ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ദേശീയതയും രാഷ്ട്രീയവും ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു സിനിമ പരമ്പര ‘ധുരന്ധറി’നെപ്പോലെ അടുത്ത കാലത്തുണ്ടായിട്ടില്ല. ‘എന്തിനും പോന്നവന്‍’ ‘അജയ്യന്‍’, ‘ധീരന്‍’ എന്നൊക്കെ അര്‍ത്ഥം വരുന്ന പദമാണ് ധുരന്ധര്‍. ആ പേര് സിനിമയോട് നൂറു ശതമാനവും നീതി പുലര്‍ത്തുന്നുണ്ട്. ആദിത്യ ധര്‍ സംവിധാനം ചെയ്ത ‘ധുരന്ധര്‍’ ഒന്നാം ഭാഗം 2025 ഡിസംബര്‍ 5-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത സമയം മുതല്‍ തന്നെ വലിയ ബോക്‌സ് ഓഫീസ് ചലനങ്ങളും ഒപ്പം രാഷ്ട്രീയ സംവാദങ്ങളും ഈ ചിത്രം സൃഷ്ടിച്ചിരുന്നു. ആദ്യ ഭാഗത്തിന്റെ വന്‍ വിജയത്തിന് ശേഷം ഇതിന്റെ രണ്ടാം ഭാഗം 2026 മാര്‍ച്ച് 19-നാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 100 കോടി രൂപയിലധികം കളക്ഷന്‍ നേടി ഈ ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി കറാച്ചിയിലെ ലിയാരി ടൗണ്‍ പശ്ചാത്തലമാക്കി ഒരുക്കിയ ഒന്നാം ഭാഗം, ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിഗൂഢമായ പ്രവര്‍ത്തനങ്ങളെ ഒരു ‘വേള്‍ഡ് ബില്‍ഡിംഗ്’ ശൈലിയില്‍ അവതരിപ്പിച്ചുകൊണ്ട് വലിയ തരംഗമാണ് ചലച്ചിത്ര ലോകത്ത് സൃഷ്ടിച്ചത്. സിനിമയുടെ ഒന്നാം ഭാഗം പ്രധാനമായും കേന്ദ്രീകരിക്കുന്നത് ഹംസ എന്ന അത്യന്തം നിഗൂഢതകളുള്ള നായക കഥാപാത്രത്തെയാണ്. കറാച്ചിയിലെ കുപ്രസിദ്ധമായ ലിയാരി ടൗണിലെ തെരുവുകളില്‍ ഒരു സാധാരണ ജ്യൂസ് കടയിലെ സഹായിയായിട്ടാണ് ഹംസയെ സിനിമ പരിചയപ്പെടുത്തുന്നത്. എന്നാല്‍, ആ സാധാരണക്കാരന്റെ വേഷത്തില്‍ അതിസമര്‍ത്ഥനായ ഒരു ഇന്ത്യന്‍ ഏജന്റ് ഒളിഞ്ഞിരിപ്പുണ്ടെന്ന് കഥ പുരോഗമിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് വ്യക്തമാകുന്നു. പാകിസ്ഥാന്റെ ഹൃദയഭാഗത്ത്, ബലോച്ച് ഗാംഗ് ലീഡറായ റഹ്മാന്‍ ഡെക്കോയറ്റ് ഭരിക്കുന്ന അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ ഒന്നാം ഭാഗം വികസിക്കുന്നത്. ബലോച്ച് – പഠാന്‍ ഗാങ്ങുകള്‍ തമ്മിലുള്ള കുടിപ്പകയും, വോട്ടിനും അധികാരത്തിനുമായി രാഷ്ട്രീയക്കാര്‍ നടത്തുന്ന കരുനീക്കങ്ങളും അവിടെ ഒരു സമാന്തര അധികാരലോകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഈ സമാന്തര ലോകത്ത്, അവിടുത്തെ അധോലോകത്തെയും സങ്കീര്‍ണ്ണമായ രാഷ്ട്രീയത്തെയും തന്റെ ബുദ്ധിയും ശക്തിയും കൊണ്ട് ഹംസ എങ്ങനെ കീഴ്‌പ്പെടുത്തുന്നു എന്നതാണ് സിനിമയുടെ ഒന്നാം ഭാഗത്തെ ആവേശകരമാക്കുന്നത്.
‘ധുരന്ധര്‍’ എന്ന ചലച്ചിത്രം ആഗോളതലത്തില്‍ സൃഷ്ടിച്ച സ്വാധീനം അത്ഭുതകരമാണ്. ഫിന്നിഷ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബും കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ ജോഗിംഗ് ചെയ്യുന്നതിനിടെയുള്ള സംഭാഷണം ഇതിന് ഉദാഹരണമാണ്. ഇന്‍സ്റ്റാഗ്രാമില്‍ തനിക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന വന്‍ സ്വീകാര്യതയെക്കുറിച്ച് സംസാരിക്കവെ, താന്‍ ‘ധുരന്ധര്‍’ കണ്ട കാര്യവും അത് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഒരു കളിയല്ലെന്ന് ബോധ്യപ്പെടുത്തിയെന്നും സ്റ്റബ്ബ് വെളിപ്പെടുത്തി. തന്റെ മകന്റെ നിര്‍ദ്ദേശപ്രകാരമാണ് ചിത്രം കണ്ടതെന്നും, മാര്‍ച്ച് 19-ന് പുറത്തിറങ്ങുന്ന രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പോലും തന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ വീഡിയോയ്ക്ക് പശ്ചാത്തലമായി സിനിമയിലെ ‘നാ ദേ ദില്‍ പര്‍ദേശി നു’ എന്ന ഗാനം ഉപയോഗിച്ചത് ഈ ചിത്രത്തിന്റെ ആഗോള പ്രശസ്തിയുടെ തെളിവായി മാറി.

