കഴിഞ്ഞ പത്ത് വര്‍ഷം പിണറായി വിജയന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലായിരുന്ന കേരള പോലീസ് സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അടിമ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടി പറയുന്നതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും കേരള പോലീസ് നീങ്ങിയിട്ടില്ല എന്ന് മാത്രമല്ല, പാര്‍ട്ടിയുടെ ഹിതത്തിനനുസരിച്ച് ഏത് സംഭവത്തിലും കേസെടുക്കാനും പ്രതികളെ മാറ്റാനും മാറ്റിമറിക്കാനും ഒക്കെ നടത്തിയ ശ്രമങ്ങള്‍ കേരളം കണ്ടതാണ്. ശബരിമല സ്വര്‍ണ്ണക്കേസ് എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഈ കേസ് എവിടെയും എത്താന്‍ പോകുന്നില്ലെന്നും പാര്‍ട്ടിയുടെയും പിണറായി വിജയന്റെയും താത്പര്യത്തിനനുസരിച്ച് മാത്രമേ നീങ്ങൂ എന്നും വിശ്വാസ്യതയുള്ള ഉന്നത ഉദ്യോഗസ്ഥരും ഹൈന്ദവ സംഘടനകളും മാധ്യമപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയതാണ്. ഇത് മനസ്സിലാകാതെ പോയത് കേരള ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിനാണ്. അറസ്റ്റിലായ പ്രതികള്‍ ഒന്നിന് പിറകെ ഒന്നായി പുറത്തു വരികയും അന്വേഷണം വഴിമുട്ടുകയും ചെയ്തു. പിണറായി വിജയന് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം എന്ന പേരില്‍ ഗുണ്ടാ പ്രവര്‍ത്തനം നടത്തിയ കേസില്‍ അന്വേഷണം പോ ലും ഉണ്ടാകാതെ എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തില്‍ കേസ് മുക്കുകയായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ക്രിമിനല്‍ കേസുകളിലും വധക്കേസുകളിലും ഒക്കെ ഇത്തരം ഇടപെടലുകള്‍ കണ്ടു.
പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമ്പോള്‍ കുറച്ചുകാലമെങ്കിലും നീതിനിഷ്ഠമായി പ്രവര്‍ത്തിക്കുന്ന ഒരു പോലീസിനെയാണ് ഇന്നുവരെ കണ്ടിട്ടുള്ളത്. പോലീസ് സ്റ്റേഷന്‍ ഭരണത്തില്‍ കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസ്സും സിപിഎമ്മുകാരെക്കാള്‍ മോശമല്ലെങ്കിലും സംവിധാനവുമായി ഒന്നിണങ്ങി വരും വരെ എങ്കിലും അവര്‍ ഇടപെടാറില്ല. രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പില്‍ പുതിയ ആളല്ല. അതുകൊണ്ടുതന്നെ പോലീസ് സംവിധാനവും ഇന്റലിജന്‍സ് സംവിധാനവും ക്രമസമാധാനപാലനവും ഒന്നും അദ്ദേഹത്തിന് പുതിയ കാര്യവുമല്ല. പക്ഷേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന ആക്രമണവും അത് ലൈവ് ആയി കേരളം മുഴുവന്‍ കണ്ടപ്പോഴും ഉണ്ടായ പ്രതികരണങ്ങള്‍ ഭരണകൂടത്തിനും പോലീസ് സംവിധാനത്തിനും അഭിമാനകരമല്ല. ഒരു എഡിജിപി ക്രിമിനല്‍ കേസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സിപിഎം ഓഫീസിനു മുന്നില്‍ നേതാക്കളോട് യാചിക്കുന്നത് കേരളം തത്സമയം കണ്ടു.
