1963 ഫെബ്രുവരി 17; മലയാള സിനിമാ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ ആലേഖനം ചെയ്യപ്പെടേണ്ട ദിവസം. പാറപ്പുറത്തിന്റെ കഥയെ ആസ്പദമാക്കി എ.എന്‍.പിഷാരടി സംവിധാനം ചെയ്ത ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍’ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത് അന്നായിരുന്നു. മലയാള ചലച്ചിത്ര മണ്ഡലം അടക്കിവാഴേണ്ട ഒരു രാജകുമാരന്റെ അശ്വമേധത്തിന് തുടക്കമാവുകയായിരുന്നു ആ ചലച്ചിത്രം. ചെമ്മീനിലെ പരീക്കുട്ടിയായും ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരനായും ഇതാ ഇവിടെ വരെയിലെ താറാവുകാരനായ പൈലിയായും നീതിപീഠത്തിലെ പീറ്ററായും നമ്മള്‍ കണ്ട മുഖം. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ മധു എന്ന മാധവന്‍ നായര്‍. തിരുവനന്തപുരത്ത് ഗൗരീശപട്ടത്ത് കീഴതില്‍ വീട്ടില്‍ ആര്‍.പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടെയും മകനായി 1933 സപ്തംബര്‍ 23ന് ജനനം. ബനാറസ് ഹിന്ദു യൂണിവേഴസിറ്റിയില്‍ നിന്നും എം.എ. ബിരുദം നേടി. നാഗര്‍കോവില്‍ ഹിന്ദു കോളേജില്‍ ജോലി നോക്കി. പിന്നീട് ജോലി രാജിവച്ച് ദല്‍ഹിയിലെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന് പഠിച്ചു. 1963ല്‍ രാമു കാര്യാട്ടിന്റെ ‘മൂടുപടത്തിലൂടെ’ മധു ആദ്യം സിനിമയില്‍ എത്തി. എന്നാല്‍ പിഷാരടിയുടെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. ഭാസ്‌കരന്‍ മാഷാണ് മാധവന്‍ നായര്‍ക്ക് മധു എന്ന പേരു നല്‍കിയത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ നാടകപ്രണയമുണ്ടായിരുന്നു. അക്കാലത്തെ നാടകത്തിലെ പിന്നണിയില്‍ ഉള്ളവരുമായി ഏറെ ബന്ധം സ്ഥാപിച്ചിരുന്നു. കലാനിലയം നാടകസമിതി അക്കാലത്ത് ദല്‍ഹിയില്‍ നാടകം അവതരിപ്പിക്കാന്‍ എത്തി. സ്ഥിരം നാടകവേദി എന്ന പ്രസ്ഥാനത്തിലേക്ക് കടക്കും മുന്‍പായിരുന്നു. അവ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുക്കാനുള്ള അവസരമായി.
1964ല്‍ പുറത്തുവന്ന ചിത്രങ്ങളില്‍ അഞ്ചെണ്ണത്തില്‍ മധു അഭിനയിച്ചു. ഇതേ തുടര്‍ന്ന് കുട്ടിക്കുപ്പായം, പാറപ്പുറത്തിന്റെ ആദ്യകിരണങ്ങള്‍ എന്നിവയില്‍ നായക തുല്യമായ കഥാപാത്രങ്ങളില്‍ അഭിനയിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി എ. വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗ്ഗവീനിലയത്തില്‍ ഏറെ ശ്രദ്ധേയമായ വേഷം ലഭിച്ചു. മധു മാത്രമായി അഭിനയിക്കേണ്ട നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ആദ്യപകുതിയില്‍ കൊല്ലപ്പെട്ട ഭാര്‍ഗ്ഗവിയുടെ ആത്മാവ് കുടികൊള്ളുന്ന വീട്ടില്‍ പ്രത്യക്ഷത്തില്‍ കാണാനാവാത്ത ഭാര്‍ഗ്ഗവിയുമായി നടത്തുന്ന സംഭാഷണങ്ങള്‍ ഏറ്റവും വലിയ ആകര്‍ഷണീയതയായിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ ആര്‍ക്കും പാളിപ്പോകാവുന്ന കഥാപാത്രം, എന്നാല്‍ മധുവിന്റെ കൈകളില്‍ ആ കഥാപാത്രം അവിസ്മരണീയമായ അനുഭവമായി മാറി. ഭീതിയുടെ അന്തരീക്ഷത്തില്‍ സസ്‌പെന്‍സ് പരമാവധി നിലനിര്‍ത്തി പറഞ്ഞ മധുരമായ പ്രണയത്തിന്റെ ദുരന്തകഥയായിരുന്നു ആ സിനിമ. പ്രേംനസീര്‍, വിജയനിര്‍മ്മല, പി.ജെ. ആന്റണി, ഭാസി തുടങ്ങി പ്രഗല്‍ഭ താരങ്ങള്‍ക്കൊപ്പം അനായാസമായ അഭിനയ ശൈലിയുമായി മധു നിലനിന്നു. ബാബുക്കയുടെ ഹിന്ദുസ്ഥാനിയുടെ കരസ്പര്‍ശമുള്ള ഗാനങ്ങളും ഈ ചിത്രത്തിന്റെ മുഖമുദ്രയായി!!
