സംഘ അധികാരിയുടെ ഇംഗിതം അഥവാ ആഗ്രഹം മനസ്സിലാക്കി, നിര്‍ദ്ദേശത്തിനു വേണ്ടി കാത്തുനില്‍ക്കാതെ ആ കാര്യം സ്വയം നിര്‍വഹിക്കുന്നതാണ് ഒരു ഉത്തമ സ്വയംസേവകന്റെ ലക്ഷണം.
1946ല്‍ ദീനദയാല്‍ജി ഉത്തര്‍പ്രദേശ് പ്രാന്തത്തിന്റെ സഹപ്രാന്തപ്രചാരക് ആയി പ്രവര്‍ത്തിക്കുകയായിരുന്നു. ഭാവുറാവു ദേവറസ്ജിയായിരുന്നു പ്രാന്തപ്രചാരക്. ഒരിക്കല്‍ പ്രാന്തീയ ബൈഠക്കില്‍, ശാഖയില്‍ വരുന്ന ബാലസ്വയംസേവകര്‍ക്ക് മനസ്സിലാക്കാന്‍ പാകത്തില്‍ സരളമായ ഭാഷയില്‍ സംഘസാഹിത്യം തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ഭാവുറാവുജി പറഞ്ഞു.
ആ രാത്രിതന്നെ ഒറ്റയിരുപ്പിന് ദീനദയാല്‍ജി ‘സമ്രാട്ട് ചന്ദ്രഗുപ്തന്‍’ എന്ന പേരില്‍ ചരിത്രകഥ എഴുതിയുണ്ടാക്കി അടുത്ത ദിവസം കാലത്തുതന്നെ കയ്യെഴുത്തു പ്രതി ഭാവുറാവുജിയെ ഏല്പിച്ചു, ”ബാലസ്വയംസേവകര്‍ക്ക് ഈ പുസ്തകം ഉപയോഗപ്പെടുമെന്ന് തോന്നുന്നു” എന്ന് പറഞ്ഞു.
ദീനദയാല്‍ജിയുടെ ആദ്യകൃതിയായ ‘സമ്രാട്ട് ചന്ദ്രഗുപ്തന്‍’ അതേ വര്‍ഷം വര്‍ഷപ്രതിപദ ദിനത്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.






