കേരളത്തിന്റെ ധാതുസമ്പത്തായ കരിമണല്‍ വിദേശത്തേക്ക് കയറ്റി അയക്കുന്ന കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടയില്‍സ് എന്ന കമ്പനിയില്‍ എസ്എഫ്‌ഐഒ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഡയറിയില്‍ അനധികൃത പണമിടപാട് നടന്നതായി സൂചനകള്‍ ലഭിച്ചു. ഈ ഇടപാട് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അതിനെതിരെ നടപടികള്‍ ഉണ്ടാവുകയും ചെയ്തു. ഡയറിയില്‍ പേരുണ്ടായിരുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമേ മാസപ്പടിയായി അഞ്ചുലക്ഷം രൂപ വീതം പറ്റിയിരുന്നത് പിണറായി വിജയന്റെ മകള്‍ തായ്ക്കണ്ടി വീണയായിരുന്നു. വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി കരാര്‍ ഒപ്പുവച്ചിരുന്നെങ്കിലും കരാര്‍ അനുസരിച്ചുള്ള സേവനങ്ങള്‍ ഒന്നുംതന്നെ അവരില്‍ നിന്ന് കിട്ടിയിട്ടില്ല എന്ന രേഖകളും കണ്ടെടുത്തു. ഇത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നു കണ്ടെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദായനികുതി വകുപ്പിന്റെയും തര്‍ക്കപരിഹാര ബോര്‍ഡിന്റെയും രേഖകള്‍ വച്ചാണ് അന്വേഷണം ആരംഭിച്ചത്. വീണയുടെ എക്‌സാലോജിക്കുമായുള്ള സിഎംആര്‍എല്ലിന്റെ ഇടപാട് സംബന്ധിച്ച അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയെന്ന് മാത്രമല്ല, മേല്‍ക്കോടതിയെ സമീപിക്കാന്‍ രണ്ടാഴ്ച ആവശ്യപ്പെട്ടത് അനുവദിച്ചതുമില്ല.
ഹൈക്കോടതിവിധി വന്ന ഉടന്‍ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ കേസുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും റെയ്ഡ് നടത്താന്‍ തീരുമാനിച്ചു. 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്. അതില്‍ ഒരുസ്ഥലത്തെ കെട്ടിടം ഇടിച്ചു തകര്‍ത്ത് പുതിയതിന്റെ നിര്‍മ്മാണം നടക്കുന്നതുകൊണ്ട് അത് ഒഴിവാക്കി. വീണ താമസിക്കുന്ന, പിതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്, പിണറായി വിജയന്റെ കണ്ണൂര്‍ പാണ്ട്യാലയിലെ വീട്, വീണയുടെ ഭര്‍ത്താവും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, എക്‌സാലോജിക്ക് ഐടി സൊല്യൂഷന്‍സ് ബാംഗ്ലൂര്‍ ഓഫീസ്, സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയുടെ ആലുവ തോട്ടക്കാട്ടുകരയിലെ ശ്രീവത്സം വീട്, ആലുവ മാര്‍ക്കറ്റ് റോഡിലെ സിഎംആര്‍എല്‍ ഓഫീസ്, സിഎംആര്‍എല്ലിന്റെ ആലുവയിലെയും കോട്ടയത്തെയും ഉന്നത ഉദ്യോഗസ്ഥരുടെ വസതികള്‍, ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി ശശിധരന്‍ താമസിക്കുന്ന കളമശ്ശേരി ഹിദായത്ത് നഗറിലെ അനില്‍ നിവാസ്, സിഎംആര്‍എല്ലിന്റെ സഹോദരസ്ഥാപനമായ നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ തിരുവനന്തപുരത്തെ ഓഫീസ് തുടങ്ങി 11 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. നിപുണയുടെ സൗത്ത് കളമശ്ശേരിയിലെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന വാടക കെട്ടിടം എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ എത്തിയപ്പോഴേക്കും ഇടിച്ചുനിരത്തി പുതിയ കെട്ടിടം പണിയുന്നതുകൊണ്ട് അവിടെ റെയ്ഡ് ഉണ്ടായില്ല.
