ദേശീയ ബോധം ഒരു സിനിമയുടെ സ്വത്വമാവുമ്പോള്‍ അതിനെ പ്രൊപ്പഗണ്ട സിനിമയെന്ന് വിമര്‍ശിക്കുന്നവരെയാണ് നാം സൂക്ഷിക്കേണ്ടത്. മത വിരുദ്ധത കുത്തിക്കയറ്റാന്‍ ധാരാളം ഇടമുണ്ടായിട്ടും പാകിസ്ഥാന്‍ എന്ന രാജ്യത്ത് നടക്കുന്ന ചില അസ്വസ്ഥതകള്‍ക്കു നേരെ അതൊരു രാഷ്ട്രീയ ശത്രുതയാണെന്ന ഉദാര സമീപനമാണ് ധുരന്‍ധര്‍ എന്ന സിനിമ നല്‍കുന്നത് എന്ന് പറയാതെ വയ്യ. ‘ഹോളിവുഡ് സിനിമകളെപ്പറ്റി മാത്രം ചിന്തിക്കാതെ, ഭാരത് വുഡ് സിനിമകളിലേക്ക് നാം നീങ്ങണം’ എന്ന് കോട്ടയത്ത് നടന്ന അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍ പറഞ്ഞത് അക്ഷരം പ്രതി നടപ്പാക്കിയിരിക്കുകയാണ് ആദിത്യ ധര്‍.
ഒരു സിനിമയെ എങ്ങനെ ആസ്വദിക്കണം, അല്ലെങ്കില്‍ എങ്ങനെ വിലയിരുത്തണം എന്നൊക്കെ ഇപ്പോഴും ആശയക്കുഴപ്പങ്ങളുണ്ട്. ഒരു സിനിമയെ വിലയിരുത്തേണ്ടത് കാര്യങ്ങളെ കൂടുതല്‍ റിയലിസ്റ്റിക് ആക്കുന്നതിലൂടെ ആണോ, അതോ പൊതുസമൂഹം ആ സിനിമയെ എങ്ങനെ സ്വീകരിക്കുന്നു എന്ന് നോക്കിയാണോ എന്നതില്‍ തീര്‍ച്ചയായിട്ടില്ല. ചില കലാമൂല്യ സിനിമകള്‍ ജനം തിരസ്‌കരിക്കും, ചില അവിശ്വസനീയ സിനിമകള്‍ ജനം വല്ലാതെയങ്ങ് സ്വീകരിക്കും. അതിനു പല ഘടകങ്ങള്‍ ഉണ്ട്, സിനിമയുടെ അവതരണം അതിലെ നടീ നടന്മാരുടെ പ്രകടനത്തെയും തിരക്കഥ, സംവിധാനം, സംഗീതം എന്നിവ ഉള്‍പ്പെടുന്ന പിന്നണി പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചിരിക്കുന്നു. എന്നുവച്ച് ഇവയെല്ലാം തട്ട് പൊളിക്കാന്‍ ആക്കിക്കൊണ്ട് മാത്രം ഒരു സിനിമ വിജയിപ്പിക്കാന്‍ കഴിയുമെന്നല്ല. എല്ലാത്തിനെയും ഒരു സമരസതയില്‍ എത്തിച്ച് പ്രേക്ഷക മനസ്സിലെ വൈകാരികതയെ തൃപ്തിയപ്പെടുത്താന്‍ പറ്റുന്ന ഒരു സിനിമ വന്നാല്‍, അത് കളക്ഷന്‍ റിക്കാര്‍ഡുകളിലേക്ക് കുതിച്ചാല്‍ സിനിമ വിജയിച്ചു എന്ന് പറയാം. എന്നാല്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ മാത്രമാവരുതല്ലോ സിനിമയുടെ ലക്ഷ്യം. കലയുടെ ഒരു അന്യാദൃശ പ്രകടനം അതിലുണ്ടാവണം. ഒരു സിനിമ പ്രേക്ഷക സമൂഹത്തില്‍ നിന്ന് സ്വാഭാവികമായ സ്വീകരണം നേടുകയും കലാപരമായും അഭിനേതാക്കളുടെ പ്രകടനത്തിലും തിരക്കഥയിലും മികവ് പുലര്‍ത്തുകയും ചെയ്യുമ്പോള്‍ അത് ഒരു വിജയിച്ച സിനിമ എന്ന് കരുതാം. എന്നാല്‍ ഷാജി എന്‍. കരുണിന്റെ ‘പിറവി’ പോലുള്ള റിയലിസ്റ്റിക് ചിത്രങ്ങളില്‍ ഈ അളവുകോല്‍ സാധ്യമല്ല താനും. ഈ ആശയക്കുഴപ്പം സിനിമയുടെ മാത്രം അവസ്ഥയാണ്. നല്ലത് എന്നത് ഏതെങ്കിലും വിധത്തില്‍ ആസ്വാദ്യത