അതി നിഗൂഢത കൊണ്ട് ഒരു സിനിമ കാണാന്‍ പോകുന്നവര്‍ കുറയുക എന്ന അവസ്ഥ ‘എക്കോ’ എന്ന മലയാള സിനിമയ്ക്ക് മാത്രമായിരിക്കും ഒരുപക്ഷേ ഉണ്ടായിരിക്കുക. അത്രത്തോളം ആഴത്തില്‍ കണ്ടാലേ ആ സിനിമയുടെ നിഗൂഢതകള്‍ പുറത്തുവരുന്നുള്ളു. കണ്ട് തീര്‍ന്നാലും നാം ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കുന്ന ഒരു ചിത്രം. ആംഗലേയ സിനിമകളില്‍ കാണാറുള്ള മിസ്റ്റിക് അനുഭവങ്ങള്‍ക്ക് അടുത്ത് എത്തുന്ന സാധാരണ ജീവിതാനുഭവങ്ങളാണ് ‘എക്കോ’ എന്ന സിനിമ. സെവന്‍, ദി പ്രസ്റ്റീജ്, സിക്‌സ്ത് സെന്‍സ് തുടങ്ങിയ സിനിമകള്‍ നല്‍കിയ ആശയക്കുഴപ്പങ്ങളുടെ ഘട്ടങ്ങള്‍, അപ്രതീക്ഷിത വഴിത്തിരിവുകള്‍, മറഞ്ഞിരിക്കുന്ന വ്യക്തിത്വങ്ങള്‍, ആരെന്ന ഉത്തരമില്ലാത്ത കുറ്റകൃത്യങ്ങള്‍, സര്‍വ്വോപരി മാനസികമായ അതൃപ്തിയോളം എത്തുന്ന നിഗൂഢമായ അവസാനം എന്നിവ എക്കോയെ വ്യത്യസ്തവും ആധുനിക മലയാള സിനിമയുടെ നവ ചലനവും ആക്കിത്തീര്‍ക്കുന്നു.
നിഗൂഢ സിനിമകളുടെ മുഖ്യ ആകര്‍ഷണം, അവയുടെ അവസാന രംഗം വരെ നമ്മുടെ ശ്രദ്ധ പിടിച്ചുനിര്‍ത്തുന്ന പ്ലോട്ട് ട്വിസ്റ്റുകളുടെയും മനസ്സ് എത്താതെ പോകുന്ന കഥയുടെയും മിശ്രിതത്തിലാണ്. ആദ്യരംഗങ്ങള്‍ മുതല്‍, വികസിച്ച് വരുന്ന കഥ, കൗതുകകരമായ കഥാപാത്രങ്ങള്‍, ഒരു പ്രത്യേക തരം അന്ത്യം എന്നിവയാല്‍ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന, എല്ലാ കോണിലും ഞെട്ടലുകള്‍ കാത്തിരിക്കുന്നതുമായ ഒരു ലോകം സൃഷ്ടിക്കാന്‍ അവയ്ക്കു കഴിയും.
ഇത്തരം സിനിമകള്‍ വിനോദത്തേക്കാള്‍ മറ്റൊരു തലം നമുക്ക് നല്‍കുന്നു. അതിവിദഗ്ദ്ധമായി നിര്‍മ്മിച്ച, ഉത്തരം ഒറ്റയടിക്ക് പറയാനാവാത്ത പ്രഹേളികകളാണ് ആ തലം, കാഴ്ചക്കാരന്റെ ബുദ്ധി ഉപയോഗിച്ച് സിനിമയിലെ രഹസ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ സിനിമ ആവശ്യപ്പെടുന്നു. അത്തരം ഓരോ സിനിമയും നമ്മെ സസ്‌പെന്‍സിന്റെ ഒരു ഭ്രമാത്മകതയിലേക്ക് വലിച്ചിടുന്നു, എന്നാല്‍ നമ്മള്‍ സത്യത്തോട് അടുത്തിരിക്കുന്നുവെന്ന് തോന്നുമ്പോള്‍ തന്നെ കൂടുതല്‍ ചോദ്യങ്ങള്‍ നമ്മെ നിരന്തരം വെല്ലുവിളിക്കുന്നു.അത്തരം നിഗൂഢ സിനിമകള്‍ കാണുമ്പോള്‍, കാഴ്ചക്കാര്‍ അവരുടെ ഇരിപ്പിടങ്ങളില്‍ ഇളകാതെ നോക്കിയിരിക്കുന്നു, അവസാന നിമിഷം വരെ ഓരോ സൂചനയും വിവിധരീതിയില്‍ ഊഹിക്കുന്നു. ഇത്രയും എഴുതുന്നതിനായി ലേഖകന് രണ്ടുതവണ സിനിമ കാണേണ്ടിവന്നു!
