മനുഷ്യന്‍ സൃഷ്ടിച്ച കലകളില്‍ ഏറ്റവും മഹത്തായത് ഏതാണ്? അങ്ങനെയൊരു ചോദ്യം പ്രസക്തമാണോ? ആണെങ്കില്‍ അതിന്റെ ഉത്തരമേതാണ്. സാങ്കേതികമായി നോക്കിയാല്‍ സിനിമ എന്നാവും പലരുടേയും ഉത്തരം. എന്നാല്‍ സിനിമയില്‍ മനുഷ്യന്‍ വെറും അസംസ്‌കൃത വസ്തുവേ ആകുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ ശാസ്ത്രം ആണ് അവിടെ കലയെ സൃഷ്ടിച്ചത്. മനുഷ്യനേത്രത്തിന്റെ ഒരു പരിമിതിയെന്നോ സാധ്യതയെന്നോ വിളിക്കാവുന്ന പ്രത്യേകതയെ പ്രയോജനപ്പെടുത്തി ശാസ്ത്രമാണ് സിനിമയെന്ന കലയെ സൃഷ്ടിച്ചത്. വീക്ഷണസ്ഥിരത (Persistance of vision) എന്ന മനുഷ്യ നയനത്തിന്റെ പ്രത്യേക സ്വഭാവം, ഒരു കാഴ്ച കണ്ണില്‍ നിന്നു മറഞ്ഞാലും സെക്കന്റിന്റെ 16-ല്‍ ഒന്നു സമയം കണ്ണില്‍ തങ്ങിനില്‍ക്കും എന്ന പ്രതിഭാസത്തെ പ്രയോജനപ്പെടുത്തി ശാസ്ത്രം സൃഷ്ടിച്ചെടുത്തതാണ് സിനിമ. അതില്‍ മനുഷ്യന്‍ തന്നെയില്ലെങ്കിലും കല സാധ്യമാകും. എന്നാല്‍ മനുഷ്യ ശരീരത്തിന്റെ സാധ്യതകളെയെല്ലാം പ്രയോജനപ്പെടുത്തി മനുഷ്യന്‍ സൃഷ്ടിച്ച ലോകത്തിലെ ഏറ്റവും മഹത്തായ കല ഏതാണ്? നിസ്സംശയം അതിനുത്തരം നല്‍കാനാവും; അതു കഥകളിയാണ്. കേരളത്തില്‍ രൂപപ്പെട്ട് ഇവിടെത്തന്നെ നിലനില്‍ക്കുന്ന ഒന്നായതുകൊണ്ട്, ലോകത്തിലെ ഇതരമേഖലകളിലെ കലാരൂപങ്ങളെ പരിചയമില്ലാത്തതുകൊണ്ട് ഒരു മലയാളിയ്ക്കു തോന്നുന്ന സ്വപ്രദേശസ്‌നേഹത്താല്‍ പ്രേരിതനായി പറയുന്ന ഉത്തരമല്ലേ കഥകളി എന്ന ഉത്തരം എന്നു ചിലപ്പോള്‍ ചോദിച്ചേയ്ക്കാം.