ഉയര്ന്നു നില്‍ക്കുന്ന സിനിമ എന്ന് മാത്രം വേണമെങ്കില്‍ വിവക്ഷിക്കാം. ‘ധുരന്‍ ധര്‍’ എന്ന് പേര് നല്‍കിയ ആദിത്യ ‘ധര്‍’ നിര്‍മ്മിച്ച സിനിമ പേരില്‍ ചേര്‍ത്ത ‘ധര്‍’ ബോധപൂര്‍വ്വമാണോ എന്നറിയില്ല, എങ്കിലും ആദിത്യ ധര്‍ ഇനി മുതല്‍ ‘ധുരന്‍ ധര്‍’ (ധീരന്‍) എന്നറിയപ്പെട്ടാലും തെറ്റില്ല. ‘ഇത് പുതിയ ഹിന്ദുസ്ഥാനാണ്, ഇവര്‍ ശത്രുക്കളുടെ വീട്ടില്‍ കയറി പ്രതികരിക്കും’ എന്ന പ്രഖ്യാപനമാണ് സിനിമ നല്‍കുന്നത്. ആദിത്യ ധര്‍ മുന്‍പ് നല്‍കിയ ‘ഉറി- സര്‍ജിക്കല്‍ സ്‌ട്രൈക്’ എന്ന ദേശീയ വികാരം പേറുന്ന സിനിമയുടെ വിജയം ഈ സിനിമയെ സ്വാധീനിച്ചിട്ടുണ്ടാവണം.
‘ധുരന്‍ ധര്‍’ ദേശസ്‌നേഹികള്‍ക്ക് വിപ്ലവകരമായ ആവേശം നല്‍കുന്നു എന്നറിഞ്ഞാണ് കാണുവാന്‍ പോയത്. കണ്ടു. യഥാര്‍ത്ഥ വ്യക്തികളെയും സ്ഥലങ്ങളെയും അടിസ്ഥാനമാക്കി ചില അഭിനവ സാഹചര്യങ്ങളെ കൂടി പരിഗണിച്ച്, നിര്‍മ്മിച്ച സിനിമയാണ്. സത്യമോ മിഥ്യയോ എന്നതല്ല, സിനിമ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒന്നാണ്. സാമൂഹിക സാഹചര്യങ്ങളെ എത്രത്തോളം ആഴത്തില്‍ നാം പഠിക്കണമെന്നും തിരിച്ചറിയണമെന്നും സിനിമ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് കൊണ്ട്, ഇതൊരു പ്രൊപ്പഗണ്ട സിനിമ ആണെന്ന ആരോപണം നില നില്‍ക്കും. എന്നാല്‍ ഇത് സകല കാല കളക്ഷന്‍ റെക്കാഡുകളും ഭേദിക്കുകയും ചെയ്തിരിക്കുന്നു. അത്രയേറെ മൂല്യവത്താണ്, ഒരു ദേശീയ ബോധമുള്ള സമൂഹത്തിനു സിനിമ നല്‍കുന്ന സന്ദേശം.
‘ധുരന്‍ധര്‍’ എന്നാല്‍ ധീരന്‍ എന്നര്‍ത്ഥം. ചാരനായി പാകിസ്ഥാനിലേക്ക് പോയ ഒരു ധീരന്റെ കഥയാണ് ചിത്രം. പാകിസ്ഥാനില്‍ നിന്നുള്ള വിവിധതരം ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കഥയുടെ ഗതി – തീവ്രവാദികളെ വിട്ടയക്കേണ്ടി വന്ന ഐസി-814 കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ (1999), തുടങ്ങി ഭാരത പാര്‍ലമെന്റ് ആക്രമണം (2001), 26/11 ലെ മുംബൈ ആക്രമണം (2008) എന്നിവയിലൂടെ സിനിമ കടന്നു പോകുന്നു. അക്കാലത്ത് ഭാരതത്തിന്റെ ഇന്റലിജന്‍സ് ബ്യൂറോ മേധാവി അജയ് സന്യാല്‍ (ആര്‍. മാധവന്‍), ‘ധുരന്ധര്‍’ എന്ന രഹസ്യനാമത്തില്‍ പാകിസ്ഥാനില്‍ നടത്തുന്ന ഒരു രഹസ്യ ഓപ്പറേഷനെയാണ് ചിത്രം കാണിക്കുന്നത്. ചാരപ്രവര്‍ത്തനത്തിന്റെ അങ്ങേയറ്റം കടക്കുന്ന സാഹചര്യം ചിത്രത്തെ വ്യത്യസ്തമാക്കുന്നുണ്ട്. രോമാഞ്ചജനകമായ ദേശീയ ബോധം അലയടിക്കുന്നുമുണ്ട്. അറിയാതെ ജയ് വിളിച്ചു പോകുന്ന രംഗങ്ങളും ഉണ്ട്.
