മീനങ്ങാടി:- മാനസിക അടിമത്തത്തിൽ നിന്നും ഭാരത സമൂഹം ഉണർന്നെഴുന്നേൽക്കണമെന്നും, ഹൈന്ദവ സമാജത്തിൽ ആത്മബോധം ഉണർന്നാൽ ഭാരതം പരമ വൈഭവത്തിലെത്തുമെന്നും അഖില ഭാരതീയ സഹ പ്രചാരക് പ്രമുഖ് സുനിൽ ജി കുൽക്കർണി പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പൗരപ്രമുഖ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾ കേവലം ബ്രിട്ടീഷ് വിരോധം മാത്രമായി മാറിയതും, നൂറ്റാണ്ടുകളായി വൈദേശികാധിപത്യത്തിൽ മനം മടുത്ത് നിരാശയും സ്വാർത്ഥതയും നിറഞ്ഞ ഒരു സമൂഹമായി ഭാരത ജനത അധഃപതിക്കുന്നത് കണ്ടതുമാണ് 1925 ൽ കേശവ ബലിറാം ഹെഡ്ഗേവാർക്ക് രാഷ്ട്രീയ സ്വയംസേവക സംഘത്തിന് രൂപം നൽകാൻ പ്രേരണയായത്. മുഴുവൻ സമൂഹവും നമ്മുടേതാണ് എന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്. സംഘം മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ എന്ന ആശയം നമ്മുടെ പൂർവ്വികർ പാരമ്പര്യം, സംസ്കാരം ഇതിലെല്ലാം ആത്മാഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണ് എന്നതാണ്. ഇങ്ങനെയുള്ള ഹിന്ദുക്കളെ ഒന്നിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ആശയം. നിരന്തരമായ നിസ്വാർത്ഥമായ , ആത്മാർത്ഥമായ പ്രവർത്തനങ്ങളിലൂടെയും സംഘശാഖകളിലെ വ്യക്തിനിർമ്മാണത്തിലൂടെയും സമാജ പരിവർത്തനം എന്നതാണ് സംഘം മുന്നോട്ട് വെക്കുന്ന പ്രവർത്തന രീതി. ഇത്തരം പ്രവർത്തനങ്ങൾ ഭരണകൂടങ്ങളെ പരിഭ്രാന്തരാക്കിയപ്പോൾ നിരവധി തവണ സംഘത്തിന്റെമേൽ നിരോധനത്തിന്റെ കരിനിഴൽ വീണിരുന്നു. സമാജ ശക്തിയെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിലൂടെ സംഘം ഇതിനെയെല്ലാം മറികടക്കുകയാണുണ്ടായത്.നരനെ നാരായണനിലേക്ക് പരിവർത്തിപ്പിക്കുക എന്നതാണ് സംഘത്തിന്റെ പ്രവർത്തനം. ഞങ്ങൾ ഹിന്ദുക്കളാണ് എന്ന് ആത്മാഭിമാനത്തോടെ പറയാൻ ഭാരതത്തിലെ ഹൈന്ദവ സമാജം തയ്യാറാവുകയും, സംഘടിത സമാജമായി മാറുന്നതുമാണ് നമുക്ക് കാണാൻ കഴിയുന്നത്. എല്ലാത്തിനെയും ഒന്നായി കാണാൻ തയ്യാറാവുന്ന ഒരു സമാജത്തെ സൃഷ്ടിച്ച്, രാഷ്ട്രത്തെ പരമവൈഭവത്തിലേക്ക് എത്തിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിലെ യുവജനത മറ്റ് രാജ്യങ്ങളിലെ ജെൻസി വിഭാഗങ്ങളെപ്പോലെയല്ലെന്നും, സ്വന്തമായി ചിന്തിച്ച് നല്ലതിനെ കൃത്യമായി തിരഞ്ഞെടുക്കാൻ കഴിയുന്ന തലത്തിൽ ബൗദ്ധിക നിലവാരം ഉയർന്നവരാണെന്നും അവർ ഭാരതത്തിന്റെ വികസന കാഴ്ചപ്പാടുകൾക്ക് ഒരു മുതൽക്കൂട്ടാണെന്നും ജെൻസി പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ജില്ലാ സഹസംഘചാലക് T.D ജഗനാഥകുമാർ അധ്യക്ഷത വഹിച്ചു. ഉത്തര കേരളപ്രാന്തസഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് കെ എസ് അനിഷ് പരിഭാഷപ്പെടുത്തി.ജില്ലാ കാര്യവാഹ് ആർ കെ അനിൽകുമാർജില്ലാ സഹകാര്യവാഹ് വി എം രജീഷ് എന്നിവർ സംസാരിച്ചു.

