ഇന്റര്‍നെറ്റും ടെലിവിഷനും പ്രചാരത്തിലെത്തിയതോടെ ലോകത്തെവിടെയുള്ള കലാരൂപങ്ങളേയും കാണാനും മനസ്സിലാക്കാനും അതില്‍ താല്പര്യമുള്ള ആര്‍ക്കും കഴിയും. ലോകത്തിന്റെ വിവിധമേഖലകളില്‍ പ്രചാരത്തിലുള്ള പാരമ്പര്യ കലകളെല്ലാം തന്നെ ഇന്ന് കലാസ്‌നേഹികള്‍ പരസ്പരം കൈമാറിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെ ലോകത്തിനു കൈമാറിക്കിട്ടിയ കലാരൂപങ്ങളെല്ലാം പരിശോധിച്ചാല്‍ അതില്‍ ഒന്നാംസ്ഥാനത്തിനുള്ള മത്സരത്തില്‍ അവസാനം ശേഷിക്കാനിടയുള്ളത് നമ്മുടെ കഥകളിയും ജപ്പാന്‍കാരുടെ കബൂക്കിനാടകവും ആയിരിക്കും. മറ്റൊരു കലാരൂപത്തിനും മലയാളിയുടെ കഥകളിയോട് പിടിച്ചുനില്‍ക്കാനോ അതിന്റെ പരിസരത്തെങ്ങുമെത്താനോ കഴിയില്ല. അവസാനറൗണ്ടില്‍ കബൂക്കിയും പിന്‍തള്ളപ്പെടും. അതിനുള്ള കാരണങ്ങളില്‍ പ്രധാനം സാത്വികാഭിനയത്തിന് കഥകളി നല്‍കുന്ന പ്രാധാന്യം കബൂക്കിക്കില്ല എന്നതാണ്. കബൂക്കിയിലെ ആഹാര്യം ആധുനിക നാടകത്തോടടുത്തുനില്‍ക്കുന്നതാണ്. വേണമെങ്കില്‍ കഥകളിയേക്കാള്‍ വൈവിധ്യമുള്ളതാണെന്നുപറയാം. എങ്കിലും അതിനും കഥകളിയുടെ സവിശേഷതകളില്ലെന്നാണ് എന്റെ പക്ഷം. നമ്മുടെ പച്ച, കത്തി, കരി, താടി, മിനുക്ക് അവയില്‍ത്തന്നെയുള്ള ഉപവിഭാഗങ്ങള്‍ അത്തരം സൂക്ഷ്മതകളൊന്നും കബൂക്കിയില്‍ കാണുന്നില്ല. മുഖം മുഴുവന്‍ ചായം തേച്ചുമറച്ച് സാത്വികാഭിനയം തന്നെ വ്യക്തമാകാത്ത തരത്തിലാണ് പല കഥാപാത്രങ്ങളും കബൂക്കിയില്‍ രംഗത്തെത്തുന്നത്. നല്ല താളഭംഗിയുള്ള അവതരണമാണ് കബൂക്കിയുടേതുമെങ്കിലും കേരളത്തിന്റെ ചെണ്ടയോടു കിടനില്‍ക്കാന്‍ അവര്‍ക്കാകുന്നുണ്ടെന്നു തോന്നുന്നില്ല. മദ്ദളത്തെ ഒരുപക്ഷേ മറികടക്കുന്നുണ്ടാവാം. ചേങ്ങിലയേയും മാറ്റിവയ്ക്കാം. എന്നാല്‍ ചെണ്ടയെന്ന അസുരവാദ്യത്തിന്റെ സാധ്യതകള്‍ക്കു മുന്‍പില്‍ നിശ്ചയമായും കബൂക്കി പരാജയപ്പെടുക തന്നെയാണ്.
സോപാനവും കര്‍ണാട്ടിക്കും സമ്മേളിക്കുന്ന കഥകളിയുടെ സംഗീതത്തിന്റെ അനന്തവൈവിധ്യത്തിനു മുന്‍പില്‍ കബൂക്കിയിലെ വാചികാഭിനയം അപ്രസക്തമാകുന്നു. കബൂക്കിയില്‍ സാധാരണ നാടകങ്ങളില്‍ കാണുന്നതരത്തിലുള്ള വാചികാഭിനയമാണുള്ളത്. എന്നാല്‍ കഥകളി അതിനുപകരമായി പൂര്‍ണ്ണമായും സംഗീതത്തെയും ആംഗികാഭിനയത്തേയും ഉപജീവിക്കുന്നു. സംഗീതത്തിന്റെ അപാരസാധ്യതകളെക്കൂടി പ്രയോജനപ്പെടുത്തുന്നു എന്നതാണ് കഥകളിയുടെ അധികമേന്മ. എമ്പ്രാന്തിരിയും ഹൈദരാലിയും നബീശനും ഉണ്ണികൃഷ്ണക്കുറുപ്പും കലാമണ്ഡലം ഗംഗാധരനും വെണ്‍ മണി ഹരിദാസും കോട്ടയ്ക്കല്‍ മധുവും തുടങ്ങി എത്രയോ പ്രതിഭകളുടെ നാദവൈവിധ്യംകൊണ്ട് വിസ്മയം സൃഷ്ടിക്കപ്പെട്ടതാണ് ആ മേഖല.
