ജൂണ്‍ 27
ഹിന്ദുസാമ്രാജ്യദിനം
നൂറ്റാണ്ടുകളായി അടിമത്തത്തിലാണ്ടു കിടന്ന ഭാരതീയര്‍ക്ക് സ്വധര്‍മ്മബോധവും ആത്മവിശ്വാസവും നല്‍കി അവരെ സ്വാഭിമാനത്തിന്റെ പുതുയുഗത്തിലേക്കു നയിച്ച വീരയോദ്ധാവും ഹിന്ദുസാമ്രാജ്യ സ്ഥാപകനുമായിരുന്നു ഛത്രപതി ശിവാജി മഹാരാജ്. ശൂന്യതയില്‍ നിന്ന് ഒരു മഹാസാമ്രാജ്യം സ്ഥാപിച്ച അദ്ദേഹം ചക്രവര്‍ത്തിയായി അഭിഷേകം ചെയ്യപ്പെട്ടത് 1674 ജൂണ്‍ 6 ന് ജ്യേഷ്ഠ ശുക്ല ത്രയോദശി ദിവസമാണ്. ഈ ചരിത്രസംഭവം നടന്നിട്ട് മൂന്നര ശതാബ്ദങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും ഭാരതീയര്‍ ശിവാജിയുടെ സ്ഥാനാരോഹണ ദിനം പൊലിമ നഷ്ടപ്പെടാതെ ഹിന്ദുസാമ്രാജ്യ ദിനമായി ആഘോഷിച്ചു വരുന്നു.
1630 ഫെബ്രുവരി 19 ന് ബീജാപൂര്‍ സുല്‍ത്താന്റെ സേനാനായകനായ ഷഹാജി ഭോസ്ലെയുടെയും ജീജാ ബായിയുടെയും പുത്രനായി ശിവനേരി കോട്ടയില്‍ ശിവാജി ജനിച്ചു. ദില്ലി കേന്ദ്രമാക്കി മുഗള്‍ ചക്രവര്‍ത്തിമാരും അവരുടെ സാമന്തന്മാരായ സുല്‍ത്താന്മാരും ഭാരതത്തിന്റെ ഭൂരിഭാഗവും അടക്കിവാണ കാലഘട്ടമായിരുന്നു അത്. 1656 മുതല്‍ 1707 വരെ ദില്ലി ഭരിച്ചിരുന്ന ഔറംഗസേബ് മതഭ്രാന്തനും ക്രൂരനുമായ ഭരണാധികാരിയായിരുന്നു. ക്ഷേത്രങ്ങള്‍ തകര്‍ത്തും ഹിന്ദുക്കളെ കൂട്ടക്കുരുതി കൊടുത്തും മതംമാറാന്‍ തയ്യാറാകാത്ത ഹിന്ദുക്കളുടെ മേല്‍ നികുതി ചുമത്തിയും ഇസ്ലാമിന്റെ തനിസ്വരൂപമായി അയാള്‍ അരങ്ങുതകര്‍ത്തു.
വിദേശരാജ്യങ്ങളില്‍ നിന്ന് അക്രമികളായി ഭാരത്തിലേക്കുവന്ന ഇസ്‌ലാമിക ശക്തികളാണ് മുഗള്‍ ഭരണം ഉള്‍പ്പെടെ സ്ഥാപിച്ചത്. അവരെ എതിര്‍ത്തു തോല്പിക്കാന്‍ കഴിയുന്ന ഒരു ദേശീയ ശക്തിയും അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ മഹാരാഷ്ട്രയിലുടനീളം സമര്‍ത്ഥ രാമദാസ സ്വാമികളുടെ നേതൃത്വത്തില്‍ നിശ്ശബ്ദമായ ഒരു ഹിന്ദു ഉണര്‍വ്വ് രൂപപ്പെട്ടുവന്നിരുന്നു. അഖാഢകള്‍ സ്ഥാപിച്ചും പ്രഭാഷണങ്ങള്‍ നടത്തിയും അദ്ദേഹം സര്‍വ്വസാധാരണക്കാരില്‍ ഹിന്ദുത്വ അഭിമാനവും ഉത്സാഹവും വളര്‍ത്തി. നവീനമായ ഈ കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു ഛത്രപതി ശിവാജി.
കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ അസാധാരണ പ്രതിഭാശാലിയായിരുന്നു ശിവാജിയുടെ അമ്മ ജീജാബായ്. അച്ഛന്‍ സൈനിക സേവനത്തിലായിരുന്നതിനാല്‍ മകനെ വളര്‍ത്തുന്നതിന്റെ പൂര്‍ണ്ണമായ ചുമതല അമ്മയ്ക്കായിരുന്നു. അവര്‍ മകനില്‍ ഒരു ഹിന്ദു ധര്‍മ്മരക്ഷകനെ ദര്‍ശിച്ചു. ചെറുപ്പത്തില്‍ തന്നെ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും മറ്റും കഥകള്‍ പറഞ്ഞു കൊടുത്ത് മകനില്‍ സ്വധര്‍മ്മരക്ഷയുടെ സങ്കല്പം ഉറപ്പിച്ചു. അതോടൊപ്പം ദാദാജി കൊണ്ടദേവ് എന്ന ഗുരുവില്‍ നിന്ന് ശസ്ത്രങ്ങളിലും ശാസ്ത്രങ്ങളിലും അറിവു നേടി. വിജയനഗര സാമ്രാജ്യത്തിന്റെ കീര്‍ത്തി കുട്ടിക്കാലത്തു തന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. തികഞ്ഞ യോദ്ധാവായി വളര്‍ന്നുവന്ന ശിവാജി തന്റെ കഴിവുകളെല്ലാം കുലദേവതയ്ക്ക് സമര്‍പ്പിച്ചു കൊണ്ടാണ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
അമ്മയില്‍ നിന്നും ഗുരുവില്‍ നിന്നും ലഭിച്ച സാംസ്‌കാരിക വിദ്യാഭ്യാസത്തോടൊപ്പം ചരിത്രബോധവും ശിവാജിയെ മഹത്തായ ഒരു ദൗത്യനിര്‍വ്വഹണത്തിനു പ്രേരിപ്പിച്ചു. അച്ഛനെപ്പോലെ ഒരു സൈനികനാകാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. നേരെമറിച്ച് കൂട്ടുകാരെ സംഘടിപ്പിച്ച് ഒരു സൈന്യമുണ്ടാക്കാന്‍ പരിശ്രമിച്ചു. ഭേദഭാവനകള്‍ക്കതീതമായി ഹിന്ദു സമാജത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട യുവാക്കളെ ഒരുമിപ്പിച്ചുകൂട്ടി. താഴ്ന്ന ജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്ന മാവ്‌ലി സമുദായത്തില്‍പ്പെട്ടവരെയും കൂടെ ചേര്‍ത്തുകൊണ്ട് സാമാജിക സമരസതയുടെ സന്ദേശവും ശിവാജി ജനങ്ങള്‍ക്ക് നല്‍കി. മുസ്ലീം യുവാക്കളെയും ശിവാജി സ്വന്തം സൈന്യത്തില്‍ ചേര്‍ത്തു. അവരെല്ലാം പില്‍ക്കാലത്ത് സ്വധര്‍മ്മത്തിലേക്കു തിരിച്ചു വന്നു. കളികളിലൂടെയും ഗറില്ലാ മാതൃകയിലുള്ള യുദ്ധാഭ്യാസ പരിശീലനത്തിലുടെയും ശിവാജി യുവാക്കള്‍ക്ക് മികച്ച പരിശീലനം നല്‍കി.