ആദിത്യ ധര്‍ ഇത്തവണ ഒരുക്കുന്നത് യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു സാങ്കല്‍പ്പിക കഥയാണ് എന്ന് ചുരുക്കി പറയാം. കറാച്ചിയിലെ മാഫിയ ശൃംഖലയില്‍ (ലിയാരി ഗാങ് വാര്‍) ആഴത്തില്‍ ഉള്‍ച്ചേര്‍ന്ന് ഭീകര പ്രവര്‍ത്തനങ്ങളെ പഠിക്കുന്ന ഒരു നിഗൂഢ ഇന്ത്യന്‍ ഏജന്റായ ഹംസ (രണ്‍വീര്‍ സിംഗ്) ആണ് ഈ ത്രില്ലര്‍ നയിക്കുന്നത്. ‘ഹിന്ദുക്കള്‍ ഭീരുക്കളാണ്’ എന്ന് പറഞ്ഞ് ഒരു തീവ്രവാദി അധിക്ഷേപച്ചിരി നടത്തുന്നത്, കുറച്ചൊക്കെ സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്നു. എന്നാല്‍ ഇസ്ലാമിനെതിരായോ, മതവൈരമോ അല്ല സിനിമയുടെ സന്ദേശം. പാകിസ്ഥാന്‍ എന്ന രാഷ്ട്രം എത്രത്തോളം ഇന്ത്യയെ വെറുപ്പിക്കുന്നുണ്ട് എന്ന സുവ്യക്തവുമാണ് ഇതില്‍.

സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍, രാകേഷ് ബേദി, ഡാനിഷ് പാണ്ടര്‍ എന്നിവര്‍ കഥയെ സമ്പന്നമാക്കുന്ന ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. സാറാ അര്‍ജുന്‍ തന്റെ വേഷത്തില്‍ ഉചിതമായ പങ്കുവഹിക്കുന്നു. ഒരു രാജ്യം മതത്തെ ഉപയോഗിച്ച് എങ്ങനെ നശിക്കുന്നു എന്നതിന് ഈ സിനിമ ഉത്തരം നല്‍കുന്നുണ്ട്. എന്നാല്‍ വിശക്കുന്ന വയറുകള്‍ക്ക് മേല്‍ സംഘടിത മതം ഏതൊക്കെ രീതിയില്‍ ആഭ്യന്തര കലഹം പ്രോത്സാഹിപ്പിക്കുന്നതും അത് മറ്റൊരു രാഷ്ട്രത്തെ ലക്ഷ്യമാക്കി വിരോധം സൃഷ്ടിക്കുമെന്ന സന്ദേശവും സിനിമയിലുണ്ട്. ഒരു ശരാശരി കാഴ്ചക്കാരനായ ഭാരതീയന് ആവേശം കൊണ്ട് രോമാഞ്ചംകൊള്ളാതെ ഈ സിനിമ കണ്ട് തീര്‍ക്കാനാവില്ല. ഇനിയും ബാക്കി ഭാഗങ്ങള്‍ വരാനുള്ളതുകൊണ്ട് ഒന്നാം ഭാഗത്തിന്റെ മനോഹാരിത നാം കാണാതിരുന്നു കൂടാ.
പാകിസ്ഥാനിലെ സിന്ധി ഭൂരിപക്ഷമുള്ള കറാച്ചി നഗരത്തിലെ ബലൂചി പോക്കറ്റായ ലയാരിയിലാണ് കഥയുടെ നല്ലൊരു ഭാഗം നടക്കുന്നത്. കുറ്റകൃത്യങ്ങള്‍ക്കും ആയുധക്കടത്തിനും മയക്കുമരുന്ന് കച്ചവടത്തിനും എല്ലാം പേരുകേട്ട ഒരു അധോലോക ഏരിയയാണ് ലയാരി. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്നു ഇത് (അടുത്ത കാലത്ത് ഇവിടെ ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് എ ഇന്‍സാഫ് ജയിച്ചു-പക്ഷേ അതിന് മുന്‍പുള്ള കാലത്താണ് കഥ നടക്കുന്നത്). ഇങ്ങനെയുള്ള ശരിയായ സാഹചര്യങ്ങള്‍ സിനിമയിലുള്ളത് കൊണ്ട് സംഭവം ഉള്ളതാണെന്ന ഒരു ധാരണ ശക്തമായ സാഹചര്യത്തിലാണ് ഭാരത സര്‍ക്കാരിന് പോലും ഞങ്ങള്‍ ഒരിടത്തേക്കും ചാരന്മാരെ അയക്കുന്നില്ല എന്ന് പ്രസ്താവിക്കേണ്ടി വന്നത്.
