ഔന്നത്യമാര്‍ന്നതും അന്തപ്രജ്ഞയിലൂടെ ദര്‍ശിക്കേണ്ടതുമായ യാഥാര്‍ത്ഥ്യങ്ങളെ മൂഢമായ ഉപരിപ്ലവതയ്ക്കു വിധേയമാക്കിയാല്‍ അതു തെറ്റിദ്ധാരണകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ഇടയാക്കും. പ്രബുദ്ധതയും താത്വികദര്‍ശനവും അനിവാര്യമായിട്ടുള്ള കലാസാഹിത്യാദികളിലെന്നുമാത്രമല്ല മറിച്ചേതു വിഷയങ്ങളുടെ വ്യാഖ്യാനങ്ങളിലും കാണാറുള്ള പ്രമാദിത്തത്തിന്റെ കാരണം ഈ പറഞ്ഞ അന്തപ്രജ്ഞയുടെ അഭാവമാണ്.
ഉദാത്തമായ സാഹിത്യം കലയിലെന്നതുപോലെ പ്രകൃഷ്ടമായ ദര്‍ശനത്തിന്റെയും അന്തപ്രജ്ഞയുടെയും ആവിഷ്‌ക്കാരമായിരിക്കും. സര്‍ഗ്ഗാത്മകമായ കലയായാലും സാഹിത്യമായാലും അതു സമാധിയില്‍നിന്നേ ഉണ്ടാവുകയുള്ളുവെന്ന മഹാകവി കാളിദാസന്റെ അഭിപ്രായം ശ്രദ്ധേയമാണ്. ചിത്രലേഖകന്റെ ‘ശിഥിലസമാധി’യാണ് മാളവികയുടെ ചിത്രത്തിന് അവളുടെ സൗന്ദര്യത്തെ യഥാതഥം ആവിഷ്‌ക്കരിക്കാനാവാതെപോയതിന്റെ കാരണമെന്ന് വിദൂഷകനോടായി അഗ്‌നിമിത്രന്‍ പറയുന്ന സന്ദര്‍ഭം അദ്ദേഹത്തിന്റെ നാടകത്തില്‍ കാണാം. ‘ധീ’യെ സമമായി ആധാനം ചെയ്യുകയെന്നതാണല്ലോ സമാധി. ഭഗ്‌നസമാധിയില്‍നിന്നുമുണ്ടാവുന്നതൊന്നും സര്‍ഗ്ഗാത്മകമാവുകയില്ല. സമാധിസ്ഥമായ ഭാവത്തില്‍നിന്നേ രൂപമുണ്ടാവുകയുള്ളു. അല്ലെങ്കില്‍ അതു വിരൂപമാവും.
കവിതയായാലും കലയായാലും ദര്‍ശനാത്മകമാവണം. മഹര്‍ഷി അരവിന്ദന്റെ അഭിപ്രായത്തില്‍ ‘ദൈവികങ്ങളും ഗുഹ്യാത്ഗുഹ്യതരങ്ങളുമായ യാഥാര്‍ത്ഥ്യങ്ങളെ ബിംബാത്മകമായി ആവിഷ്‌ക്കരിക്കാന്‍ ഈശ്വരസന്നിധിയില്‍ നിയുക്തയായ പുരോഹിതയാണു കവിത. കവിയോ മന്ത്രദ്രഷ്ടാവും നിഗൂഢസത്യങ്ങളുടെ വെളിപാടുകാരനും.’ ഒരുപക്ഷെ ഈ ഉന്നതമായ ദാര്‍ശനികതയിലൂടെ നോക്കിയാല്‍ ആധുനികതലമുറ വിശേഷിപ്പിക്കുന്ന പലതിനെയും കവിതയെന്നു സമ്മതിക്കുക അസാധ്യമാവും. ഔന്നത്യമാര്‍ന്ന കവിതകളില്‍ പലതും ബിംബാത്മകകവിതകളാണെന്ന് അരവിന്ദന്‍ അഭിപ്രായപ്പെടുന്നു. അസ്പര്‍ശ്യവും അദൃശ്യവുമായ ഭാവങ്ങളും വികാരങ്ങളും പലപ്പോഴും അവാച്യങ്ങളും സാധാരണ വാക്പ്രയോഗങ്ങള്‍ക്കു വശമല്ലാത്തവയായതുകൊണ്ടും അവയുടെ ആവിഷ്‌ക്കാരത്തിനു കവികള്‍ ബിംബങ്ങളെയാണ് അവലംബിച്ചത്. ഒരു ഉപരിപ്ലവ ചിന്താശൂന്യന് ഈ കവികളിലും അവരുടെ കവിതകളിലും അപരിഷ്‌കൃതമായ ഭാവനകളെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. കാരണം ഇത്തരം കവിതകളില്‍ അവര്‍ക്ക് അവരുടെ ഇടുങ്ങിയ മനസ്സുകളെ മാത്രമേ വായിച്ചെടുക്കാനാവൂ. പ്രപഞ്ചത്തിന്റെയും മനുഷ്യരാശിയുടെയും നിലനില്‍പ്പിന്റെതന്നെ ലക്ഷ്യം ഇന്ദ്രിയാതീതവും ആത്യന്തികവും പ്രഭാപ്രശ്രുതവുമായ യാഥാര്‍ത്ഥ്യത്തിലേക്കുള്ള നിത്യവിസ്തൃതവും പുരോഗമനാത്മകവുമായ പ്രയാണമാണ്. ഈ ആത്മതലത്തിന്റെ വിഷലീഭാവത്തിനെയും മാനസികബൗദ്ധികതലത്തിന്റെ ദീപപ്രോജ്ജ്വലതയേയും ആവിഷ്‌ക്കരിക്കാന്‍ ഋഗ്വേദകവി ഉപയോഗിച്ച ബിംബമായിരുന്നു പൗരാണികഭാരതജനത ആരാധിച്ചിരുന്ന ‘ഉഷസ്സ്’ എന്ന ദേവതയെന്നും ഋഗ്വേദത്തോളം വലിയ ബിംബാത്മക കവിത വിരളമാണെന്നും മഹര്‍ഷി അരവിന്ദന്‍ അഭിപ്രായപ്പെടുന്നു.
