വിവേകാനന്ദ ദര്‍ശനത്തില്‍ ആകൃഷ്ടയായി സ്വജീവിതം രാഷ്ട്രമാതാവിന്റെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ച മഹാസാധ്വി ഡോ.ലക്ഷ്മി കുമാരി നവതി പിന്നിട്ടിരിക്കുന്നു. സത്യാന്വേഷണ പാതയില്‍ ഭൗതികതയും ആത്മീയതയും പരസ്പര വിരുദ്ധമല്ലെന്ന് തെളിയിച്ച അവര്‍ തന്റെ ജീവിതയാത്രയിലെ തീവ്രാനുഭവങ്ങളും കാഴ്ചപ്പാടുകളും കേസരി വായനക്കാരുമായി പങ്കുവെയ്ക്കുന്നു. വിവേകാനന്ദകേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടറും കന്യാകുമാരി വിവേകാനന്ദകേന്ദ്രം മുന്‍ ഡയറക്ടറുമായ ഡോ.ലക്ഷ്മികുമാരിയുമായി സുരേഷ്ബാബു കിള്ളിക്കുറിശ്ശിമംഗലം നടത്തിയ അഭിമുഖം
പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന്റെ ഭാഗമായി റഷ്യയില്‍ കഴിയുമ്പോള്‍ കൂട്ടത്തിലെ ഏക സഹോദരിക്ക് സഹപാഠികള്‍ നല്‍കിയ പേരാണ് ദീദി എന്നത്. ഇന്നത് വിശ്വബന്ധുവായ ഡോ.ലക്ഷ്മികുമാരിയുടെ ചുരുക്കപ്പേരായിരിക്കുന്നു. പുത്തേഴത്ത് രാമന്‍ മേനോന്‍ എന്ന ന്യായാധിപനും എഴുത്തുകാരനുമായ പിതാവിന്റെ എട്ടാമത്തെ കുഞ്ഞായി പിറന്ന് വീട്ടിലെ കുമാരിയായി, ലോകത്തിന്റെ ദീദിയായി, ശാസ്ത്രജ്ഞയായി, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷയായി ഒടുവില്‍ കൊടുങ്ങല്ലൂര്‍ ശൃംഗപുരത്തെ ആനന്ദധാമിലെ അമ്മയായി നവതി താണ്ടിയ അനുസ്യൂതവും അത്ഭുതാവഹവുമായ വികാസപരിണാമത്തെക്കുറിച്ച് ഒന്ന് ചുരുക്കിപ്പറയാമോ?
♠ബ്രഹ്മചര്യവ്രതീ ദണ്ഡീ
സര്‍വ്വ വേദാന്ത പണ്ഡിതഃ
ശ്രീമദ് വിവേകയോഗീമാം
പ്രചോദയതു സര്‍വ്വദാ
ഞാന്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം ഗുരുവിന്റെ പാദങ്ങളില്‍ അര്‍പ്പിതമാണ്. ജീവിതത്തെ ഒന്നാകെ നോക്കിക്കാണുമ്പോള്‍ ഒറ്റവാക്യത്തില്‍ വിലയിരുത്തുകയാണെങ്കില്‍ ‘അപാരമഹിമ ഗുരുമഹിമ’ – എന്നേ പറയാനുള്ളൂ. മാനവ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം സംസ്‌കാരസമ്പന്നരും ത്യാഗികളുമായ മാതാപിതാക്കളെ ലഭിക്കുക എന്നതാണ്. വലിയ ഈശ്വരഭക്തരായിരുന്നു മാതാപിതാക്കള്‍. അച്ഛന്‍ പുത്തേഴത്ത് രാമന്‍ മേനോന്‍ എറണാകുളം ഹൈക്കോടതി ന്യായാധിപനും, എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമെല്ലാം ആയിരുന്നു. അക്കാരണം കൊണ്ടുതന്നെ കുട്ടിക്കാലം മുതല്‍ അനേകം മഹാത്മാക്കളുടെ സത്സംഗം ലഭിച്ചു. തലയുയര്‍ന്ന സാഹിത്യകാരന്മാര്‍ അച്ഛന്റെ നിത്യസന്ദര്‍ശകരായിരുന്നു, മഹാകവി പി.യും വള്ളത്തോളുമൊക്കെ. അത് സാഹിത്യാഭിരുചി വളരാനും സഹായിച്ചു. സത്സംഗങ്ങള്‍ക്ക് പോകുമ്പോള്‍ അച്ഛന്‍ കുട്ടികളായ ഞങ്ങളെയും കൊണ്ടുപോവുക പതിവായിരുന്നു.
ഒരിക്കല്‍ ശ്രീമദ് ആഗമാനന്ദ സ്വാമികളുടെ സത്സംഗത്തില്‍ നാരായണീയത്തിലെ ശ്രീകൃഷ്ണവര്‍ണ്ണന കേള്‍ക്കാന്‍ ഇടയായി. അത് എന്നില്‍ എന്തെന്നില്ലാത്ത ഹര്‍ഷോന്മാദം ജനിപ്പിച്ചു. വീട്ടില്‍ വന്നയുടനെ അച്ഛനോട് ആ ശ്ലോകത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഇത്തരം അനുഭവങ്ങള്‍ സംസ്‌കൃതപഠനത്തോടുള്ള അഭിരുചി വര്‍ദ്ധിപ്പിച്ചു. സംപൂജ്യ രംഗനാഥാനന്ദ സ്വാമികള്‍ മകളെപ്പോലെ എന്നെ എന്നും സ്‌നേഹിച്ചു. ലോകാരാധ്യനായ ശ്രീമദ് ചിന്മയാനന്ദ സ്വാമികള്‍ പൂര്‍വ്വാശ്രമത്തില്‍ ഞങ്ങളുടെ ബന്ധു കൂടിയായിരുന്നു. അദ്ദേഹം സഹോദര നിര്‍വിശേഷമായ സ്‌നേഹവാത്സല്യങ്ങള്‍ എന്നില്‍ ചൊരിഞ്ഞിരുന്നു. ഏതു പ്രതിസന്ധിഘട്ടത്തിലും ഭഗവദ്ഗീതയിലെ ”നിമിത്തമാത്രം ഭവ സവ്യസാചിന്‍” എന്ന ഭഗവദുപദേശം എനിക്ക് നല്‍കിയത് നിതാന്ത പ്രേരണയും ആശീര്‍വാദവുമായിരുന്നു.
