സ്വതന്ത്ര ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ജനാധിപത്യം ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കുംമേല്‍ ഏകാധിപത്യത്തിന്റെ കരിനിഴല്‍ വീണത് 1975 ജൂണ്‍ മാസത്തിലാണ്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം അധികാരഗര്‍വ്വിന്റെയും അടിച്ചമര്‍ത്തലിന്റെയും അടയാളപ്പെടുത്തലായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ട് അമ്പതുവര്‍ഷം പിന്നിടുമ്പോഴും കോണ്‍ഗ്രസിന്റെ അസ്പൃശ്യതയും അസഹിഷ്ണുതയും അവസാനിച്ചിട്ടില്ലെന്നാണ് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ വ്യക്തമാക്കുന്നത്. സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരത്ത് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്ത വ്യാഖ്യാനമാല പ്രഭാഷണ സഭയില്‍ കേരളത്തിലെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെതിരെ കേരളത്തിന്റെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ആര്‍എസ്എസ് പരിപാടിയില്‍ വി.സിമാര്‍ പങ്കെടുത്തത് അതീവഗൗരവമായ വീഴ്ചയാണെന്നും ഇത് കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാന്‍സലര്‍ പദവിയുടെ അന്തസ്സിനും നിരക്കാത്ത നടപടിയാണെന്നുമാണ് വി.ഡി. സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തീവ്ര വര്‍ഗീയത പറയുന്ന ഒരു സംഘടനയുടെ പരിപാടിയില്‍ വി.സിമാരെപ്പോലെയുള്ള ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്നത് കേരളീയ പൊതുസമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും പദവിയുടെ ആദരവ് കളഞ്ഞുകുളിച്ച ഈ മൂന്ന് വൈസ് ചാന്‍സലര്‍മാരും കേരളത്തോടും ഇവിടുത്തെ ജനങ്ങളോടും പരസ്യമായി മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആര്‍എസ്എസ് സംഘടനയായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന ആരോപണവുമായി കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖര്‍ഗെ രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സംഘത്തിന്റെ പ്രവര്‍ത്തനം നിരോധിക്കണമെന്നും നേരത്തെ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിക ഭീകരവാദികളെ പ്രീണിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ അടുത്തിടെ കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസ് വിരുദ്ധ പ്രസ്താവനകളുമായി അവതരിക്കുകയാണ്.
സംഘത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിന് വി.സിമാര്‍ മാപ്പ് പറയണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ആത്മവഞ്ചനാപരമായ അധഃപതനമാണ്. ആര്‍എസ്എസ് സര്‍സംഘചാലകനായിരുന്ന ശ്രീ ഗുരുജി ഗോള്‍വല്‍ക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 2006 ല്‍ പറവൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അന്ന് എംഎല്‍എയായിരുന്ന വി.ഡി. സതീശന്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ്. മഹാത്മാഗാന്ധിയും ഡോ.ബി.ആര്‍.അംബേദ്കറും മുതല്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം വരെയുള്ള മഹദ്‌വ്യക്തികള്‍ ആര്‍എസ്എസ് പരിപാടികളില്‍ ഭാഗഭാക്കായിട്ടുണ്ട്. ചൈനാ യുദ്ധകാലത്ത് സംഘസ്വയംസേവകര്‍ നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച് 1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ദല്‍ഹിയില്‍ ഭാരത സൈന്യത്തോടൊപ്പം മാര്‍ച്ച് ചെയ്യാന്‍ സ്വയംസേവകരെ ക്ഷണിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു എന്ന് ‘നെഹ്‌റുവിയന്‍ ലെഫ്റ്റ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി ഓര്‍ക്കേണ്ടതാണ്. 1947 ല്‍ കാശ്മീരിനെ ഭാരത യൂണിയനില്‍ ലയിപ്പിക്കണമെന്ന ആവശ്യവുമായി മഹാരാജാ ഹരിസിംഗുമായി ചര്‍ച്ച നടത്താന്‍ ആര്‍എസ്എസ് സര്‍സംഘചാലകനായ ഗുരുജി ഗോള്‍വല്‍ക്കര്‍ പോയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അനുസരിച്ചാണ്. 1973 ല്‍ ഗുരുജി ഗോള്‍വല്‍ക്കര്‍ അന്തരിച്ചപ്പോള്‍ പാര്‍ലമെന്റ് അംഗമല്ലാതിരുന്നിട്ടും ഭാരത പാര്‍ലമെന്റ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നുവെന്നും അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നുവെന്നും വി.ഡി. സതീശന്‍ വിസ്മരിക്കരുത്. 2018 ല്‍ നാഗ്പൂരില്‍ നടന്ന സംഘത്തിന്റെ തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ സമാപന പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് സര്‍സംഘചാലകനോടൊപ്പം വേദി പങ്കിടുകയും സംഘത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു.
