- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- അന്‍പതുകളില്‍ ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 33)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരകാലത്തെ വഞ്ചനകള്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷവും തുടര്‍ന്നു. സ്വാതന്ത്ര്യസമര കാലത്ത് ദേശവിരുദ്ധ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്നതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടെങ്കിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് സംഘടനാപരമായ ശക്തിയുണ്ടായിരുന്നു. ഈ ശക്തിയുപയോഗിച്ച് ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കാന്‍ തുടങ്ങി. സ്വാതന്ത്ര്യ ദിനമായ ആഗസ്ത് 15 എന്നത് അവര്‍ക്ക് ‘ആപത്ത് 15’ ആയിരുന്നുവല്ലോ. സ്വാതന്ത്ര്യം നേടി ഒന്നരവര്‍ഷം കഴിഞ്ഞ് ഭാരതം റിപ്പബ്ലിക്കായിട്ടും കമ്മ്യൂണിസ്റ്റു പാര്‍ട്ടി രാഷ്ട്രത്തോടുള്ള ശത്രുത തുടര്‍ന്നു. പില്‍ക്കാലത്ത് ഇത് ചര്‍ച്ചയായപ്പോള്‍ ആര്‍എസ്എസ്സും ഈ തെറ്റു ചെയ്‌തെന്ന് മുന്‍കാല പ്രാബല്യത്തോടെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ബുദ്ധിജീവികളും ഇടതു ചരിത്രകാരന്മാരും കണ്ടുപിടിച്ചു! ഇത് ഇക്കൂട്ടരുടെ സഹജമായ വിദഗ്ധ നുണപ്രചാരണമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അക്കാലത്തെ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
ജനുവരി 26 റിപ്പബ്ലിക് ദിനമായി എല്ലാ വര്‍ഷവും ആഘോഷിക്കുന്നു. എന്നാല്‍ 1930 മുതല്‍ 1947 വരെ ഈ ദിവസം ‘സ്വാതന്ത്ര്യദിനം’ ആയി ആചരിച്ചിരുന്നുവെന്നത് അധികമാര്‍ക്കും അറിയാത്ത ഒരു വസ്തുതയാണ്.
1930 ജനുവരി 26 ആദ്യമായി പൂര്‍ണ്ണ സ്വരാജ് ദിനം (സമ്പൂര്‍ണ സ്വയംഭരണ ദിനം) ആചരിക്കപ്പെട്ടു. 1950 മുതല്‍ ഈ ദിവസം ‘റിപ്പബ്ലിക് ദിനം’ ആയി ആഘോഷിക്കപ്പെടുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ നിന്ന് ആര്‍എസ്എസ് അകന്നു നിന്നുവെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.
ആര്‍എസ്എസ് ആര്‍ക്കൈവുകളിലുള്ള അക്കാലത്തെ രേഖകളിലും മറാത്തി ദിനപത്രമായ കേസരിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളിലും ഈ വിമര്‍ശനത്തിനുള്ള മറുപടിയുണ്ട്.
എന്തുകൊണ്ട് ജനുവരി 26?
1947 ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്റ്റ്, 1947 ഓഗസ്റ്റ് 15ന് അവിഭക്ത ഭാരതത്തെ ഇന്ത്യയും പാകിസ്ഥാനും എന്നീ രണ്ട് സ്വതന്ത്ര രാജ്യങ്ങളായി വിഭജിച്ചു. ഇന്ത്യയുടെ ഭരണഘടനാസഭ ഇന്ത്യയുടെ നിയമനിര്‍മാണ ചുമതലകള്‍ ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിന്ന് ഏറ്റെടുത്തു. 1949 നവംബര്‍ 26 ന് അത് ഭരണഘടനയുടെ കരട് അംഗീകരിച്ചു.
ഇതോടെ ഭരണഘടന പ്രാബല്യത്തില്‍ വരേണ്ട ഒരു അനുയോജ്യമായ തീയതി തിരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. 1950 തുടക്കത്തിലുള്ള ഏതെങ്കിലും ഒരു തീയതി തിരഞ്ഞെടുക്കുന്നത് സൗകര്യപ്രദമായിരുന്നു. പുതുവര്‍ഷത്തിന്റെ ആദ്യദിനം തിരഞ്ഞെടുക്കുന്നത് മുന്‍ ബ്രിട്ടീഷ് ഭരണാധികാരികളെ അനുകരിക്കുന്നതായി കരുതപ്പെടുമായിരുന്നു. ജനുവരിയുടെ അവസാനദിനം തിരഞ്ഞെടുക്കുന്നത് ഗാന്ധിജി വധിക്കപ്പെട്ട തീയതിയോട് അടുത്തിരിക്കും. ഈ രണ്ട് കാരണങ്ങളാല്‍ ജനുവരിയിലെ മറ്റേതെങ്കിലും തീയതി നിശ്ചയിക്കേണ്ടതുണ്ടായിരുന്നു.