വീടിന്റെ അകത്തളത്തില്‍ ഒരുനാള്‍ അച്ഛന്‍ സ്ഥാപിച്ച വിവേകാന്ദസ്വാമിയുടെ ചിക്കാഗോയിലെ ഫോട്ടോ ആദ്യകാഴ്ചയില്‍ തന്നെ എന്റെ മനസ്സിനെ സമ്പൂര്‍ണ്ണം അപഹരിച്ചുകളഞ്ഞു. ഈ മഹാപുരുഷന്‍ ജീവിച്ചിരുന്നെങ്കില്‍ എന്റെ ജീവിതം ആ ചരണകമലങ്ങളില്‍ അര്‍പ്പിക്കുമായിരുന്നുവെന്ന് അന്തരംഗം മന്ത്രിച്ചു. ഒരു കൗമാരക്കാരിയുടെ ഭ്രമം എന്നതിനപ്പുറം കൂടുതലൊന്നും സ്വാമിജിയെക്കുറിച്ച് അറിയുമായിരുന്നില്ല.
ബിഎസ്‌സി പഠനത്തെത്തുടര്‍ന്ന് എല്ലാ യാഥാസ്ഥിതിക കുടുംബങ്ങളിലേയും പോലെ എനിക്കും വിവാഹാലോചനകള്‍ വന്നു. എനിക്ക് തല്‍ക്കാലം വിവാഹം വേണ്ടെന്നും പഠിക്കണമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അച്ഛന്‍ അതിന് സമ്മതം നല്‍കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. ഈ പഠനകാലത്ത് ഒരു സുഹൃത്ത് ഭഗിനി നിവേദിതയുടെ ‘മാസ്റ്റര്‍ ആസ് ഐ സോ ഹിം’ എന്ന കൃതി സമ്മാനിച്ചു. അതു പലവുരു വായിച്ചു. സ്വാമിജിയോടുള്ള ഉള്‍പ്രേമം കൂടുതല്‍ ജ്വലിക്കാന്‍ ഇത് പ്രേരണയായി. തുടര്‍ന്ന് പി.എച്ച്.ഡി നേടലും ശാസ്ത്രജ്ഞയാവലുമൊക്കെയാണ് എന്റെ ലക്ഷ്യങ്ങള്‍ എന്ന് അറിയിച്ചപ്പോള്‍ ആ വഴിക്ക് നീങ്ങാന്‍ പരിപൂര്‍ണ്ണ സഹകരണം നല്‍കിയ സ്‌നേഹോദാരമൂര്‍ത്തികളായിരുന്നു എന്റെ മാതാപിതാക്കള്‍. തുടര്‍ന്ന് പത്തുവര്‍ഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തു. റഷ്യനും ജര്‍മ്മനും ഈവനിങ്ങ് ക്ലാസില്‍ ചേര്‍ന്ന് പഠിച്ചെടുത്തു. 1966 മുതല്‍ 1968 വരെ തിരുപ്പതിയിലെ ശ്രീപത്മാവതി വിമന്‍സ് കോളേജില്‍ ബോട്ടണി പ്രൊഫസര്‍ ആയി സേവനം അനുഷ്ഠിച്ചു. ഉക്രൈന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ക്രസലിനിക്കോവ് ആയിടെ ഞങ്ങളുടെ ലബോറട്ടറിയില്‍ വരാനിടയായി. അല്‍പ്പസ്വല്‍പ്പം റഷ്യന്‍ അറിയുമായിരുന്നതിനാല്‍ അദ്ദേഹത്തിനു വേണ്ട സൗകര്യങ്ങള്‍ ചെയ്യുന്നതിനായി എന്നെയാണ് നിയോഗിച്ചത്. പിന്നീട് ഉക്രൈന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പിന്റെ പരസ്യം കണ്ടപ്പോള്‍ അപേക്ഷിക്കുകയും ഇന്റര്‍വ്യൂവില്‍ റഷ്യന്‍ സംസാരിച്ച ഞാന്‍ അവര്‍ക്ക് ഏറെ പ്രിയങ്കരിയാവുകയും ചെയ്തു. അങ്ങനെ അവിടെ എന്റെ പോസ്റ്റ് ഡോക്ടറല്‍ പഠനം നടന്നു. കുടുംബത്തില്‍ പലരും ഇത്രദൂരെ ഒരു പെണ്‍കുട്ടിയായ എന്നെ അയയ്ക്കുന്നതില്‍ വൈമനസ്യം പ്രകടിപ്പിച്ചെങ്കിലും മഹാനായ എന്റെ അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു. ”അവള്‍ക്ക് നല്ല ഈശ്വരവിശ്വാസവും, ആത്മവിശ്വാസവും ഉണ്ട്. അവളെ എവിടെ അയയ്ക്കുന്നതിനും എനിക്ക് മടിയില്ല”. മാതാപിതാക്കളുടെയും ബന്ധുക്കളുടേയും ആശീര്‍വാദങ്ങളുമായി ഞാന്‍ റഷ്യയിലേക്ക് പറന്നു. കൂട്ടത്തിലെ ഏക പെണ്‍കുട്ടിയായ എന്നെ സഹപാഠികള്‍ ‘ദീദി’ എന്ന് വിളിച്ചു. അങ്ങനെ ഞാന്‍ ദീദിയായി. സാരി മാത്രം ധരിക്കുന്ന ഞാന്‍ അവിടെ ഏറ്റവും സ്‌നേഹാദരങ്ങള്‍ക്ക് പാത്രമായിരുന്നു. പാട്ടും, നൃത്തവും, ദേശീയ ദിനാഘോഷങ്ങളും, വിനോദയാത്രകളും ചേര്‍ന്ന് റഷ്യയിലെ കാലഘട്ടം ആനന്ദസമ്പുഷ്ടമായിരുന്നു. തികച്ചും വെജിറ്റേറിയനായ ഞാന്‍ ആഹാരത്തിന് മാത്രമാണ് അല്‍പ്പം വിഷമിച്ചത്. എങ്കിലും അവിടുത്തെ മുളോചീനി സൂപ്പ് (പാലില്‍ ചോറും പഞ്ചസാരയും ചേര്‍ത്തത്) എന്റെ പ്രിയ വിഭവമായി എന്നെ രക്ഷിച്ചു.

