മുനിനാരായണപ്രസാദ് ദേഹം വെടിഞ്ഞ് നിത്യതയിലേക്ക് യാത്രയായി. നാരായണഗുരുദേവന്റെ അദൃശ്യ കടാക്ഷത്താലും നടരാജഗുരുവിന്റേയും നിത്യചൈതന്യയതിയുടേയും ശിഷ്യത്വ പ്രസാദത്താലും ധന്യതയാര്‍ന്ന ആത്മീയജീവിതമായിരുന്നു മുനിനാരായണപ്രസാദിന്റേത്. ആ ധന്യതയുടെ തുടര്‍ച്ചയായി ശ്രീരാമകൃഷ്ണദര്‍ശനവും വിവേകാനന്ദസാഹിത്യവുമൊക്കെ ആ യതിവര്യന്റെ ആത്മീയശോഭയെ കൂടുതല്‍ പ്രകാശമാനമാക്കി.
മുനിയുടെ ധ്യാനനിഷ്ഠമായ മഹാമൗനത്തിലടങ്ങിയ മേധാശക്തിയെ നേതൃപരമായ കാര്യകര്‍ത്തൃത്വത്തിനും സംന്യസ്തജീവിതത്തിന്റെ കരുത്തിനും വേണ്ടി എങ്ങനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താമെന്ന് നാരായണ ഗുരുകുലത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് നാരായണനില്‍ അന്തര്‍ലീനനായിരുന്ന ആ മഹാമുനി തെളിയിച്ചു.
സ്വകര്‍മകാലത്തില്‍നിന്ന് മുനിനാരായണപ്രസാദ് നിതാന്ത ശാന്തിയടയുമ്പോള്‍ അനനുകരണീയമായ യതിചര്യയുടെ വലിയൊരു കര്‍മകാലത്തിനാണ് വിരാമമാകുന്നത്. എങ്കിലും ഏതൊരു വിരാമത്തിനുമപ്പുറം ‘ഗുരുപരമ്പര’ യുടെ തുടര്‍ച്ചയില്‍ ശാശ്വതമായി മാറുന്ന ഭാരതീയതയുടെ ആത്മീയസാകല്യം മഹാത്മാക്കളായ ഈ യതിവര്യരുടെ കര്‍മകാലത്തുതന്നെ ധര്‍മഫലമായി നമുക്ക് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തരം വിരാമങ്ങളൊക്കെ പ്രകൃത്യാ മാഞ്ഞുപോവുകയും അവരെല്ലാം അമരത്വത്തിലേക്കെത്തുകയും ചെയ്യുന്നു.
ആത്മീയസപര്യയില്‍ സ്വകര്‍മങ്ങളിലൂടെ വ്യാവര്‍ത്തിതമാകുന്ന കര്‍ത്തൃത്വഭാവത്തിലും ധര്‍മചിന്തയിലും ആത്മനിഷ്ഠമായ വിചാരങ്ങള്‍ക്കോ ഇന്ദ്രിയാനുഭവങ്ങള്‍ക്കോ സ്ഥാനമേതുമില്ല. അതുകൊണ്ടുതന്നെ ആത്മീയജീവിതത്തിലും അതിലൂന്നിയ നിഷ്‌ക്കാമവിചാരത്തിലും ഒരു യതിവര്യന്റെ ദേഹവിയോഗം ദുഃഖത്തിനും വേദനയ്ക്കുമൊന്നും ഇടം നല്‍കുന്നുമില്ല.

നശ്വരമായ ദേഹത്തിന്റെ അസാന്നിദ്ധ്യം ദേഹിയുടെ നിത്യതയിലൂടെ ശാശ്വതസാന്നിദ്ധ്യമായിത്തീരുന്നുവെന്ന ആത്മീയമായ മുനിപാഠങ്ങള്‍ ആ വേദനയില്ലായ്മയുടെ നിര്‍മമത്വത്തിന് കരുത്തായുണ്ട്. ഒരര്‍ഥത്തില്‍ ലൗകികരുടെ ദേഹവിയോഗം ഭൌതികമായ അസാന്നിദ്ധ്യത്തിന്റെ അര്‍ഥകര്‍മങ്ങളില്‍ അവസാനിക്കുമ്പോള്‍ ഋഷീശ്വരരുടെ ദേഹാന്ത്യം അവര്‍ സമ്മാനിച്ചുപോയ വാക്കര്‍മങ്ങളിലൂടെ പുതിയൊരു ദാര്‍ശനികസാന്നിദ്ധ്യമായി പിറവിയെടുക്കുകയാണ് ചെയ്യുന്നത്. അതിനായി അറിവിന്റെ പ്രകാശധാരയെ ഇവര്‍ ചിന്തയുടെ ചിമിഴുകളിലൊതുക്കി അക്ഷരനിധിയായി ഇവിടെ ശേഷിപ്പിച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ മുനിനാരായണപ്രസാദിന്റെ സമാധിസ്ഥമായ വിയോഗദുഃഖത്തിന് ഇവിടെ വിധിയില്ലാതാവുന്നു.