ആംഗികാഭിനയത്തിന്റെ മേന്മയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ! ഹസ്ത ലക്ഷണദീപികയെ അടിസ്ഥാനപ്പെടുത്തിയുള്ള 24 മുദ്രകളും അവയുടെ സംയുക്തവും അസംയുക്തവുമായുള്ള പ്രയോഗങ്ങളുമൊക്കെ ചേര്‍ന്ന് സൃഷ്ടിക്കുന്ന ആംഗികാഭിനയ സാധ്യത അപൂര്‍വ്വതയുള്ളതാണ്. വളരെക്കാലം നീണ്ട പരിശ്രമത്തിലൂടെ മാത്രമേ മുദ്രകള്‍ കുറ്റമറ്റ രീതിയില്‍ സ്വായത്തമാക്കാനാവൂ. സാത്വികാഭിനയവും അങ്ങനെതന്നെ. കൂടിയാട്ടത്തിന്റെ മേന്മ കഥകളിയിലെ സാത്വികാഭിനയത്തിനില്ലെന്നു പറയുന്നവര്‍ ഉണ്ട്. കൂടിയാട്ടത്തിലെ വിദ്വാന്മാരില്‍ നിന്നാണ് പല വലിയ നടന്മാരും സാത്വികാഭിനയം പരിശീലിച്ചതും. എന്നാല്‍ മറ്റുമേഖലകള്‍ക്ക് (ആഹാര്യം, വാചികം) കൂടിയാട്ടത്തില്‍ വലിയ പ്രാധാന്യമില്ല. ചതുര്‍വിധാഭിനയങ്ങളുടേയും സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ കഥകളി ഭൂമിയിലെ തന്നെ ഏറ്റവും ഉന്നതമായ കലയാണെന്ന കാര്യത്തില്‍ ഒരു സംശയത്തിനും അവകാശമില്ല. എന്നാല്‍ ഈ കലയെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുന്നതിനും നമ്മള്‍ മലയാളികള്‍ വേണ്ടത്ര ശ്രമിച്ചിട്ടുണ്ടോ?
വള്ളത്തോള്‍ എന്ന വലിയ കവി കഥകളി എന്ന കലാരൂപത്തിന്റെ മഹത്വം മനസ്സിലാക്കിയില്ലായിരുന്നെങ്കില്‍ ഇന്ന് ആ അത്ഭുതകലാരൂപം ലോകത്തുനിന്നും മറഞ്ഞുപോകുമായിരുന്നു. അദ്ദേഹം അതിനുവേണ്ടി നടത്തിയ പരിശ്രമം അസാധാരണമാണ്. കവിത്രയത്തില്‍ വളളത്തോള്‍ നമ്മുടെ സംസ്‌കാരത്തിന്റെ സംരക്ഷകന്‍ എന്ന ഒരു പ്രത്യേക പങ്കു കൂടി വഹിക്കുന്നതിനാല്‍ ഒന്നാമനായി നില്‍ക്കുന്നു. ആശാന്‍ സാമൂഹ്യ പരിഷ്‌ക്കരണത്തിലും ഉള്ളൂര്‍ ഭാഷാസാഹിത്യസംരക്ഷണത്തിലും ശ്രദ്ധ വച്ചപ്പോള്‍ വള്ളത്തോള്‍ പ്രധാനമായും പരിശ്രമിച്ചത് നമ്മുടെ സംസ്‌കാരത്തിന്റേയും ദേശീയതയുടേയും സംരക്ഷണത്തിനുവേണ്ടിയായിരുന്നു. മണക്കുളം മുകുന്ദരാജാവിന്റെ സഹായത്തോടെ 1930ല്‍ അദ്ദേഹം കലാമണ്ഡലം സ്ഥാപിച്ചില്ലായിരുന്നെങ്കില്‍ കഥകളി ഉള്‍പ്പെടെ നമ്മുടെ പാരമ്പര്യകലകള്‍ എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടുമായിരുന്നു. ലോട്ടറി നടത്തിയും ലോകത്തിന്റെ വിവിധ മേഖലകളില്‍ മലയാളികളെക്കണ്ട് പിരിവെടുത്തും കലാകാരന്മാരേയും കൊണ്ട് പലയിടങ്ങളിലും സഞ്ചരിച്ചും വള്ളത്തോള്‍ സഹിച്ച കഷ്ടപ്പാടുകളാണ് ഈ മഹത്തായ കലയെ ഇന്നു നിലനിര്‍ത്തിപ്പോരുന്നത്. എന്നാല്‍ ഇന്ന് മലയാളികള്‍ ആ ത്യാഗം ഓര്‍ക്കുന്നുണ്ടോ? ഈ കലയുടെ മഹത്വം തിരിച്ചറിയുന്നുണ്ടോ?