തീവ്ര വര്‍ഗീയത പറയുന്ന സംഘടന എന്ന് സംഘത്തെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിക്ക് സര്‍സംഘചാലകിന്റെ പരിപാടിയില്‍ എന്ത് വര്‍ഗീയ പരാമര്‍ശമാണ് ഉന്നയിക്കപ്പെട്ടതെന്ന് വിശദീകരിക്കാന്‍ ബാധ്യതയുണ്ട്. മുസ്ലീങ്ങളില്‍ ആര്‍എസ്എസ് ഭീതി പടര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള വ്യഗ്രതയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കഥയറിയാതെ ആട്ടംകാണുകയാണ്. മതന്യൂനപക്ഷങ്ങള്‍ എക്കാലവും സംഘത്തെ മുന്‍വിധിയോടെ എതിര്‍ക്കുമെന്ന അബദ്ധധാരണ ഇനിയെങ്കിലും അവര്‍ തിരുത്തേണ്ടതാണ്. സംഘത്തെ രാഷ്ട്രസുരക്ഷയുടെ ചതുര്‍ധാമങ്ങളിലൊന്നായാണ് മലയാളിയും ക്രൈസ്തവ മതവിശ്വാസിയുമായ മുന്‍ സുപ്രീംകോടതി ജഡ്ജി അടുത്ത കാലത്ത് അടയാളപ്പെടുത്തിയത്. ആര്‍എസ്എസ് സര്‍സംഘചാലക് 2022 ല്‍ ദല്‍ഹിയില്‍ മുസ്ലീം പള്ളി സന്ദര്‍ശിക്കുകയും മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നുവെന്ന വാര്‍ത്തയെയും കോണ്‍ഗ്രസ് കണ്ടില്ലെന്നു നടിക്കുകയാണ്. ലോകമെമ്പാടുമുള്ള അക്കാദമിക സമൂഹം സംഘത്തിന്റെ കാര്യപദ്ധതിയെയും ആദര്‍ശപദ്ധതിയെയും ഗവേഷണപൂര്‍വ്വം നിരീക്ഷിക്കുകയും പഠനവിഷയമാക്കുകയും ചെയ്യുമ്പോള്‍ കേരളത്തിലെ അക്കാദമിക സമൂഹത്തിന്റെ രക്ഷകര്‍ത്താക്കളായ വൈസ് ചാന്‍സലര്‍മാര്‍ സംഘത്തെ മുന്‍വിധിയില്ലാതെ കേള്‍ക്കാന്‍ തയ്യാറാവുന്നതിനെ അക്ഷന്തവ്യമായി കാണുന്നവരോട് സഹതപിക്കാനേ കഴിയൂ. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തും സര്‍സംഘചാലകിന്റെ പരിപാടിയില്‍ സംസ്ഥാനത്തെ വി.സിമാര്‍ പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യപൂര്‍വ്വകാലത്ത് ബ്രിട്ടീഷ് സര്‍ക്കാരും അവരുടെ പിന്തുടര്‍ച്ചാവകാശികളായി സ്വയം കരുതിപ്പോന്ന സ്വതന്ത്ര ഭാരതത്തിലെ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരും നിരന്തരമായ നിയന്ത്രണങ്ങളും നിരോധനങ്ങളും കൊണ്ട് നിഷ്‌കാസനം ചെയ്യാന്‍ ശ്രമിച്ചിട്ടും അഗ്‌നിശുദ്ധി വരുത്തി നീരൊഴുക്ക് നിലയ്ക്കാത്ത നിത്യപ്രവാഹമായി സംഘം അതിന്റെ ദേശീയദൗത്യം അഭംഗുരം തുടരുകയാണ്. ജനാധിപത്യവിരുദ്ധമായി സംഘത്തിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ച പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും പ്രാദേശിക കക്ഷികളെ വോട്ടര്‍മാര്‍ ജനവിധിയിലൂടെ തൂത്തെറിഞ്ഞ രാഷ്ട്രീയ യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് തിരിച്ചറിയണം. സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതില്‍ പോലും പരിതപിക്കുകയും, ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലീം ലീഗിന്റെയും ബലത്തില്‍ മുഖ്യമന്ത്രിക്കസേര കയ്യാളുകയും ചെയ്യുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുകയും അയിത്തം കല്‍പ്പിക്കുകയും ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നയം നിശ്ചയിക്കുന്നത് പോലും ഇന്ത്യാവിരുദ്ധരാണെന്നതാണ് യാഥാര്‍ത്ഥ്യം. അസഹിഷ്ണുതയുടെ അവതാരങ്ങളെ അതിജയിച്ചതാണ് ഭാരതത്തിന്റെയും സംഘത്തിന്റെയും ചരിത്രമെന്ന് കോണ്‍ഗ്രസിനെ കാലം ബോധ്യപ്പെടുത്തുക തന്നെ ചെയ്യും.





