ഏകദേശം 20 വര്‍ഷം മുന്‍പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് യാദൃച്ഛികമായി 1930 ജനുവരി 26 പൂര്‍ണ സ്വരാജ് ദിനമായി തിരഞ്ഞെടുത്തിരുന്നുവല്ലോ. സമ്പൂര്‍ണ സ്വാതന്ത്ര്യം എന്ന ആശയം തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമായി സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സിന് 1930 വരെ കാത്തിരിക്കേണ്ടി വന്നു. അതിന് മുമ്പുള്ള 50 വര്‍ഷം അറിയപ്പെടാത്ത നൂറുകണക്കിന് വിപ്ലവകാരികളും അവരുടെ കുടുംബങ്ങളും സമ്പൂര്‍ണ സ്വാതന്ത്ര്യത്തിനുവേണ്ടി മരണവും നാടുകടത്തലും തടവും സ്വത്ത് കണ്ടുകെട്ടലും നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ആ വിപ്ലവകാരികളെ അവഗണിച്ചുകൊണ്ട്, പൊതുവേ കോണ്‍ഗ്രസ്സിനും പ്രത്യേകിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവിനും ചരിത്രപരമായ പ്രാധാന്യമുള്ള ഒരു ദിവസം, പരമാധികാരവും ജനാധിപത്യപരവുമായ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഉദയത്തെ പ്രഖ്യാപിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പുതിയ റിപ്പബ്ലിക്കിന്റെ ജനനം ആഘോഷിക്കുന്നതിനായി 1950 ജനുവരി 26-27 തീയതികളില്‍ രണ്ട് ദിവസത്തെ ദേശീയ ആഘോഷം പ്രഖ്യാപിക്കപ്പെട്ടു. രാഷ്ട്രീയാധിപത്യം ഉണ്ടായിരുന്നതിനാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാഭാവികമായും ആവേശഭരിതരായിരുന്നു. ഗാന്ധി വധത്തെ ആയുധമാക്കി ജവഹര്‍ലാല്‍ നെഹ്‌റു ഹിന്ദു നവോത്ഥാന പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ദേശീയ ഐക്യത്തെക്കുറിച്ചുള്ള നെഹ്‌റുവിന്റെ കാഴ്ചപ്പാടില്‍ ഈ സംഘടനകള്‍ക്ക് ഒരു സ്ഥാനവുമുണ്ടായിരുന്നില്ല.
ആദ്യ റിപ്പബ്ലിക് ദിനവും ആര്‍എസ്എസ്സും
1950 ജനുവരി 26. ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ നാഗ്പൂരിലെ രേഷിംബാഗ് മൈതാനിയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തശേഷം ദേശീയ പതാക ഉയര്‍ത്തി. ആയിരക്കണക്കിന് സ്വയംസേവകര്‍ ഭാരതമെമ്പാടും അതിയായ ആവേശത്തോടെയും ആഹ്ലാദത്തോടെയും റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇങ്ങനെയായിരുന്നു ആര്‍എസ്എസ് ആദ്യ റിപ്പബ്ലിക് ദിനം ആചരിച്ചത്. ഇതിലൂടെ ആര്‍എസ്എസ്സിനെയും ഭരണഘടനയെയും ബന്ധപ്പെടുത്തി എതിരാളികള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥകളാണ് പൊളിഞ്ഞു വീഴുന്നത്.