വിദേശികള്‍ ആദരവോടെ കാണുന്ന ഈ കലാരൂപത്തെ നമ്മള്‍ അവഗണനകൊണ്ട് നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കലാമണ്ഡലത്തിനു കൃത്യസമയത്ത് ഗ്രാന്റ് നല്‍കാനും കാലാനുസൃതമായി സിലബസ് പരിഷ്‌കരിച്ച് കലാകാരന്മാര്‍ക്ക് ഉപജീവനത്തിനുമാര്‍ഗ്ഗം കണ്ടെത്താന്‍ സഹായിക്കാനുമൊന്നും ഭരണാധികാരികള്‍ക്കു താല്പര്യമില്ല. വലിയ കലാകാരന്മാരേയോ കലാ പ്രണയികളേയോ ആ സ്ഥാപനത്തിന്റെ തലപ്പത്ത് ഇരുത്തുന്നതിനുപകരം വെറും നാലാംകിട രാഷ്ട്രീയക്കാരെ അവരോധിച്ച് ആ മഹാപ്രസ്ഥാനത്തെ അനാദരിക്കാനാണ് സര്‍ക്കാരുകള്‍ പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഇത്രയും ആമുഖമായി പറഞ്ഞത് മഹത്തായ ഒരു ഇംഗ്ലീഷ് ഭാഷാ കൃതിയെ പരിചയപ്പെടുത്താനാണ്. ഡോക്ടര്‍ വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ എഴുതിയKathakali: An Ocean of Possibilities, Heritage and Present Scenario എന്ന കൃതിയെ.
വിദേശികള്‍ അത്ഭുതാദരങ്ങളോടെ നോക്കി നിന്നതാണ് നമ്മുടെ കലാപാരമ്പര്യം. എന്നാല്‍ കഴുത കുങ്കുമം ചുമുക്കുന്നതുപോലെ നമ്മളതൊന്നുമറിഞ്ഞില്ല. ലൂബാഷീല്‍ഡ് (ഫ്രാന്‍സ്), മിലനാസല്‍വാനി (ഇറ്റലി), ആലിസ് ബേണര്‍ (സ്വിസ്) തുടങ്ങി ഒരു ഡസനിലധികം വിദേശികള്‍ കഥകളി പരിശീലിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്തു. അതില്‍ മിലനാസാല്‍വാനി അതിന്റെ പേരില്‍ പദ്മപുരസ്‌കാരം പോലും നേടി. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ പന്തിയല്ല. ലോകം പുതിയ എഐക്കാലത്ത് കലയില്‍ നിന്നും അകന്നുപോകുന്നു. മനുഷ്യനു പകരം എഐ മതിയെന്നായിരിക്കുന്നു. കലകളുടെ പുനരുജ്ജീവനത്തിലൂടെ കലയുടെ മാനുഷികത തിരിച്ചുപിടിച്ചാലേ നമുക്കീ ഭൂമിയില്‍ മനുഷ്യനായി നിലനില്‍ക്കാനാവൂ.
