്ഷേത്രം ഒരു നഷ്ടപ്പെട്ട സംസ്‌കാരത്തിന്റെ മൗനസാക്ഷിയായി നിലകൊള്ളുന്നു. പഴനി മലയും മധുരമീനാക്ഷി ക്ഷേത്രവും അനേകം ആദര്‍ശ പുരുഷന്മാരുടെ ഓര്‍മകള്‍ ഉറങ്ങുന്ന മണ്ണും സന്ദര്‍ശിച്ച മാധവന്‍ നായര്‍ ജീവിതത്തിലെ അവിസ്മരണീയമായ ഒരനുഭവമായി ഈ യാത്രകളെ കുറിക്കുന്നു. നാസിക്കിലെ പഞ്ചവടി ത്രയമ്പകേശ്വര്‍ ക്ഷേത്രത്തിന്റെ ദൈവികശോഭ, ദൈവത്താര്‍ ക്ഷേത്രത്തിന്റെ പുണ്യഭൂമി, തലസ്ഥാന വീഥിയിലെ യാത്രകള്‍ പിന്നീട് നാഗ്പൂര്‍ സേവാഗ്രാം സന്ദര്‍ശനവും വിവരിക്കുന്നു. ഗാന്ധിയന്‍ ഓര്‍മ്മകളുണര്‍ത്തുന്ന ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ വിവരണത്തോടെ അദ്ദേഹം തന്റെ സഞ്ചാരകഥക്ക് അടിവരയിട്ടു. ക്ഷേത്രപരിചയം എന്ന ഈ കൃതി കേരളത്തിലെ ക്ഷേത്ര സംസ്‌കാരത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും ഒരു മാര്‍ഗ്ഗരേഖയാണ്.
നിര്‍വികല്പം
എസ്. സുജാതന്‍
ലോഗോസ് ബുക്‌സ്
പേജ്: 226 വില: 340 രൂപ
ഫോണ്‍: 9446063177
കഥാകൃത്തും നോവലിസ്റ്റും സഞ്ചാരസാഹിത്യ രചയിതാവുമായ എസ്. സുജാതന്‍ രചിച്ച നോവലാണ് നിര്‍വികല്പം. ശ്രീശങ്കരാചാര്യരുടെ ജീവിതത്തെയും സഞ്ചാരപഥങ്ങളെയും ദര്‍ശനങ്ങളെയും അടയാളപ്പെടുത്തുന്ന ഈ നോവല്‍ ആസ്വാദകരെ ഒന്‍പതാം നൂറ്റാണ്ടിന്റെ ഭാരതചരിത്രത്തിലേക്കും എത്തിക്കുന്നുണ്ട്. സര്‍വ്വസംഗപരിത്യാഗിയും സര്‍വ്വജ്ഞപീഠം കയറിയ മഹാപണ്ഡിതനുമായ ശ്രീശങ്കരന്റെ ജീവിതത്തിലെ തെറ്റിദ്ധാരണകളുടെ കറുത്ത പക്ഷത്തെ നിരാകരിച്ച് യുക്തിഭദ്രമായ ചിന്താധാരകളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് എസ്. സുജാതന്‍. ശങ്കരാചാര്യരെ അറിയുന്നതിനായി നിരവധി ഗ്രന്ഥങ്ങള്‍, ജീവിത ചരിത്രങ്ങള്‍, പഠനങ്ങള്‍ ഭാരതദര്‍ശനം എന്നിവ സമഗ്രമായി മനസ്സിലാക്കിയതിന് ശേഷം രചിച്ച കൃതിയാണിത്. ആ മഹാപുരുഷന്‍ നടത്തിയ ഭാരത ദ്വിഗ്‌വിജയ യാത്രയിലൂടെ വായനക്കാരനെ സമാന്തരമായി കൂട്ടിക്കൊണ്ടുപോവുന്ന സംഗീതാത്മക രചനയാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്.
കാളിദാസന്റെ ശാകുന്തളം
(ഗദ്യപരിഭാഷ)
മാത്യൂസ് അവന്തി
അവന്തി പബ്ലിക്കേഷന്‍സ്
പേജ്: 128 വില: 140 രൂപ
ഫോണ്‍: 9446430793
യൂറോപ്യന്‍ സാഹിത്യലോകത്തുപോലും വലിയ സ്വാധീനം ചെലുത്തിയ ഭാരതീയ നാടക സാഹിത്യത്തിലെ ഉന്നതകൃതികളിലൊന്നാണ് കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം. ഈ വിശ്വോത്തര പ്രണയകാവ്യത്തെ ആധുനിക കാലത്തിന്റെ ദര്‍ശനത്തിനായി ഗദ്യപരിഭാഷയായി അവതരിപ്പിക്കുകയാണ് ‘കാളിദാസന്റെ ശാകുന്തളം’ എന്ന പുസ്തകത്തിലൂടെ മാത്യൂസ് അവന്തി. പ്രകൃതിയും പ്രണയവും വിരഹവും വേദനയും വിധിയും അതിസൂക്ഷ്മമായി സമ്മേളിക്കുന്ന ആഖ്യാനരീതി. കാളിദാസന്റെ അത്യന്തം കാവ്യാത്മകമായ ഭാഷ വായനക്കാര്‍ക്ക് തരുന്ന ലഹരി ഈ പുസ്തകത്തിലും നമുക്ക് രുചിക്കാം. പ്രകൃതി വിവരണങ്ങള്‍ നമ്മെ ആശ്രമലോകത്തിലേക്ക് കൊണ്ടുപോകുന്നു. ശകുന്തളയുടെ നിഷ്‌കളങ്കതയും ദുഷ്യന്തന്റെ ആത്മസംഘര്‍ഷങ്ങളും വളരെ ആഴത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
കേവലം ഒരു പ്രണയകഥ എന്നതിനപ്പുറം ധര്‍മ്മം, വിധി, മനുഷ്യബന്ധങ്ങളുടെ നിസ്സാരത എന്നിവയെക്കുറിച്ചുള്ള ദാര്‍ശനിക ചിന്തകൂടിയാണ് ഈ കൃതി. അതിന്റെ തനിമ ഒട്ടും ചോരാതെ അവതരിപ്പിക്കുകയെന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ മാത്യൂസ് അവന്തിക്ക് കഴിഞ്ഞിട്ടുണ്ടെന്നുതന്നെ പറയാം.






















