എന്റെ സുഹൃത്തായ കേസരി പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധുവിന്റെ നാടകം പുസ്തകമാക്കിയത് പ്രകാശനം ചെയ്യാന്‍ അദ്ദേഹം എന്നെ കോഴിക്കോട്ടേക്ക് ക്ഷണിച്ചിരുന്നു. അതോടനുബന്ധിച്ച് കേസരിക്ക് ഒരു അഭിമുഖം നല്‍കാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ സമ്മതം മൂളി. തുടര്‍ന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഷാബുപ്രസാദ് എന്റെ അഭിമുഖം എടുത്തു. കേസരി വളരെ പ്രാധാന്യത്തോടു കൂടി അത് പ്രസിദ്ധീകരിച്ചു. ഷാബുപ്രസാദ് എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് എന്റെ യുക്തിക്കും സത്യബോധത്തിനും നിരക്കുന്ന രീതിയില്‍ ഉത്തരം പറഞ്ഞു. എന്നാല്‍ ഈ അഭിമുഖം പുറത്തുവന്നതോടെ ഞാന്‍ സംഘിയായി. അതുകഴിഞ്ഞ് 3 മാസം കഴിയുന്നതിനിടെ എനിക്ക് സംഗീത നാടക അക്കാദമിയുടെ എക്‌സിക്കുട്ടീവ് അംഗത്വം രാജി വെക്കേണ്ടിവന്നു. എന്നെ നിര്‍ബന്ധമായി സംഘിയാക്കി. അപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു, ഈ അഭിമുഖം ഞാന്‍ മാധ്യമം വാരികയില്‍ കൊടുത്താല്‍ ഞാന്‍ ജമാഅത്തെ ഇസ്ലാമിക്കാരനാകുമോ? ചന്ദ്രികയില്‍ കൊടുത്താല്‍ ഞാന്‍ മുസ്ലിം ലീഗുകാരനാകുമോ? ജനയുഗത്തില്‍ കൊടുത്താല്‍ സിപിഐക്കാരനാകുമോ? വീക്ഷണത്തില്‍ കൊടുത്താല്‍ കോണ്‍ഗ്രസ്സുകാരനാകുമോ? ദേശാഭിമാനിക്കു കൊടുത്താല്‍ കമ്മ്യൂണിസ്റ്റുകാരനാകുമോ? കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ നില്‍ക്കുന്ന ഒരു വ്യക്തി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഞാന്‍ എന്റെ ഉത്തരങ്ങള്‍ കേസരിയിലൂടെ രേഖപ്പെടുത്തിയാല്‍ എങ്ങനെ ഞാന്‍ സംഘിയാകും? പണ്ട് നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കുകയായിരുന്നു. ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാരെ എല്ലാവരേയും സംഘികളാക്കുകയാണ്. ഫ്രാന്‍സിസ് ടി. മാവേലിക്കര പറഞ്ഞു.






