ദി ബിഗ് സ്ലീപ്പ് പോലുള്ള’നോയര്‍ ക്ലാസിക്കു’കള്‍ (noir- classics) മുതല്‍ കിസ് കിസ് ബാംഗ് ബാംഗ് പോലുള്ള ആധുനിക അപ്‌ഡേറ്റുകള്‍ (neo noir) വരെ, വര്‍ഷങ്ങളായി ഇത്തരം നിഗൂഢ (mystery) വിഭാഗത്തിലെ സിനിമകള്‍ക്ക് ചരിത്രപരമായ പ്രാധാന്യം നിര്‍വ്വഹിക്കുവാന്‍ ഇടവരുന്നുണ്ട്. ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് മുതല്‍ ഡേവിഡ് ഫിഞ്ചര്‍ വരെയുള്ള നിരവധി സംവിധായകര്‍ നിഗൂഢ സിനിമകളുടെ പ്രമുഖ നിര്‍മ്മാതാക്കളായി രംഗത്ത് വന്നു. ഇക്കോ അത്തരം ഒരു സിനിമയാണ്! അതുകൊണ്ട് ഇതിനെ 1970 -80 കാലഘട്ടത്തില്‍ തന്നെ ഹോളിവുഡ് സിനിമകളില്‍ കാണപ്പെട്ട നിയോ നോയറിസം എന്ന രൂപകഭാഗത്തില്‍ (genre) പെടുത്തി മലയാളത്തിലെ ‘നിയോ നോയര്‍’ (neo noir) സിനിമ എന്ന് വിളിക്കാം.
‘എക്കോ’: ഇന്‍ഫിനിറ്റ് ക്രോണിക്കിള്‍സ് ഓഫ് കുര്യച്ചന്‍’ എന്ന അടിക്കുറിപ്പോടു കൂടിയ നാമകരണമാണ് ചിത്രത്തിന് നല്‍കിയത്. ‘ലസീ’ എന്ന പേരില്‍ തന്നെ തുടങ്ങുകയാണിതിലെ നിഗൂഢത എന്ന് വേണമെങ്കില്‍ പറയാം. ‘വാല്‍’ എന്നും ‘മൃഗങ്ങളുടെ കൂട്ടം’ എന്നുമൊക്കെ മലായ് ഭാഷയില്‍ അര്‍ത്ഥം വരുമെങ്കിലും ജവാനീസ് ഭാഷയില്‍ ‘ആദ്യം ജനിച്ച’ എന്നും അര്‍ത്ഥമായി കാണാം. സിനിമയുമായി പേരിനെ ബന്ധപ്പെടുത്തുവാന്‍ വിവിധ ഊഹാപോഹങ്ങള്‍ ഉപയോഗിച്ചാലേ പറ്റൂ… അത് സിനിമ കാണുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന വലിയൊരു സാധ്യതയായി സംവിധായകന്‍ ഉപയോഗിച്ചിട്ടുമുണ്ട്. സംവിധായകന്‍ പറയുന്നതാവട്ടെ, സിനിമയില്‍ എക്കോ (echo) ചെയ്യുന്ന ചിലതിനെയൊക്കെ ആണ് ‘എക്കോ’ എന്ന പടം കൊണ്ട് ഉദ്ദേശിച്ചത് എന്നാണ്. ‘ഇന്‍ഫിനിറ്റ് ക്രോണിക്കിള്‍സ്’ എന്നതിന്റെ ചുരുക്കമായി ‘ഇക്രൊ’ എന്ന പേരായിരുന്നുവെങ്കില്‍ ഈ ചര്‍ച്ചയേ ഉണ്ടാകുമായിരുന്നില്ല.