മഹാകവികളുടെ സൃഷ്ടികളില്‍ തങ്ങളുടെ മനസ്സ് ആര്‍ക്കും വായിക്കാം. കാരണം സാഹിത്യം പലപ്പോഴും അനുവാചകന്റെപോലും മാനസികാവസ്ഥയുടെ പ്രതിഫലനം കൂടിയാണ്. പക്ഷെ ഈ നിരീക്ഷണം സാഹിത്യങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെയാവണം. ഇടുങ്ങിയ മനസ്സുകളുടെ നിരീക്ഷണമായാല്‍ കൃതി ആസ്വാദകമനസ്സിന്റെ പ്രതിഫലനം മാത്രമേ ആവുകയുള്ളു. കഴുത കണ്ണാടി നോക്കിയാല്‍ അതില്‍ നിന്നും ഒരപ്‌സരസ്സും തിരിഞ്ഞു നോക്കുകയില്ല. ഔന്നത്യമാര്‍ന്ന കവിതകള്‍ മിക്കപ്പോഴും വെറും ഭൗതികതയില്‍ നിന്നും ജാതമായവയല്ല. മറിച്ച് അവ അന്തരാത്മാവിന്റെ അനര്‍ഗ്ഗളപ്രവാഹമാണ്. ബുദ്ധ്യാതീതമായ സൗന്ദര്യാസ്വാദനത്തില്‍ നിന്നുമുണ്ടാവുന്ന അലൗകികമാനസികാവസ്ഥയുടെ ആവിഷ്‌ക്കാരമാണവ (Supra-mental manifestation’ from the enjoyment of the ‘Supra-rational Beauty). ഇവിടെയാണ് ഗീതാകാരന്റെ പ്രസക്തി. ‘സുഖമാത്യന്തികം യത്തത് ബുദ്ധിഗ്രാഹ്യം അതീന്ദ്രിയം.’ യുക്തിഭദ്രമായ ബുദ്ധിക്കുമാത്രം ഗ്രഹിക്കാവുന്നതും ഇന്ദ്രിയാതീതവുമായ സുഖമാണു നിത്യമായുള്ളത്. ‘സൗന്ദര്യം നിത്യാനന്ദദാതാവാണ്’ എന്ന് ആംഗലേയ കവിവാക്യം. സ്വതന്ത്രചിന്തയിലൂടെ ഒരാള്‍ തന്നില്‍നിന്നുപോലും നിസ്സംഗനാവുമ്പോള്‍ ലഭിക്കുന്ന ആത്മാനുഭൂതിയാണു സുഖം. മനുഷ്യഹൃദയത്തിനു നിത്യസംതൃപ്തിയേകാന്‍ പോരുന്ന ആത്യന്തികമായ യാഥാര്‍ത്ഥ്യത്തിന്റെ അതിശക്തമായ ആവിഷ്‌ക്കാരമാണ് സൗന്ദര്യം. ഈ ആവിഷ്‌ക്കാര-ആസ്വാദന തത്വത്തെ യഥാതഥം ഗ്രഹിച്ച പ്രതിഭാധനനായ കവിയായിരുന്നു ‘ഒരു വാനമ്പാടിയോട്’ തന്റെ ആത്മനിവേദനം ഉരചെയ്ത ആംഗലേയകാരനായ പി.ബി.ഷെല്ലി. മുകളില്‍ പറഞ്ഞ ആത്മാനുഭൂതിയില്‍ നിന്നുമുണ്ടാകുന്ന അപൗരുഷേയമായ ആനന്ദമായിരുന്നു ഷെല്ലിയുടെ ‘വാനമ്പാടി’യിലെ ഉന്മേഷവത്തായ ചൈതന്യം’ (blith spirit).