സ്വന്തമായി ഒരു സൈന്യം രൂപീകരിച്ച ശേഷം ശിവാജി സുല്‍ത്താന്‍മാരുടെ കീഴിലുണ്ടായിരുന്ന ഓരോ കോട്ടകളായി പിടിച്ചെടുക്കാന്‍ തുടങ്ങി. തോരണ ദുര്‍ഗം ആക്രമിച്ചു കൊണ്ടു തുടങ്ങിയ ഈ ജൈത്രയാത്ര ഔറംഗസേബിനെ പോലും കിടിലം കൊള്ളിക്കുന്ന തരത്തില്‍ വളര്‍ന്നു.
യുദ്ധതന്ത്രത്തിലും നയതന്ത്രത്തിലും ശിവാജി അസാമാന്യമായ കരുത്ത് പ്രകടിപ്പിച്ചു. അദ്ദേഹം നടത്തിയ യുദ്ധങ്ങളും ശക്തരായ സേനാനായകരുടെ ആത്മസമര്‍പ്പണവും ഐതിഹാസികമാണ്. തന്നെ കൊല്ലാന്‍ പദ്ധതിയിട്ട അഫ്‌സല്‍ ഖാനെ വധിച്ച സംഭവം ഏറെ പ്രസിദ്ധമാണ്. ബീജാപൂര്‍ സുല്‍ത്താന്റെ സേനാനായകനായ അഫ്‌സല്‍ ഖാന്‍ ശിവാജിയെ ജീവനോടെയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മൃതദേഹമോ കൊണ്ടുവരുമെന്ന് വീരവാദം മുഴക്കിയാണ് ശിവാജിയെ നേരിടാന്‍ ഇറങ്ങിത്തിരിച്ചത്. അയാള്‍ തന്ത്രപരമായി ശിവാജിയെ ഒരു കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. ആജാനുബാഹുവായ അഫ്‌സല്‍ഖാന്‍ ശിവാജിയെ ആലിംഗനം ചെയ്യാനെന്ന വ്യാജേന കഠാരിയുമായി കുത്താനാഞ്ഞപ്പോള്‍ ശിവാജി നേരത്തെ കരുതിയിരുന്ന പുലിനഖങ്ങള്‍ മാറില്‍ കുത്തിയിറക്കി അയാളെ കൊലപ്പെടുത്തി.
ശിവാജിയെ പിടിച്ചുകെട്ടാന്‍ തന്റെ ദര്‍ബാറിലെ കരുത്തനായ രാജാ ജയസിംഹനെയാണ് ഔറംഗസേബ് ചുമതലപ്പെടുത്തിയത്. അയാള്‍ക്കയച്ച ചരിത്ര പ്രസിദ്ധമായ കത്തില്‍ ശിവാജി ഇങ്ങനെ എഴുതി: ”താങ്കള്‍ വന്നിട്ടുള്ളത് ഡക്കാന്‍ കീഴടക്കാനും ഹിന്ദു ഹൃദയങ്ങളിലെ രക്തം ചിന്തി പ്രശസ്തി നേടാനുമാണെന്ന് എനിക്കറിയാം. എന്നാല്‍ രാഷ്ട്രത്തെയും ധര്‍മ്മത്തെയും അപകടപ്പെടുത്തി സ്വന്തം മുഖത്ത് കരിവാരിത്തേക്കുകയാണ് താങ്കള്‍ ചെയ്യുന്നത്.”
ഔറംഗസേബിനെ ദില്ലിയില്‍ വെച്ചു കാണുവാനുള്ള ഒരു ക്ഷണവും ശിവാജി സ്വീകരിച്ചു. ഇതനുസരിച്ച് മുഗള്‍ രാജധാനി സന്ദര്‍ശിച്ച ശിവാജിയോട് ഔറംഗസീബ് അപമര്യാദയായി പെരുമാറുകയും ഒടുവില്‍ അദ്ദേഹത്തെ ഒരു തടവുകാരനായി പിടിക്കുകയും ചെയ്തു. മധുര പലഹാരം നിറച്ച കൂട്ടയില്‍ ഒളിച്ചിരുന്ന ശിവാജി തടവറയില്‍ നിന്നു സാഹസികമായി രക്ഷപ്പെട്ട സംഭവം ശിവാജിയുടെ സാമര്‍ത്ഥ്യത്തിന്റെ ഉത്തമോദാഹരണമാണ്.