ദേശീയതയെ നെഞ്ചിലേറ്റുന്നവരും ലിബറല്‍ പക്ഷക്കാരും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്ന ഈ സാഹചര്യത്തില്‍, ‘ധുരന്ധര്‍’ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും അതിന്റെ ദൃശ്യ മികവും പരിശോധിക്കാം.
ധുരന്ധര്‍ സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയത്തെ പറ്റിയാണ് നമ്മള്‍ ഇവിടെ നോക്കേണ്ടത്. ആദ്യം നമുക്ക് സിനിമയുടെ മൊത്തത്തിലുള്ള ഒരു നരേറ്റീവ് സ്ട്രക്ച്ചറിനെ കുറിച്ച് പരിശോധിക്കാം. ധുരന്ധര്‍ ഒന്നാം ഭാഗത്തിന്റെ തുടക്കത്തില്‍ തന്നെ ഭാരതീയരുടെ കരളലിയിപ്പിക്കുന്ന 1999-ലെ കാണ്ടഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സംവിധായകന്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി. 814 വിമാനം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്നതും കാണ്ടഹാറില്‍ ലാന്‍ഡ് ചെയ്യുന്നതും ഓരോ ഇന്ത്യക്കാരനിലും പഴയ ആ മുറിവുകള്‍ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ നേതാവ് മൗലാന മസൂദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരരെ മോചിപ്പിക്കാനാണ് 1999-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. 1990-കളുടെ തുടക്കത്തില്‍ കാശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പാകിസ്ഥാന്‍ കേന്ദ്രമായുള്ള ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ പ്രധാന നേതാവായാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1994 ഫെബ്രുവരിയില്‍ അനന്തനാഗില്‍ വെച്ച് ഇന്ത്യന്‍ സുരക്ഷാസേന ഇയാളെ പിടികൂടി. തുടര്‍ന്ന് വിദേശി നിയമ ലംഘനം, ഭീകരവാദ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജമ്മുവിലെ കോട്ട് ബല്‍വാള്‍ ജയിലിലടച്ചു.
സിനിമയില്‍ തീവ്രവാദികള്‍ കാണ്ടഹാര്‍ വിമാനത്താവളത്തില്‍ വെച്ച് അജയ് സന്യാലിനെ (അജിത് ഡോവലിന്റെ കഥാപാത്രം) ഭീഷണിപ്പെടുത്തുന്ന ആ നിര്‍ണ്ണായക നിമിഷത്തിലെ ഭാരതത്തിന്റെ അന്നത്തെ നിസ്സഹായാവസ്ഥയെയും തീവ്രവാദികളുടെ അഹങ്കാരത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നു. അല്‍-ഫാരൂഖ്’ എന്ന ഭീകരനേതാവ് അജയ് സന്യാലിന്റെ മുഖത്തുനോക്കി വെല്ലുവിളിക്കുന്നു.
”ദേഖോ സന്യാല്‍ സാഹബ്, തുംഹാരെ തഹസീബ് ഓര്‍ കാനൂന്‍ നേ തുംഹേ ഇസ് ഖദര്‍ മാസൂം ബനാ ദിയാ ഹേ കി തും ഹമാരാ കുച്ച് നഹി ബിഗാഡ് സക്തേ! ആജ് തുംഹാരെ ഹാത്തോം മേം സിര്‍ഫ് ഹമാരി ഹേടിയാം ഹേ, ലേകിന്‍ ഹമാരെ ഹാത്തോം മേം തുംഹാരെ പൂരെ മുല്‍ക്ക് കി ഏക് മുട്ടി ഹേ. ഹിന്ദുസ്ഥാന്‍ സിര്‍ഫ് റീഹാ കര്‍നാ ജാന്‍താ ഹേ, ബദ്‌ലാ ലേന നഹി!” (നോക്കൂ സന്യാല്‍ സാഹിബ്, നിങ്ങളുടെ സംസ്‌കാരവും നിയമങ്ങളും നിങ്ങളെ എത്രത്തോളം നിഷ്‌കളങ്കരാക്കി മാറ്റിയെന്നാല്‍, നിങ്ങള്‍ക്ക് ഞങ്ങളെ ഒന്നും ചെയ്യാന്‍ (ബിഗാഡ്/തകര്‍ക്കാന്‍) കഴിയില്ല! ഇന്ന് നിങ്ങളുടെ കൈകളില്‍ ഞങ്ങളുടെ കൈവിലങ്ങുകള്‍ മാത്രമാണുള്ളത്, എന്നാല്‍ ഞങ്ങളുടെ കൈകളില്‍ നിങ്ങളുടെ രാജ്യത്തിന്റെ മുഴുവന്‍ നിയന്ത്രണവുമുണ്ട് (പിടിയിലാണ്). ഭാരതത്തിന് വിട്ടുകൊടുക്കാന്‍ മാത്രമേ അറിയൂ, പകരം വീട്ടാന്‍ അറിയില്ല!)
അല്‍-ഫാരൂഖ് എന്ന വില്ലന്റെ അഹങ്കാരവും അജയ് സന്യാ ല്‍ എന്ന ഉദ്യോഗസ്ഥന്റെ ഉള്ളില്‍ കത്തുന്ന പ്രതികാര ചിന്തയും ഈ ഒറ്റ രംഗത്തിലൂടെ സംവിധായകന്‍ വ്യക്തമാക്കുന്നു. ഈ സംഭാഷണം ‘ധുരന്ധര്‍’ സിനിമയിലെ ഏറ്റവും പ്രകോപനപരമായ നിമിഷമാണ്. ഭാരതം നേരിട്ട ഏറ്റവും വലിയ നയതന്ത്രപരമായ വെല്ലുവിളിയെയും നിസ്സഹായാവസ്ഥയെയും ഈ ഡയലോഗ് അടയാളപ്പെടുത്തുന്നു. ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും നിയമവ്യവസ്ഥയെയും പരിഹസിച്ചുകൊണ്ട് അയാള്‍ പറയുന്ന ആ വാക്കുകള്‍ പ്രേക്ഷകരില്‍ വലിയ വൈകാരിക ആഘാതമുണ്ടാക്കുന്നു.