വര്‍ഷങ്ങളായി ആര്‍എസ്എസ്സിനെ അപകീര്‍ത്തിപ്പെടുത്താന്‍, ആ സംഘടന ഒരിക്കലും ഭാരത ഭരണഘടനയെ അംഗീകരിച്ചില്ലെന്നും ബഹുമാനിച്ചില്ലെന്നും ആരോപിച്ച് തെറ്റായ പ്രചാരവേലകള്‍ നടന്നുവരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണ്. യാഥാര്‍ത്ഥ്യത്തില്‍ അവയ്ക്ക് യാതൊരു നിലനില്‍പ്പുമില്ല. പില്‍ക്കാലത്ത് അവകാശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുകയും കടമകള്‍ വിസ്മരിക്കുകയും ചെയ്യുന്ന മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി, ഭരണഘടനാപരമായ കടമകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഏക പ്രസ്ഥാനം ആര്‍എസ്എസ്സാണ്. 1950 കളിലെ ‘ഓര്‍ഗനൈസര്‍’ വാരികയുടെ റിപ്പോര്‍ട്ടുകളിലൂടെയും ലേഖനങ്ങളിലൂടെയും കടന്നുപോകുന്ന ഏതൊരാള്‍ക്കും ഇക്കാര്യം ബോധ്യപ്പെടും.
1950 ജനുവരി 26 ലെ ആദ്യ റിപ്പബ്ലിക് ദിനം ആര്‍എസ്എസ് തികഞ്ഞ ദേശസ്‌നേഹത്തോടെയും ഉത്സാഹത്തോടെയും ആഘോഷിച്ചുവെന്നും, നിരവധി സ്വയംസേവകര്‍ ആഹ്ലാദപൂര്‍വ്വം അതില്‍ സജീവമായി പങ്കെടുത്തുവെന്നും ഈ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും വ്യക്തമാക്കുന്നു. ആര്‍എസ്എസ്സിനെതിരെ പ്രചാരവേല നടത്തുന്നവര്‍ക്കുള്ള മറുപടി ഇവയിലുണ്ട്.
ആര്‍എസ്എസ് തുടക്കം മുതലേ ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രാധാന്യം നല്‍കുന്ന പ്രസ്ഥാനമാണ്. ഭാരതത്തെ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി അടയാളപ്പെടുത്തിക്കൊണ്ട് രാജ്യത്തിന്റെ ഭരണഘടന പ്രാബല്യത്തില്‍ വന്നപ്പോള്‍ ആര്‍എസ്എസ് മഹത്തായ നേട്ടത്തെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു. രാജ്യത്തുടനീളമുള്ള സ്വയംസേവകര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും, വിവിധ ചടങ്ങുകളില്‍ പങ്കാളികളാവുകയും ചെയ്തു. ദേശസ്‌നേഹപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും വന്ദേ മാതരം ആലപിക്കുകയും ചെയ്തുകൊണ്ടാണ് ഈ ചരിത്ര മുഹൂര്‍ത്തത്തെ ആദരിച്ചത്.
ഗുരുജി ഗോള്‍വല്‍ക്കറുടെ റിപ്പബ്ലിക് ദിനാശംസ
ആദ്യ റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസം സന്ധ്യയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത നാഗ്പൂരിലെ വമ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ”ഇന്ന് നാം സ്വയം രൂപപ്പെടുത്തിയ ഭരണഘടനയാണ് സ്വീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് കോമണ്‍വെല്‍ത്തുമായുള്ള അവസാന ബന്ധമായ ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകമായ കിരീടത്തെയും അശോകചക്രം കൊണ്ട് മാറ്റിസ്ഥാപിച്ചിരിക്കുന്നു. ഇനി നാം ധാര്‍മ്മികമായോ രാഷ്ട്രീയമായോ ബ്രിട്ടീഷുകാരോട് ബന്ധിക്കപ്പെട്ടിട്ടില്ല. നമ്മുടെ മനസ്സാക്ഷി നമ്മോട് ചെയ്യാന്‍ പറയുന്നതെന്തോ അത് ചെയ്യാന്‍ നാം സ്വതന്ത്രരാണ്.”