നമ്മുടെ തനതു കലാരൂപമായ കഥകളിയെ നമ്മള്‍ സംരക്ഷിക്കുകയും ലോകത്തിന്റെ മുന്‍പില്‍ പ്രചരിപ്പിക്കുകയും വേണം. അത് ഓരോ മലയാളിയുടേയും ഉത്തരവാദിത്തമാണ്. അത് ഏറ്റവും ശ്ലാഘനീയമായ തരത്തില്‍ നിര്‍വ്വഹിച്ചിരിക്കുകയാണ് മുകളില്‍ പറഞ്ഞ ഇംഗ്ലീഷ് കൃതിയിലൂടെ കേരളത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഭാഷാ പണ്ഡിതനായ ഡോ.വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍. കഥകളിയുടെ ചിട്ടകളെക്കുറിച്ചും ചടങ്ങുകളെക്കുറിച്ചുമെല്ലാം പതിവു രീതിയില്‍ വിശദമായി വിവരിക്കുന്ന ഈ കൃതി മലയാളികളെ ഉദ്ദേശിച്ചുള്ളതല്ല എന്നത് ആദ്യ വായനയ്‌ക്കൊരുങ്ങുമ്പോള്‍ തന്നെ മനസ്സിലാവും. ഇന്ത്യയിലും വിദേശത്തും പി.എച്ച്.ഡി ബിരുദം നേടിയിട്ടുള്ള വി.ആര്‍.പി. നായര്‍ ഇരട്ട പിഎച്ച്ഡി ഉള്ള അപൂര്‍വ്വം മലയാളികളില്‍ ഒരാളാണ്. കേരളത്തിലെപ്പോലെ തന്നെ വിദേശത്തും വളരെയധികം വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇംഗ്ലീഷ് ഭാഷയില്‍ അദ്ദേഹത്തിനു വലിയ പ്രാവീണ്യമുണ്ട്. ആ പ്രാവീണ്യം ഈ കൃതി വായിക്കുമ്പോള്‍ നമുക്കു ബോധ്യപ്പെടും. പതിവു മലയാളിയുടെ ഇംഗ്ലീഷ് എഴുത്തു രീതി ഈ കൃതിയില്‍ കാണാനേയില്ല. വിദേശികള്‍ക്കു മനസ്സിലാക്കാന്‍ പറ്റിയ രീതിയില്‍ കഥകളിയുടെ മര്‍മ്മപ്രധാനമായ ഭാഗങ്ങളെല്ലാം ഡോക്ടര്‍ പരിചയപ്പെടുത്തിയിരിക്കുന്നു.
പത്ത് അധ്യായങ്ങളും 296 പുറങ്ങളുമുള്ള ഈ അന്യഭാഷാ കൃതിയിലൂടെ വള്ളത്തോള്‍ നടത്തിയ സേവനത്തിന്റെ ഒരു തുടര്‍ച്ചയാണ് ഈ ഭാഷാ ശാസ്ത്രജ്ഞന്‍ നിര്‍വ്വഹിക്കുന്നതെന്നു വേണമെങ്കില്‍ പറയാം. ശാരീരികമായ പ്രയത്‌നം പോലെതന്നെ പ്രധാനമാണല്ലോ ബൗദ്ധികമായ പ്രവര്‍ത്തനങ്ങളും. വലിയ ഒരളവോളം ശാരീരികമായ പരിശ്രമങ്ങള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് ബൗദ്ധികസേവനങ്ങളാണുതാനും. അതാണ് ഈ ഗ്രന്ഥത്തിന്റെ ദൗത്യം. ഒരു ഗവേഷകനായതിനാല്‍ വളരെ ചിട്ടപ്പെടുത്തിയ രീതിയാണ് കൃതിയില്‍ സ്വീകരിച്ചിരിക്കുന്നത്. ഒന്നാമധ്യായത്തില്‍ കേരളത്തിലെ പെര്‍ഫോമിങ്ങ് ആര്‍ട്ടുകളെ മൊത്തത്തില്‍ പരിചയപ്പെടുത്തിയതിനുശേഷം കഥകളിയുടെ ചരിത്രത്തിലേയ്ക്കും പാരമ്പര്യത്തിലേയ്ക്കും കടക്കുന്നു. കൃഷ്ണനാട്ടത്തില്‍ നിന്നു രാമനാട്ടവും അതില്‍ നിന്നു കഥകളിയിലേയ്ക്കുള്ള രൂപാന്തരണവും വിവരിച്ചശേഷം ആദ്യകാല ലജണ്ടുകളെ പരിചയപ്പെടുത്തുന്നു. തുടര്‍ന്ന് ചടങ്ങുകള്‍, വേഷം എന്നിവയെ അവതരിപ്പിക്കുന്നു.