എങ്കിലും ആത്മീയശോഭപേറി പ്രകാശിച്ചിരുന്ന അനാത്മീയദേഹം പൊടുന്നനെ മായുമ്പോഴുണ്ടാകുന്ന കൂരിരുട്ട് സൃഷ്ടിക്കുന്ന അബോധപൂര്‍വമായ ഭീതിയില്‍നിന്നോ ബോധപൂര്‍വമായ അനാഥത്വത്തില്‍നിന്നോ സാധാരണക്കാര്‍ക്ക് വേഗം മോചിതരാവാനാവില്ലല്ലൊ. എന്നാല്‍ ഇവയില്‍നിന്നുള്ള മോചനമാര്‍ഗമെന്നോണം ആത്മീയജ്ഞാനത്തിന്റെ വിശാലമായ വിചാരധാരയെ അതിഭൗതികതയിലാമഗ്‌നമായ ലോകക്രമത്തിന്റെ അര്‍ഥാനര്‍ഥങ്ങള്‍ക്ക് ഗുണകരമാവും മട്ടില്‍ ഇന്നോളം പോന്ന ഗുരുപരമ്പര നമുക്കായി സമ്മാനിച്ചിട്ടുണ്ട്. അതാവട്ടെ ഗുരുപരമ്പരയുടെ പാരമ്പര്യത്തുടര്‍ച്ചയിലൂടെ ഭാരതീയതയുടെ ആത്മീയസാകല്യത്തെ, സനാതനത്വത്തിന്റെ ധര്‍മശോഭയോടെ അധുനാതനത്തിന്റെ വര്‍ത്തമാനത്തിലും ഇഴയടുപ്പിച്ചുനിറുത്തുന്നു. ഇത്തരത്തില്‍ സനാതനധര്‍മമൂല്യങ്ങളെ പ്രായോഗികപാഠങ്ങളായി പരിണമിപ്പിച്ചുകൊണ്ട് സാമൂഹികജീവിതക്രമങ്ങളില്‍ ഉള്‍ച്ചേര്‍ക്കാന്‍ വ്രതംപൂണ്ട സംന്യസ്തനായിരുന്നു മുനിനാരായണപ്രസാദ്.
ഭാരതത്തിന്റെ സനാതനമൂല്യങ്ങളുടെ സാരസ്വതസ്രോതസ്സായ ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത തുടങ്ങിയവയുടെയും ഗുരുദേവകൃതികളുടെയും വ്യാഖ്യാനങ്ങളിലൂടെ അറിവിന്റെ ബോധവൃത്തിയെ മുനിനാരായണപ്രസാദ് ഗഹനവും ലളിതവുമായ രീതിയില്‍ അനശ്വരമാക്കിയിട്ടുണ്ട്. അനശ്വരമാക്കപ്പെട്ട അറിവിന്റെ ഈ ബോധവൃത്തിയിലൂടെ ഈ മുനി സ്വാഭാവികമായും പുതിയൊരു ദാര്‍ശനികസാന്നിദ്ധ്യമാവുകയാണ് ചെയ്യുന്നത്. ഏറെ പ്രശ്‌നസങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന ആധുനികജീവിതക്രമത്തിന് ആത്യന്തികപരിഹാരമെന്നത് ഋഷിപ്രോക്തമായ ദര്‍ശനസംഹിതകളാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. ഉപനിഷദൃഷിമാരുടേയും നാരായണഗുരുവിന്റേയും സത്യദര്‍ശനം എക്കാലത്തും മനുഷ്യരാശിക്ക് കൂടുതല്‍ വെളിച്ചമേകാന്‍ ഇടയാവട്ടെ എന്ന് ഈ ആത്മീയഗുരു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
വിശ്വമാനവികതയുടെ ഐശ്വര്യോത്ക്കര്‍ഷത്തിന് നിദാനമെന്നത് ഭാരതത്തിന്റെ ഋഷിപ്രോക്തമായ ഔപനിഷദിക സനാതനമൂല്യങ്ങള്‍ മാത്രമാണെന്ന മുനിനാരായണപ്രസാദിന്റെ വിശ്വാസം കേവലം വിശ്വാസമായിരുന്നില്ല. പ്രത്യുത മുനിയുടെ സത്യദര്‍ശനം തന്നെയാണത്.