വീണ താമസിക്കുന്ന, അല്ലെങ്കില്‍ താമസിച്ചിരുന്ന സ്ഥലം എന്ന നിലയിലാണ് പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് എത്തിയത് എന്നാണ് സൂചന. റെയ്ഡ് നടന്ന സ്ഥലങ്ങളില്‍ സംഭവവുമായി ബന്ധമുള്ള, അല്ലെങ്കില്‍ പ്രതികള്‍ എന്ന് കരുതുന്നവരുടെ മൊഴികളും എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തിയിരുന്നു. വീണയുടെയും സിഎംആര്‍എല്‍ എം.ഡി. ശശിധരന്‍ കര്‍ത്തായുടെയും മകന്‍ ശരണിന്റെയും മൊഴികളാണ് രേഖപ്പെടുത്തിയത്. ഇത് കൂടാതെ 11 കേന്ദ്രങ്ങളിലായി നടന്ന റെയ്ഡില്‍ കണ്ടെടുത്ത 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്. 11 ഇടങ്ങളില്‍ നിന്നും സ്ഥിരനിക്ഷേപം അടക്കമുള്ള ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകളുടെയും സ്വത്തുക്കളുടെയും രേഖകള്‍, ഡിജിറ്റല്‍ രേഖകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു പത്ത് സ്ഥലങ്ങളിലും റെയ്ഡിനെ ചൊല്ലി കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തിയശേഷം ഇറങ്ങിയ മൂന്നു കാറുകള്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തു. എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങള്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ ഇഷ്ടികയും ചീമുട്ടയും എറിയുകയും ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റു. റെയ്ഡ് നടക്കുമ്പോള്‍ വീണയും മാതാപിതാക്കളായ പിണറായി വിജയനും കമലയും ആ വീട്ടിലുണ്ടായിരുന്നു. റെയ്ഡ് നടക്കുന്നു എന്നറിഞ്ഞ ഉടന്‍ സിപിഎം നേതാക്കളായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ്, വി. ജോയ്, ബിനീഷ് കോടിയേരി, ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ റോഡില്‍ തടിച്ചുകൂടി. അവരോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എത്തി. കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും എന്‍ഫോഴ്‌സ്‌മെന്റിനും എതിരെയുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചു. ആള്‍ക്കാരുടെ എണ്ണം കൂടിയപ്പോള്‍ സിആര്‍പിഎഫ് സംഘം ഗേറ്റ് അടച്ചു. റെയ്ഡ് നീണ്ടപ്പോള്‍ വീടിനകത്തേക്ക് ഇടിച്ചുകയറാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും കേരള പോലീസിന്റെ ദ്രുതകര്‍മ്മസേന തടഞ്ഞു. രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘം എത്തുകയും ചെയ്തു. സുരക്ഷിതമാണെന്നും പുറത്തിറങ്ങിയാല്‍ പ്രശ്‌നമില്ലെന്നും കേരള പോലീസ് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് സിആര്‍പിഎഫിനെ ഒഴിവാക്കി റെയ്ഡ് നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് സംഘം മൂന്നു കാറുകളിലായി പുറത്തിറങ്ങിയത്.
എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ കൂടാതെ സാക്ഷികളായി വന്ന ബാങ്ക് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. പോലീസ് ഇവര്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ സുരക്ഷാസംവിധാനം ഒരുക്കുന്നതിന് പകരം അക്രമം നടക്കുന്നെങ്കില്‍ നടന്നോട്ടെ എന്ന അലസ സമീപനം സ്വീകരിച്ചതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ കാറുകള്‍ വളഞ്ഞിട്ട് ആക്രമിച്ചു തുടങ്ങിയത്. തിരുവനന്തപുരം നഗരത്തില്‍ ഗുണ്ടാപ്രവര്‍ത്തനത്തിന് കുപ്രസിദ്ധി ആര്‍ജ്ജിച്ചവരെല്ലാം മുന്‍നിരയില്‍ നില്‍ക്കുന്നത് കണ്ടിട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ തല്ലുവാങ്ങുന്നത് പോലീസ് കണ്ടുനിന്നു. തുടര്‍ന്ന് ദ്രുതകര്‍മ്മസേന ഒരുവിധത്തില്‍ വാഹനങ്ങള്‍ പുറത്തേക്ക് വിടുന്നത് തത്സമയം കേരളം കാണുകയായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ട പ്രതികളെ മുഴുവന്‍ സിപിഎം പാളയം ഓഫീസിലാണ് എത്തിച്ചത്. അവരെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസിന് മുന്നില്‍ വി. ജോയിയും ജോണ്‍ ബ്രിട്ടാസും കടകംപള്ളിയും ശിവന്‍കുട്ടിയും നിരന്നുനിന്നു. ഒരു കാരണവശാലും പ്രതികളെ പിടിക്കാന്‍ ഓഫീസിനുള്ളില്‍ കയറാന്‍ അനുവദിക്കില്ല എന്നായിരുന്നു അവരുടെ നിലപാട്. എഡിജിപി എച്ച്. വെങ്കിടേഷും ഡെപ്യൂട്ടി കമ്മീഷണര്‍മാരും നേരത്തെ ഉണ്ടാക്കിയ ധാരണയെക്കുറിച്ചും അക്രമം ഉണ്ടാകില്ലെന്ന് ഉറപ്പു തന്നതിനെ കുറിച്ചും ഒക്കെ വിവരിക്കുന്നത് ലൈവ് ആയി മുഴുവന്‍ പൊതുജനങ്ങളും കണ്ടു. ‘മൃദു ഭാവേ ദൃഢ കൃത്യേ’ എന്ന ആപ്തവാക്യം വഹിക്കുന്ന കേരള പോലീസ് സിപിഎമ്മിന്റെ ഗുണ്ടാരാജിന് മുന്നില്‍ കീഴടങ്ങി നേതാക്കളുടെ മുന്നില്‍ യാചിക്കുന്നത് കേരളം കണ്ടുനിന്നു.