ദിന്‍ജിത്ത് അയ്യത്താന്‍ എന്ന സംവിധായകനും തിരക്കഥാ എഴുത്തുകാരനായ ഛായാഗ്രാഹകന്‍ ബാഹുല്‍ രമേഷും മലയാള സിനിമയ്ക്ക് ഒരു ഹോളിവുഡ് ടച്ച് നല്‍കിയിരിക്കുന്നു. സിനിമ ഹോളിവുഡ് തലത്തില്‍ മൊഴിമാറ്റം ചെയ്യപ്പെടുമെന്നു നമുക്ക് പ്രതീക്ഷിക്കാം.. കാണാന്‍ പോകും മുന്‍പേ സിനിമയെപ്പറ്റി ഒന്നും അറിയാതെ പോകുന്നവരാണ് ഞെട്ടിപ്പോവുക. ആദ്യ രംഗം മുതല്‍, അഭിനയവും സംവിധാനവും തികഞ്ഞ ഫ്രയിമുകള്‍. അശോകന്‍ എന്ന വെറ്ററന്‍ താരവും, വിനീത് എന്ന കലാകാരനും ചേര്‍ന്ന് നിഗൂഢതകള്‍ക്ക് തിരികൊളുത്തുന്നതിലൂടെ സിനിമ നമ്മെ അതിനോട് അടുപ്പിച്ച് നിര്‍ത്തുന്നു!
‘ഇന്‍ഫിനിറ്റ് ക്രോണിക്കിള്‍സ് ഓഫ് കുര്യച്ചന്‍’ എന്ന ടാഗ് ഇത് കുര്യച്ചന്റെ കഥയാണ് എന്ന് ധ്വനിപ്പിക്കുന്നു. ലോകമഹായുദ്ധകാലത്തെ മലേഷ്യ ചിത്രത്തില്‍ തെളിയുന്നുണ്ട്. ആരാണ് കുര്യച്ചന്‍ എന്ന ചോദ്യവും അയാള്‍ എവിടെയാണ് എന്ന അന്വേഷണവും സിനിമയുടെ ഉള്ളടക്കമാണ്. ആ അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുറച്ചു മനുഷ്യരെയാണ് സിനിമ വരച്ചിടുന്നത്. സിനിമയിലൂടെ പോകുമ്പോള്‍ അതില്‍ അയാളോട് പകയുള്ളവരുണ്ട്, കൂറുള്ളവരുണ്ട്, ഇതൊന്നുമല്ലാതെ നിഗൂഢതയായി കാണുന്നവരുമുണ്ട്. അന്വേഷണത്തില്‍ അടുക്കും തോറും കുര്യച്ചന്‍ പിടിയിലെത്തുന്നില്ലെന്നു മാത്രമല്ല അന്വേഷകര്‍ പോലും എവിടെയോ മറയുന്നു! കുര്യച്ചന്‍ നല്ലവനാണെന്ന അവകാശവാദങ്ങള്‍ നല്‍കിയിട്ടില്ല എങ്കിലും അവസാനം വരെയും ആകാംക്ഷ നിലനിര്‍ത്തുവാന്‍ ആ പേര് ഉപയോഗിക്കുന്ന രീതി മനോഹരമാണ്. കുര്യച്ചന്‍ എത്രത്തോളം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നതിനാവട്ടെ, കൃത്യമായ തെളിവുകളുമില്ല.