സാധാരണ മലയാളത്തില്‍ കഥകളിയെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള കൃതികളില്‍ നിന്ന് ഈ കൃതിക്കുള്ള വ്യത്യാസം ഈ കലയുടെ പാഠാന്തരബന്ധത്തെക്കുറിച്ചുള്ള (Intertextuality) ചര്‍ച്ചയാണ്. മറ്റു പല കലാരൂപങ്ങളിലേയ്ക്കും കഥകളി എങ്ങനെ കടന്നുനില്‍ക്കുന്നു എന്നുകൂടി സൂചിപ്പിക്കുന്നു എന്നത് ഒരു സവിശേഷതയാണ്. ചലച്ചിത്രമേഖലയിലേക്ക് കഥകളി എങ്ങനെ വ്യാപിച്ചുനില്‍ക്കുന്നു എന്നതു പോലും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. കഥകളി പാരമ്പര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല എന്നും നമ്മുടെ പുതിയകാല ജീവിതത്തില്‍ കൂടി അതിന്റെ സ്വാധീനം നിലനില്‍ക്കുന്നുണ്ട് എന്നും വിദേശികളെ ബോധ്യപ്പെടുത്താനാവും അത്തരം കാര്യങ്ങള്‍ കൂടി ചര്‍ച്ചചെയ്തിരിക്കുന്നത്. കൂടുതല്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വിവരം ലഭിക്കുന്നതിനുവേണ്ടി എല്ലാ ഉപശീര്‍ഷകങ്ങളോടുമൊപ്പം സ്‌കാനിങ്ങ് കോഡുകളും ചേര്‍ത്തിരിക്കുന്നു. ചുരുക്കത്തില്‍ ശരിക്കും ‘എന്‍സൈക്ലോപീഡിയാക്’ എന്നു വിളിക്കാവുന്ന ഒരു കൃതി! ഈ കാലഘട്ടത്തില്‍ തികച്ചും അനിവാര്യമായ ഒരു കര്‍മ്മം തന്നെയാണ് ഈ ഭാഷാശാസ്ത്രജ്ഞന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.
എല്ലാം മേന്മകള്‍ മാത്രം പറഞ്ഞാല്‍ നിരൂപണമാകില്ലല്ലോ! 167, 168 പേജുകളിലെ ഉമഹശെേ മിറ ചീി ഉമഹശെേ ശി ഗമവേമസമഹശ എന്ന അധ്യായം ഒഴിവാക്കേണ്ടതായിരുന്നു എന്ന് ഒരഭിപ്രായം ഈ ലേഖകനുണ്ട്. ദളിത് എന്ന പ്രയോഗം തന്നെ വിഭജനത്തിന്റേതാണ്. അങ്ങനെ ഒരു പ്രത്യേക വിഭാഗം വാസ്തവത്തില്‍ ഇന്ത്യയില്‍ ഇല്ല. ഹിന്ദുക്കളുടെ പൊതുവിഭാഗത്തില്‍ നിന്നും ആപേക്ഷിക പിന്നാക്കാവസ്ഥയുള്ളവരും ഈയടുത്ത കാലം വരെ വനവാസികളായിരുന്നവരുമായ കുറച്ചു വിഭാഗങ്ങളെ പട്ടികജാതികളില്‍ ഉള്‍പ്പെടുത്തി എന്നല്ലാതെ അവര്‍ ദളിതുകള്‍ എന്ന് വേര്‍പെടുത്തി വിളിക്കാവുന്ന ഒരു വിഭാഗമല്ല. കേരളത്തില്‍ ഇതില്‍ പല ജാതികളും പൊതു ഹിന്ദു സമൂഹത്തില്‍ ലയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ദളിത് പഠനങ്ങളും വിലയിരുത്തലുകളും ഹിന്ദുക്കളെ ഭിന്നിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പാശ്ചാത്യരുടെ നിര്‍ദ്ദേശപ്രകാരം രാജ്യവിരുദ്ധ പത്രപ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന വിഭജനത്തിന്റെ വര്‍ത്തമാനങ്ങളാണ്. രാജ്യസ്‌നേഹികള്‍ കലാസാഹിത്യചര്‍ച്ചകളില്‍ നിന്നും അത്തരം വര്‍ത്തമാനങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