ഒരുപക്ഷെ ഷെല്ലിയുടെ ‘വാനമ്പാടി’ക്ക് ഏറ്റവും സുന്ദരവും ബൗദ്ധികവുമായ വ്യാഖ്യാനം ചമച്ചത് ഭാരതീയദാര്‍ശനികനായ മഹര്‍ഷി അരവിന്ദന്‍ തന്നെയാവും. ‘റ്റു എ സ്‌കൈലാര്‍ക്ക്’ എന്ന ഷെല്ലിയുടെ കവിതക്ക് പല പില്‍ക്കാല വ്യാഖ്യാതാക്കള്‍ക്കും മേരി ഷെല്ലിയുടെ കുറിപ്പ് അവലംബമായിരിക്കെ കവനത്തിന്റെ അന്തരാളങ്ങളിലേക്കു പോകാന്‍ ബ്രാഡ്‌ലിയെപ്പോലെയുള്ള ഏതാനും ചുരുക്കം ചിലര്‍ ശ്രമിച്ചിരുന്നതൊഴിച്ചാല്‍ കൂടുതല്‍ വ്യാഖ്യാനങ്ങളും അബദ്ധജഡിലങ്ങളായിരുന്നു. ഇവയില്‍ കൂടുതലും ജലോപരിതലത്തിലെ ഫലത്തിന്റെ ഛായ രുചിച്ചു മധുരമാസ്വദിച്ചവരുടേതാണ്. ശരിക്കും പറഞ്ഞാല്‍ ഉപരിപ്ലവതയില്‍ ആസ്വദിക്കുന്ന മന്ദബുദ്ധികളുടേത് (dilettantes). കവിയാ സത്യശ്രുത: എന്ന വേദവാക്യവും ഋഷിയല്ലാത്തവന്‍ കവിയല്ല (നാനൃഷി കവി) എന്ന ആപ്തവാക്യവും വ്യക്തമാക്കുന്നത് കവികളുടെ ആത്മീയമായ ഔന്നത്യത്തെയും അതില്‍നിന്നുമുത്ഭവിക്കുന്ന അനുസ്യൂതമായ കാവ്യവൈഖരിയും മാത്രമേ കവിതയാവൂ എന്നതാണ്. ഇവിടെ വേദാധിഷ്ഠിതമായ അരവിന്ദഭാഷ്യം വേഡ്സ്വര്‍ത്തിന്റേതില്‍ നിന്നും വ്യത്യസ്തമല്ല. ഉന്നതവും ഉദാത്തവുമായ ദര്‍ശനത്തില്‍ നിന്നേ കവിതയുണ്ടാവൂ എന്നത് ആസ്വാദനലോകം സാര്‍വ്വലൗകികമായി അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്. ഏതോ അദൃശ്യതലത്തിലെ അജ്ഞാതഗായകനില്‍നിന്നും അനര്‍ഗ്ഗളം പ്രവഹിക്കുന്ന പൂര്‍ണ്ണതയായിട്ടാണ് മഹാകവിയായ ഷെല്ലിതന്നെ കവിതയെ വിശേഷിപ്പിക്കുന്നത്. ഒരുപക്ഷെ അഗ്രാഹ്യതരമായ അനന്തതയുടെ സംഗീതത്തെ ആസ്വാദകതലത്തിലേക്കെത്തിക്കാനുള്ള ഈശ്വരനിയുക്തനായ ഇടനിലക്കാരനാവാം കവി. കവിയുടെ ദര്‍ശനം ഋഷിദര്‍ശനം തന്നെയായതുകൊണ്ടാവാം കവികള്‍ ക്രാന്തദര്‍ശികളാവുന്നതും കവിതകള്‍ പ്രവചനാത്മകസ്വഭാവം കൈവരിക്കുന്നതുമെന്ന് ഷെല്ലിയും മഹായോഗി അരിവിന്ദനും ഒരുപോലെ അഭിപ്രായപ്പെടുന്നു. ഈ കാവ്യദര്‍ശനമോ, സ്ഥലകാലാതീതമായ നിത്യതയിലേക്കും അനന്തതയിലേക്കും വഹിച്ചുകൊണ്ടു പോയി എല്ലാ പ്രാപഞ്ചതത്വങ്ങളുടെയും സാരാംശമായ അദ്വൈതത്തിന്റെ ഏകത്വദര്‍ശനത്തില്‍ വിലയം പ്രാപിക്കാനും അതില്‍ രമിക്കാനും കവിയെ പ്രാപ്തനാക്കുന്നു (P.B. Shelley, A Defense of Poetry, Kolkota, 2013, p. 6). മനുഷ്യപ്രജ്ഞയുടെ അദൃശ്യതയാല്‍ ആവരണം ചെയ്യപ്പെട്ട ഭാവനാഗമ്യവും എന്നാല്‍ സാധാരണഭാവനകള്‍ക്ക് അപ്രാപ്യവുമായ രാജകീയതയില്‍നിന്നുമുണ്ടാവുന്ന സ്വച്ഛന്ദവാഹിനിയായിരുന്നു ഷെല്ലിക്കു കവിത. കാവ്യദേവതയുടെ ആവിഷ്‌ക്കാരത്തിനു പലപ്പോഴും ഗദ്യ-പദ്യാന്തരം പോലും അനുഭവപ്പെടാറുമില്ല. അതുകൊണ്ടാണ് ഭാവനാത്മകഗദ്യസാഹിത്യങ്ങള്‍ കാവ്യാത്മകത കൈവരിക്കുന്നത്. ഷെല്ലി തന്റെ ‘അഡൊണായിസ്’ന്റെ ലണ്ടന്‍ പതിപ്പിനെഴുതിയ ആമുഖം ഇതിനു മകുടോദാഹരണമാണ്.