എല്ലാവര്‍ക്കും എല്ലാം ലഭ്യമാകാന്‍ പാകത്തില്‍ എല്ലാത്തിനും വിലകുറവായിരുന്നതിനാല്‍ അക്കാലത്ത് ധാരാളം റഷ്യന്‍ സിനിമകളും നമ്മുടെ നാട്ടിലെ സിനിമകളും റഷ്യന്‍ ബാലെയുമെല്ലാം കാണാന്‍ കഴിഞ്ഞു. പോസ്റ്റ് ഡോക്ക് കഴിഞ്ഞ് ദല്‍ഹി ഐആര്‍ഐയില്‍ മൈക്രോ ബയോളജിസ്റ്റ് ആയി ജോലിയില്‍ പ്രവേശിച്ചു. അങ്ങനെ എന്റെ ജീവിതലക്ഷ്യമായി ഞാന്‍ കരുതിയിരുന്ന ശാസ്ത്രജ്ഞയായിത്തീര്‍ന്നു. എന്നാല്‍ നിയതി മറ്റെന്തെല്ലാമോ ഒരുക്കുന്നുണ്ടായിരുന്നു ഞാനറിയാതെ.
അവിടെ ദല്‍ഹിയില്‍ വിവേകാനന്ദ കേന്ദ്രയുടെ ഒരു ശാഖ 1972 ല്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. സ്വാമിജിയുടെ ആശയങ്ങളുടെ പ്രചരണാര്‍ത്ഥം ചെറിയ പരിപാടികള്‍ നടന്നിരുന്നു. അങ്ങനെ ഒരുനാള്‍ കേന്ദ്രയില്‍ ഒരു പരിപാടിയില്‍ ഞാന്‍ സംബന്ധിച്ചു. സ്വാമി ചിന്മയാനന്ദ, ആചാര്യ കൃപലാനി, പൂജനീയ ഏകനാഥ് റാനഡേജി എന്നിവരാണ് വേദിയില്‍ ഉണ്ടായിരുന്നത്. അവിടത്തെ ഒരു പാട്രണ്‍ ഫോം പൂരിപ്പിച്ച് 12 രൂപയും അടച്ച് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയിച്ചാല്‍ സഹകരിക്കാമെന്ന് വാക്കും പറഞ്ഞ് അവിടെ നിന്നും മടങ്ങി. തൊട്ടടുത്ത ദിവസം വിവേകാനന്ദ കേന്ദ്രയുടെ സെക്രട്ടറി മണിയന്‍ജി എന്നെ കാണാന്‍ വന്നു. എനിക്കായി നിയതി കാത്തുവെച്ച നിയോഗം കൈമാറാന്‍ നിയുക്തനായിരുന്നു അദ്ദേഹമെന്ന് ഞാന്‍ അറിഞ്ഞതേയില്ല.
ക്രമേണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ ഞാന്‍ പങ്കാളിയായിത്തുടങ്ങി. പൂജനീയ രംഗനാഥാനന്ദസ്വാമികള്‍ കേന്ദ്രയില്‍ ഇടയ്ക്കിടെ വരുമായിരുന്നു. ബാല്യത്തില്‍ വീടിന്റെ അകത്തളത്തില്‍ വെച്ച് മൊട്ടിട്ട, ഉടനെ കൈമോശം വന്ന ആ സുന്ദര സ്വപ്‌നം വീണ്ടും കണ്‍മുന്നില്‍ വിടരുന്നതായി എനിക്കുതോന്നിത്തുടങ്ങി. എന്റെ ജീവിതരഥം ഊടുവഴികളില്‍ നിന്ന് രാജപഥത്തില്‍ പ്രവേശിച്ചമാതിരി…
എന്റെ സമ്പൂര്‍ണ്ണജീവിതം ഏകനാഥ്ജിയുടെ മഹാസങ്കല്‍പ്പമായ വിവേകാനന്ദ കേന്ദ്രത്തിന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു. ആശീര്‍വാദത്തിനായി സംപൂജ്യ രംഗനാഥാനന്ദജിയോട് പ്രാര്‍ത്ഥിച്ചപ്പോള്‍ മറുപടി മറ്റൊന്നായിരുന്നു. അദ്ദേഹം പറഞ്ഞു. ”മോളേ, അതിന് സമയമായിട്ടില്ല. ഭാരതീയ സമൂഹം ഇന്ന് ഒരു കുഷ്ഠരോഗിയുടെ ശരീരം പോലെയാണ്. സര്‍വ്വത്ര കൊഴുപ്പും രക്തവും ചലവും നിറഞ്ഞിരിക്കുന്നു. ഇടയില്‍ അവിടവിടെ ഓരോ ലിവിങ്ങ് ടിഷ്യു ഉണ്ടായിരിക്കും. അതില്‍ നിന്ന് വേണം ജീവന്‍ വീണ്ടും തളിര്‍ക്കാന്‍. സോ യു ബി എ ലിവിങ്ങ് ടിഷ്യു വേറെവര്‍ യു ആര്‍ വര്‍ക്കിങ്ങ്..” അതെന്റെ ജോലിയോടുള്ള വീക്ഷണത്തെ അടിമുടി സ്വാധീനിച്ചു. ഐആര്‍ഐ പോലുള്ള സ്ഥലത്ത് ഒരു പ്രതിബദ്ധതയുമില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ എന്നെ ഈ സന്ദേശം ഏറെ വ്യത്യസ്തയാക്കി.