ഒന്നാം ഭാഗത്തില്‍ അല്‍-ഫാരൂഖ് നടത്തിയ ഈ പരിഹാസത്തിനുള്ള മറുപടിയാണ് സിനിമയുടെ രണ്ടാം ഭാഗം. കറാച്ചിയിലെ ലിയാരി ടൗണില്‍ വെച്ച് ഹംസയിലൂടെ ഭാരതം ഈ ‘പകരം വീട്ടാന്‍ അറിയില്ല’ എന്ന പരിഹാസത്തിന് ചുട്ട മറുപടി നല്‍കുന്നു.
‘ധുരന്ധര്‍’ എന്ന സിനിമയുടെ ഒന്നാം ഭാഗം 214 മിനിറ്റുകളിലായി എട്ട് ആവേശകരമായ അധ്യായങ്ങളിലൂടെയാണ് വികസിക്കുന്നത്. 1999-ലെ വിമാനറാഞ്ചലിനും പാര്‍ലമെന്റ് ആക്രമണത്തിനും ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ അജയ് സന്യാലും ദേവവ്രത് കപൂറും ചേര്‍ന്ന് ‘ഓപ്പറേഷന്‍ ധുരന്ധര്‍’ ആവിഷ്‌കരിക്കുന്ന ‘സമാധാനത്തിന്റെ വില’ (The Price of Peace) എന്ന അധ്യായത്തിലൂടെയാണ് കഥ തുടങ്ങുന്നത്. തുടര്‍ന്ന്, കറാച്ചിയിലെ ലിയാരി ടൗണിലേക്ക് ഹംസ അലി മസാരി എന്ന ഏജന്റ് നുഴഞ്ഞുകയറുന്നതും റഹ്മാന്‍ ഡെക്കോയറ്റിന്റെ ബലോച്ച് ഗാംഗുമായി സഖ്യമുണ്ടാക്കുന്നതുമായ ‘ലിയാരി ഗാംബിറ്റ്’ (The Lyari Gambit), അധോലോകവും ഐ.എസ്.ഐയും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം വിവരിക്കുന്ന ‘രക്തവും ബാലറ്റും’ (Blood and Ballots) എന്നീ അധ്യായങ്ങള്‍ വരുന്നു. ഹംസയുടെ ഇന്റലിജന്‍സ് നീക്കങ്ങളും 26/11 മുംബൈ ആക്രമണം തടയാനുള്ള ശ്രമങ്ങളും പരാജയപ്പെടുന്നതും ചിത്രീകരിക്കുന്ന ‘നിഴല്‍ യുദ്ധം’ (The Shadow War), റഹ്മാനെ തടവില്‍ നിന്ന് മോചിപ്പിക്കാനായി ഹംസ നടത്തുന്ന നീക്കങ്ങള്‍ വിവരിക്കുന്ന ‘വിശ്വാസവഞ്ചന’ (The Betrayal of Trust), റഹ്മാന്റെ അന്ത്യത്തിലേക്ക് നയിക്കുന്ന വിവാഹച്ചടങ്ങിലെ ചതിക്കുഴിയും ഹംസയുടെ രക്ഷപ്പെടലും പറയുന്ന ‘കല്യാണക്കെണി’ (The Wedding Trap) എന്നിവയാണ് തുടര്‍ന്നുള്ള ഭാഗങ്ങള്‍. സിനിമയുടെ അവസാനത്തില്‍ ഹംസ യഥാര്‍ത്ഥത്തില്‍ ജസ്‌കിരത് സിംഗ് രംഗി എന്ന ഇന്ത്യന്‍ തടവുകാരനാണെന്ന് വെളിപ്പെടുന്ന ‘മുഖംമൂടി അഴിയുന്നു’ (The Unmasking) എന്ന അധ്യായവും, ‘ബഡേ സാഹിബ്’ എന്ന മുഖ്യ സൂത്രധാരനെ ലക്ഷ്യമിട്ടുള്ള രണ്ടാം ഭാഗത്തിന്റെ തുടക്കമായ ‘ശില്പി’- (The Architect) എന്ന അധ്യായവും ചേര്‍ന്ന് സിനിമ പൂര്‍ത്തിയാകുന്നു.

‘ധുരന്ധര്‍’ കേവലം ഒരു ആക്ഷന്‍ സിനിമയല്ല; അത് ഭാരതത്തിന്റെ മാറിയ വിദേശനയത്തിന്റെ ദൃശ്യാവിഷ്‌കാരം കൂടിയാണ്. അല്‍-ഫാരൂഖ് ഒന്നാം ഭാഗത്തില്‍ ഉന്നയിച്ച വെല്ലുവിളിക്ക്, ലിയാരി ടൗണിലെ തെരുവുകളില്‍ വെച്ച് ഹംസയും സംഘവും നല്‍കുന്ന നിശബ്ദമായ മറുപടി ഓരോ ഇന്ത്യക്കാരനിലും ആവേശം നിറയ്ക്കുന്നു. ഈ സിനിമ അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പാകിസ്ഥാനിലെ ആഭ്യന്തര പ്രശ്‌നങ്ങളെയും ഭീകരവാദ ബന്ധങ്ങളെയും പച്ചയായി അവതരിപ്പിച്ചതിനാല്‍ വലിയ വിവാദങ്ങളും ചിത്രം നേരിട്ടു. എങ്കിലും, ഭാരതം ഇന്ന് വെറും ‘വര്‍ത്തമാനം പറയുന്ന രാജ്യമല്ല’ എന്നും ‘തിരിച്ചടിക്കാന്‍ അറിയുന്ന രാഷ്ട്രമാണെന്നും’ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ധുരന്ധറിന്റെ ഒന്നാം ഭാഗം അവസാനിക്കുന്നത്.
രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ സിനിമയുടെ ക്യാന്‍വാസ് പാകിസ്ഥാനില്‍ നിന്നും നേരിട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കും സമകാലിക സംഭവങ്ങളിലേക്കും പടരുകയാണ്. വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന വെല്ലുവിളികളെയും രാഷ്ട്രീയ സാഹചര്യങ്ങളെയും പച്ചയായി ആവിഷ്‌കരിക്കാനാണ് ശ്രമിക്കുന്നത്. ഭാരതത്തിന്റെ ഇന്റലിജന്‍സ് ഓപ്പറേഷനുകളെയും ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളെയും ദൃശ്യവല്‍ക്കരിക്കുന്നതിലൂടെ ആഗോളതലത്തില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ സംവാദങ്ങള്‍ക്കാണ് ‘ധുരന്ധര്‍’ വഴിവെച്ചിരിക്കുന്നത്.
ഒന്നാം ഭാഗത്തില്‍ ഹംസയെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരന്‍ എന്ന രീതിയിലാണ് പരിചയപ്പെടുത്തുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍, അയാള്‍ എങ്ങനെ അവിടെ എത്തി എന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കാണിക്കുന്നു. നിഷ്‌കളങ്കനും ദേശസ്‌നേഹിയുമായ ഒരു സാധാരണ സിഖ് യുവാവില്‍ നിന്ന് എങ്ങനെ ജസകിരത്ത് സിംഗ് എന്ന ഹംസ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു എന്നത് വിശദമായി കാണിക്കുമ്പോള്‍ പ്രേക്ഷകരുടെ കണ്ണുനിറയും. അധികാരത്തിന് വേണ്ടി കളിക്കുന്ന ചില ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ചതിക്കുഴിയില്‍ ജസ്‌കിരത് അറിയാതെ വീണുപോകുന്നു.
പാകിസ്ഥാന്‍ എങ്ങനെയാണ് ഇന്ത്യയിലെ ക്രിമിനല്‍ ലോകത്തെയും രാഷ്ട്രീയത്തെയും നിയന്ത്രിക്കുന്നതെന്ന് വ്യക്തമായി ചിത്രീകരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ മയക്കുമരുന്ന് കടത്തിലും കള്ളപ്പണ ഇടപാടുകളിലും ഏര്‍പ്പെട്ടിരിക്കുന്ന അഴിമതിക്കാരനായ രാഷ്ട്രീയക്കാരന്‍ ആതിഫ് അഹമ്മദ് വഴിയാണ് ഈ ശൃംഖല പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശിലെ അതീഖ് അഹമ്മദിനെ ആസ്പദമാക്കിയുള്ളതാണ് ഈ കഥാപാത്രം. പാകിസ്ഥാന്‍ ഐ.എസ്.ഐയുടെ ഭീകരവാദ ശൃംഖലയെയും ഇന്ത്യയിലെ അധോലോകത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയായി ആതിഫ് പ്രവര്‍ത്തിക്കുന്നു. ഇയാള്‍ വഴിയാണ് ഇന്ത്യയിലേക്ക് ആയുധങ്ങളും വ്യാജ കറന്‍സിയും എത്തുന്നത്.
ഒന്നാം ഭാഗത്തെപ്പോലെ തന്നെ, രണ്ടാം ഭാഗമായ ‘ദ റിവഞ്ച്’ പുറത്തിറങ്ങിയപ്പോഴും ആഗോളതലത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഒന്നാം ഭാഗം ഒരു ‘സോഫ്റ്റ് പ്രൊപ്പഗണ്ട’ ആണെന്ന് ആരോപിക്കപ്പെട്ടപ്പോള്‍, രണ്ടാം ഭാഗം ഒരു ‘പച്ചയായ പ്രൊപ്പഗണ്ട’ ആണെന്നാണ് പല വിമര്‍ശകരും വിലയിരുത്തുന്നത്. പ്രത്യേകിച്ച് ലിബറല്‍ പക്ഷത്തുനിന്ന് കടുത്ത വിമര്‍ശനങ്ങളാണ് സിനിമ നേരിടുന്നത്. മുസ്ലീം വിഭാഗത്തെ അപരവല്‍ക്കരിക്കുന്നു എന്നും അന്യവല്‍ക്കരിക്കുന്നു എന്നും ആരോപിച്ചുകൊണ്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും രോദനങ്ങളും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
പക്ഷേ ഈ സെലക്ടീവ് വിമര്‍ശകര്‍ മനസ്സിലാക്കാത്ത ഒരു കാര്യം ഗുജറാത്ത് കലാപത്തെ അടിസ്ഥാനമാക്കി കെട്ടു കഥകള്‍ പറഞ്ഞ ‘എമ്പുരാന്‍’ എന്ന സിനിമ വന്ന സമയത്ത് ഇവരെല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഘോര ഘോരം വാദിക്കുകയായിരുന്നു. അന്ന് സിനിമയെ സിനിമയായിട്ട് കണ്ടുകൂടെ, അതിനെ എന്തിന് പ്രൊപ്പഗണ്ടയാക്കണം എന്നോക്ക ചോദിച്ചവര്‍ ഇന്ന് അലമുറി ഇടുകയാണ്.