ഒരു ബലൂചിയെന്ന പേരില്‍ ഒരു പഞ്ചാബി സിഖുകാരന്‍ ലയാരിയില്‍ നുഴഞ്ഞ് കടക്കുന്നുണ്ട്. ഇദ്ദേഹമാണ് ചിത്രം നയിക്കുന്നത്. ഇത്തരം നുഴഞ്ഞുകയറ്റത്തിന്റെ പ്രധാന പ്രശ്‌നമായ ഭാഷയും ഉച്ചാരണവും സിനിമയില്‍ കൈകാര്യം ചെയ്യുന്നത് ചോദ്യമില്ലാത്ത വിധത്തിലാണ്. രണ്‍വീര്‍ സിങ്ങിനെ ഒരു ബലൂചിസ്ഥാനിയാക്കി അവതരിപ്പിച്ചിരിക്കുന്നത് പ്രത്യേക വേഷവിധാനങ്ങളിലൂടെയും, രീതികളിലൂടെയും സംസാര ശൈലിയിലൂടെയുമാണ്. ആര്‍ക്കും സംശയമൊന്നും തോന്നാത്ത സാഹചര്യമുണ്ടോ എന്നത് ഇവിടെ പ്രസക്തമല്ല. അയാള്‍ പക്ഷേ മുന്നോട്ട് പോകുന്നു. തെറ്റായ ഒരു നീക്കം മതി തല പോകാന്‍ എന്ന അവസ്ഥയില്‍ സിനിമ വല്ലാത്ത ഉദ്വേഗം നല്‍കുന്നുണ്ട്. നമ്മെ പിടിച്ചിരുത്തുന്ന ഈ ഉദ്വേഗമാണ് സിനിമയെ വിജയിപ്പിച്ചത്.
1978-ല്‍ പുറത്തിറങ്ങിയ ഇറ്റാലിയന്‍ സംവിധായകന്‍ എന്‍സോ ജി. കാസ്റ്റെല്ലാരി സംവിധാനം ചെയ്ത ഒരു യുദ്ധ-ആക്ഷന്‍ സിനിമയായ ‘ദ ഇന്‍ഗ്ലോറിയസ് ബാസ്റ്റര്‍ഡ്‌സ്’ (The Inglorious Bastards). ഇതില്‍ മറ്റൊരു രാജ്യത്തെ ഭാഷ എത്ര ആഴത്തില്‍ പഠിച്ചാലും പ്രാദേശികമായ ഒഴുക്കോടെ സംസാരിച്ച് നാട്ടുകാര്‍ക്കിടയില്‍ കയറാനുള്ള ബുദ്ധിമുട്ട് നന്നായി ചിത്രീകരിച്ചിട്ടുണ്ട്. അതുപോലെയുള്ള ഒന്ന് ഇവിടെയും കാണാം. ‘ഷിബോലെത്ത്’ (തനതായ ശൈലിയില്‍ സ്വത്വം തിരിച്ചറിയുന്ന ഭാഷാരീതി) രീതികള്‍ പുലര്‍ത്തുന്ന ബലൂച് ശൈലി നായകന്‍ മനസ്സിലാക്കി എന്നതില്‍ ചിലര്‍ അത്ഭുതം കൊള്ളുന്നുണ്ട്. ‘ഷിബോലെത്ത്-തനതു ശൈലിയില്‍ രൂപപ്പെടുത്തിയെടുക്കുന്ന, സ്വന്തം കൂട്ടരെ മാത്രം തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന പ്രത്യേക ഭാഷാ രീതിയാണ് എന്ന് വിവക്ഷിക്കാം. ഇവിടെ ഭാരതീയ ചാരന്‍ എന്ന നിലയ്‌ക്കെത്തുന്ന രണ്‍വീര്‍ ഈ ഭാഷാ രീതി പോലും പഠിച്ചിരിക്കുന്നതായി കാണിക്കുന്നു. അയാളുടെ കൃത്യമായ സ്ഥല സാഹചര്യങ്ങള്‍ ചോദ്യങ്ങളില്‍ വരുന്നില്ല എന്നത് സിനിമയുടെ കഥാഗതിയെ ബാധിക്കുന്നേയില്ല.