മറ്റു കലകളിലെന്നതുപോലെ കവിതാസ്വാദനത്തിലും പ്രധാനപ്പെട്ടത് സഹൃദയന്റെ സമാധിതന്നെയാണ്. കവിതാസ്വാദകന്‍ ഉപരിപ്ലവവും ഇടുങ്ങിയതുമായ കണ്ണടയിലൂടെ കവിഹൃദയത്തെ വായിക്കാന്‍ ശ്രമിച്ചാല്‍ അത് ചെന്നെത്തുന്ന ത് കവിതാഹൃദയത്തിലാവുകയില്ല. ആസ്വാദകനും കവിഹൃദയത്തോളം ഉയര്‍ന്ന മനസ്സുള്ളവനാവണം. കവിയുടെ കാരയത്രീ പ്രതിഭയോടൊപ്പം ഉയര്‍ന്ന ഭാവയത്രീപ്രതിഭ ആസ്വാദകനിലും ഉണ്ടാവണം. കവിയെന്താണുദ്ദേശിച്ചതെന്നു യഥാര്‍ത്ഥമായി അവിപരീതമായി ഭാവനയിലൂടെ ഉള്‍ക്കൊള്ളാനുള്ള വൈഭവമാണു് ഭാവത്രീപ്രതിഭ. കവിയുടെയും ആസ്വാദകന്റെയും തുല്യമായ, ഒരുമിച്ചുള്ള പങ്കെടുപ്പിലൂടെ മാത്രമേ പൂര്‍ണ്ണമായ സമാധിയും ആസ്വാദനവുമുണ്ടാവൂ. കലാകാരനെയും ആസ്വാദകനെയും ‘ബ്രഹ്മാസ്വാദനസഹോദര’ങ്ങളെന്നു വിശ്വനാഥകവിരാജന്‍ തന്റെ സാഹിത്യദര്‍പ്പണത്തില്‍ വിശേഷിപ്പിക്കുന്നത് ശ്രദ്ധേയമാണ്. കവിയുടെ ദര്‍ശനവുമായി ആസ്വാദകന്റെ ഭാവന അദ്വൈതഭാവത്തിലെത്തിയാല്‍ മാത്രമേ ആസ്വാദനമുണ്ടാവുകയുള്ളു. അതുകൊണ്ടാണ് ആസ്വാദനത്തിന്റെ അടിസ്ഥാനം അദ്വൈതമാണെന്ന് ഭാരതീയ സൗന്ദര്യശാസ്ത്രം പറയുന്നത്. ഭാവനയുടെയും യുക്തിയുടെയും പാരസ്പര്യതയില്‍ നിന്നുമാണ് കവിതയുണ്ടാവുന്നതെന്നു ഷെല്ലി വിശ്വസിച്ചിരുന്നു. യുക്തി ഭാവനക്കു നല്‍കുന്ന പുടപാകപ്രക്രിയ കവിതയെ മനോഹരമാക്കുന്നു, ശ്രുതി ലയത്തിന്റെ കാര്യത്തിലെന്നപോലെ. ഈ കാവ്യാത്മകത കവിതയിലെന്നല്ല മറ്റെല്ലാ കലാരൂപങ്ങളിലും ദര്‍ശിക്കാം. ‘കല്ലിലും വര്‍ണ്ണത്തിലും കവിതയെഴുതാം. ശാസ്ത്രീയമായ കണ്ടെത്തലുകളില്‍, പ്രസ്ഥാനങ്ങളുടെ രൂപവത്ക്കരണത്തില്‍, നൂതനാശയങ്ങളില്‍ ധാര്‍മ്മികതയില്‍ എന്നു വേണ്ടാ സകലതിലും ഭാവനയുടെ ആവിഷ്‌ക്കാരം ദര്‍ശിക്കാം’ എന്ന ബ്രഡ്‌ലിയുടെ അഭിപ്രായം ശ്രദ്ധേയമാണ് (A.C.Bradley, Oxford Lectures on Poetry, Delhi, 2019, p. 125). ശാസ്ത്രജ്ഞരായ തങ്ങള്‍ക്ക് പല കണ്ടെത്തലുകളും വരുന്നത് അന്തപ്രജ്ഞ നല്‍കുന്ന ഭാവനയിലൂടെയാണെന്നുള്ള വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞനായ പോള്‍ ഡേവീസിന്റെ അഭിപ്രായം ഇവിടെ സ്മരണീയമാണ്.