അങ്ങേയറ്റത്തെ സംഘാടനമികവിന്റെ മാതൃകയായിരുന്നു പൂജനീയ ഏകനാഥ്ജി. ഒരു ഇടവേളയ്ക്കുശേഷം ദല്‍ഹി കേന്ദ്രത്തില്‍ രോഗബാധിതനായിരുന്ന ഏകനാഥ്ജിയെ പതിവായി സന്ദര്‍ശിക്കുകയും സേവനം ചെയ്യുകയും ഞാന്‍ പതിവാക്കി. ഒരുനാള്‍ അദ്ദേഹം പറഞ്ഞു. ”നിനക്ക് സ്വാമിജിയുടെ ആദര്‍ശങ്ങളോട് ഇത്രമേല്‍ ആകര്‍ഷണമുണ്ടെങ്കില്‍ വെറുതെ മൈക്രോസ്‌കോപ്പിലൂടെ നോക്കി ഒരു ജീവിതം വ്യര്‍ത്ഥമാക്കുന്നതെന്തിന്… കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കൂ… സ്വാമിജിയുടെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ കണ്ണുകാണാത്തവരേയും കാതുകേള്‍ക്കാത്തവരേയുമല്ല വേണ്ടത്. നല്ല യുവത്വവും ചുറുചുറുക്കുമുള്ളവരെയാണ്. യു തിങ്ക് എബൗട്ട് ഇറ്റ്”. കുട്ടിക്കാലത്ത് സ്വാമിജിയുടെ ചിത്രം കണ്ടപ്പോള്‍ മനസ്സില്‍ എടുത്ത പ്രതിജ്ഞ ഓര്‍മ്മവന്നു. എങ്കിലും അമ്മയുടെ അനുവാദം (അച്ഛന്‍ മരിച്ചിരുന്നു) തേടണമെന്ന് പറഞ്ഞപ്പോള്‍ – ”നീ ചോദിക്കൂ… ഒരു എതിര്‍പ്പും ഉണ്ടാകില്ല. ഇതെന്റെ വാക്കല്ല. നിന്റെ ഗുരുവിന്റെ വാക്കുകളാണ്” – എന്നായിരുന്നു ഏകനാഥ്ജിയുടെ മറുപടി. ‘അപാരമഹിമ ഗുരുമഹിമ’ – ഞാന്‍ മറ്റെന്തുപറയട്ടെ. നാട്ടില്‍ വന്ന് അമ്മയോട് ആഗ്രഹം അറിയിച്ചപ്പോള്‍ ”അതാണ് നിന്റെ മാര്‍ഗ്ഗമെങ്കില്‍ തീര്‍ച്ചയായും അതു ചെയ്യൂ” എന്ന ആശ്ചര്യകരമായ ആശീര്‍വാദവചനങ്ങളാണ് എന്നെ കാത്തിരുന്നത്. മാത്രമല്ല പില്‍ക്കാലത്ത് കേന്ദ്രത്തിന്റെ അദ്ധ്യക്ഷ ആയി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് വീട്ടില്‍ വന്നാല്‍ ഒരു ദിവസത്തില്‍ കൂടുതല്‍ വീട്ടില്‍ തങ്ങാന്‍ അമ്മ സമ്മതിക്കുമായിരുന്നില്ല. ”നീയിതെല്ലാം ഉപേക്ഷിച്ചവളല്ലേ. വെറുതെ ലൗകികഭാഷണങ്ങളില്‍ പെട്ട് നിന്റെ മനസ്സ് താഴാന്‍ ഇടവരാതിരിക്കട്ടെ” എന്നതായിരുന്നു ഈശ്വരസദൃശയായ അമ്മയുടെ നിര്‍ദ്ദേശം. മകള്‍ തലമുണ്ഡനം ചെയ്യുന്നതും കാഷായം ധരിക്കുന്നതും അമ്മയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു. വിവേകാനന്ദകേന്ദ്രത്തിലാണെങ്കില്‍ അതൊന്നും വേണ്ടതാനും.