‘കേരള സ്റ്റോറി’ എന്ന ചിത്രം നേരിട്ടതിന് സമാനമായ വിമര്‍ശനങ്ങള്‍ ‘ധുരന്ധര്‍’ രണ്ടാം ഭാഗവും നേരിടുന്നുണ്ടെങ്കിലും, സാങ്കേതികമായും കലാപരമായും ഈ രണ്ട് സിനിമകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പ്രൊഡക്ഷന്‍ ക്വാളിറ്റി, തിരക്കഥയുടെ കെട്ടുറപ്പ്, അവതരണ ശൈലി എന്നിവ പരിശോധിച്ചാല്‍ ‘കേരള സ്റ്റോറി’ ധുരന്ധറിന്റെ ഏഴയലത്ത് പോലും എത്തുകയില്ല എന്നതാണ് വസ്തുത. എന്നിരുന്നാലും, ‘കേരള സ്റ്റോറി’ ചര്‍ച്ച ചെയ്ത വിഷയം സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയതുപോലെ, ധുരന്ധര്‍ ഒന്നാം ഭാഗവും അതിന്റെ ശക്തമായ പ്രമേയം കാരണമാണ് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയത്. എന്നാല്‍ ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ പരാജയപ്പെട്ടത് ശ്രദ്ധേയമാണ്. ഒന്നാം ഭാഗം സൃഷ്ടിച്ച തരംഗം മുതലാക്കാന്‍ വേണ്ടി കൂടുതല്‍ നാടകീയമായ രീതിയില്‍ ബിസിനസ് ലക്ഷ്യമിട്ട് നിര്‍മ്മിച്ചതുകൊണ്ടാണ് അതിന് ആ പഴയ വിജയം ആവര്‍ത്തിക്കാന്‍ കഴിയാതെ പോയതെന്ന് വേണം കരുതാന്‍. സമാനമായ അവസ്ഥ തന്നെയാണ് വിവേക് അഗ്‌നിഹോത്രിയുടെ കാര്യത്തിലും സംഭവിച്ചത്. ‘ദി കാശ്മീര്‍ ഫയല്‍സ്’ മേക്കിംഗിന്റെ കാര്യത്തിലും വൈകാരികമായ ആവിഷ്‌കാരത്തിലും മികച്ചു നിന്നതുകൊണ്ട് വലിയ രീതിയില്‍ വിജയിച്ചു. എന്നാല്‍ അതിനുശേഷം അദ്ദേഹം പുറത്തിറക്കിയ ‘വാക്‌സിന്‍ വാര്‍’, ‘ബംഗാള്‍ ഫയല്‍സ്’ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ഇവിടെയാണ് രാഷ്ട്രീയമായ വിയോജിപ്പുകള്‍ക്കും ‘പ്രൊപ്പഗണ്ട’ ആരോപണങ്ങള്‍ക്കുമപ്പുറം സിനിമ എന്ന മാധ്യമത്തിന്റെ കലാപരമായ മൂല്യം ചര്‍ച്ചയാകുന്നത്. ആര്‍ട്ടിസ്റ്റിക്കലി നിലവാരം പുലര്‍ത്താത്ത സിനിമകളെ, അവ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം എന്തുതന്നെയായാലും പ്രേക്ഷകര്‍ കൈവിടുമെന്നതിന്റെ ഉദാഹരണങ്ങളാണ് ഇവ. ഈ സാഹചര്യത്തിലാണ് ‘ധുരന്ധര്‍’ വേറിട്ടുനില്‍ക്കുന്നത്; കാരണം അത് മേക്കിംഗിലും പ്രൊഡക്ഷന്‍ ക്വാളിറ്റിയിലും ആഗോള നിലവാരം പുലര്‍ത്തുന്നുണ്ട്. ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകന്‍ ആദിത്യ ധര്‍, ഒരു കാശ്മീരി പണ്ഡിറ്റ് എന്ന നിലയില്‍ തന്റെ വ്യക്തിപരമായ അനുഭവങ്ങളും രാഷ്ട്രത്തോടുള്ള കാഴ്ചപ്പാടുകളും ‘ധുരന്ധറി’ലും പ്രതിഫലിപ്പിച്ചിട്ടുണ്ട്. പ്രിയദര്‍ശന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു പരിചയമുള്ള അദ്ദേഹം, ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
നാല് മണിക്കൂറോളം ദൈര്‍ഘ്യമുള്ള (214 മിനിറ്റ്) ഈ സിനിമ, ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നു എന്നത് വലിയൊരു നേട്ടമാണ്.
ധുരന്ധര്‍ ഒരു മികച്ച സിനിമാനുഭവമാണെങ്കിലും, ഇത് പൂര്‍ണ്ണമായും മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രമാണ് എന്നത് എടുത്തു പറയേണ്ട ഒന്നാണ്. സമീപകാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ ‘മാര്‍ക്കോ’ പോലുള്ള സിനിമകളില്‍ കണ്ടതിന് സമാനമായ, അങ്ങേയറ്റം ക്രൂരമായ വയലന്‍സ് ഈ ചിത്രത്തിലുടനീളമുണ്ട്. തല വെട്ടുന്നതും, കൈകാലുകള്‍ അതിനിഷ്ഠൂരമായി വേര്‍പെടുത്തുന്നതുമായ രംഗങ്ങള്‍ ഉള്ള ചിത്രം കുട്ടികളുമായി കാണാനാകില്ല. അത്തരം ദൃശ്യങ്ങള്‍ കണ്ട് ശീലമില്ലാത്തവരും മാനസികമായി പ്രയാസമുള്ളവരും ഈ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതം. മറ്റൊരു പ്രധാന പ്രശ്‌നമായി തോന്നിയത് ഇതിലെ ശബ്ദവിന്യാസമാണ്. തീയേറ്ററുകളില്‍ ശബ്ദം അമിതമായി അനുഭവപ്പെടുന്നുണ്ട്. സ്‌ഫോടനരംഗങ്ങളിലെയും മറ്റും ഉയര്‍ന്ന ശബ്ദം പ്രേക്ഷകരെ അസ്വസ്ഥരാക്കാന്‍ സാധ്യതയുണ്ട്. ഒരുപക്ഷേ തീയേറ്ററിലെ ക്രമീകരണങ്ങള്‍ കൊണ്ടായിരിക്കാം ഇത് ഇത്രയധികം അനുഭവപ്പെടുന്നത്.