മോഹന്‍ പോത്തന്‍ എന്ന വിനീത്, ഒരു നായയുടെ ജാരസന്തതിയെ ജനിപ്പിക്കുവാന്‍, അസ്സല്‍ ബ്രീഡ് തേടിയെത്തുന്ന രംഗമാണ് സിനിമയുടെ തുടക്കം. അതിനുശേഷം എട്ടു മാസങ്ങള്‍ക്കപ്പുറം നടക്കുന്നതായാണ് കഥ നീങ്ങുന്നത്. അതുകൊണ്ട് തന്നെ ഒരു നിമിഷം പോലും കളയാതെ കണ്ടിരുന്നാലേ സിനിമ മനസ്സിലായി എന്ന് വരികയുള്ളു.
‘പട്ടികള്‍ എന്തും പഠിക്കും. പക്ഷേ എന്ത് പഠിപ്പിക്കണം എന്ന ബോധം ഉണ്ടാകേണ്ടത് മാസ്റ്റര്‍ക്കാണ്.’ അത്യന്തം ഉദാത്തമായ ഒരു വ്യാഖ്യാനമുള്ള ഈ വരികള്‍ സിനിമയുടെ ശക്തമായ സന്ദേശമാണ്. ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒരു വാചകവുമാണ്. സമകാലികമായി വ്യാഖ്യാനിച്ചെടുക്കാവുന്ന ഒന്ന്. ഒരാളെ വളര്‍ത്തിയെടുക്കുന്നതില്‍, ഒരു സമൂഹത്തെ നിര്‍മ്മിച്ചെടുക്കുന്നതില്‍ മാസ്റ്റര്‍മാര്‍ക്കുള്ള പങ്ക് വലുതാണെന്ന ഈ വരികള്‍, തെറ്റായി സമൂഹത്തെ വളര്‍ത്തുന്നവര്‍ക്ക് നേരെയുള്ള ഒരു തിരിച്ചടിയാണെന്നും വ്യാഖ്യാനിക്കാം. ‘നന്നായി വളരേണ്ട ആ നായ്ക്കളുടെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ..’ എന്ന പറയുന്നത് സഹതാപത്താലല്ലെങ്കിലും, അങ്ങനെയാവരുതാത്തതായിരുന്നു അവയുടെ വളര്‍ച്ച എന്ന ധ്വനിയാണ് മുഖ്യം.
കുര്യച്ചന്‍ ഒരു നായ ബ്രീഡര്‍ ആയാണ് കരുതപ്പെടുന്നത്. അയാളും സുഹൃത്തും ആ മലനാട്ടില്‍ വളര്‍ത്തിയ നായ ഇനങ്ങളെ അവതരിപ്പിക്കുന്നത് മലേഷ്യന്‍ ഒറിജിന്‍ എന്ന നിലയ്ക്കാണ്. അവയെ വീട്ടില്‍ വളര്‍ത്തി, നാല് നേരം ഭക്ഷണം കൊടുത്ത്, ലാളിച്ച് തനിക്ക് ഒത്തവിധം മാത്രം മാസ്റ്റര്‍ മെരുക്കിയെടുക്കുന്നതായി നാം മനസ്സിലാക്കുന്നു. അനുസരണ പഠിപ്പിക്കലിന്റെ ഭാഗമായും, സംരക്ഷണത്തിനായും, കെട്ടിയിടപ്പെടുന്നത് അഥവാ നിയന്ത്രിക്കപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ തടവറയാണെന്ന് സിനിമ പഠിപ്പിക്കുന്നു. ഇത് നായ്ക്കളുടെ കാര്യത്തില്‍ മാത്രമല്ല, സങ്കുചിതമായി വളര്‍ത്തപ്പെടുന്ന മനുഷ്യരുടെ കാര്യത്തിലും ബാധകമെന്ന് പറഞ്ഞുവയ്ക്കുകയാണ്. ‘ഹീറ്റടുത്താല്‍ കൂട്ടിലിടണം. അത് പട്ടിയാണെങ്കിലും പെണ്ണാണെങ്കിലും,’ എന്ന വില്ലന്‍ ഭാഷ സമൂഹത്തോടുള്ള ചോദ്യചിഹ്നമാണ്. ദിന്‍ജിത്തും ബാഹുലും ചേര്‍ന്ന് കാണിക്കുന്ന കാട്ടുകുന്ന് പ്രദേശവും മലകളും സിനിമയില്‍ നായ്ക്കളെപ്പോലെ പ്രധാനപ്പെട്ട ഒരു മിസ്റ്ററിയായ കഥാപാത്രങ്ങള്‍ തന്നെ.