‘രാജ്യത്തിന്റെ പതാക ഉയര്‍ത്തിയും അഭിവാദ്യം അര്‍പ്പിച്ചും കഴിഞ്ഞ ശേഷമാണ് ഗുരുജി ഗോള്‍വാള്‍ക്കര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യം നേടുന്നതിനായി ജീവന്‍ ത്യജിച്ച ആയിരക്കണക്കിന് ദേശഭക്തര്‍ക്ക് ഗുരുജി ഹൃദയസ്പര്‍ശിയായ ആദരാഞ്ജലി അര്‍പ്പിച്ചു. ഛത്രപതി ശിവജി, ലോകമാന്യ തിലകന്‍, മഹാത്മാ ഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ നേട്ടങ്ങളെ ഗുരുജി പരാമര്‍ശിക്കുകയും ചരിത്രപരമായ പശ്ചാത്തലത്തില്‍ അവരുടെ പ്രവര്‍ത്തനത്തിന്റെയും നേതൃപാടവത്തിന്റെയും പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. ലോകമാന്യ തിലകന്റെ നിര്യാണത്തിനു ശേഷം ദുഃഖത്തിലും നിരാശയിലും മുങ്ങിയിരുന്ന സമയത്ത് ഗാന്ധിജി മുന്നോട്ടുവന്ന് ജനങ്ങളുടെ ഹൃദയങ്ങളില്‍ പുതിയ പ്രത്യാശയും ധൈര്യവും പകര്‍ന്നു നല്‍കി. ഒടുവില്‍ അവര്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയും ചെയ്തു. വന്ദേമാതരം മുഴക്കിക്കൊണ്ടാണ് ചടങ്ങ് സമാപിച്ചത്.’ (1)
ദല്‍ഹിയിലെ ആര്‍എസ്എസ് ശാഖയും റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. മഴക്കാലമായിരുന്നിട്ടും രാവിലെ 8 മണിക്ക് സംഘത്തി ന്റെ ദല്‍ഹി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ആയിരത്തിലധികം സ്വയംസേവകര്‍ പങ്കെടുത്തു. നിശ്ചയിച്ച സമയത്തു തന്നെ, അന്നത്തെ ആര്‍എസ്എസ് ദല്‍ഹി പ്രാന്ത സംഘചാലക് ലാലാ ഹന്‍സ് രാജ് ഗുപ്ത ദേശീയ പതാക ഉയര്‍ത്തി. പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും അഭിവാദ്യം അര്‍പ്പിച്ചു. പതാക അഭിവാദ്യ ചടങ്ങിനു ശേഷം അന്നത്തെ ആര്‍എസ്എസ് ദല്‍ഹി പ്രാന്ത പ്രചാരക് വസന്ത റാവു ഓക് സ്വയംസേവകരെ അഭിസംബോധന ചെയ്തു. വൈദേശിക അടിമത്തത്തില്‍ നിന്നുള്ള സമ്പൂര്‍ണ്ണ മോചനത്തിന്റെ മഹത്തായ ദിനത്തെ സ്വാഗതം ചെയ്തു. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം ജനജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സ്വയംസേവകര്‍ ദൗത്യബോധത്തോടെയും ആത്മാര്‍ഥതയോടെയും പ്രവര്‍ത്തിക്കണമെന്ന് വസന്ത റാവു ആഹ്വാനം ചെയ്തു.’ (2)
എല്ലാ സ്വയംസേവകരും അന്നത്തെ ഭക്ഷണം ശേഖരിക്കുന്നതില്‍ സഹകരിച്ചു. ഓരോ സ്വയംസേവകനും ഒരു അതിഥിക്കാവശ്യമായത്ര ഭക്ഷണം (പന്തിഭോജനം) കൊണ്ടുവന്നു. ഭക്ഷണം ക്രമബദ്ധമായി വിതരണം ചെയ്തു. ആദ്യ വിളമ്പല്‍ പൂര്‍ത്തിയായതിനു ശേഷം, ഒന്നിച്ച് വേദമന്ത്രം ചൊല്ലി എല്ലാ അതിഥികളും ഒരേസമയം ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചു. പരിപാടിയിലുടനീളം സ്വയംസേവകര്‍ അതിഥികള്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. ഈ പരിപാടി കണ്ട വലിയ ജനക്കൂട്ടം സ്വയംസേവകരുടെ അച്ചടക്കത്തിലും സ്‌നേഹപൂര്‍വ്വമായ പെരുമാറ്റത്തിലും ആകര്‍ഷിക്കപ്പെട്ടു. ആര്‍എസ്എസ്സിനോടുള്ള സ്‌നേഹവും ആദരവും ഹൃദയത്തില്‍ നിറച്ചാണ് അതിഥികള്‍ മടങ്ങിയത്. ഭക്ഷണ ശേഷം സ്വയംസേവകര്‍ തന്നെയാണ് എല്ലാ പന്തലുകളിലെയും മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കിയത്.