കവിതയിലായാലും കലയിലായാലും വിമര്‍ശനാത്മക വ്യാഖ്യാനങ്ങള്‍ ഒരു തൊഴിലെന്നതിലുപരി തപസ്യയുടെ ഭാഗമായ ദൗത്യവും വികാരവുമാവണമെന്ന മഹര്‍ഷി അരവിന്ദന്റെ ദര്‍ശനം സാഹിത്യവിമര്‍ശകര്‍ക്കെല്ലാം മാര്‍ഗ്ഗദര്‍ശകമാണ്. കവിതയോടുള്ള വൈകാരികാനുഭൂതിയുടെ അഭാവം മൂലമാണ് വിമര്‍ശകരും വ്യാഖ്യാതാക്കളും ദുര്‍വ്യാഖ്യാനങ്ങളിലൂടെ അനുവാചകരെ തെറ്റിദ്ധരിപ്പിക്കുന്നത്. കവിഹൃദയവുമായി താദാത്മ്യം പ്രാപിക്കുന്ന സഹൃദയനേ വിമര്‍ശനത്തിനും വ്യാഖ്യാനത്തിനും മുതിരാവൂ എന്ന് മഹര്‍ഷി അരവിന്ദന്‍ ഓര്‍മ്മിപ്പിക്കുന്നു. കവിതയില്‍ ചില വിമര്‍ശകര്‍ കാണാറുള്ള പോരായ്മകള്‍പോലും അതിലെ ശ്ലാഘനീയതയെപ്പോലെതന്നെ കവിയുടെ സമ്പൂര്‍ണ്ണതയുടെ ഭാഗമാണു. ഒരുപക്ഷെ വിമര്‍ശകന്‍ താനാഗ്രഹിക്കുന്ന രീതിയില്‍ അയാള്‍ കാണുന്ന പോരായ്മകള്‍ മാറ്റി പുനര്‍സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ അവിടെ ഇല്ലാതാവുന്നത് കവിതയുടെ ആത്മാവാകും. കവിയും കവിതയും ഒന്നാവുന്ന നിമിഷങ്ങളില്‍ ഉറവകൊള്ളുന്ന അനുസ്യൂതവൈഖരീപ്രവാഹം താന്‍ ഭാവനയില്‍ക്കാണുന്നതുപോലെ ചാലുമാറിയൊഴുകിയിരുന്നെങ്കില്‍ കുറെക്കൂടി നന്നായേനേയെന്നു ചിന്തിക്കുന്നവന്റെ അവസ്ഥ സ്വച്ഛന്ദശീതളമായ ജലാശയത്തിന്റെ ഓരത്തു ചള്ളകുത്താനിറങ്ങുന്ന ബാലന്റേതുപോലെ പരിതാപകരമാണ്. മഹായോഗി അരവിന്ദനെ ഉദ്ധരിച്ചാല്‍ ‘മഹാകവികളുടെ ആത്മനിഷ്ഠങ്ങളായ അപൂര്‍ണ്ണതകള്‍ പോലും അവരുടെ കവിതകളുടെ മുഖമുദ്രകളാണ.്’ അങ്ങനെയെന്തെങ്കിലും മാറ്റംവരുത്തണമെങ്കില്‍ത്തന്നെ അതു കവിയുടെ മാത്രം അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. അല്ലാതെ മറ്റാരെങ്കിലും അതില്‍ മാറ്റം വരുത്തിയാല്‍ അതില്‍ ഷെല്ലിയുണ്ടാവുകയില്ല. ‘വാനമ്പാടി’ അപൂര്‍ണ്ണമാവും, അതിന്റെ വ്യഗ്യം അപ്രത്യക്ഷമാവും. മൊത്തത്തില്‍ ശൂന്യതയനുഭവപ്പെടും. പുനര്‍സൃഷ്ടിക്കപ്പെടുന്ന കവിത ഒരുപക്ഷെ സുന്ദരമാവുമായിരിക്കും. പക്ഷെ എണ്ണത്തില്‍ തുലോം ചുരുക്കമെന്നു ശ്ലാഘിക്കപ്പെടുന്ന ആംഗലേയകവനങ്ങള്‍ക്കിടയില്‍ പ്രതിഷ്ഠിക്കപ്പെടാനുള്ള അതിന്റെ സ്ഥാനം നഷ്ടപ്പെടും (‘Only it would be Shelley with something of himself left out, the Skylark incomplete with part of its fullness of tone vanished and a big hole in the middle- a beautiful poem, but no longer soworthy of its place among a few supreme English lyrics’. Sri Aurobindo, ‘SHE LLEY’S SKYLARK – IMPERFECTIONS OF GREAT POETS -ESSENTIAL SIGNIFICANCE OF SHELLEY’S POETRY’, Letters on Poetry, Literature and Art, Pondi cherry, 1988, p. 266). പൗരാണിക മഹാകവികളുടെ ഇത്തരം അപൂര്‍ണ്ണതകളില്‍ക്കയറി ഇടപെടുകയെന്നത് തികച്ചും മാരകമായ സാഹസമാണ്. കാരണം അതു കവിതയുടെ ഭംഗിയെ ഭഗ്‌നമാക്കും.