സിനിമയില്‍ നിറയെ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നതോ ജീവിച്ചിരിക്കുന്നതോ ആയ മനുഷ്യരാണ്. റഹ്മാന്‍ ഡകൈത്, ഉസൈര്‍ ബലോച്, എസ്.പി. ചൗധരി അസ്ലം, അര്‍ഷദ് പപ്പു എന്നിവരൊക്കെ യാഥാര്‍ത്ഥ ആള്‍ക്കാരാണ്. പേരുമാറ്റി അവതരിപ്പിക്കുന്ന ഒരുപാട് ജീവിച്ചിരുന്ന അല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളുമുണ്ട്. അതിനാല്‍ സംഭവം നിലവിലുള്ള ചില ‘അജ്ഞാത ഘാതകരെ’ ചുറ്റിപറ്റി ഭാരതീയ സമൂഹത്തെ വല്ലാതെ സ്വാധീനിക്കുന്നു. ഭാരതത്തെ ലക്ഷ്യമിടുന്ന ചില തീവ്ര ഭാരത വിരുദ്ധ വ്യക്തികള്‍ അജ്ഞാതരാല്‍ കൊല്ലപ്പെടുന്നു എന്നത് ഇന്ത്യയില്‍ വലിയ നിഗൂഢത ഉയര്‍ത്തുന്നുണ്ടല്ലോ. ‘ധുരന്‍ധര്‍’ അഥവാ ‘ധീരന്‍’ കാണുമ്പോള്‍ നമ്മളും അതെ ധീരത നെഞ്ചോട് ചേര്‍ത്ത് പോകുന്നു. ചുരുക്കത്തില്‍ ഒരു ഭാരതീയനെ പിടിച്ചിരുത്തുന്ന തരത്തില്‍ സംവിധാനം ചെയ്തിട്ടുള്ള സിനിമയാണ് ധുരന്‍ ധര്‍.
പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നത് മുഴുവന്‍ മുസ്ലീങ്ങളാണ് എന്ന മതപരമായ വിഭാഗീയ ചിന്ത സിനിമയില്‍ കൊണ്ടുവരാതെ നോക്കുന്നതില്‍ സിനിമ വിജയിച്ചു. മതമല്ല, രാഷ്ട്രീയമാണ് ഈ വിരോധങ്ങള്‍ക്ക് കാരണം. രാഷ്ട്രീയമായി മതത്തെ ഉപയോഗിക്കുന്ന ചിലരാണ് ഇതിനു പിന്നില്‍. മതം രണ്ടാമത്തെ കരുത്തുറ്റ ആയുധമാണവര്‍ക്ക്. ഒന്നാമത്തേത് ഒരു രാജ്യത്തെ വെറുതെ വെറുത്ത് നശിപ്പിക്കുക എന്ന തിന്മ തന്നെയാണ്.
നിരോധിക്കപ്പെട്ട 1000, 500 ഡിനോമിനേഷനിലെ ഇന്ത്യന്‍ കറന്‍സി പ്രിന്റ് ചെയ്യുവാനുള്ള പ്ലേറ്റ് ഐഎസ്‌ഐയ്ക്ക് കൈമാറിയത് ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവും മകനും ആണ് എന്നാണ് സിനിമയില്‍ പറയുന്നത്. ഒരുപക്ഷേ ശരിയായതോ സംശയമുള്ളതോ ആയ കഥാതന്തു എന്ന് കരുതിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു. ഈ പ്ലേറ്റുകള്‍ ഉപയോഗിച്ച് കറാച്ചിയിലാണ് വന്‍ തോതില്‍ ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കുന്നതെന്നാണ് സിനിമയില്‍ കാണിക്കുന്നത്. അപ്രകാരം നോട്ടുകള്‍ ഇന്ത്യയില്‍ കശാപ്പ് തൊഴിലാളികള്‍ മുഖേന എത്തിക്കുന്ന വിവരം സിനിമ പങ്കുവയ്ക്കുന്നു. നോട്ടുകള്‍ നിരോധിക്കപ്പെട്ടപ്പോള്‍ സമൂഹത്തില്‍ സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടതിനേക്കാള്‍ കറന്‍സി നോട്ടുകള്‍ തിരികെ എത്തിയത്, നോട്ടുകള്‍ ഇനിയും എത്തുവാന്‍ ഉള്ളത് നാം സ്മരിക്കണം. എന്തായാലും പാകിസ്ഥാന്‍ അടിച്ചിറക്കിയ കറന്‍സി ഇന്ത്യയില്‍ ഏറെക്കാലം കറങ്ങിയിരുന്നു എന്നത് അക്കാലത്തെ വിശ്വസനീയമായ പ്രചാരണമായിരുന്നു.
ഐഎസ്‌ഐ ഇന്ത്യയില്‍ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് മുസ്ലീങ്ങളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കളെയാണ് എന്ന് ഈ സിനിമയില്‍ മാധവന്‍ അവതരിപ്പിക്കുന്ന അജയ് സന്യാല്‍ എന്ന കഥാപാത്രത്തോട് നല്ല സാദൃശ്യമുള്ള അജിത് ഡോവല്‍ 2014-ല്‍ പറഞ്ഞിട്ടുള്ളതായി കാണിക്കുന്നു. യാഥാര്‍ത്ഥത്തില്‍ അജിത് ഡോവല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നതിലല്ല സിനിമ ശ്രദ്ധിക്കുന്നത്, കാര്യം സുസാധ്യമാണ്, നാം ജാഗരൂകരാവേണ്ടതുണ്ട് എന്ന് മാത്രമാണ്.