ചിത്രത്തിന്റെ നിര്‍മ്മാണ നിലവാരം അങ്ങേയറ്റം പ്രശംസനീയമാണ്. ഷാരൂഖ് ഖാന്റെ ‘പത്താന്‍’ പോലെയുള്ള വലിയ വിജയങ്ങള്‍ നേടിയ ചിത്രങ്ങളില്‍ പോലും ആക്ഷന്‍ രംഗങ്ങള്‍ പലപ്പോഴും അവിശ്വസനീയവും കുട്ടിക്കളിയായി തോന്നിക്കുന്ന തരത്തിലുള്ളതായിരുന്നു. കാര്‍ട്ടൂണിഷ് ആയ അത്തരം ചിത്രീകരണങ്ങളില്‍ നിന്ന് മാറി, അന്താരാഷ്ട്ര നിലവാരത്തിലുള്ളതും യാഥാര്‍ത്ഥ്യബോധമുള്ളതുമായ മേക്കിംഗ് ആണ് ‘ധുരന്ധറി’ല്‍ ആദിത്യ ധര്‍ കാഴ്ചവെച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള സാങ്കേതിക തികവ് ഈ സിനിമയെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു നാഴികക്കല്ലായി മാറ്റുന്നു. ഇന്ത്യന്‍ സ്‌പൈ ത്രില്ലറുകള്‍ക്ക് ഒരു പുതിയ ബെഞ്ച് മാര്‍ക്ക് നിശ്ചയിക്കാന്‍ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഹിന്ദി സിനിമയുടെ തലവര തന്നെ മാറ്റിമറിച്ച ഒരു സിനിമയായിരിക്കും ധുരന്ധര്‍.
ദുബായില്‍ ഇരുന്നുകൊണ്ട് ഹിന്ദി സിനിമാ വ്യവസായത്തെയും അധോലോകത്തെയും നിയന്ത്രിച്ചിരുന്ന ദാവൂദ് ഇബ്രാഹിം കമ്പനിയുടെ (ഉഇീാുമി്യ) ശവപ്പെട്ടിയില്‍ അടിച്ച അവസാനത്തെ ആണിയാണ് ‘ധുരന്ധര്‍’ എന്ന ചിത്രം. പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമാ ലോകത്ത് നിഴല്‍ പോലെ പടര്‍ന്നു പന്തലിച്ച ഈ മാഫിയാ സാമ്രാജ്യത്തിന്റെ അപ്രമാദിത്വത്തിന് അന്ത്യം കുറിക്കുന്ന തരത്തിലാണ് ഈ സിനിമയുടെ വിജയവും, അതിന്റെ ആഗോള പ്രശസ്തിയും. ദാവൂദ് ഇബ്രാഹിമിന്റെ സ്വാധീനത്തെയും ഐ.എസ്.ഐയുമായുള്ള അയാളുടെ ബന്ധങ്ങളെയും അങ്ങേയറ്റം റിയലിസ്റ്റിക് ആയി ഈ ചിത്രം കാണിക്കുന്നു.

ഒന്നാം ഭാഗം പ്രധാനമായും പാകിസ്ഥാനിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ആസ്പദമാക്കിയപ്പോള്‍. രണ്ടാം ഭാഗത്തില്‍ സിനിമയുടെ ശ്രദ്ധ പൂര്‍ണ്ണമായും ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. പാകിസ്ഥാനിലെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം, ഇന്ത്യയ്ക്കകത്തുള്ള ചതിക്കുഴികളെയും അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും (ആതിഫ് അഹമ്മദിനെപ്പോലുള്ളവര്‍) എങ്ങനെ നേരിടുന്നു എന്നതാണ് രണ്ടാം ഭാഗം ചര്‍ച്ച ചെയ്യുന്നത്. അതായത്, ശത്രുരാജ്യത്തെ തകര്‍ത്ത ശേഷം സ്വന്തം നാട്ടിലെ ‘അകത്തെ ശത്രുക്കളെ’ വേട്ടയാടുന്ന ഒരു രീതിയിലേക്കാണ് കഥയുടെ ഗതി മാറുന്നത്. ഉത്തര്‍പ്രദേശിലെ ‘ഗുണ്ടാരാജ്’, രാഷ്ട്രീയവും കുറ്റകൃത്യങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധം, തീവ്രവാദികളുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനം തുടങ്ങിയ സംഭവവികാസങ്ങള്‍ സിനിമയുടെ രണ്ടാം പകുതിയില്‍ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഏറ്റവും ശ്രദ്ധേയമായ കാര്യം, പാകിസ്ഥാനില്‍ ‘അജ്ഞാതരാല്‍’ കൊല്ലപ്പെടുന്ന ഭീകരവാദികളെ ചിത്രീകരിച്ചിരിക്കുന്ന രീതിയാണ്. ഓരോ ഭീകരനും അജ്ഞാതരായ ഘാതകരാല്‍ വീഴ്ത്തപ്പെടുമ്പോള്‍, അവര്‍ മുന്‍പ് ചെയ്ത കുറ്റകൃത്യങ്ങളും അവര്‍ എന്തിനാണ് വധിക്കപ്പെട്ടത് എന്നതിന്റെ കാരണങ്ങളും സ്‌ക്രീനില്‍ തെളിയുന്നു. ഇത് കേവലം ഒരു ആക്ഷന്‍ സിനിമ എന്നതിലുപരി, ഫാന്റസിയും യാഥാര്‍ത്ഥ്യവും ഇഴചേര്‍ന്ന ഒരു വേറിട്ട സിനിമാനുഭവമായി മാറുന്നു. ഇന്ത്യയുടെ ആധുനിക പ്രതിരോധ തന്ത്രങ്ങളെയും നയതന്ത്ര നീക്കങ്ങളെയും സിനിമാറ്റിക് ആയി അവതരിപ്പിക്കുന്നതില്‍ ചിത്രം വലിയ വിജയം കൈവരിക്കുന്നു.