മുനിനാരായണപ്രസാദ് ‘ഭഗവദ്ഗീതയിലൂടെ ജീവിതപര്യടനം’ നടത്തുമ്പോഴും (ജീവിതപര്യടനം ഗീതയിലൂടെ എന്നത് മുനി നാരയണപ്രസാദിന്റെ ഗീതാവ്യാഖ്യാനം) വേദനയ്ക്കും വിഷാദത്തിനുമപ്പുറമുള്ള നിഷ്‌ക്കാമകര്‍മത്തിന്റെ പ്രായോഗികതയെക്കുറിച്ചാണ് പണ്ഡിതോചിതമായി ആഴത്തില്‍ ആലോചിക്കുന്നത്. എന്നാല്‍ അത്തരം ധ്യാനനിഷ്ഠചിന്തയുടെ ഫലശ്രുതിയെ പാമരോചിതമായ ഭാഷാശൈലിയിലാണ് അദ്ദേഹം ആവിഷ്‌ക്കരിക്കുന്നത്. ദശോപനിഷത്തുക്കള്‍, ഗുരുദേവകൃതികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വ്യാഖ്യാനത്തിനായി അദ്ദേഹം പൊതുവേ സ്വീകരിക്കുന്നതും ഈയൊരു പാഠശൈലിതന്നെയാണ്. ഈ പാഠശൈലി ശ്രീരംഗനാഥാനന്ദജി എന്ന മറ്റൊരു മഹാമുനിയുടെ പുണ്യസ്മരണയിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്.
ആദ്ധ്യാത്മികവിചാരമണ്ഡലത്തില്‍ വ്വ്യാഖ്യാനങ്ങള്‍ക്ക് പഞ്ഞമേതുമില്ല. ഇത്തരം ദാര്‍ശനികവിചാരങ്ങള്‍കൊണ്ട് സനാതനസംസ്‌കൃതിയുടെ കാലാതിവര്‍ത്തിത്വം സാമൂഹികജീവിതക്രമത്തില്‍ അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കും. കാലത്തിന്റെ അനിവാര്യതയെന്നോണം കാലാകാല ങ്ങളില്‍ അത് സംഭവിക്കുക തന്നെ ചെയ്യും. മുനിമാരിലെ മഹാമൗനത്തിലെ ഈ വിചാരവസന്തമാണ് ഹൈന്ദവ സംസ്‌കൃതിയുടെ അഥവാ ആത്മീയ സംസ്‌കാരത്തിന്റെ ഉള്‍ക്കരുത്തും ദാര്‍ശനിക സൗന്ദര്യവും. ഇക്കാര്യത്തില്‍ മുനിനാരായണപ്രസാദിന്റെ കര്‍മോത്സുകത വളരെ വലുതാണ്.