റിപ്പബ്ലിക് ദിനത്തിന്റെ ആദ്യാഘോഷവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് ഇവ. അന്നേ ദിവസം രാജ്യത്തുടനീളം ഇത്തരത്തിലുള്ള അനേകം പരിപാടികള്‍ നടന്നു. ആദ്യ റിപ്പബ്ലിക് ദിനം സ്വയംസേവകര്‍ ആഘോഷിച്ച രീതി, ഭാരതത്തിന്റെ ജനാധിപത്യ ഘടനയോടുള്ള ആര്‍എസ്എസ്സിന്റെ ബഹുമാനത്തിന്റെയും ഭരണഘടനയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവായി നിലകൊള്ളുന്നു.
കമ്മ്യുണിസ്റ്റുകള്‍ക്ക് എതിരെ അംബേദ്ക്കര്‍
ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ചര്‍ച്ചകള്‍ നടന്നിരുന്ന കാലഘട്ടത്തില്‍ ഗാന്ധിയന്‍ ചിന്തകരും സ്വരാജിസ്റ്റുകളും ഉള്‍പ്പെടെ വിവിധ ആശയധാരകളിലുള്ള നിരവധിയാളുകള്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ ഹിന്ദുത്വമോ സാംസ്‌കാരിക ദേശീയതയുടെ കാഴ്ചപ്പാടോ അവര്‍ക്ക് അന്യമായിരുന്നില്ല. എന്നാല്‍ ഭരണഘടന അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തതോടെ, ”ഇത് നമ്മുടെ ഭരണഘടനയാണ്; ഭാരതീയ മൂല്യബോധത്തോടെ അതിനെ പ്രവര്‍ത്തനക്ഷമമാക്കാന്‍ നാം എല്ലാവരും പ്രവര്‍ത്തിക്കണം” എന്നതായിരുന്നു ഭരണഘടനാസഭയ്ക്കകത്തും പുറത്തും നടന്ന ആഘോഷങ്ങള്‍ക്കു പിന്നിലെ പൊതുസമ്മതി. കമ്മ്യൂണിസ്റ്റുകളും സോ ഷ്യലിസ്റ്റുകളും മാത്രമാണ് ഇതിനോട് യോജിക്കാതിരുന്നത്. ഡോ. ബി.ആര്‍. അംബേദ്കര്‍ ഭരണഘടനാസഭയിലെ തന്റെ അവസാന പ്രസംഗത്തില്‍ തന്നെ ഇങ്ങനെ ചൂണ്ടിക്കാട്ടുകയുണ്ടായി: ”ഭരണഘടനയെ അപലപിക്കുന്നത് പ്രധാനമായും രണ്ട് കൂട്ടരാണ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും. അവര്‍ എന്തുകൊണ്ടാണ് ഭരണഘടനയെ അപലപിക്കുന്നത്? അത് യഥാര്‍ത്ഥത്തില്‍ ഒരു മോശം ഭരണഘടനയായതിനാലാണോ? ഞാന്‍ ധൈര്യപൂര്‍വ്വം പറയട്ടെ, അല്ല.”
ദുര്‍ഭാഗ്യവശാല്‍, പിന്നീട് കോണ്‍ഗ്രസ് ഇതേ കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് വിഭാഗങ്ങള്‍ക്കാണ് ആശയപരമായ മാര്‍ഗനിര്‍ദ്ദേശത്തിന്റെ ചുമതല ഏല്‍പ്പിച്ചത്.
മാറിമാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കു കീഴില്‍ കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും നയരൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. അക്കാദമിക് സ്ഥാപനങ്ങള്‍ ഒന്നൊഴിയാതെ കയ്യടക്കിയ ഇവര്‍ കറുത്ത സായിപ്പന്മാരെ സൃഷ്ടിക്കാന്‍ ആഗ്രഹിച്ച മെക്കാളെ പ്രഭുവിന്റെ പദ്ധതിയനുസരിച്ച് ദേശസ്‌നേഹമില്ലാത്ത തലമുറകളെ വളര്‍ത്തിയെടുത്തു. ജവഹര്‍ ലാല്‍ നെഹ്രുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും ഭരണകാലത്ത് ഈ പദ്ധതി നിര്‍ബാധം നടന്നു.