കഥകളി മാത്രമല്ല ലോകത്തെല്ലായിടത്തും എല്ലാ പാരമ്പര്യകലകളും ആദ്യകാലങ്ങളില്‍ സമൂഹത്തിന്റെ മേല്‍ത്തട്ടുകാരുടെ നിയന്ത്രണത്തിലായിരുന്നു. അതുബോധപൂര്‍വ്വം ആരും സൃഷ്ടിച്ചതല്ല. പാരമ്പര്യ വിദ്യാഭ്യാസം, കലാവിദ്യാഭ്യാസം എന്നിവ ആര്‍ജ്ജിച്ചത് ആ വിഭാഗങ്ങള്‍ മാത്രമായിരുന്നതിനാല്‍ കലാസ്വാദനവും പരിശീലനവുമെല്ലാം സമൂഹത്തിലെ ‘എലീറ്റ് ക്ലാസി’ന്റെ കൈയിലായിരുന്നു. കാലാന്തരത്തില്‍ ആ ക്ലാസ് വിഭജനം അപ്രത്യക്ഷമാകും. കേരളത്തിലും കഥകളിയുടെ കാര്യത്തില്‍ അതു സംഭവിച്ചു കഴിഞ്ഞു. ഇന്ന് ജാതിമതഭേദമെന്യേ എല്ലാവരും കഥകളി പഠിക്കുന്നു. ഹൈദരാലി കഥകളിപ്പാട്ടുകാരനായതിനെതിരെ അദ്ദേഹത്തിന്റെ സമുദായത്തില്‍ നിന്നും വലിയ എതിര്‍പ്പുകളുണ്ടായി എന്നതു സത്യം തന്നെ.
ഇന്ന് അത്തരം എതിര്‍പ്പുകളും കുറഞ്ഞുവരുന്നു. മുസ്ലീം വിഭാഗത്തില്‍ നിന്നും കഥകളി പരിശീലിക്കുന്നവരുണ്ടായിത്തുടങ്ങിയിരിക്കുന്നു. കലയ്ക്ക് ജാതിയോ മതമോ ഇല്ല. ഏതെങ്കിലും ഒരു പ്രത്യേകകാലഘട്ടത്തില്‍ ഏതെങ്കിലും ഒരു ജാതിക്കുള്ളില്‍ത്തന്നെയാണ് എല്ലാ കലയും ആരംഭിക്കുന്നത്. പിന്നീടത് എല്ലാവരും ഏറ്റെടുക്കുകയാണ് പതിവ്. ജപ്പാനിലെ സമുറായികള്‍ക്കും റഷ്യയിലെ കൊസാക്കുകള്‍ക്കും ജൂതന്മാര്‍ക്കും കൂര്‍ദ്ദുകള്‍ക്കും എല്ലാം അവരുടേതായ കലാരൂപങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്നവ എല്ലാവരുടേതുമായിക്കഴിഞ്ഞു. വിദേശികളെ ഉദ്ദേശിച്ചെഴുതിയ ഒരു കൃതിയില്‍ നിന്ന് ദളിത്, സബാള്‍ട്ടേണ്‍ (Subaltern) തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. നമ്മളെ വിഭജിക്കാന്‍ അവരുപയോഗിക്കുന്ന തന്ത്രങ്ങള്‍ക്കു നമ്മള്‍ തന്നെ ‘വടിവെട്ടിക്കൊടുക്കേണ്ടതില്ല’ ഇതുകൂടി സൂചിപ്പിച്ചു എന്നേയുള്ളൂ. അതു കൃതിയുടെ മഹത്വത്തെ ബാധിക്കുന്ന കാര്യമല്ല. തീര്‍ച്ചയായും കേരളം ഈ പരിശ്രമത്തോടു കടപ്പെട്ടിരിക്കുന്നുവെന്നത് വ്യക്തം.




