രണ്‍വീര്‍ സിംഗ് അവതരിപ്പിച്ച ചാരന്‍ ഹംസ അലി മസാരിയെ കേന്ദ്രീകരിച്ച്, ആന്തരിക രാഷ്ട്രീയം മനസിലാക്കാന്‍ അയക്കുന്ന രഹസ്യ പ്രവര്‍ത്തനം സൂചിപ്പിക്കുന്ന പേരാണ് ധുരന്‍ധര്‍. കറാച്ചിയിലെ ലിയാരി പട്ടണമാണ് നുഴഞ്ഞുകയറി നിലകൊള്ളുവാനായി തിരഞ്ഞെടുത്തിരിക്കുന്നത്. കൂട്ടയുദ്ധങ്ങളും കുടിയേറ്റക്കാരുടെ വൈവിധ്യമാര്‍ന്ന ജനസംഖ്യയും ലിയാരിയെ അഴിമതിയുടെയും അവസരവാദത്തിന്റെയും കേന്ദ്രമാക്കി മാറ്റിയിരുന്നു. ഇവിടെ ഹംസ അലി മസാരിക്ക് ജോലി എളുപ്പമാകുന്നു. വര്‍ഷങ്ങളോളം ഹംസ ഈ സ്ഥലത്ത് രഹസ്യമായി ചെലവഴിക്കുന്നുണ്ട്, അയാള്‍ എല്ലാവരുടെയും വിശ്വാസം നേടുകയും വിവരങ്ങള്‍ ലഭിക്കുന്നത് വേണ്ടപ്പെട്ടവര്‍ക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ട്. ധുരന്‍ധറിന്റെ ലോകം വൃത്തികെട്ടവരുടെഇടയിലാണെങ്കിലും ശക്തമായി പരസ്പര ബന്ധിതമായ ഒരു കൂട്ടരുടേതായിട്ടാണ് നാം കാണുന്നത്. കഴിവുകളും പ്രകടനവും ഗൗരവമായി എടുക്കാന്‍ തീരുമാനിക്കുന്ന ഈ സിനിമയോടെ, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ, ഹിന്ദി സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഗൗരവമുള്ള, നായക നടന്മാരില്‍ ഒരാളാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നുണ്ട് രണ്‍വീര്‍ സിംഗ്. അദ്ദേഹത്തോടൊപ്പം എക്കാലത്തെയും മികച്ച പ്രകടനമാണ് അക്ഷയ് ഖന്നയുടേത്; പരസ്പരം നന്നായി പ്രവര്‍ത്തിക്കാനുള്ള രണ്ട് അഭിനേതാക്കളുടെ കഴിവ് ഈ സിനിമയില്‍ ആളുകളെ പിടിച്ചിരുത്താന്‍ സഹായിച്ച പ്രധാന ഘടകമാണ്.
പഠാണി സ്യൂട്ടുകള്‍ ധരിച്ച രണ്‍വീര്‍ സിംഗ്, ആദിത്യ ധറിന്റെ ദേശീയ ചിന്ത പ്രകടിപ്പിക്കുന്നു. പാകിസ്ഥാന്‍ ആഭ്യന്തര സംഘര്‍ഷങ്ങളാലും രക്തദാഹികളായ ആളുകളാലും ഏറെക്കുറെ നിറഞ്ഞിരിക്കുന്നതിനാല്‍, അവരെ നമ്മുടെ ഇന്ത്യാ മഹാരാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുക മാത്രമല്ല, അവരുടെ സ്വന്തം പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് അവരെ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ജോലി എന്ന സന്ദേശം സിനിമയില്‍ പ്രതിഫലിക്കുന്നു.