തുടര്‍ച്ചയായ വിജയങ്ങള്‍ക്കു ശേഷം വിശാലമായൊരു ഭൂപ്രദേശം സ്വന്തം അധീനത്തിലായ ശിവാജിയുടെ രാജ്യാഭിഷേകം 1674 ജൂണ്‍ 6 ന് നടന്നു. ‘ഹിന്ദവി പദപാദ ശാഹി ഛത്രപതി ശിവാജി മഹാരാജ്’ എന്ന് അന്നുമുതല്‍ അദ്ദേഹം വിഖ്യാതനായി. രാജ്യാഭിഷേക ചടങ്ങില്‍ അനേകം രാജാക്കന്മാരും വിദേശ രാജ്യ പ്രതിനിധികളും പങ്കെടുത്തത് ശിവാജിയുടെ മഹത്വത്തിന് മാറ്റുകൂട്ടി.
ഛത്രപതി ശിവാജിയുടെ ഭരണകാലം ഭാരതചരിത്രത്തിലെ സുവര്‍ണ്ണ കാലമായാണ് കണക്കാക്കപ്പെടുന്നത്. നിരവധി ഭരണ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയ അദ്ദേഹം എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കി. ഭരണകാര്യങ്ങളില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ‘അഷ്ട്രപ്രധാന്‍’ എന്നറിയപ്പെട്ടിരുന്ന മന്ത്രിസഭയുണ്ടായിരുന്നു. യാതൊരു പദവിയും പരമ്പരാഗതമായിരുന്നില്ല. ശിവാജിയുടെ കാലത്ത് ഭാരതത്തില്‍ മറ്റൊരു പ്രദേശത്തും ഇത്തരത്തിലുള്ള ഒരു മന്ത്രിസഭ ഉണ്ടായിരുന്നില്ല.
ശാസ്ത്രീയമായ നികുതി വ്യവസ്ഥയാണ് ശിവാജി നടപ്പിലാക്കിയിരുന്നത്. ദരിദ്രരായ കര്‍ഷകരെ സഹായിക്കുന്നതിന് ഉദാരമായ കാര്‍ഷിക വായ്പകള്‍ നല്‍കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. സൈനിക സമ്പ്രദായത്തെ അദ്ദേഹം നവീകരിച്ചു. നാന്നൂറോളം കപ്പലുകളുള്ള ഒരു നാവികസേന ശിവാജി സംഘടിപ്പിച്ചിരുന്നു. ‘ഭാരതീയ നാവികസേനയുടെ പിതാവ്’ എന്ന സ്ഥാനം ശിവാജിയ്ക്ക് അവകാശപ്പെട്ടതാണ്.
ജനങ്ങളുടെ മനസ്സില്‍ സുപ്തമായിരുന്ന സ്വധര്‍മ്മബോധം ഉണര്‍ത്തുന്നതിന് സ്വാത്രന്ത്യസമരത്തിന്റെ ഭാഗമായി ലോകമാന്യ ബാലഗംഗാധര തിലകന്‍ ഗണേശോത്സവങ്ങളും ശിവാജി ഉത്സവങ്ങളും സംഘടിപ്പിച്ചിരുന്നു. ഛത്രപതി ശിവാജിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ സാധാരണക്കാര്‍ക്ക് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാന്‍ പ്രേരണ നല്‍കി.