കാട്ടുപൂക്കള്‍ എന്ന പൊന്‍കുന്നം വര്‍ക്കിയുടെ കഥയുടെ ആവിഷ്‌ക്കാരത്തിലെ നായകവേഷം പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. ഓഎന്‍വി രചിച്ച് ദേവരാജന്‍ സംഗീതം നല്‍കിയ ”മാണിക്യ വീണയുമായെന്‍….” എന്ന ഗാനരംഗത്ത് പ്രശംസാര്‍ഹമായ രീതിയിലുള്ള അഭിനയമായിരുന്നു. കാമുകന്റെ തരളഭാവവും നഷ്ടമായ പ്രണയത്തിന്റെ ശോകഭാവവും ഈ ഗാനരംഗത്ത് അനായാസമായി മുഖത്തു തെളിഞ്ഞു. എം.ടിയുടെ മുറപ്പെണ്ണില്‍ നസീറിനും ഉമ്മറിനുമൊപ്പം മികച്ച അഭിനയം കാഴ്ചവച്ചു. സിനിമ വന്‍വിജയമായി. മുടുപടത്തിനുശേഷം രാമുകാര്യാട്ടിന്റെ ചലച്ചിത്ര സംരംഭമായിരുന്നു തകഴിയുടെ പ്രശസ്ത നോവല്‍ ‘ചെമ്മീന്‍.’ കടലിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം. 1966ല്‍ എസ്.എല്‍.പുരം സദാനന്ദന്റെ തിരക്കഥയില്‍, ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ‘സുവര്‍ണ്ണകമലം’ ഉള്‍പ്പെടെ പുരസ്‌കാരങ്ങള്‍ നേടി ചാകരയായി മാറിയ ചിത്രം. സത്യനും ഷീലയും കൊട്ടാരക്കരയും നിറഞ്ഞുനിന്ന ചിത്രത്തില്‍ പരീക്കുട്ടിയുടെ ആത്മനൊമ്പരങ്ങള്‍ ഏറ്റുവാങ്ങിയ മധുവിന്റെ അഭിനയം ഉജ്ജ്വലമായിരുന്നു. ശബ്ദാനുകരണ വിദഗ്ദ്ധര്‍ പല വേദികളിലും മധുവിനെ അവതരിപ്പിക്കുന്നത് ”കറുത്തമ്മ പോയാല്‍ ഞാനീ കടാപ്പുറത്ത് പാടിപ്പാടി മരിക്കും.” എന്ന ഡയലോഗ് അനുകരിച്ചാണ് എന്നതും ഈ കഥാപാത്രത്തിന്റെ അനശ്വരത ഇന്നും നമുക്ക് വ്യക്തമാക്കിത്തരുന്നു.

മലയാള സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ രണ്ടു കാവ്യങ്ങളുടെ ചലച്ചിത്രാവിഷ്‌കരണത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. കുമാരനാശാന്റെ കരുണ. ഇതില്‍ തൊഴിലാളി നേതാവിന്റെ വേഷമായിരുന്നു മധുവിന്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്‍, വായനക്കാരെ ഏറെ ആകര്‍ഷിച്ച കാവ്യമായിരുന്നു. പ്രേംനസീറും ഷീലയും യഥാക്രമം രമണനും ചന്ദ്രികയുമായപ്പോള്‍ ഇവരുടെ പ്രണയത്തിന് സാക്ഷിയാകേണ്ടിവന്ന മദനന്റെ വേഷം അവതരിപ്പിച്ചു. ചിത്രത്തിനൊടുവില്‍ രമണനെത്തേടി കാട്ടിലലയുകയും ഒടുവില്‍ ചങ്ങാതിയുടെ ദുരന്തം കണ്ടു പൊട്ടിത്തകരുകയും ചെയ്യുന്ന കഥാപാത്രം പ്രേക്ഷക മനസ്സിനെ ഈറനണിയിച്ചു. പി.ഭാസ്‌കരന്റെ ‘തുറക്കാത്തവാതില്‍’, ‘കാക്കത്തമ്പുരാട്ടി’ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുറക്കാത്ത വാതിലില്‍ മരിച്ചുപോയ സ്‌നേഹിതന്റെ കുടുംബത്തിനു വേണ്ടി തനിക്കാവുന്നതെല്ലാം ചെയ്യുന്ന യുവാവിന്റെ റോള്‍. അങ്ങനെ വ്യത്യസ്തമായ അനേകം കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു. സി.രാധാകൃഷ്ണന്റെ ‘തേവിടിശ്ശി’ എന്ന നോവല്‍ ആണ് തന്റെ ആദ്യ സംവിധാനത്തിന് തിരഞ്ഞെടുത്തത്. പ്രിയ എന്ന അതിമനോഹരമായ പേരാണ് സംവിധാനത്തിലെ തന്റെ കന്നി സംരംഭത്തിന് മധു കണ്ടെത്തിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലെ നായകവേഷം മധുവിനു ലഭിച്ചു. മലയാള സിനിമ അതുവരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു സ്വയംവരം. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത സിംഹാസനത്തില്‍ മധു ഇരട്ടവേഷത്തില്‍ അഭിനയിച്ചു. എം.ടി. രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’യില്‍ വഞ്ചിക്കപ്പെടുന്ന ഭര്‍ത്താവിന്റെ വേഷം മധു ഭാവഭദ്രതയോടെ അവതരിപ്പിച്ചു. ആദ്യത്തെ 70എംഎം ചിത്രമായ പടയോട്ടത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, സ്റ്റുഡിയോ ഉടമ, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിത്വം നിലനിര്‍ത്തിയ ബഹുമുഖ പ്രതിഭയാണ് മധു. അമ്മയെ കാണാന്‍, മണവാട്ടി, പട്ടുതൂവാല, അന്വേഷിച്ചു കണ്ടെത്തിയില്ല, അദ്ധ്യാപിക, നദി, ഉദ്യോഗസ്ഥ, അശ്വമേധം, തുലാഭാരം, ഉമ്മാച്ചു, നഗരമേ നന്ദി, കള്ളിച്ചെല്ലമ്മ, അഭയം, വിത്തുകള്‍, ആഭിജാത്യം, ചെമ്പരത്തി, ഗന്ധര്‍വ്വക്ഷേത്രം, ഏണിപ്പടികള്‍, മഴക്കാറ്, ശാന്ത ഒരു ദേവത, കോളിളക്കം തുടങ്ങി മൂന്നൂറില്‍പ്പരം സിനിമകളില്‍ അഭിനയിച്ചു. ഇതു കൂടാതെ കെ.എ. അബ്ബാസിന്റെ സാഥ് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. പ്രിയ, സിന്ദൂരചെപ്പ്, മാന്യശ്രീ വിശ്വാമിത്രന്‍, അക്കല്‍ദാമ തുടങ്ങി പന്ത്രണ്ടോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പതിനാലോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 1970ല്‍ പ്രിയക്കും 1971ല്‍ സിന്ദൂരച്ചെപ്പിനും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചു. സത്യനും നസീറിനുമൊപ്പം മധുവും മലയാളത്തിന്റെ നായകന്മാരായി തിളങ്ങി നിന്നു. ഇതാ ഇവിടെ വരെ, യുദ്ധകാണ്ഡം, ഇടവഴിയിലെ പൂച്ച എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അവാര്‍ഡ് ലഭിച്ചു. വൈകിയാണെങ്കിലും ജെ.സി.ഡാനിയല്‍ അവാര്‍ഡ് 2004ല്‍ ലഭിച്ചു. പ്രകൃതി ഭംഗി നിറഞ്ഞ വള്ളക്കടവ് ഭാഗത്ത് മനോഹരമായ സ്റ്റുഡിയോ നിര്‍മ്മിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. സോമന്‍, സുകുമാരന്‍, ജയന്‍ അതുപോലെ മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്‍, സുരേഷ്‌ഗോപി, ജയറാം, ദിലീപ് എന്നിവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതും പുണ്യം. നാടകത്തിലും സിനിമയിലും ഏറ്റവും ഒടുവില്‍ ടെലിവിഷന്‍ രംഗത്തും അഭിനേതാവ് എന്ന നിലയില്‍ മധു വിജയമായിരുന്നു. മലയാള സിനിമയ്ക്ക് നല്‍കിയ കനപ്പെട്ട സംഭാവനകളുടെ പേരില്‍ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രേംനസീറിന്റെ പേരിലുള്ള പ്രേംനസീര്‍ പുരസ്‌കാരം മധുവിനെത്തേടിയെത്തി. എന്നാല്‍ എത്രയോ നാളുകള്‍ക്ക് മുന്‍പേ ലഭിക്കേണ്ട പത്മശ്രീ, പത്മഭൂഷണ്‍, ദാദാഫാല്‍ക്കേ പുരസ്‌കാരങ്ങള്‍ ഇന്നും അദ്ദേഹത്തിനു നല്‍കാന്‍ തയ്യാറാകാത്തത് അദ്ഭുതമായി അവശേഷിക്കുന്നു.






