ഈ സിനിമയിലെ വിവിധ ഘട്ടങ്ങളുടെ തലക്കെട്ടുകള്‍ വളരെ ഗൗരവമുള്ളതും സ്വയം പ്രാധാന്യമുള്ളതുമാണ്. സിനിമ പല അധ്യായങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്, ‘സ്‌ട്രേഞ്ചര്‍ ഇന്‍ ദി ലാന്‍ഡ് ഓഫ് ഷാഡോസ്’, ‘ദി ബാസ്റ്റാര്‍ഡ് കിംഗ് ഓഫ് ലിയാരി’, ‘ബുള്ളറ്റ്‌സ് ആന്‍ഡ് റോസസ്’, ‘ദി ജിന്‍, ദി ഡെവിള്‍സ് ഗാര്‍ഡിയന്‍’, ‘ദി ബട്ടര്‍ഫ്‌ളൈ ഇഫക്റ്റ്’, ഒടുവില്‍ ‘എറ്റ് ടു ബ്രൂട്ടസ്’ എന്നീ പേരുകള്‍ സൂചിപ്പിക്കുന്ന കഥാതന്തു അവിടെ വരുന്നു. ഇങ്ങനെ വിശാലവും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതുമായ കഥാഗതിയെ കഷണങ്ങളായി വിഭജിച്ച് പ്രേക്ഷകര്‍ക്ക് ചെറിയ ഇടവേളകള്‍ നല്‍കാനുള്ള ശ്രമമായിരിക്കാം ഈ തലക്കെട്ടുകള്‍. വ്യത്യസ്തമായ ഒരു ദേശത്ത് അപരിചിതവും പ്രവചനാതീതവുമായ യുദ്ധങ്ങള്‍ നടത്തുന്ന ഈ കഥാപാത്രങ്ങളെക്കുറിച്ച് ഏറെ സൂക്ഷ്മമായി അവതരിപ്പിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്, എന്നിട്ടും സിനിമ അതില്‍ വിജയിക്കുന്നു. ശ്രദ്ധ അവിടെയല്ല മറിച്ച് ലിയാരിയിലെ അനന്തമായി മാറിക്കൊണ്ടിരിക്കുന്ന സഖ്യങ്ങളില്‍ നിങ്ങളുടെ കണ്ണുകള്‍ തുറന്ന് കേന്ദ്രീകരിക്കാനാണ് സിനിമ ആവശ്യപ്പെടുന്നത്.
എല്ലാ പാകിസ്ഥാനി പൗരന്മാരെയും-ഒരു ഐഎസ്‌ഐ ഉദ്യോഗസ്ഥനായ അര്‍ജുന്‍ രാംപാല്‍, ഒരു പോലീസ് ഉദ്യോഗസ്ഥനായ സഞ്ജയ് ദത്ത്, ഒരു രാഷ്ട്രീയക്കാരനായ രാകേഷ് ബേദി – എന്നിവരുള്‍പ്പെടെയുള്ളവരെ വിധേയത്വമുള്ളവരായി ചിത്രീകരിച്ചിരിക്കുന്നു. കൂടാതെ എല്ലാ സ്ത്രീകളും, വിധേയത്വമുള്ളവരുമാണ്. വലിയ ഒരു ദുഷ്ടനും അവന്റെ വലിയ ദുഷ്ട ലോകവും കൊണ്ട് മുറിവേറ്റ പത്തൊന്‍പതു വയസ്സുകാരിയുടെ വേഷത്തിലാണ് ‘പൊന്നിയന്‍ സെല്‍വനിലെ’ ബാലതാരത്തില്‍ നിന്ന് ഉയര്‍ന്ന സാറ അര്‍ജുന്‍, രംഗത്ത് വരുന്നത്. സംസാരിക്കാന്‍ പ്രയാസമുള്ള ഒരു ഭാര്യയായി സൗമ്യ ടണ്ടന്‍ അഭിനയിക്കുന്നു, ശ്രദ്ധേയയായി പ്രത്യക്ഷപ്പെടുന്ന ഒരു വനിതാ പോലീസ് ഓഫീസര്‍, മുപ്പത് സെക്കന്‍ഡിനുള്ളില്‍ വെടിയേറ്റ് മരിക്കുന്നു എങ്കിലും സിനിമയില്‍ മറക്കാത്ത കഥാപാത്രമാകുന്നത് ശ്രദ്ധേയമാണ്.
ബലൂചിസ്ഥാനിലെ സങ്കീര്‍ണ്ണമായ ചരിത്രത്തെയും രാഷ്ട്രീയ പ്രക്ഷുബ്ധതയെയും കുറിച്ചുള്ള വ്യാഖ്യാനങ്ങളും ഇവിടെയുണ്ട്, ഒരു ചരിത്ര നാടകം ഇഷ്ടപ്പെടുന്നതു പോലെ ആണ് പലപ്പോഴും ധുരന്‍ധര്‍. കാഴ്ചാനുഭവം എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നതാണ് പ്രശ്‌നം. ഇത് അവിശ്വസനീയമായ ചില യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് യഥാര്‍ത്ഥ സംഭവങ്ങള്‍ ചേര്‍ത്തുകൊണ്ട് നമ്മോട് പറയുന്നു, കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ചില പേരുകള്‍ യഥാര്‍ത്ഥമാണ്, ചിലത് കെട്ടിച്ചമച്ചതാണ്, ചില സംഭവങ്ങള്‍ സാങ്കല്‍പ്പികമാണ്, ചിലത് വസ്തുതാപരമാണ്.