‘സ്വാതന്ത്യം എന്റെ ജന്മാവകാശമാണ്, ഞാന്‍ അതു നേടുക തന്നെ ചെയ്യും’ എന്ന തിലകന്റെ വാക്കുകളുടെ പിന്നില്‍ ശിവാജിയുടെ കരുത്തിന്റെ പ്രതിഫലനം കൂടി ഉണ്ടായിരുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആറ് ഉത്സവങ്ങളില്‍ ഒന്നാണ് ഹിന്ദുസാമ്രാജ്യ ദിനം. വ്യക്തിപൂജയില്‍ വിശ്വസിക്കാത്ത സംഘം ഡോക്ടര്‍ജിയുടെ കാലം മുതല്‍ക്കു തന്നെ ശിവാജിയെ ഒരു ആദര്‍ശപുരുഷനായി കണക്കാക്കിവരുന്നു. അതിനാല്‍ ശിവാജി ഹിന്ദുസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്യപ്പെട്ട ദിനമാണ് സംഘം ആഘോഷിക്കുന്നത്. ശിവാജിയുടെ മഹത്വത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടു കൊണ്ട് രാഷ്ട്രകാര്യത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് ഈ ഉത്സവത്തിന്റെ സന്ദേശം.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജന്മശതാബ്ദി വര്‍ഷമാണിത്. ഭേദഭാവനകള്‍ക്കതീതമായി ഹിന്ദുസമാജത്തെ സംഘടിപ്പിക്കുക എന്ന പ്രവര്‍ത്തനമാണ് സംഘം ചെയ്തുവരുന്നത്. നിത്യശാഖയാണ് സംഘത്തിന്റെ പ്രാണന്‍. വ്യക്തിനിര്‍മ്മാണത്തിലൂടെയാണ് രാഷ്ട്ര പുനര്‍നിര്‍മ്മാണം സാദ്ധ്യമാവുക. ശതാബ്ദി വര്‍ഷത്തില്‍ പഞ്ചപരിവര്‍ത്തനം എന്ന ആശയവും സംഘം മുന്നോട്ടു വെക്കുന്നു. ഹിന്ദുത്വത്തിന്റെ വര്‍ത്തമാന കാല യുഗധര്‍മ്മമാണ് പഞ്ചപരിവര്‍ത്തനമെന്നാണ് സര്‍കാര്യവാഹ് ദത്താത്രയ ഹൊസബൊളെ ഈയിടെ ഒരു പ്രഭാഷണത്തില്‍ പറഞ്ഞത്. ഹിന്ദുസമൂഹമൊന്നായിത്തീരുക എന്നതാണ് യുഗധര്‍മ്മം. എങ്കിലും മാറുന്ന കാലത്തിനനുസൃതമായി അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയുന്നേണ്ടതുണ്ട്. സാമാജിക സമരസത, കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, തനിമയിലെ അവബോധം (സ്വദേശി ശീലം), പൗരധര്‍മ്മത്തിന്റെ നിര്‍വ്വഹണം എന്നിവയാണ് ഈ അഞ്ചു കാര്യങ്ങള്‍. ഹിന്ദുസമാജത്തെ സംഘടിപ്പിക്കുന്നതിനുള്ള ദൈനംദിന പ്രവര്‍ത്തനത്തോടൊപ്പം പഞ്ചപരിവര്‍ത്തനത്തിനും ഊന്നല്‍ നല്‍കുന്നതിലൂടെ ഭാരതത്തിന്റെ പരമവൈഭവത്തിലേക്കുള്ള പ്രയാണത്തിന് ആക്കം കൂട്ടാന്‍ കഴിയും. ഈ യത്‌നത്തില്‍ ഛത്രപതി ശിവാജിയെ കുറിച്ചും അദ്ദേഹം സ്ഥാപിച്ച ഹിന്ദുസാമ്രാജ്യത്തെ കുറിച്ചുമുള്ള ഓര്‍മ്മകള്‍ വലിയ പ്രേരണയായിത്തീരുമെന്ന് നിസ്സംശയം പറയാം.
അധിക വായനയ്ക്ക്:
1. മഹാനായ ശിവജി – പി. ബാലകൃഷ്ണന്‍
2. ഏകാത്മതാസ്‌തോത്ര വിചാരം- ശ്രീമദ് പ്രജ്ഞാനന്ദ സരസ്വതി
3. ഇന്ത്യാചരിത്രം ഭാഗം 2 – എ. ശ്രീധരമേനോന്‍






