അമ്മയുടെ ആശീര്‍വാദവുമായി കന്യാകുമാരിയില്‍ ചെന്നുകയറിയ എന്നെ ഏകനാഥ്ജി കാത്തിരിക്കുകയായിരുന്നു. ”നീ വരുമോ എന്ന ചിന്തയില്‍ ഞാന്‍ ഉറങ്ങിയിട്ട് നാളുകളായി”, അദ്ദേഹം പറഞ്ഞു. പിറ്റേദിവസം നടന്ന യോഗത്തില്‍ വെച്ച് കേന്ദ്രത്തിന്റെ ജോ.സെക്രട്ടറിയായി എന്നെ പ്രഖ്യാപിച്ചു. സൂക്ഷ്മദര്‍ശിനിയിലൂടെ മാത്രം നോക്കി ശീലിച്ച പെണ്‍കുട്ടി ഇനി കര്‍മയോഗത്തിന്റെ സൂക്ഷ്മദര്‍ശിനിയുമായി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്കിറങ്ങുകയായി.
പിന്നീട് ഏകനാഥ്ജിയുടെ ശാരീരിക വിഷമതകളെത്തുടര്‍ന്ന് കേന്ദ്രത്തിന് ഒരു വര്‍ക്കിങ്ങ് പ്രസിഡന്റ് വേണമെന്ന് വന്നു. ആ ചര്‍ച്ച ഉയര്‍ന്ന ഘട്ടത്തില്‍ ”ലക്ഷ്മീകുമാരിയാവട്ടെ” എന്നതായിരുന്നു ഏകനാഥ്ജിയുടെ മറുപടി. കേന്ദ്രത്തിന്റെ മാസികയായ യുവഭാരതിയുടെ പത്രാധിപരായി ഞാന്‍ എഴുതാറുള്ള ലേഖനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഏകനാഥ്ജി പറയുമായിരുന്നു – ”അവ ഞാന്‍ എഴുതിയപോലെ തോന്നുന്നു. എന്റെ ഹൃദയമാണ് നീ എഴുതിവെച്ചിരിക്കുന്നത്” എന്ന്. 1982 മെയ് അവസാനം അദ്ദേഹം ഒരു ഭാരതപര്യടനത്തിന് ഒരുങ്ങുകയായിരുന്നു. ഇത്തവണ എന്നെ കൊണ്ടുപോകുന്നില്ലെന്നും അടുത്ത യാത്രയില്‍ എന്നെയും കൊണ്ടുപോകുമെന്നും, ആ യാത്രയില്‍ ടാറ്റ, ബിര്‍ള തുടങ്ങി ഭാരതത്തിലെ എല്ലാ പ്രമുഖരേയും എനിക്ക് പരിചയപ്പെടുത്തിത്തരാമെന്നും പറഞ്ഞു. ഈശ്വരനിശ്ചയം മറ്റൊന്നായിരുന്നു. മടക്കയാത്രയില്‍ മദ്രാസില്‍ വെച്ച് ആ കര്‍മയോഗി നമ്മെ വിട്ടുപിരിഞ്ഞു. കേന്ദ്രത്തിന് അത് നികത്താനാവാത്ത വിടവായിരുന്നു. ഇനി ആര്? എന്ന ചോദ്യം ഉയര്‍ന്നു. പലരും എന്റെ പേര് നിര്‍ദ്ദേശിച്ചു. തീരുമാനമെടുക്കാന്‍ ഞാന്‍ അശക്തയായിരുന്നു. ഒടുവില്‍ ശ്രീമദ് രംഗനാഥാനന്ദജി പറഞ്ഞു. ”കേന്ദ്രം തകരാതെ മുന്നോട്ടുപോകണമെങ്കില്‍ ലക്ഷ്മി ആ ചുമതല ഏറ്റെടുക്കണം” – അങ്ങനെയാണ് ഞാന്‍ വിവേകാനന്ദകേന്ദ്രത്തിന്റെ അദ്ധ്യക്ഷയാവുന്നത്.

ദീദി, മഹത്തായ ഒരു നിയോഗം തന്നെ കാത്തിരിക്കുന്നുവെന്ന് കുട്ടിക്കാലം മുതലേ തോന്നിയിരുന്നോ?
♠ഒരിക്കലുമില്ല. അച്ഛന്‍ അകത്തളത്തില്‍ കൊണ്ടുവന്ന് സ്ഥാപിച്ച സ്വാമിജിയുടെ പടം കണ്ട നിമിഷം മുതല്‍ ഉള്ളിലുണ്ടായ ആകര്‍ഷണം. കുട്ടിക്കാലം മുതല്‍ ധാരാളം വായിക്കുന്ന ശീലം, മദ്രാസില്‍ ആയിരുന്നപ്പോള്‍ ശ്രീമദ് ചിന്മയാനന്ദജി, ശ്രീമദ് രംഗനാഥാനന്ദജി എന്നിവരുടെയെല്ലാം പതിവായുള്ള പ്രഭാഷണങ്ങള്‍, നോട്ടുകള്‍ തയ്യാറാക്കല്‍ ഇതെല്ലാം ഞാന്‍ പോലുമറിയാതെ എന്നെ ഒരുക്കിയെടുത്തതാവാം, അപാരമഹിമ ഗുരുമഹിമ. മറ്റൊന്നും പറയാനില്ല. അന്യഥാ ഒരു ശാസ്ത്രജ്ഞയായിരുന്ന പെണ്‍കുട്ടിക്ക് ചെയ്യാന്‍ കഴിയുന്ന ജോലിയായിരുന്നില്ല കേന്ദ്രത്തിന്റെ അദ്ധ്യക്ഷ എന്നത്. റഷ്യയിലേക്ക് 5 വര്‍ഷം കരുതി പോയെങ്കിലും 2 വര്‍ഷം കൊണ്ട് പോസ്റ്റ് ഡോക്ക് പൂര്‍ത്തിയാക്കി മടങ്ങാന്‍ കഴിഞ്ഞതുമെല്ലാം യാദൃച്ഛികമാവാന്‍ തരമില്ല. എല്ലാം ഗുരു തീരുമാനിച്ചതായിരിക്കണം.