ഷെല്ലിയുടെ ‘വാനമ്പാടി’യെ മേരീഷെല്ലിയുടെ കുറിപ്പുപയോഗിച്ചു വ്യാഖ്യാനിക്കുന്നതിനോടു മഹര്‍ഷി അരവിന്ദനു ശ്രദ്ധേയമായ വിയോജിപ്പാണുള്ളത്. വിശുദ്ധമായ കുടുംബജീവിതത്തിന്റെ ശാന്തിനിര്‍ഭരതക്കുപോലുമപ്പുറമുള്ളതാണ് കവികള്‍ മാത്രം രമിക്കുന്ന തങ്ങളുടെ അന്തര്‍വേദനത്തിന്റെ തലങ്ങള്‍. ഈ അന്തഃപ്രജ്ഞയെവിടെ, തങ്ങള്‍ സായാഹ്നസവാരിക്കിറങ്ങിയപ്പോള്‍കേട്ട കിളികൂജനത്താല്‍ പ്രചോദിതനായപ്പോള്‍ എഴുതപ്പെട്ടതാണ് ‘വാനം പാടി’യെന്ന കവിയുടെ സഹധര്‍മ്മിണിയുടെ ഉപരിപ്ലവമായ കുറിപ്പെവിടെ? വാനം പാടിയിലെ ‘മിന്നാംമ്മിനുങ്ങിനെ’ക്കുറിച്ചും അതിലെ ‘ഉന്നതജാതയായ സ്ത്രീരത്‌നം’ അദ്ദേഹത്തിന്റെ പ്രിയതമയണെന്നുമുമുള്ള സാധാരണവ്യാഖ്യാനങ്ങള്‍ ഷെല്ലിയുടെ ആദ്ധ്യാത്മിക ഔന്നത്യത്തില്‍ നിന്നും എത്രയോ താഴയാണ്? സ്വന്തം ഭാര്യയെപ്പറ്റി കവിതയെഴുതി പ്രസിദ്ധീകരിച്ചു രോമാഞ്ചംകൊള്ളുന്ന അല്പവീക്ഷണത്തിലൂടെ ഷെല്ലിയെപ്പോലെയുള്ളവരുടെ കവിതയെ വ്യാഖ്യാനിച്ചല്‍ അതിനോളം വലിയ ഉപരിപ്ലവത വേറെയൊന്നുണ്ടാവുകയില്ല. സ്വന്തം കമിതാവിനോടുള്ള പ്രണയ വായ്പ്പിനെ കവിതയാക്കരുതെന്നല്ല ഈപ്പറഞ്ഞതിന്റെയര്‍ത്ഥം. പ്രണയവായ്പ്പിനെ പ്രത്യുത, ശൃംഗാരത്തെപ്പോലും ഉദാത്തഭാവമായിക്കാണുമ്പോ ള്‍ കവിതയുടെ സൗന്ദര്യം പ്രമേയത്തെ കവിഞ്ഞു കേവലത്ത്വം കൈവരിക്കും. ഇവിടെ ശൃംഗാരമെന്ന പ്രമേയം സൗന്ദര്യത്തിന്റെ ഇരിപ്പിടം മാത്രമായിത്തീരുന്നു. പ്രമേയം വെറും ബോധവികാരമായി മാറുന്നു, സൗന്ദര്യം ബോധസ്വരൂപമായും. ഇവിടെയാണ് ആനന്ദത്തിന്റെ തലം. ഇത് അദ്വൈതത്തിന്റെ ആസ്വാദനതലമാണ്. ഇവിടെയാണ് ആസ്വാദകന്‍ കവിതയില്‍ സൗന്ദര്യം കണ്ടെത്തുന്നതും അതില്‍ ലയിക്കുന്നതും.
ഷെല്ലിയുടെ കവിതകളെ ഉപരിപ്ലവതകളുടെ വ്യാഖ്യാനങ്ങളില്‍ തളക്കാനാവുകയില്ല. ബാഹ്യപ്രേരണയില്ലാതെ പാടിക്കൊണ്ടിരിക്കുന്ന കവി തന്നെയാണ് ഷെല്ലിയുടെ വാനമ്പാടി. ഷെല്ലി തന്നെ പറയുമ്പോലെ ‘ഇരുളിമയുടെ ഏകാന്തതയില്‍ മധുരിമയാര്‍ന്ന സ്വരത്തില്‍ സ്വന്തം ആത്മാവിനെ പാടി ഉല്ലാസഭരിതമാക്കുന്ന’ കവി തന്നെയാണീ രാപ്പാടി. ‘ഈ അദൃശ്യഗായകന്റെ സംഗീതമാധുരിയാല്‍ അലൗകികതലത്തിലേക്കുയര്‍ത്തപ്പെട്ട് ചിത്തശുദ്ധി ലഭിക്കുന്നവരാണ് അതിന്റെ ശ്രോതാക്കള്‍’ (nightingale ‘who sits in the darkness and sings to cheer its own solitude with sweet sounds; his auditors are… men entranced by the melody of an unseen musician who feels that they are moved and softened’. P.B. Shelley. A Defence of Poetry, p. 12). ആസ്വാദനത്തിലൂടെ ചിത്തശുദ്ധി പകര്‍ന്ന് അനന്തതയില്‍ രമിപ്പിച്ചു അനുവാചകനു സമാധി നല്‍കുന്നതാവണം കവിത. അവിടെയേ കവിതയുടെ ഉദ്ദേശ്യം പൂര്‍ണ്ണമാവൂ.