ഒരുവശത്തു നിന്ന് നോക്കിയാല്‍ ഏക സംരക്ഷകന്‍ അഥവാ ‘സിംഗിള്‍ മാസ്റ്ററി’ലേക്ക് തന്റെ പെണ്ണിനെ സ്ഥാപിക്കുന്ന ആണവസ്ഥയും കൂടിയാണ് കുര്യച്ചന്റെ കഥയിലൂടെ ബാഹുല്‍ എന്ന എഴുത്തുകാരന്‍ പറയുന്നത്. ഇവിടെയാണ് ആദ്യ സന്താനം എന്നര്‍ത്ഥമുള്ള ഇക്കോ എന്ന ജവാനീസ് പദം മറ്റൊരു സാധ്യത നല്‍കുന്നത്. നിഗൂഢത നഷ്ടപ്പെടാതെ ഇത്രയും പറയാം, നെഞ്ചത്ത് തോട്ട പൊട്ടിച്ച് മരിക്കുന്ന അമ്മയുടെയും അച്ഛന്റെയും സാക്ഷ്യാനുഭവമുള്ള യുവാവിനെ (പീയൂസ്) പ്രിയ പുത്രനായി കരുതുവാന്‍ എന്തോ നിഗൂഢ സാധ്യത ഇവിടെയുണ്ട്. നിരവധി ഭാര്യമാര്‍ ഉള്ള സാഹചര്യമാണല്ലോ കുര്യച്ചനുള്ളത്. ആ വളര്‍ത്തു പുത്രന്‍ മറ്റെന്തെങ്കിലും തിരിച്ചറിഞ്ഞോ എന്നത് മറ്റൊരു നിഗൂഢത. കൂടാതെ സിനിമയുടെ മറ്റൊരു സന്ദേശം വീട്ടുകാരുടെ സുരക്ഷ എന്ന മിഥ്യയില്‍ വനിതകളെ തടങ്കലില്‍ പാര്‍പ്പിക്കുന്ന അന്തപ്പുര കാലത്തെ തുറന്നുകാട്ടുന്നതാണ്. ഒപ്പം എല്ലാ ശരീര ഭാഗങ്ങളും മറച്ച് കൊണ്ടുനടക്കുന്ന ‘സംരക്ഷിത തടവറയിലെ’ സ്ത്രീത്വങ്ങളെയും വിമര്‍ശിക്കുന്ന ചിന്താധാര ഇതില്‍ നമുക്ക് കാണാം.
പതിയെ തുടങ്ങിയും വ്യത്യസ്തമാക്കിയും പ്രേക്ഷകരുടെ ഭാവനയെ നിഗൂഢതയില്‍ നിര്‍ത്തിയും, ഒടുവില്‍ ഒരു സംവാദാത്മക ക്ലൈമാക്‌സിലൂടെ സിനിമയെ അവസാനിപ്പിക്കുന്നു. മനുഷ്യനെയും നായ്ക്കളേയും ക്രൗര്യത്തിലും സ്‌നേഹത്തിലും ഒരേപോലെ വരച്ചു കാട്ടുവാന്‍ സാധിക്കുമെന്ന് ‘എക്കോ’ യിലെ പീയൂസ്, (യാഥാര്‍ത്ഥ നാമം സിനിമയില്‍ മനസ്സിലാക്കുക!) കാട്ടിത്തരുന്നു. യഥാര്‍ത്ഥത്തില്‍ പീയൂസ് ഒരു നായയാണ്. ആ നായ ജന്മം കൂറുകൊണ്ടാണെങ്കിലും വിരോധം കൊണ്ടാണെങ്കിലും തന്റെ യജമാനനെ പരമാവധി തിരയുന്നുണ്ട്. ഇതെല്ലാം ചിത്രീകരിക്കുമ്പോള്‍ ഉണ്ടാകുന്ന മുജീബ് മജീദിന്റെ പശ്ചാത്തലസംഗീതം പ്രകടമായ ആകാംക്ഷയെ നിലനിര്‍ത്തുന്നു. നിശ്ശബ്ദ സാഹചര്യങ്ങളില്‍, നിഗൂഢത മുറ്റി നിര്‍ത്തുവാന്‍ പശ്ചാത്തല സംഗീതമില്ലാതെയും അദ്ദേഹം വിജയിക്കുന്നു. ചിന്തനീയമല്ലാത്ത വഴികളിലൂടെ കഥ നയിച്ചത് എഡിറ്റിംഗിലൂടെ ഭംഗിയാക്കിയ എഡിറ്റര്‍ സൂരജ് ഇ.