കേസരി പത്രം റിപ്പോര്‍ട്ട് ചെയ്തത്
പുതിയ റിപ്പബ്ലിക്കിന്റെ ജനനം കമ്മ്യൂണിസ്റ്റുകളെ രോഷാകുലരാക്കിയിരുന്നു. ആദ്യ റിപ്പബ്ലിക് ദിനമായ ജനുവരി 26 നു തന്നെ മുംബൈയിലെ കാലാ ചൗക്കി പ്രദേശത്ത് അവര്‍ ഒരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പൊലീസ് തിരികെ പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍, അവര്‍ പൊലീസിനു നേരെ ആസിഡ് ബോംബുകള്‍ എറിഞ്ഞു. രണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരിക്കേറ്റു. പൊലീസ് നാല് റൗണ്ട് വെടിയുതിര്‍ക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏകദേശം 55 കമ്മ്യൂണിസ്റ്റുകളെ അറസ്റ്റ് ചെയ്തു. (3)
മുംബൈയിലെ കൊളാബ പ്രദേശത്ത് നടന്ന പതാക വന്ദന ചടങ്ങുകളിലും കമ്മ്യൂണിസ്റ്റുകള്‍ എത്തിച്ചേരുകയും അവിടെ കൂടിച്ചേര്‍ന്നവരോട് കരിങ്കൊടികള്‍ ഉയര്‍ത്താന്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇത് ചെറിയ സംഘര്‍ഷത്തിലേക്ക് നയിച്ചു.
കേസരി പത്രം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയായിരുന്നു: ”ജനുവരി 26 ന് ഫോര്‍വേഡ് ബ്ലോക്ക്, പീസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി, മറ്റ് സംഘടനകള്‍ എന്നിവയുടെ ഓഫീസുകളില്‍ കരിങ്കൊടികള്‍ ഉയര്‍ത്തിയ സംഭവങ്ങള്‍ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകളും മുംബൈ, കല്‍ക്കട്ട തുടങ്ങിയ നഗരങ്ങളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ മലിനപ്പെടുത്താന്‍ അത്യന്തം അപലപനീയമായ ശ്രമങ്ങള്‍ നടത്തി.” (4)
സെന്‍ട്രല്‍ പ്രോവിന്‍സിലെ കാംപ്റ്റിയില്‍ ഒരു മസ്ജിദിന് മുന്നിലെത്തിയപ്പോള്‍ സംഗീതാലാപനത്തിന്റെ പേരില്‍ റിപ്പബ്ലിക് ദിന ഘോഷയാത്ര തടയപ്പെട്ടു. രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെ ചിത്രത്തിന് നേരെ കല്ലെറിഞ്ഞു. സംഗീതം നിര്‍ത്തിയതിനു ശേഷമാണ് ഘോഷയാത്രയെ മുന്നോട്ട് പോകാന്‍ അനുവദിച്ചത്. മടങ്ങിവരുന്ന വഴിയില്‍ പങ്കെടുത്തവരെ ചിലര്‍ ആക്രമിച്ചു. സായുധ സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാലാണ് ഒരു കലാപം ഒഴിവാക്കപ്പെട്ടത്. (5)

1950 ജനുവരി 24 ലെ കേസരി പത്രം ഇപ്രകാരം പ്രഖ്യാപിച്ചു: ”കോണ്‍ഗ്രസ് സേവാ ദള്‍, ബോയ് സ്‌കൗട്ട്‌സ്, ആര്‍എസ്എസ് മറ്റ് സംഘടനകള്‍ എന്നിവയുടെ സന്നദ്ധപ്രവര്‍ത്തകര്‍ ജനുവരി 26 ന് പുലര്‍ച്ചെ പ്രഭാതഭേരികള്‍ സംഘടിപ്പിക്കും… വിവിധ ഘോഷയാത്രകള്‍ പൂനെയിലെ ചരിത്രപ്രസിദ്ധമായ ശനിയവാര്‍ വാഡ മൈതാനിയില്‍ സംഗമിക്കും.”
രണ്ട് ദിവസത്തെ ആഘോഷങ്ങളില്‍ യുവ സ്വയംസേവകര്‍ കോണ്‍ഗ്രസ് സേവാ ദളിന്റെയും സോഷ്യലിസ്റ്റ് രാഷ്ട്ര സേവാ ദളിന്റെയും പ്രവര്‍ത്തകരെപ്പോലെ അഭിമാനത്തോടെ പങ്കെടുത്തുവെന്നാണ് പത്രം തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തത്.