പോസ്റ്റ് ഗ്രാജുവേഷന് പഠിക്കുമ്പോള്‍ ‘മാസ്റ്റര്‍ ആസ് ഐ സോ ഹിം’ എന്ന ഗ്രന്ഥം ലഭിച്ചെന്നും അത് ഏറെ ആകര്‍ഷിച്ചെന്നും പറഞ്ഞല്ലോ. എപ്പോഴെങ്കിലും തന്നില്‍ സ്വയം നിവേദിതയെ കണ്ടിരുന്നോ?
♠അങ്ങനെയുള്ള വലിയ ചിന്തകള്‍ ഒന്നും എന്നില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു സാധാരണ പെണ്‍കുട്ടിയായി മാത്രമേ എന്നെ കണ്ടിട്ടുള്ളൂ. മറ്റെല്ലാം ഗുരുവിന്റെ കൃപാകടാക്ഷം മാത്രം.
ദീദി വിവാഹം വേണ്ടെന്ന് പറഞ്ഞതുപോലെ, പുതിയകാലത്ത് ധാരാളം പെണ്‍കുട്ടികള്‍ അങ്ങനെ പറയുന്നു. അവര്‍ ഉയര്‍ന്ന ലക്ഷ്യബോധം കൊണ്ടാണോ അങ്ങനെ പറയുന്നത്?
♠ഒരിക്കലുമല്ല. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ആത്മീയകാര്യങ്ങള്‍ പകര്‍ന്നു നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ല. ലൗകിക ജീവിതത്തിനപ്പുറം ആരിലും ഉയര്‍ന്ന ലക്ഷ്യങ്ങള്‍ കാണാറില്ല. ഇത്രവര്‍ഷമായിട്ടും അങ്ങനെ ഒരു കുട്ടിയെ കാണാന്‍ എനിക്കായിട്ടില്ല. അത്യപൂര്‍വ്വമായി സംഭവിക്കുന്നുണ്ടാവാം. അത് ദൈവനിയോഗമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെയുള്ളവരില്‍ മാത്രമേ അത്തരത്തിലുള്ള ആത്മധൈര്യവും, അതിനുള്ള അനുഭവങ്ങളും, സാഹചര്യങ്ങളുമൊക്കെ വന്നുചേരുകയുള്ളൂ.
ദീദി പറഞ്ഞതുപോലെ തികച്ചും ദൈവനിയോഗമായിട്ടായിരിക്കുമോ ശാസ്ത്രജ്ഞയായി ജീവിക്കാന്‍ ആഗ്രഹിച്ച വ്യക്തി അദ്ധ്യാത്മശാസ്ത്രത്തിന്റെ മറ്റൊരു ലോകത്തിലേക്ക് എത്തിപ്പെട്ടത്?
♠ഞാന്‍ തമാശയായിട്ട് പലരോടും പറയാറുണ്ട്. വിവേകാനന്ദ ശിലാസ്മാരകത്തിന്റെ പ്രസിഡന്റ് ആവാന്‍ ഈശ്വരന്‍ നിശ്ചയിച്ച വ്യക്തി സാധാരണ വ്യക്തിയായാല്‍ പോരാ… ഉന്നതമായ വിദ്യാഭ്യാസം, ആദ്ധ്യാത്മിക മഹാഗുരുക്കന്മാരുടെ നിരന്തര സത്സംഗം, ഉന്നതമായ കുടുംബപശ്ചാത്തലം ഇവയെല്ലാം ഉള്ളയാള്‍ ആവണമെന്ന്. നോക്കൂ, എന്റെ ജീവിതത്തില്‍ ഇതെല്ലാം ഈശ്വരന്‍ ഒരുക്കിത്തന്നു. അച്ഛന്‍ ശിലാസ്മാരക സമിതിയുടെ കേരള പ്രസിഡന്റ് ആയിരുന്നു. കുഞ്ഞുനാള്‍ മുതല്‍ ശ്രീരാമകൃഷ്ണ മിഷന്‍, ശ്രീശാരദാമിഷന്‍ എന്നിവരുമായുള്ള ബന്ധം. അവര്‍ക്കെല്ലാം സമ്മതയായിട്ടുള്ള ഒരു വ്യക്തിയാവുക എന്നത് ചെറിയ അനുഗ്രഹമല്ല. കേന്ദ്രത്തിന്റെ അദ്ധ്യക്ഷപദവി അന്യഥാ സംഭവ്യമല്ലതന്നെ. അണ്‍ലെസ് ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍ ഈസ് ദേര്‍… എന്റെ കഴിവ് കൊണ്ട് എന്തെങ്കിലും നേടി എന്ന് ഒരിക്കലും തോന്നിയിട്ടില്ല.
ദീദിയുടെ ജീവിതത്തില്‍ ദത്താത്രേയ മഹാഗുരുവിനെപ്പോലെ എത്രയോ ഗുരുക്കന്മാരുടെ സ്വാധീനം കാണുന്നു. ഇവരില്‍ ഏകനാഥ്ജിയുടെ സ്വാധീനം എങ്ങനെ സവിശേഷമായി എന്ന് പറയാമോ?