ഷെല്ലിയുടെ ‘വാനമ്പാടി’ വെറുമൊരു കിളിയല്ല. മറിച്ച് ‘ആനന്ദിക്കുന്ന ആത്മാവാണ്’ എന്നദ്ദേഹം ഒരിക്കലും വിശ്വസിച്ചിരുന്നില്ല എന്നു സമര്‍ത്ഥിക്കാന്‍ വ്യഗ്രത കാട്ടുകയും അദ്ദേഹത്തിന്റെ ഈ കവിത അതുകൊണ്ടുതന്നെ അബദ്ധജഡിലവും അനാത്മാര്‍ത്ഥവും അലൗകികമെന്ന കാപട്യവുമാണെന്നും, യഥാര്‍ത്ഥ കവിത ജീവിതഗന്ധിയാവണമെന്നുമുള്ള വ്യാഖ്യതാക്കളുടെ വിമര്‍ശനത്തോട് മഹര്‍ഷി അരവിന്ദന്‍ സഹതപിക്കുകയാണ്. ഇത്തരം വിമര്‍ശനങ്ങള്‍ തികച്ചും അപ്രസക്തങ്ങളാണ്. ഇത്തരം ഉപരിപ്ലവ വിമര്‍ശകര്‍ പറയുന്ന ‘ഉന്നതജാതയായ സ്ത്രീ’യോ ‘വാമ്പാടിയുടെ പക്ഷിശാസ്ത്രമോ’ കവിയുടെ വിഷയമായിരുന്നില്ല. ഭൗമതലത്തില്‍നിന്നും സ്വര്‍ഗ്ഗസീമകള്‍ക്കപ്പുറമുള്ള ഭാസിലേക്കു പോയി അവിടെനിന്നും മനുഷ്യജന്മങ്ങള്‍ക്ക് മുക്തിയേകാന്‍ സോമാമൃതവുമായി പറന്നിറങ്ങുന്ന ഗായത്രിയെന്ന ഛന്ദസ്സിനെപ്പറ്റി ശതപഥബ്രഹ്മണം പരാമര്‍ശിക്കുന്നു. ‘സോമം’ എന്നാല്‍ സ+ഉമം എന്നര്‍ത്ഥം. അവ്യാകൃതപ്രകൃതിയും വ്യക്തിപുരുഷനും ഒന്നാവുകയാണിവിടെ. അഖണ്ഡബോധസത്തയും വ്യക്തിബോധവും തമ്മിലുള്ള പാരസ്പര്യതയാണുണ്ടാവുന്നത്. ശരിക്കും മനുഷ്യബോധം പ്രപഞ്ചബോധവുമായി സംവദിക്കുന്ന അദ്വൈതത്തിന്റെ ഈ നിമിഷമാണ് ആസ്വാദനത്തിന്റെ പരമകാഷ്ട. പ്രകൃതിയിലെ ആ അദൃശ്യഗായകന്റെ സംഗീതത്തെ ഭൗമതലത്തിലേക്കു കൊണ്ടുവരുന്ന വാഹകയാണു ഗായത്രി. അസാധാരണങ്ങളായ പല നിഗൂഢതകളെയും സാധാരണക്കാരിലേക്കെത്തിക്കാന്‍ കവികള്‍ പലപ്പോഴും ഉപയോഗിച്ചിരുന്ന ബിംബങ്ങള്‍ പക്ഷികളായിരുന്നു. പ്രകൃതിയുടെ ഈ അശ്രാവ്യങ്ങളായ സന്ദേശത്തെ, ഈ ദൈവികമായ അനന്തമായ ആനന്ദനിര്‍വൃതിയുടെ അമൃതവാഹിനിയെ ഭൗമതലത്തിലേക്കെത്തിക്കുന്ന ചൈതന്യമായിരുന്നു ഷെല്ലിയുടെ ‘വാനമ്പാടി’. മഹര്‍ഷി അരവിന്ദന്റെ വ്യാഖ്യാനത്തില്‍ ഷെല്ലിയുടെ വാനമ്പാടിയിലെ ‘മിന്നാമ്മിനുങ്ങ്’ വെറും സാധാരണ മിന്നാമ്മിനുങ്ങല്ല. മറിച്ച് എല്ലാ സര്‍ഗ്ഗാത്മകതകള്‍ക്കും പ്രചോദകവും മാര്‍ഗ്ഗദര്‍ശിയുമായിട്ടുള്ള അനന്തമായ പ്രകാശസ്രോതസ്സാണ്. ‘ഈ പ്രകാശസ്രോതസ്സിന്റെ സൗന്ദര്യവും, കവിയുടെ നിസ്സീമമായ സ്വപ്‌നങ്ങളും ഒരായിരം റോസാപ്പുഷ്പ്പങ്ങളുടെ സൗരഭ്യവും ഒന്നുചേര്‍ന്നതാണ് ഷെല്ലിയുടെ ലോകം.’