കേരളത്തിന്റെ തൊഴില്‍ മേഖലയ്ക്കും സംഘപ്രസ്ഥാനങ്ങള്‍ക്കും നികത്താനാകാത്ത നഷ്ടമാണ് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷക്കാലമായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയായിരുന്നു.
തിരുവനന്തപുരം ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ എബിവിപി പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ എത്തിച്ചേരുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിവിധ ചുമതലകള്‍ പല കാലഘട്ടങ്ങളിലായി അജിത്ത് വഹിച്ചിരുന്നു.
വേങ്ങോട് സഹോദരന്മാര്‍ എന്നറിയപ്പെടുന്ന, ജി.കെ. മോഹനചന്ദ്രന്‍, ജി.കെ. സുരേഷ്, ജി.കെ അജിത്ത് എന്നിവര്‍ സംഘപ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
2001ല്‍ എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ നരനായാട്ടില്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കിക്കൊണ്ട് അതിന്റെ മുന്‍നിരയില്‍ ജി.കെ. അജിത്ത് ഉണ്ടായിരുന്നു. 1998ല്‍ ബിഎംഎസ് നെയ്യാറ്റിന്‍കര മേഖലാ സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ച ജി.കെ. അജിത്ത് 2005ല്‍ ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി, 2012 ല്‍ സംസ്ഥാന സെക്രട്ടറി, 2015 ല്‍ സംസ്ഥാന ട്രഷറര്‍ എന്നിങ്ങനെയുള്ള ചുമതലയില്‍ പ്രവര്‍ത്തിച്ചു. 2020 മുതല്‍ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഒരുകാലത്ത് സിപിഎമ്മിന്റെ സമഗ്രാധിപത്യത്തില്‍ ആയിരുന്ന കെഎസ്ആര്‍ടിസിയില്‍ വന്‍ മുന്നേറ്റം നടത്തിക്കൊണ്ട് അവിടുത്തെ ജീവനക്കാര്‍ക്ക് പരിപൂര്‍ണ്ണമായ ആത്മവിശ്വാസം വളര്‍ത്തുന്നതരത്തില്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ പ്രവര്‍ത്തനം എത്തിക്കുന്നതിനും കെഎസ്ആര്‍ടിസി യില്‍ അംഗീകാരം നേടുന്നതിനും കെഎസ്ടി എംപ്ലോയീസ് സംഘ് പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. കെഎസ്ആര്‍ടിസിയില്‍ പത്തുവര്‍ഷക്കാലം മുടങ്ങിക്കിടന്ന ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പില്‍ വരുത്തുന്നതിനും, കൃത്യമായി മാസശമ്പളം ലഭിക്കുന്നതിനും പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ കിട്ടുന്നതിനും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം കൊടുത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിരവധി സ്ഥാപനങ്ങളില്‍ ബിഎംഎസ്സിന് അംഗീകാരം നേടുന്നതിലേക്ക് വലിയ പങ്കു വഹിച്ചു. പ്രത്യേകമായി എടുത്തുപറയേണ്ടത് ഡിഫന്‍സ് സ്ഥാപനങ്ങളിലെ റഫറണ്ടം, കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ നടന്ന റഫറണ്ടം എംആര്‍എഫ് അടക്കമുള്ള മറ്റു സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ റഫറണ്ടങ്ങളിലെ വിജയങ്ങള്‍ക്കും അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു
ഇപിഎഫില്‍ അംഗങ്ങള്‍ ആയിട്ടുള്ള തൊഴിലാളികളുടെ മിനിമം പെന്‍ഷന്‍ ഉയര്‍ത്തുന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പതിനായിരക്കണക്കിന് തൊഴിലാളികളെ സംഘടിപ്പിച്ച് തിരുവനന്തപുരത്ത് രാജഭവന്‍മാര്‍ച്ച്, അസംഘടിത തൊഴിലാളി മേഖലയിലെ തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനും കൃത്യമായി വിതരണം ചെയ്യുന്നതിനും വീഴ്ച വരുത്തിയ കേരള ഗവണ്‍മെന്റിനെതിരെ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച്, ലേബര്‍ 20 യുടെ ഭാഗമായി സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി 4000 ത്തിലധികം പേരെ പങ്കെടുപ്പിച്ച് തിരുവനന്തപുരം കവടിയാര്‍പാലസില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്ത വനിതാസംഗമം തുടങ്ങിയ പരിപാടികളുടെ സംഘാടന മികവ് ശ്രദ്ധേയമാണ്.
ഇതിനുപുറമേ തൊഴിലാളി മേഖലയെ സംബന്ധിക്കുന്ന ഓരോ വിഷയത്തിലും ആഴത്തിലുള്ള പഠനം അനിവാര്യമാണെന്ന് മനസ്സിലാക്കി കൊണ്ട് കേരളത്തിലെ ബിഎംഎസ്സിന്റെ എറണാകുളം കേന്ദ്രീകരിച്ചുള്ള തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിക്കൊണ്ട് നിരവധി പുസ്തകങ്ങള്‍ തയ്യാറാക്കുന്നതില്‍ അദ്ദേഹം നേതൃത്വം കൊടുത്തു.
കേവലം 57-ാമത്തെ വയസ്സിലാണ് അദ്ദേഹം നമ്മെ വിട്ടുപിരിയുന്നത്. ഒരുപാട് കാലം കേരളത്തിലെ തൊഴില്‍ മേഖലയില്‍ തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടിയിരുന്ന ജി.കെ. അജിത്തിന്റെ നിര്യാണം ഏറെ വേദനയും ദുഃഖവും ഉണ്ടാക്കുന്നതാണ്. കേരളത്തിലെ മുഴുവന്‍ ബിഎംഎസ് പ്രവര്‍ത്തകരുടെയും അശ്രുപൂജ ഈ അവസരത്തില്‍ അര്‍പ്പിക്കുന്നു.
(ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ആണ് ലേഖകന്‍)






