♠ഏകനാഥ്ജി എന്നിലെ ത്രിവക്രയെ മാറ്റിയെടുത്തു എന്നതാണ് എന്റെ അദ്ദേഹത്തോടുള്ള കടപ്പാട്. ഒന്നാമതായി ഭൗതികമായ ആഗ്രഹങ്ങളില്‍ നിന്ന് ഉയര്‍ച്ച. ഏകനാഥ്ജി പറഞ്ഞു – ”ഇവിടെ ഈ മഹത്തായ പദവിയില്‍ നീയിരിക്കുമ്പോള്‍ പണമോ മറ്റ് സ്ഥാനമാനങ്ങളോ ഒരിക്കലും നിനക്ക് വിഷയമാവില്ല”. ഈ വാക്കോടുകൂടി എന്റെ ഒന്നാമത്തെ വളവ് തീര്‍ത്തു. രണ്ടാമതായി നമുക്കെല്ലാം വൈകാരികമായ സംതൃപ്തി വേണം. വീട്, കുടുംബം തുടങ്ങിയ വൈകാരിക ബന്ധങ്ങള്‍. ഏകനാഥ്ജി പറയും ”വസുധൈവ കുടുംബകം എന്ന മഹത്തായ ആദര്‍ശത്തെ സ്വീകരിക്കൂ”. ഈ പ്രപഞ്ചത്തിലെ സര്‍വ്വത്തിന്റെയും മാതൃസ്ഥാനത്തിരുന്നുകൊണ്ട് ലോകത്തെ വീക്ഷിക്കൂ… ഇതോടുകൂടി രണ്ടാമത്തെ വളവും തീര്‍ന്നു. മൂന്നാമത്തേത് ഒരു സയന്റിസ്റ്റ് എന്ന ഖ്യാതി വേണമെന്നതായിരുന്നു. ഏകനാഥ്ജി പറഞ്ഞു. വിവേകാനന്ദസ്വാമികളുടെ വാക്കുകള്‍ ഓര്‍ക്കുക – സയന്‍സ് ഈസ് നതിങ് ബട്ട് സീക്കിങ് വണ്‍നെസ്സ്. അങ്ങനെ ഭൗതികതലത്തിലും വൈകാരികതലത്തിലും ജ്ഞാനതലത്തിലും എന്റെ ഒടിവുകള്‍ നീക്കി എന്നെ നിവര്‍ത്തിയ മഹാഗുരുവാണ് ഏകനാഥ്ജി.

ശക്തിയെ വിസ്മരിച്ചതാണ് ഭാരതത്തിന്റെ അധഃപതന കാരണമെന്ന് സ്വാമിജി പറഞ്ഞിട്ടുണ്ട്. അത് വീണ്ടെടുക്കലായിരുന്നു ശ്രീശാരദാദേവിയിലൂടെ ശ്രീരാമകൃഷ്ണന്‍ ചെയ്തത് എന്നും പറയുന്നു. അങ്ങയുടെ ജീവിതം വിവേകാനന്ദചരണങ്ങളില്‍ സമര്‍പ്പിച്ചതുകൊണ്ട് സ്ത്രീ ശാക്തീകരണത്തിന്റെ ഒരു തരംഗം സൃഷ്ടിക്കുന്നതില്‍ എത്രമാത്രം വിജയിച്ചതായി സ്വയം വിലയിരുത്തുന്നുണ്ട്?
♠ ഇന്നത്തെ സാഹചര്യത്തില്‍ എന്റെ സംഭാവനകളെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. അങ്ങേയറ്റം ആത്മീയ പ്രചോദനമുള്ള ആളുകള്‍ക്കേ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയൂ. എന്റെ മുന്നില്‍ വരുന്നവരോടൊക്കെ ഞാന്‍ ചില കാര്യങ്ങള്‍ പറയാറുണ്ട്. ഈ പുണ്യഭാരതത്തില്‍ പിറന്ന നമ്മളെല്ലാം ദേവകാര്യസമുദ്യതകളാണ്. ഭാരതത്തില്‍ പിറന്ന നമുക്കെല്ലാം പ്രത്യേക ധര്‍മം പുലര്‍ത്താനുണ്ട്. സത്യം, ധര്‍മം എന്നീ സങ്കല്‍പ്പങ്ങള്‍ ഭാരതത്തില്‍ മാത്രമേ ഉള്ളൂ. അത് ജീവിച്ച് കാണിച്ച് മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കേണ്ടത് അമ്മമാരാണ്. വെറുതെ കുറേ കുഞ്ഞുങ്ങളെ ജനിപ്പിക്കുക മാത്രമല്ല, അമ്മമാര്‍ അദ്വൈതാമൃതവര്‍ഷിണിമാരാവണം. എങ്കിലേ ഉത്കൃഷ്ട സന്താനങ്ങള്‍ പിറക്കൂ. ശ്രീമാതയും, ശ്രീമഹാരാജ്ഞിയും ശ്രീമദ് സിംഹാസനേശ്വരിയുമായ അമ്മമാര്‍. മക്കളുടെ വളര്‍ച്ചയ്ക്ക് തന്റെ സ്വാര്‍ത്ഥം തടസ്സമാവാതെ അവരെ പറക്കാന്‍ അനുവദിക്കുന്നവരാണ് യഥാര്‍ത്ഥ അമ്മമാര്‍. എന്റെ അമ്മ അങ്ങനെയുള്ള ഒരാള്‍ ആയിരുന്നു. മക്കള്‍ എഞ്ചിനീയറോ ഡോക്ടറോ ആവണം, അമേരിക്കയില്‍ പോവണം എന്നിവ ജീവിതാഭിലാഷങ്ങള്‍ ആയി കാണുന്ന അമ്മമാരല്ല മറിച്ച് മക്കളുടെ നന്മ ലോകനന്മയ്ക്ക് എന്ന് ചിന്തിക്കാന്‍ കഴിയുന്ന അമ്മമാരെയാണ് നമുക്ക് ആവശ്യം. എന്റെ മുന്നില്‍ വരുന്നവരോടൊക്കെ ഞാന്‍ പറയാറുണ്ട്. അദ്വൈതം പ്രസംഗിക്കാനെളുപ്പമാണ്. അതിനെ ജീവിതത്തിന്റെ ഭാഷയാക്കിമാറ്റുന്നിടത്താണ് യഥാര്‍ത്ഥ അമ്മ പിറക്കുന്നത്.