മുംബൈയിലെ ആര്‍എസ്എസ് പരിപാടിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യവെ കേസരി പത്രം ഇപ്രകാരം അഭിപ്രായപ്പെട്ടു: ”സംഘത്തിന്റെ ശ്രദ്ധേയമായ പതാകവന്ദന ചടങ്ങ് ജനുവരി 26 രാവിലെ ചൗപാറ്റിയില്‍ നടന്നു. അതിന്റെ ഗാംഭീര്യവും അച്ചടക്കവും സൈന്യത്തെയും പൊലീസിനെയും പോലും ലജ്ജിപ്പിക്കുന്നതായിരുന്നു.” (6)
ആദ്യ റിപ്പബ്ലിക് ദിനം ആഘോഷിച്ച സംഘത്തിന്റെ പരിപാടികളുടെ വാര്‍ത്തകള്‍ ജലന്ധര്‍, ഗുരുദാസ്പൂര്‍, ഖരദ്, ഭില്‍വാര, അംബാല, റോഹ്തക്, ഇന്‍ഡോര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡോറില്‍, 1950 ജനുവരി 26 രാവിലെ സംഘം ഒരു സവിശേഷ പരിപാടി സംഘടിപ്പിച്ചു. ആ അവസരത്തില്‍ നിരവധി ഭിക്ഷാടകര്‍ക്ക് (സ്ത്രീകള്‍ ഉള്‍പ്പെടെ) ഭക്ഷണം നല്‍കി. സ്വയംസേവകര്‍ തന്നെയാണ് ഭക്ഷണം വിളമ്പുന്ന ജോലി നിര്‍വഹിച്ചത്.
ഈ അവസരത്തില്‍ പ്രസംഗിച്ച ഇന്‍ഡോര്‍ സംഘത്തിന്റെ കാര്യവാഹും പിന്നീട് മധ്യ ഭാരത് പ്രാന്ത സംഘചാലകും ആയിരുന്ന പണ്ഡിറ്റ് രാം നാരായണ്‍ ശാസ്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടു:
”നിങ്ങളുടെ അവസ്ഥ എത്രയും വേഗം മാറണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആരും വിശന്നോ നഗ്‌നനോ ആയി അവശേഷിക്കാത്ത മംഗളദിനം ഉടന്‍ ഉദിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന നിലയിലേക്ക് നിങ്ങള്‍ എത്തിച്ചേരട്ടെ. നിങ്ങളെത്തന്നെ ഭിക്ഷാടകരോ അധഃപതിച്ചവരോ ആയി കരുതരുത്. നിങ്ങള്‍ ഈ രാജ്യത്തിന്റെ രാജാക്കന്മാരാണെന്ന് കരുതുക.”(7)
അതേസമയം 1950 ലെ ആദ്യ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ആര്‍എസ്എസ് ഭാരതത്തിന്റെ ഭരണഘടനയെ ആദരിക്കുക മാത്രമല്ല, ചുമതലാബോധത്തോടെ ഭരണഘടനാ മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനും പ്രതിജ്ഞാബദ്ധതയോടെ ധീരമായി നിലകൊണ്ടെന്നുമാണ്. ഇതിന് തെളിവാണ് 1975 ല്‍ ഭരണഘടനാ സംവിധാനത്തെ അട്ടിമറിച്ച് ജനങ്ങളുടെ പൗരാവകാശങ്ങള്‍ കവര്‍ന്നെടുത്ത് ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്തിനു മേല്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥ എന്ന ഏകാധിപത്യത്തെ ആര്‍എസ്എസ് ജനാധിപത്യ രീതിയില്‍ പോരാടി തോല്‍പ്പിച്ചത്.
അടുത്തത്:
യുദ്ധമുഖത്തും അവര്‍ ചൈനയ്‌ക്കൊപ്പം
അടിക്കുറിപ്പുകള്‍:-
1. Organiser, feb 6, 1950.
2. Ibid
3. Kesari, January 27, 1950
4. Kesari, February 3, 1950.
5. Kesari, February 6, 1950.
6. Kesari, January 31, 1950
7.Akashvani Weekly, Jala ndhar, February. 5, 1950.


