ദേശീയ അഭിമാനത്തിന് പുറമേ, സിനിമ എന്തിനുവേണ്ടിയാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നവര്‍ ഭാരതത്തിലുണ്ട്. എന്നാല്‍ മറ്റു ചിലര്‍ക്ക് സിനിമ അസ്വസ്ഥത സൃഷ്ടിക്കുന്നതായി പ്രചരിപ്പിക്കപ്പെടുന്നതിന് സിനിമയില്‍ സാംഗത്യമില്ല. മുംബൈയിലെ 26/11 ഭീകരാക്രമണങ്ങള്‍ പുനഃസൃഷ്ടിക്കുന്നതിനിടയില്‍, ആ ദിവസം മുതല്‍ തീവ്രവാദികളും അവരുടെ കൈകാര്യകര്‍ത്താക്കളും തമ്മിലുള്ള യഥാര്‍ത്ഥ ഓഡിയോ റെക്കോര്‍ഡിംഗുകള്‍ വെട്ടിക്കുറയ്ക്കുക, പ്രതിബദ്ധതയില്ലാത്ത എല്ലാ രേഖകളും ഫലപ്രദമായി മങ്ങിക്കുക എന്ന വിചിത്രമായ തിരഞ്ഞെടുപ്പ് ആദിത്യധര്‍ നടത്തുന്നുണ്ട്. വിചിത്രമായി, നമ്മള്‍ കേള്‍ക്കാന്‍ പോകുന്ന ദിവസം മുതല്‍ യഥാര്‍ത്ഥ റെക്കോര്‍ഡിംഗുകള്‍ എന്താണെന്ന് വിശദീകരിക്കുന്ന വാചകം സ്‌ക്രീനില്‍ കാണിക്കാന്‍ സിനിമ താല്‍ക്കാലികമായി നിര്‍ത്തിയാണ് അദ്ദേഹം ഇത് ചെയ്യുന്നത്. 2001-ലെ ന്യൂദല്‍ഹി പാര്‍ലമെന്റ് ആക്രമണത്തിനും അദ്ദേഹം ഇത് ചെയ്യുന്നു, ആ ദിവസത്തെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്. ‘പേരുകളും വസ്തുതകളും ഞാന്‍ നല്‍കിയില്ലെങ്കിലും പ്രശ്‌നമില്ല – ഇതിനെല്ലാം പിന്നില്‍ കുറച്ച് സത്യമുണ്ട്’ എന്ന് ആദിത്യ ധര്‍ പറയുന്നതായി തോന്നുന്നു, അതിനാല്‍ വിശ്വസിക്കുന്ന പ്രേക്ഷകര്‍ക്ക് ഇത് സൂചന നല്‍കുന്നു, നിങ്ങള്‍ ഈ സിനിമയില്‍ കാണുന്നതെല്ലാം സത്യമാണ്.
ക്ലൈമാക്‌സിലേക്ക് നമ്മെ ആവേശപൂര്‍വ്വം നയിക്കുന്ന ഒരു മനോഹരമായ ഘട്ടമുണ്ട്, അത് ഒന്നാം ഭാഗത്തില്‍ നമുക്ക് ലഭിക്കുന്ന ക്ലൈമാക്‌സിന്റെ അപൂര്‍ണ്ണമായ പതിപ്പ് ആയി കരുതാം, അക്ഷയ് ഖന്നയും രണ്‍വീര്‍ സിങ്ങും ചലിക്കുന്ന കാറില്‍ മുന്നോട്ട് നീങ്ങി നേരെ ഒരു ആക്ഷന്‍ സെറ്റ്-പീസിലേക്ക് പോകുന്നു. നിങ്ങളെ കൂടുതല്‍ നിവര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഒരു സീക്വന്‍സാണിത്, നിങ്ങള്‍ ഒരു സിനിമാ മാന്ത്രികത കാണുകയാണെന്ന് മനസ്സിലാക്കുന്നു. ‘യേ നയ ഹിന്ദുസ്ഥാന്‍ ഹേ. യേ ഘര്‍ മേം ഗുസേഗ ഭി, ഔര്‍ മാരേഗ ഭി’ എന്ന് സിനിമ തീരുമാനിക്കുമ്പോള്‍ നാം ശക്തരും അഭിമാനികളുമായി എഴുന്നേല്‍ക്കുന്നു.
അതെ, ധുരന്‍ധര്‍ ഒരു ദേശീയ വാദ സിനിമയാണ്. അത് സര്‍വ്വകാല കളക്ഷന്‍ റെക്കോഡുകളും ഭേദിച്ചു കഴിഞ്ഞു. രാജ്യസ്‌നേഹം ഒരു പ്രൊപ്പഗണ്ടയാണെങ്കില്‍, ഇത് തീര്‍ച്ചയായും പ്രൊപ്പഗണ്ടയാണ്. സിനിമ ഇങ്ങനെയും ഉണ്ടാകണം. അത്തരം ചിന്തയാണ്, നമ്മെ ഈ സിനിമയിലേക്ക് അടുപ്പിച്ച് നിര്‍ത്തുന്ന പ്രധാന ഘടകം.






