എസും തുടര്‍ച്ച നിലനിര്‍ത്തിയത് അതിശയകരമായിട്ടാണ്. കുര്യച്ചന്‍ നിഗൂഢതയാകുന്നത് ശബ്ദങ്ങളിലൂടെയുമാണ്. യുദ്ധക്കെടുതികള്‍ നിറയുന്ന മലേഷ്യയെ ചിത്രീകരിക്കുന്നതും പലപ്പോഴും ശബ്ദങ്ങളാണ്. കലാസംവിധാനം നിര്‍വ്വഹിച്ച സജീഷ് താമരശ്ശേരി തീര്‍ച്ചയായും പരിസ്ഥിതിയെ മനോഹരമാക്കുന്നതും സാഹചര്യങ്ങള്‍ തീക്ഷ്ണമാക്കുന്നതും കാണാം.
പീയൂസ് എന്ന ചെറുപ്പക്കാരനെ സിനിമയിലെ നായകനായി കാണാനാണ് ഈ ലേഖകനിഷ്ടം. ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സന്ദീപ് പ്രദീപ് ഉദിച്ചുയരുന്ന താരമാകാതെ വരില്ല, പഴയകാല കലാപ്രതിഭയായ നര്‍ത്തകന്‍ വിനീത് എന്ന നടന്‍ തികച്ചും വ്യത്യസ്തനായിരിക്കുന്നു, ഒരു മമ്മൂട്ടി ലുക്കില്‍ തന്നെ കയറി വന്ന നരേന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന ചിത്രമാണിത്, അശോകന്റെ പുതിയ മുഖവും ഇതില്‍ കാണാം., സൗരവ് സച്ച്‌ദേവ് കുര്യച്ചന് നല്‍കുന്ന ‘ഇരുമുഖം’ മലയാളി അടുത്ത കാലത്ത് മറക്കാനിടയില്ല. നന്മനിറഞ്ഞ ആ മുഖഭാവം, ഒളിപ്പിച്ച് വച്ചിരിക്കുന്ന തിന്മകള്‍.. കൂടുതല്‍ ഇവിടെ പറയാനാവില്ല. മ്ലാത്തി ചേടത്തിയായി തിളങ്ങിയ മലേഷ്യന്‍ നടിയുടെ അസാധ്യ പെര്‍ഫോമന്‍സ് പറയാതെ വയ്യ. മലേഷ്യന്‍ സുന്ദരിയായ ബിയാന മോമിന്‍ മലയാളികളുടെ മനം കീഴടക്കിക്കഴിഞ്ഞു.,അവരുടെ ഭര്‍ത്താവ് നിഷ്‌കളങ്കനായ ഒരു മനുഷ്യനായി വന്ന സിം ഷി ഫീ എന്ന മലേഷ്യന്‍ നടനും മികച്ച് നിന്നു. സിനിമയെ മനോഹരമായ ഒരു ദൃശ്യാനുഭവമാക്കിയത് ഇവരുടെ പ്രകടനങ്ങള്‍ കൂടെയാണ്. കൂടാതെ പാപ്പച്ചനായി വന്ന സഹീര്‍ മുഹമ്മദ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ബിനു പപ്പു പതിവ് ശൈലിയില്‍ തിളങ്ങുമ്പോഴും, നടന്നു തളര്‍ന്ന് വെള്ളക്കുപ്പി എടുക്കാത്ത കൂട്ടുകാരനെ ശപിക്കുന്ന തെറിവാക്കു ചേര്‍ത്തുള്ള ഒരു ഡയലോഗ് ഡെലിവറി അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും മികച്ച ഒന്നായിരുന്നു.