മാണ്ഡൂക്യോപനിഷദ് വ്യാഖ്യാനത്തിന്റെ മുഖവുരയില്‍ അദ്ദേഹം കുറിക്കുന്നു, ‘ശങ്കരാചാര്യരാണ് ദശോപനിഷത്തുകള്‍ക്ക് ആദ്യമായി ഭാഷ്യങ്ങളെഴുതിയത്. അദ്വൈതദര്‍ശനമാണ് എല്ലാ ഉപനിഷത്തുകളും വെളിപ്പെടുത്തുന്നത് എന്ന് ആചാര്യസ്വാമികള്‍ അവയിലൂടെ സമര്‍ത്ഥിച്ചു. അവയുടെ രചന നടന്ന കാലത്തിനു ശേഷം നൂറ്റാണ്ടുകള്‍ പന്ത്രണ്ടു കഴിഞ്ഞുപോയി. ഇതിനിടയില്‍ ചിന്താലോകത്തുണ്ടായിട്ടുള്ള പുതിയ പ്രവണതകളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട് ആധുനിലോകത്തിന്റെ ചിന്താശൈലിക്കു രുചിക്കുന്ന തരത്തിലുള്ള പുതിയ ഭാഷ്യങ്ങള്‍ വേണ്ടിയിരിക്കുന്നു എന്ന തോന്നലുണ്ടായതുകൊണ്ടാണ് ദശോപനിഷത്തുകള്‍ക്ക് പുതിയൊരു വ്യാഖ്യാനമെഴുതണമെന്ന് ഗുരു നിത്യചൈതന്യയതിയും ഈ വ്യഖ്യാതാവും ചേര്‍ന്ന് തീരുമാനമെടുത്തത്.”
ഈ തീരുമാനമാകട്ടെ ശ്രീശങ്കരാചാര്യസ്വാമികള്‍ക്ക് ശേഷം പ്രസ്ഥാനത്രയിക്ക് ആദ്യമായി ഒരു വ്യാഖ്യാനം ലഭിക്കാനുള്ള നിയോഗമായി മാറി. ഇതേക്കുറിച്ച് അദ്ദേഹം പറയുന്നു ‘ദശോപനിഷത്തുക്കള്‍ക്കും ഭഗവദ്ഗീതയ്ക്കും ബാദരായണന്റെ ബ്രഹ്മസൂത്രത്തിനു പകരം നാരായണഗുരുവിന്റെ വേദാന്തസൂത്രത്തിനും വ്യാഖ്യാനങ്ങള്‍ എഴുതുക വഴി ശങ്കരാചാര്യരുടെ കാലത്തിനുശേഷം ആദ്യമായി പ്രസ്ഥാനത്രയിക്ക് ഫലത്തില്‍ പുതിയൊരു വ്യാഖ്യാനമുണ്ടായി എന്നു പറയാം.”
ഗുരുദേവന്‍, നിത്യചൈതന്യയതി മുനിനാരായണപ്രസാദ് എന്നീ ഗുരുക്കന്മാരിലൂടെ കൈവന്ന പ്രസ്ഥാനത്രയി വ്യാഖ്യാനം ആദ്ധ്യാത്മികവിചാരമണ്ഡലത്തെ പുതിയ ഊര്‍ജവും വെളിച്ചവും കൊണ്ട് നിറയ്ക്കുകയാണുണ്ടായത്. ഇതുവഴി ശങ്കരാചാര്യര്‍ക്ക് ശേഷം പല നൂറ്റാണ്ടുകാലം സവര്‍ണപണ്ഡിതര്‍ക്ക് മാത്രം ചിന്താപ്രാപ്യമായിരുന്ന വേദാന്തതത്ത്വശാസ്ത്രം ഇതര സാധാരണക്കാര്‍ക്കും പ്രാപ്യമായിത്തീര്‍ന്നു. ആദ്ധ്യാത്മികചിന്താമണ്ഡലത്തില്‍ സംഭവിച്ച വലിയൊരു വിപ്ലവമായിരുന്നു ഇത്. എതിര്‍പ്പോ വെറുപ്പോ പ്രതിഷേധമോ പ്രകോപനമോ ഒന്നുമില്ലാതെ നിശ്ശബ്ദമായി നടക്കുന്ന ഇത്തരം ആദ്ധ്യാത്മികവിപ്ലവങ്ങളാണ് നമ്മുടെ സാമൂഹികനവോത്ഥാന പ്രക്രിയക്ക് അടിത്തറയായിട്ടുള്ളത്.
