2024നു രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച മുനി നാരായണപ്രസാദ് സ്വാമിക്ക് 1984ല്‍ ഗുരു നിത്യചൈതന്യയതിയാണ് സന്യാസദീക്ഷ നല്‍കിയത്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ മറ്റൊരു ശാഖയായ നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ അധ്യക്ഷനും ഗുരുവുമാണ് മുനിനാരായണ പ്രസാദ്. ഗുരുകുലം സ്ഥാപിച്ച നടരാജഗുരു, നിത്യചൈതന്യയതി എന്നിവരാണ് അദ്ദേഹത്തിന്റെ മുന്‍ഗാമികളും ഗുരുക്കന്മാരും.
ഭാരതീയ തത്വചിന്തയെയും ഗുരുദേവകൃതികളെയും മനുഷ്യജീവിതത്തോടു ചേര്‍ത്തുവെച്ച കര്‍മ്മയോഗിയായിരുന്നു മുനി നാരായണപ്രസാദ്. അക്ഷരവെളിച്ചത്തിലൂടെ വാക്കിലെ തീക്കനല്‍ ജ്വലിപ്പിക്കുകയായിരുന്നു അദ്ദേഹം. ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റിനിര്‍ത്തി അറിവിനാണ് പ്രാധാന്യം നല്‍കിയത്.
സന്യാസ ജീവിതത്തിനു പുതിയ വ്യാഖ്യാനം നല്‍കി. സന്യാസം പലതുകളില്‍ നിന്നുള്ള വിടവാങ്ങലാണ്. ഒരിക്കല്‍ നടരാജഗുരു മുനിയോടു ചോദിച്ചു ”സന്യാസിയുടെ സമ്പത്ത് എന്താണ്…”
മുനി നാരായണ പ്രസാദ് ഉടനെ മറുപടി പറഞ്ഞു ”ത്യാഗം”
”ത്യാഗിയായി ഗുരുകുലത്തില്‍ കഴിയാനാവാത്ത സാഹചര്യമുണ്ടായാല്‍ എന്തു ചെയ്യും?” എന്ന ചോദ്യത്തിന് ”ഗുരുകുലം വിട്ടുപോകണം” അതായിരുന്നു മറുപടി.
മുനി നാരായണപ്രസാദ് ഒരു നിയോഗമെന്നോണം സന്യാസം സ്വീകരിക്കുകയായിരുന്നു. 1999ല്‍ നിത്യചൈതന്യയതിയുടെ സമാധിക്കുശേഷം നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ അധ്യക്ഷനും ഗുരുവുമായി അദ്ദേഹം മാറി. ആരാണ് സന്യാസി എന്ന് ശ്രീനാരായണഗുരുവിന്റെ ‘മുനിചര്യം പഞ്ചകം’ എന്ന കൃതിയില്‍ വ്യക്തമാക്കുന്നുണ്ട്. അത്തരത്തിലുള്ള സന്യാസിമാര്‍ ഇന്ന് അപൂര്‍വ്വമാണ്. പേരിലെ ‘പ്രസാദം’ ആ മുഖശ്രീയില്‍ എന്നും മുനിയില്‍ തെളിഞ്ഞുനിന്നിരുന്നു. സര്‍ക്കാര്‍ ഉന്നത ഉദ്യോഗം; എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ചാണ് സന്യാസത്തിലെത്തിയത്. ഒരു സന്യാസി എങ്ങിനെയിരിക്കണമെന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ ഈ മുനിശ്രേഷ്ഠനെ ചൂണ്ടിക്കാണിക്കാനാവും.
ചെറുപ്രായത്തില്‍ നാരായണ ഗുരുകുലത്തില്‍ അന്തേവാസിയായി എത്തിയ എം.എന്‍. പ്രസാദാണ് പിന്നീട് സ്വാമി മുനിനാരായണ പ്രസാദായി മാറിയത്. നല്ല മാര്‍ക്കോടെ എഞ്ചിനീയറിംഗ് പാസ്സായ പ്രസാദ് അദ്ധ്യാപകനായി ജീവിതം ആരംഭിക്കുകയായിരുന്നു.
1959ല്‍ പൊതുമരാമത്ത് വകുപ്പിന്റെ കൊല്ലത്തെ ഓഫീസില്‍ ഓവര്‍സീയറായി ജോലി ലഭിച്ചു. അന്നും ഗുരുകുലവുമായി ബന്ധമുള്ള പ്രസാദ് ഗുരുകുലത്തില്‍ താമസിച്ചുകൊണ്ട് ജോലിക്കു പോയ്‌ക്കൊണ്ടിരുന്നു. അന്നു ഗുരുകുലത്തിന്റെ ചുമതല വഹിച്ചിരുന്നത് മംഗളാനന്ദ സ്വാമിയായിരുന്നു. ജോലിയോടൊപ്പം ഗുരുകുലത്തിന്റെ ആധ്യാത്മിക പ്രവര്‍ത്തനങ്ങളിലും പ്രസാദ് സജീവമായി പങ്കെടുത്തിരുന്നു.
1967ല്‍ മംഗളാനന്ദസ്വാമി സമാധിയായപ്പോള്‍ ഗുരുകുലത്തിന്റെ ചുമതല പ്രസാദിനെ ഏല്പിച്ചു. 1968ല്‍ നിത്യചൈതന്യയതി ഗുരുകുലം മാസിക വീണ്ടും ആരംഭിച്ചു. ജോലിയോടൊപ്പം ഗുരുകുലത്തിന്റെ ഉത്തരവാദിത്തവും പ്രസാദിനെ ശ്വാസംമുട്ടിച്ചു. ഈ അവസരത്തില്‍ തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം ഉണ്ടായി. ഈ പ്രതിസന്ധിയില്‍ ജോലി രാജിവെച്ചു. 1970ലും 71ലും ഏഴിമല ഗുരുകുലത്തില്‍ നടരാജഗുരു നടത്തിയ ലോകസമാധാനസമ്മേളനത്തില്‍ സജീവായി പങ്കെടുത്തു. അതുപോലെ 1971ല്‍ ശാസ്താംകോട്ടയില്‍ നടന്ന ലോക മതസമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു. ആ കൊല്ലം നടരാജഗുരു ബ്രഹ്മചാരിദിക്ഷ നല്‍കുകയുണ്ടായി. 1973 ല്‍ നടരാജഗുരു മഹാസമാധിയാകുമ്പോള്‍ ബ്രഹ്മവിദ്യാമന്ദിര്‍ (ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ) ചുമതല മുനിക്കായിരുന്നു. മുനി ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം ന്യായദര്‍ശനമായിരുന്നു. വര്‍ക്കല ബ്രഹ്മവിദ്യാലയത്തിനു സമീപത്തുള്ള ഒന്നും പറമ്പില്‍ സമാധിയിരുത്തി.
ഒരു ജ്ഞാനസൂര്യന്‍ അസ്തമിച്ചു.






