ആസ്വാദനത്തിന് മാത്രമല്ല വ്യാഖ്യാനങ്ങള്‍ക്കു കൂടി സ്വാതന്ത്ര്യമുള്ള ഒരു കാവ്യാത്മകത ചിത്രത്തിന് നല്‍കുവാന്‍ തിരക്കഥാകൃത്തിനും സംവിധായകനും സാധിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് മലേഷ്യയിലേക്കുള്ള മലയാളികളുടെ കുടിയേറ്റ കാലഘട്ടം സൂചിപ്പിച്ചാണ് സിനിമയുടെ മുന്നേറ്റം. ഇത്തിരി പഴയകാലം തെരഞ്ഞെടുത്തതോടെ നിഗൂഢത മറ്റൊരു തലത്തില്‍ എത്തി. വിദേശ നായ ഇനങ്ങളെ വളര്‍ത്താന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ളവരുടെ ഇടയിലെ മനുഷ്യ ജീവികളുടെയും കഥയാണിത്.
സിനിമയുടെ പ്രയോക്താക്കള്‍ ഉപയോഗിക്കുന്ന എഴുത്തും ദൃശ്യ സൂചനകളും മനുഷ്യരെയും മൃഗങ്ങളെയും പരമാവധി ഇണക്കി ചേര്‍ക്കുന്നുണ്ട്. യഥാര്‍ത്ഥ സാധ്യതകള്‍ ആകുന്നില്ല എന്ന് തോന്നുമ്പോഴും, അവയെ വിശ്വസിപ്പിക്കുവാനുതകും വിധം തിരക്കഥയ്ക്കും സംവിധാനത്തിനും കഴിയുന്നു. ബാഹുല്‍ തിരക്കഥയെഴുതുന്ന ചിത്രങ്ങള്‍ കാണുവാന്‍ ആളുകള്‍ കയറുന്ന കാലം ആഗതമായിരിക്കുന്നു. ഇതാ മറ്റൊരു തിരക്കഥാ സൂപ്പര്‍ താരം.
നിഗൂഢ നായ്ക്കളെ വളര്‍ത്തിയുള്ള നക്‌സലൈറ്റ് കൂട്ടത്തില്‍ പെട്ട കുര്യാച്ചനെ തേടിയുള്ള ഏതോ ഒരു അന്വേഷണത്തില്‍ നമ്മളും അണിചേരുകയാണ്, ചിലരെ നമ്മള്‍ കുറ്റപ്പെടുത്തുന്നു, ചിലര്‍ കുര്യാച്ചനില്‍ എത്തുമെന്നും കരുതുന്നു, പരസ്പരം ബന്ധമില്ലാത്തതായ ചിലര്‍ നമ്മുടെ ശ്രദ്ധ തിരിക്കുന്നു. തടിക്കച്ചവടക്കാരായി വെറുതെ കടന്നുവന്ന രണ്ടാളുകളും ആദ്യം നിഗൂഢതയ്ക്ക് പ്രോത്സാഹനമാണ്. വേലായുധനായി വന്ന ബിനു പപ്പു’എക്കോ’യിലും തിളങ്ങുന്നു. അന്വേഷകരായി വന്നവരുമായുള്ള പോരാട്ട രംഗങ്ങള്‍ സിനിമയെ ഒട്ടും മടുപ്പിക്കുന്നില്ല. മനോഹരമായി ചിത്രീകരിക്കപ്പെട്ട കാടിന്റെ ഭൂപ്രകൃതിയും മലമുകളിലെ ഒറ്റപ്പെട്ട വീടും നിഗൂഢത വളര്‍ത്തുന്നുണ്ട്.