അനന്തതയുടെ ജ്യോതിസ്സിനാല്‍ പ്രഭാപ്രശ്രുതമായ ഏകാന്തതയില്‍നിന്നും നിര്‍ഗ്ഗളിക്കുന്ന സ്‌നേഹപ്രകാശത്തിന്റെ അനുസ്യൂതപ്രവാഹമാണ് ആംഗലേയ കവിയുടെ ‘വാനമ്പാടി’. സഹൃദയവും സര്‍ഗ്ഗാത്മകതയുമുള്ള ആസ്വാദകര്‍ക്ക് ഈ കവിതയുടെ ബൗദ്ധികസൗന്ദര്യം പകര്‍ന്നേകുന്ന ഉദാത്തമായ സന്ദേശങ്ങള്‍ തികച്ചും ഹൃദ്യമാവും. അനന്തമായ ആസ്വാദ്യതകളുടെ പ്രഭവസ്ഥാനമാണീ സൗന്ദര്യം. ജനിമൃതികളുടെയും സന്തോഷസന്താപങ്ങളുമെന്നുവേണ്ട സകല വൈരുദ്ധ്യങ്ങളുമൊന്നായിമാറുന്ന പാരസ്പര്യതയുടെ അനന്തതയാണ് ഈ നിത്യാനന്ദത്തിന്റെ ലോകം. ഈ സാര്‍വ്വലൗകികമായ പാരസ്പര്യതയാണ് സകലതിനെയും നിലനിര്‍ത്തുന്ന സനാതനത്വം. ധര്‍മ്മമാണെല്ലാ സുഖങ്ങളുടെയും ആസ്വാദ്യതകളുടെയും അടിസ്ഥാനം. ഈ സാര്‍വ്വലൗകികതയും വിശ്വസ്‌നേഹവുമാണ് ഷെല്ലിയുടെ കവിതയുടെ പ്രഭവസ്ഥാനമെന്നാണ് അരവിന്ദഭാഷ്യം (Sri Aurobindo, Letters on Poetry, Literature and Art, p. 237). താനേതു പ്രപഞ്ചബോധത്തിന്റെ ഭാഗമാണോ അതിന്റെ അനന്തമായ പ്രഭയാണ് ഷെല്ലിയുടെ കവനങ്ങളിലെ ജ്യോതിസ്സ്. ദൈവികതയുടെ മന്ദഹാസമായ ഈ ബോധനിലാവിനെ സാധാരണക്കാരിലേക്കെത്തിച്ച് മാനവഹൃദയങ്ങളെ പ്രഭാപ്രശ്രുതമാക്കാന്‍, സത്യത്തെയും സൗന്ദര്യത്തെയുംകൊണ്ട് സകലത്തിനെയും ശിവമയമാക്കാന്‍ ആ കവി ഹൃദയം വൈകാരികമായി ആഗ്രഹിച്ചിരുന്നു. ‘തമസോ മാ ജ്യോതിര്‍ഗ്ഗമയാ’ എന്ന പൗരസ്ത്യദര്‍ശനത്തിന്റെ ആംഗലേയ ആവിഷ്‌ക്കാരങ്ങളായിരുന്നു ഷെല്ലിയുടെ കവനങ്ങള്‍. ‘ചാമ്പേയകുസുമ’ത്തിന്റെ നറുമണം പരത്തുന്ന ഷെല്ലിയുടെ ‘ഭാരതീയ പ്രേമസംഗീത’ത്തില്‍ (Indian Serenade) ഇതു കൂടുതല്‍ വ്യക്തമാണ്.
താന്‍ ഭാഗമായിട്ടുള്ള അഖണ്ഡബോധസത്തയുടെ പ്രതീകമായാണ് ഷെല്ലി പ്രകാശത്തെ വീക്ഷിച്ചത്. ഈ അഖണ്ഡബോധസത്തയുടെ ദ്യുതിയെയും അതിന്റെ സത്യത്തെയും സൗന്ദര്യത്തെയും സാധാരണലോകത്തിനു പരിചിതമാക്കാന്‍ കവി ആഗ്രഹിച്ചിരുന്നു. പ്രകാശത്തിന്റെ ലോകത്തെ പ്രാപിക്കാനാഗ്രഹിക്കുന്ന അന്വേഷകര്‍ക്ക് ദീപശിഖ കാട്ടുന്ന മാര്‍ഗ്ഗദര്‍ശിയാണു കവി. നിത്യവും ദ്യുതി പരത്തുന്ന ഉഷസ്സിന്റെ കവിയായിരുന്നു പി.ബി.ഷെല്ലി.
ഒരുപക്ഷെ ഷെല്ലിയുടെ വിശ്വോത്തരമായ ‘വാനമ്പാടി’ക്ക് എഴുതപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും അമൂല്യമായ വ്യഖ്യാനമാണ് മഹര്‍ഷി അരവിന്ദന്റേത്. ഒരു ഉത്കൃഷ്ടകവിതയുടെ നിഗൂഢമായ അന്തരിന്ദ്രിയഭാവത്തെ തൊട്ടറിയാന്‍ തത്തുല്യമായ മറ്റൊരു കവിഹൃദയത്തിനേ സാധിക്കുകയുള്ളു. ഷെല്ലിക്കവിതയിലെ ബിംബാത്മകതയെ ഇത്രമാത്രം ദാര്‍ശനികതയോടെ വ്യാഖ്യാനിക്കാന്‍ ബിംബങ്ങളെക്കൊണ്ടു നിറഞ്ഞ ‘സാവിത്രി’യുടെ കവിക്കേ കഴിയൂ.
(ഭാരതീയ ഇതിഹാസ സങ്കലന്‍ സമിതിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകന്‍)





