മഹാനായ ഒരു കവി പാടിയ പോലെ –
മകന്റെ നന്മക്കെപ്പോഴും
ഏകാഗ്ര ദൃഢചിത്തരായ്
യജ്ഞം ശ്രേഷ്ഠമനുഷ്ഠിപ്പൂ
ജനനീ കര്‍മ യോഗിനി…
താനും മകനുമൊന്നായി-
ത്തന്നെയാണവള്‍ കാണ്‍മത്
അദ്വൈതത്തിന്‍ മഹാതത്വം
ആദ്യം ബോധിച്ചതമ്മയില്‍…
ദേവകാര്യസമുദ്യതകളാണ് അമ്മമാര്‍ എന്ന ബോധ്യം മാത്രം മതിയായിരുന്നോ, യുക്തി ചിന്തയിലൂന്നിയ ശാസ്ത്രലോകത്തുനിന്നും ആദ്ധ്യാത്മിക ലോകത്തിലേക്ക് വന്ന സമയം മുന്നില്‍ ഉയര്‍ന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍?
♠കുട്ടിക്കാലം മുതല്‍ ഒരു സ്പിരിച്ച്വലൈസേഷന്‍ എന്നില്‍ നടന്നിരുന്നതിനാല്‍ ശാസ്ത്രലോകവും, ആദ്ധ്യാത്മികലോകവും തുലാസില്‍ വെച്ചുനോക്കുമ്പോള്‍ എപ്പോഴും ആദ്ധ്യാത്മികത്തിന്റെ തട്ട് താണുതന്നെ ഇരുന്നിരുന്നു. മമതയില്ലാതെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച മാതാപിതാക്കളുടെ മകളായിരുന്നു ഞാന്‍. എന്റെ അമ്മ പറയാറുണ്ട് – സുഖം, ദുഃഖം എന്നീ അവസ്ഥകള്‍ വാസ്തവത്തില്‍ ഇല്ല. അനുഭവങ്ങള്‍ മാത്രമേ ഉള്ളൂ. നമുക്കിഷ്ടപ്പെട്ട അനുഭവങ്ങളെ സുഖമെന്നും മറിച്ചുള്ളവയെ ദുഃഖമെന്നും നാം പേരിട്ട് വിളിക്കുകയാണ്. എത്ര ഉദാത്തമായ സമഭാവന. ശ്രീമദ് അംബാനന്ദസ്വാമികള്‍ അമ്മ ശാരദാദേവിയോട് പ്രാര്‍ത്ഥിക്കുന്നു…
ആരിലും കുറ്റങ്ങള്‍ കാണാതിരിക്കുവാന്‍
ആരോടും നീചവാക്കോതിടായ്‌വാന്‍
ആര്‍ക്കും മനോദുഃഖം ഞങ്ങളാല്‍
തോന്നായ്‌വാന്‍
കാക്കണേ തൃപ്പാദം കുമ്പിടുന്നേന്‍
എല്ലാ ഭേദങ്ങള്‍ക്കുമതീതമായ ഈ അദ്ധ്യാത്മബോധം എല്ലാ ശാസ്ത്രചിന്തകള്‍ക്കും മുകളിലാണെന്ന് തോന്നുന്നു. നാമെല്ലാവരും ഒരേ അമ്മയുടെ കുഞ്ഞുങ്ങള്‍ തന്നെ എന്നു തോന്നിയാല്‍ പിന്നെ ഒരു പ്രാണിയേയും ഉപദ്രവിക്കാന്‍ കഴിയില്ല.
ഈ അദ്വൈത ബോധത്തിലേക്ക് വര്‍ത്തമാനകാലസമൂഹം എത്രമാത്രം ഉയര്‍ന്നിട്ടുണ്ട്. ഉത്സവങ്ങളും ആഘോഷങ്ങളും വേണ്ടതിലധികം ഉണ്ട്. എന്നാല്‍ ഈ ആത്മീയനില ജനങ്ങള്‍ ആര്‍ജ്ജിച്ചിട്ടുണ്ടോ?
♠ഞാന്‍ കുറച്ചുനാള്‍ മുമ്പ് സംപൂജ്യ ഭൂമാനന്ദസ്വാമിജിയെ കണ്ടിരുന്നു. എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചെല്ലാം സ്വാമിജി ചോദിച്ചറിഞ്ഞു. അതിനുശേഷം സ്വാമിജി പറഞ്ഞു. ഹിന്ദുമതം ഒരിക്കലും ഒരു മാസ് മൂവ്‌മെന്റ് ആയിരുന്നില്ല. അവിടവിടെയായി ചില മഹത്തുക്കള്‍ അവരുടേതായ വെളിച്ചം സൃഷ്ടിച്ചിരുന്നു. അങ്ങനെയാണത് നിലനിന്നത്. അതുകൊണ്ട് സമൂഹം ഒന്നാകെ ഇത് സ്വീകരിച്ചില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കേണ്ട. ശ്രീരാമനും ശ്രീകൃഷ്ണനും എല്ലാ വന്നുപോയില്ലെ. കാലാകാലങ്ങളില്‍ ഇതിനെ സംരക്ഷിക്കാനുള്ള ഏതാനും ലിവിങ് ടിഷ്യൂസ് ഉണ്ടാവും. അതുമതി.
(തുടരും)





