ഈ ടീമിന്റെ മുന്‍ ചിത്രമായ ‘കിഷ്‌കിന്ധാ കാണ്ഡം’, വെബ് സീരീസ് ആയ ‘കേരള ക്രൈം ഫയല്‍’ എന്നിവയിലെ സാങ്കേതിക വിദഗ്ദ്ധരില്‍ ഭൂരിഭാഗവും എക്കോയിലുമുണ്ട്, മൃഗങ്ങളെ എങ്ങനെ ഇത്രയൊക്കെ അഭിനയിപ്പിച്ചടുത്തു അല്ലെങ്കില്‍ ചിത്രീകരിച്ചെടുത്തു എന്നൊരു ചോദ്യം ചോദിക്കാതെ വയ്യ. അത്ര മനോഹരമായിരിക്കുന്നു അവയുടെ പ്രകടന ചിത്രീകരണങ്ങള്‍. വലിയ ഒരു ചോദ്യമായാണ് സിനിമ അവസാനിക്കുന്നത്. ഇന്നും പരിഹരിക്കപ്പെടാത്തത്ര നിഗൂഢമായി തീരുന്ന 2007 ലെ ഡേവിഡ് ഫിഞ്ചറുടെ സോഡിയാക് എന്ന ചിത്രത്തിലേതു പോലെ എക്കാലവും ഓര്‍മ്മപ്പെടുത്തും ഈ സിനിമയുടെ അവസാന രംഗം. സോഡിയാക്കുമായി ഒരു ബന്ധവുമില്ലെങ്കിലും നിഗൂഢാത്മകത അത്രത്തോളം എത്തുന്നു. ഇവിടെ പീയൂസിന് ഇനി എന്ത് പറ്റും? ഒപ്പം കുര്യച്ചന്‍ ഇപ്പോള്‍ എവിടെ? എന്നിങ്ങനെയുള്ള ഉത്തരം കിട്ടാ ചോദ്യങ്ങള്‍ നമുക്ക് നല്‍കിക്കൊണ്ടാണ് എക്കോ കടന്നുപോകുന്നത്. പലവട്ടം ചര്‍ച്ച ചെയ്യപ്പെടുവാനും ഊഹിക്കുവാനും സിനിമ വഴി നല്‍കുന്നുണ്ട്.
ക്ലൈമാക്‌സ് സ്പൂണ്‍ ഫീഡ് ചെയ്യാതെ, അനുവാചകര്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് ഒരു സിനിമ! അതും ഹോളിവുഡ് സിനിമകളെ വെല്ലുന്ന ചിത്രീകരണങ്ങളിലൂടെ, സുപ്പര്‍ ഹീറോ നടീനടന്മാരുടെ സാന്നിദ്ധ്യമില്ലാതെ, അവസാനം വരെ ആകാംക്ഷ നിലനിര്‍ത്തുന്ന നിഗൂഢതകളുടെ ചിത്രം…..
കിഷ്‌കിന്ധാകാണ്ഡം, കേരള ക്രൈം ഫയല്‍ എന്നിവയുടെ സൃഷ്ടാക്കളായ ദിന്‍ജിത് അയ്യത്താന്‍, ബാഹുല്‍ രമേശ് എന്നിവരില്‍ നിന്ന് ഇതിലും ചെറുതൊന്നും പ്രതീക്ഷിച്ച് കൂടാ.. ‘എക്കോ’ എന്ന പേരുമുതല്‍ തുടങ്ങുന്നു വ്യാഖ്യാന വഴികള്‍…ഒപ്പം സന്ദീപ് പ്രദീപ്, സൗരഭ് സച്ച്‌ദേവ് നരെയ്ന്‍, അശോകന്‍ തുടങ്ങിയവരുടെ മാസ്മരിക പ്രകടനവും കൂടി ആകുമ്പോള്‍…
പട്ടികള്‍ എന്തും പഠിക്കും! എന്ത് പഠിപ്പിക്കണം എന്ന ബോധം മാസ്റ്റര്‍ക്കാണ് ഉണ്ടാവേണ്ടത്!






