ഈ സിനിമയുടെ കരുത്ത് അത് യാഥാര്‍ത്ഥ്യങ്ങളോട് പുലര്‍ത്തുന്ന സത്യസന്ധതയാണ്. ഐ.എസ്.ഐ (കടക) പോലുള്ള സംഘടനകളെയും ദാവൂദ് ഇബ്രാഹിമിനെയും ഡി-കമ്പനിയെയും പോലുള്ള കുപ്രസിദ്ധമായ പേരുകളെയും യാതൊരു മറയുമില്ലാതെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. ‘ധുരന്ധര്‍ 2’-ലേക്ക് എത്തുമ്പോള്‍, ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ച ഈ പ്രതിശക്തികളെ എങ്ങനെയാണ് തന്ത്രപരമായി നേരിട്ടതെന്ന് ചിത്രം വ്യക്തമാക്കുന്നു. ദേശീയതയും രാജ്യസ്‌നേഹവും പ്രോ-നാഷണലിസ്റ്റ് ചിന്താഗതികളും സിനിമയിലുടനീളം ശക്തമായി പ്രതിഫലിക്കുന്നുണ്ട്.
ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ‘ബലിദാന’ത്തെ കുറിച്ച് വൈകാരികമായ ഒരു സന്ദേശം നല്‍കുന്നുണ്ട്. രാജ്യത്തിന് വേണ്ടി നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സേവനം ബലിദാനമാണെന്നും, അദൃശ്യരായ പോരാളികള്‍ സ്വന്തം വ്യക്തിത്വം പോലും ഉപേക്ഷിച്ച് നടത്തുന്ന ഈ ത്യാഗമാണ് രാഷ്ട്രത്തിന്റെ കാവല്‍ എന്നും സിനിമ അടിവരയിടുന്നു. ഇത് പ്രേക്ഷകരില്‍ വലിയൊരു സ്വാധീനം ചെലുത്തുകയും രാജ്യത്തോടുള്ള ആദരവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
സിനിമയെ വെറുമൊരു പ്രൊപ്പഗണ്ട എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ചിലര്‍ ശ്രമിക്കുന്നത്, ഇത് പാകിസ്ഥാനെക്കാള്‍ മുസ്ലീം മതവിഭാഗത്തെ ലക്ഷ്യം വെക്കുന്നു എന്ന ആരോപണം ഉയര്‍ത്തിയാണ്. എന്നാല്‍, ഭാരതം നേരിട്ട കയ്‌പ്പേറിയ യാഥാര്‍ത്ഥ്യങ്ങളെയാണ് സിനിമ അഭിമുഖീകരിക്കുന്നത് എന്നതാണ് വസ്തുത. മുംബൈ ഭീകരാക്രമണം, പാര്‍ലമെന്റ് ആക്രമണം, ഐസി 814 വിമാനറാഞ്ചല്‍ തുടങ്ങിയ ചരിത്രപരമായ സംഭവങ്ങളെ ആസ്പദമാക്കിയാണ് കഥ വികസിക്കുന്നത്.
രാജ്യത്തിനകത്ത് പടര്‍ന്നുപന്തലിച്ച കള്ളനോട്ട് ശൃംഖലകള്‍, നേപ്പാള്‍ വഴി ദാവൂദ് ഇബ്രാഹിം നടത്തുന്ന അധോലോക ഇടപാടുകള്‍, അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് എന്നിവയെല്ലാം സിനിമയില്‍ വളരെ ഗൗരവമായി പ്രതിപാദിക്കുന്നുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പോലത്തെ തീവ്രവാദ സംഘടനകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് നിശ്ശബ്ദമായ സൂചനകള്‍ സിനിമ നല്‍കുന്നുണ്ട്. ഇവയെല്ലാം കേവലം സാങ്കല്‍പ്പിക കഥകളല്ല, മറിച്ച് ഭാരതത്തിന്റെ സുരക്ഷാ ഏജന്‍സികള്‍ കാലാകാലങ്ങളില്‍ കണ്ടെത്തിയ വസ്തുതകളാണ്. നീളമേറിയ സംഭാഷണങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും ഈ സങ്കീര്‍ണ്ണമായ ശൃംഖലകളെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.
സിനിമയുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ശാശ്വത് സച്ച്‌ദേവ് ആണ്. പഴയകാല റിട്രോ സ്‌റ്റൈലും ആധുനികമായ ശബ്ദവിന്യാസങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സംഗീതം ചിത്രത്തിന് വലിയ വേഗതയും ആവേശവും നല്‍കുന്നു. നിര്‍മ്മാണത്തിനായി ധാരാളം സമയവും പണവും ചിലവഴിച്ചതിന്റെ ഫലം ചിത്രത്തിന്റെ വിഷ്വലുകളില്‍ വ്യക്തമാണ്. ഒന്നാം ഭാഗത്തേക്കാള്‍ മികച്ച രീതിയിലുള്ള വി.എഫ്.എക്‌സ് രണ്ടാമത്തെ ഭാഗത്തില്‍ കൊണ്ടുവരാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.
ആക്ഷന്‍ കൊറിയോഗ്രാഫിയുടെ കാര്യത്തിലും ധുരന്ധര്‍ വലിയൊരു വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹോളിവുഡ് നിലവാരത്തിലുള്ളതും എന്നാല്‍ അതിശയോക്തി കലര്‍ന്നതുമായ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുടനീളമുണ്ട്. പ്രത്യേകിച്ച്, ക്ലൈമാക്‌സില്‍ ഒരു മദ്രസയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ആ വലിയ പോരാട്ടരംഗം സാങ്കേതികമായി അങ്ങേയറ്റം മികച്ചു നില്‍ക്കുന്നു. അത്യാധുനികമായ വിഷ്വല്‍ ഇഫക്റ്റുകളും കൃത്യമായ പ്ലാനിംഗും ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളില്‍ ഒന്നായി അത് മാറി.