മാനവികതയുടെ മാനഃദണ്ഡമെന്നത് സമാഹരിക്കപ്പെടുന്ന വിഭവശേഷിയായി മാത്രം മാറിക്കഴിഞ്ഞ ഒരു കാലഘട്ടമാണിത്. സദാ പ്രോജ്വലിക്കുന്ന ആദ്ധ്യാത്മികസംസ്‌കൃതിയുടെ വെളിച്ചത്തിനു മുന്നില്‍പോലും അതൊന്നും തിരിച്ചറിയാനാവാതെ പ്രശ്‌നസങ്കീര്‍ണതകളിലേക്കു മാത്രം ആണ്ടുപോകുന്നതാണ് നമ്മുടെ ഇന്നത്തെ പുതിയ തലമുറ. ഇതില്‍ അദ്ദേഹം വലിയ ആത്മവ്യഥ അനുഭവിച്ചിരുന്നു. അതിന് പരിഹാരമെന്നോണം ‘യുവതയ്ക്കായി ശുദ്ധവും ലളിതവുമായ ഒരു തത്ത്വദര്‍ശനം’ എന്നൊരു ചിന്താപദ്ധതിക്കും അദ്ദേഹം രൂപം നല്‍കുകയുണ്ടായി. അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കാലത്തേയും തുറന്നുകാട്ടുന്ന ‘ആത്മയാനം’ എന്ന ആത്മകഥനം ഇന്നത്തെ യുവതയ്ക്ക് മാത്രമല്ല മാനവസമൂഹത്തിനാകെത്തന്നെ കൈവന്ന സുലളിതവും പരിശുദ്ധവുമായ സത്യദര്‍ശനമാണ്. അതുകൊണ്ടുതന്നെ മലയാളത്തിന്റെ ആത്മകഥാചരിത്രത്തില്‍ ആത്മയാനത്തിന് അനന്യമായ സ്ഥാനവുമുണ്ട്.
ചിന്തയിലും കര്‍മസാധനയിലും മുനിനാരായണപ്രസാദ് നിഷ്ഠയോടെ പുലര്‍ത്തിപ്പോന്ന ഏകലോകമാനവികതാദര്‍ശനം സ്വജീവിതചര്യയില്‍ അദ്ദേഹത്തെ ഏറെ വിനയാന്വിതനാക്കി. ജീവിതത്തെ ഏറെ ലളിതമാക്കി. മത-ജാതി-വര്‍ഗീയതയും സങ്കുചിത പ്രാദേശികചിന്തയുമെല്ലാം പരിഷ്‌ക്കാരത്തിന്റേയും സംസ്‌കാരത്തിന്റേയും മുഖമുദ്രയായി മാറിയ ഒരു കാലഘട്ടത്തിന്റെ സാക്ഷിയും കൂടിയാണ് മുനിനാരായണപ്രസാദ്. ശ്രീനാരായണദര്‍ശനങ്ങളെ ബോധപൂര്‍വം തമസ്‌ക്കരിച്ചുകൊണ്ട് നാരായണഗുരുവിന്റെ പേരില്‍ കുത്സിതമായ ആദ്ധ്യാത്മിക വിപണന തന്ത്രങ്ങളാവിഷ്‌ക്കരിച്ച് അവനവനാത്മസുഖം അനുഭവിക്കുന്ന ശ്രീനാരായണപ്രസ്ഥാനങ്ങളുടെ അപചയത്തില്‍ അദ്ദേഹം ഏറെ ദുഃഖിതനുമായിരുന്നു. അതുകൊണ്ടുതന്നെ ഇതില്‍നിന്നെല്ലാം അദ്ദേഹം ബഹുദൂരം അകലം പ്രാപിച്ചിരുന്നു.
പ്രകൃതിയും പുരുഷനും ദ്വൈതാത്മകമെന്ന ആധുനിക ഉപഭോഗ വീക്ഷണത്തേയും അതിന്റെ അതിഭൗതികമായ സാര്‍വദേശീയ സ്വീകാര്യതയേയും നിശ്ശബ്ദം പ്രതിരോധിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആത്മീയയാത്ര. ആ ആത്മീയയാത്രയില്‍ കൂടെയുണ്ടായിരുന്ന ഭൗതികദേഹം അദൃശ്യതയിലേക്ക് മാഞ്ഞു. എങ്കിലും അദ്ദേഹം ഇവിടെ ശേഷിപ്പിച്ചുപോയ മാനവികതയുടെ സമത്വവേദാന്തദര്‍ശനരഹസ്യങ്ങള്‍ സത്യദര്‍ശനമായി സദാ വെളിപ്പെട്ടുകൊണ്ടേയിരിക്കും.






