ഒന്നാം ഭാഗത്തെപ്പോലെ തന്നെ ‘ധുരന്ധര്‍ 2’-ന്റെയും നട്ടെല്ലായി നില്‍ക്കുന്നത് രണ്‍വീര്‍ സിംഗിന്റെ ഉജ്ജ്വല പ്രകടനമാണ്. ഒന്നാം ഭാഗം ഇറങ്ങിയപ്പോള്‍ അക്ഷയ് ഖന്നയുടെ കഥാപാത്രമാണ് സിനിമയെ നയിച്ചതെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നെങ്കില്‍, രണ്ടാം ഭാഗത്തില്‍ രണ്‍വീര്‍ അവതരിപ്പിക്കുന്ന ‘ജസ്‌കിരത് സിംഗ് രംഗി’ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ പൂര്‍ണ്ണമായും മുന്നോട്ട് പോകുന്നത്.
സഞ്ജയ് ദത്ത് ഒന്നാം ഭാഗത്തിലെന്നപോലെ രണ്ടാം ഭാഗത്തിലും തന്റെ കരുത്തുറ്റ പ്രകടനം ആവര്‍ത്തിച്ചിട്ടുണ്ട്. വില്ലന്‍ വേഷത്തില്‍ അര്‍ജുന്‍ രാംപാല്‍ അങ്ങേയറ്റം പ്രശംസനീയമായ രീതിയിലാണ് അഭിനയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് സാമ്യമുള്ള ‘അജയ് സന്യാല്‍’ എന്ന കഥാപാത്രത്തെ മാധവന്‍ വളരെ ഗംഭീരമായി അവതരിപ്പിച്ചു. ഓരോ കഥാപാത്രത്തിനും അനുയോജ്യരായ നടീനടന്മാരെ തിരഞ്ഞെടുത്തതാണ് സിനിമയുടെ മറ്റൊരു വിജയം. ഒന്നാം ഭാഗത്തില്‍ ഹംസയുടെ കാമുകിയുടെ വേഷം ചെയ്ത സാറാ അര്‍ജുന്‍, രണ്ടാം ഭാഗത്തില്‍ വൈകാരികമായ ആഴമുള്ള വളരെ പക്വമായ വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എല്ലാ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്.
ഈ സിനിമയിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നവര്‍ക്ക് അതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്; കാരണം ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഒരിക്കലും ഒരു ഏകപക്ഷീയമായ പാതയല്ല (One-way traffic). മുന്‍കാലങ്ങളില്‍ ഭീകരവാദികളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ന്യായീകരിക്കാനോ ‘വെള്ളപൂശാനോ’ (Whitewashing) ശ്രമിക്കുന്ന നിരവധി സിനിമകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ബോളിവുഡ് സിനിമകള്‍ കുറ്റവാളികളെയും ഭീകരവാദികളെയും അവതരിപ്പിക്കുമ്പോള്‍ അവര്‍ക്ക് വൈകാരികമായ ഒരു പശ്ചാത്തലം നല്കി വെളുപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ‘വണ്‍സ് അപ്പണ്‍ എ ടൈം ഇന്‍ മുംബൈ’ (2010) ഹാജി മസ്താനെ ഒരു മാന്യനായ അധോലോക നായകനായി ചിത്രീകരിച്ചപ്പോള്‍, ‘ഹസീന പാര്‍ക്കര്‍’ (2017) ദാവൂദിന്റെ സഹോദരിയുടെ കുറ്റകൃത്യങ്ങളെ സ്വയംരക്ഷയ്ക്കായുള്ള പോരാട്ടമായി വ്യാഖ്യാനിച്ചു. അമീര്‍ ഖാന്റെ ‘ഫനാ’ (2006), സൈഫ് അലി ഖാന്റെ ‘കുര്‍ബാന്‍’ (2009) എന്നീ ചിത്രങ്ങള്‍ ഭീകരവാദികളെ പ്രണയാതുരരും ബുദ്ധിജീവികളുമായ ഇരകളായി കാണിച്ചു. ഷാറൂഖ് ഖാന്റെ ‘റയീസ്’ ഒരു കൊടുംകുറ്റവാളിയെ പാവങ്ങളുടെ മിശിഹയായി അവതരിപ്പിച്ചു. ‘മിഷന്‍ കാശ്മീര്‍’, ‘ഹൈദര്‍’ തുടങ്ങിയ സിനിമകള്‍ ഭീകരവാദത്തിന് പിന്നിലെ പ്രത്യയശാസ്ത്രത്തെക്കാള്‍ വ്യക്തിപരമായ ആഘാതങ്ങള്‍ക്കും വ്യവസ്ഥിതിയോടുള്ള ദേഷ്യത്തിനും മുന്‍ഗണന നല്‍കി അവരെ ന്യായീകരിക്കാന്‍ ശ്രമിച്ചു. ചുരുക്കത്തില്‍, ഭീകരവാദത്തെയും അധോലോകത്തെയും കേവലം സാമൂഹിക സാഹചര്യങ്ങളുടെയോ വ്യക്തിപരമായ നോവുകളുടെയോ പരിണതഫലമായി ചിത്രീകരിച്ച്, അവര്‍ ചെയ്ത ക്രൂരതകളെ വെള്ളപൂശാന്‍ ഇത്തരം സിനിമകള്‍ ബോധപൂര്‍വ്വമായി ശ്രമിച്ചിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.
എന്നാല്‍, അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഭാരതീയ ദേശീയതയെയും രാജ്യസ്‌നേഹത്തെയും മുറുകെപ്പിടിക്കുന്ന ഒരു സിനിമ പുറത്തിറങ്ങുമ്പോള്‍, അതിനെ പ്രൊപ്പഗണ്ട എന്ന് വിളിച്ച് എതിര്‍ക്കുന്നവര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഭിമാനത്തിനും മുന്‍ഗണന നല്‍കുന്ന ഇത്തരം ചിത്രങ്ങള്‍ വരുമ്പോള്‍ അസ്വസ്ഥരാകുന്നവര്‍ ആ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുകയാണ് വേണ്ടത്. രാജ്യസ്‌നേഹമുണര്‍ത്തുന്ന ഈ സിനിമാനുഭവം അഭിമാനത്തോടെ തന്നെ നെഞ്ചേറ്റാം. ജയ് ഹിന്ദ്!






