കേരളത്തില്‍ എവിടെയാണ് ഭരണം മാറിയത്? ഇപ്പോഴും ഭരിക്കുന്നത് ഗുണ്ടകള്‍ തന്നെയല്ലേ? ക്രിമിനല്‍ കേസ് പ്രതികളെ, അക്രമം നടത്തിയവരെ നിയമാനുസൃതമായി കോടതിവിധി അനുസരിച്ച് റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യാന്‍ എന്തിനാണ് സിപിഎം നേതാക്കളുടെ അനുവാദം. ഇങ്ങനെ അനുവാദം വാങ്ങി അറസ്റ്റ് ചെയ്യുന്ന സമ്പ്രദായം ഹിന്ദി സിനിമകളില്‍ മാത്രമേ നേരത്തെ കണ്ടിട്ടുള്ളൂ. തന്റേടമുള്ള ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ ഉണ്ടായിരുന്നെങ്കില്‍ ഈ തരത്തില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുമായിരുന്നോ? നിയമവാഴ്ചയും ഭരണസംവിധാനവും തകര്‍ന്നുവീഴുന്ന ചിത്രമാണ് കേരളം മുഴുവന്‍ കണ്ടത്. മുന്‍ കൗണ്‍സിലര്‍ ഐ.പി. ബിനു ഒരു പൊതിയില്‍ മുട്ടയുമായി വന്ന് പോലീസ് സംഘത്തിന്റെ സഹായത്തോടെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ വണ്ടിക്ക് നേരെ മാറിമാറി എറിയുന്നത് ദൃശ്യങ്ങളില്‍ കണ്ടു. ആറ്റുകാലിലെ മുന്‍ കൗണ്‍സിലര്‍ ഉണ്ണിയും ആക്രമിക്കുന്നത് കണ്ടു. ഇവരെ കൂടാതെ സിപിഎം ബ്രാഞ്ച് സെക്രട്ടറി നിതിന്‍രാജ്, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിന്‍, നേമം ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത്, മേഖലാ കമ്മിറ്റി അംഗം ജീവന്‍, കാരവിള യൂണിറ്റ് സെക്രട്ടറി മനോജ് എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന മുന്നൂറു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വധശ്രമം, നിയമവിരുദ്ധമായി സംഘംചേരല്‍, കലാപം ഉണ്ടാക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, മനപ്പൂര്‍വം പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമവിരുദ്ധമായി സംഘംചേരുകയും ആക്രമണം നടത്തുകയും ചെയ്യുന്നവരെ പിരിച്ചുവിടാന്‍ കേരള പോലീസിന് കഴിയില്ലെങ്കില്‍ അത് ആരുടെ പരാജയമാണ്!
എന്‍ഫോഴ്‌സ്‌മെന്റുകാരുടെ ഭാഗത്തും വീഴ്ചയുണ്ട്. റെയ്ഡ് നടത്തുമ്പോള്‍ തോക്കുമായി കാവല്‍ നിന്ന സിആര്‍പിഎഫ് അക്രമം ഉണ്ടായപ്പോള്‍ അനങ്ങാതിരുന്നത് എന്തുകൊണ്ടാണ്. ആകാശത്തേക്കെങ്കിലും വെടിവെച്ചിരുന്നെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയില്ലായിരുന്നല്ലോ? വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയില്ലായിരുന്നല്ലോ? ഇവിടെ ഉയരുന്ന ഏറ്റവും മൗലികമായ പ്രശ്‌നം കേരള പോലീസിന്റെ നിസ്സംഗതയാണ്. കര്‍ത്താവിന്റെ കയ്യില്‍ നിന്ന് പണം പറ്റിയവരില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉണ്ട്. വീണക്കും പിണറായിക്കും പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് അവിടേക്ക് എത്തുമെന്ന ഭയം തന്നെയാണ് ഒരുപരിധിവരെ പോലീസിനെ നിഷ്‌ക്രിയമാക്കാന്‍ കാരണം. മറ്റൊരു കാര്യം യാതൊരുവിധ സേവനവും നല്‍കാതെ മാസം അഞ്ചുലക്ഷം രൂപ വീതം ടി. വീണ വാങ്ങിയത് തന്റെ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്തിന്റെ ദുരുപയോഗം ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമായി വിലയിരുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു ക്രിമിനല്‍ കേസ് പ്രതിക്ക് വേണ്ടി ഇത്രയും പ്രതിരോധവും സമ്മര്‍ദ്ദവും ഒരു രാഷ്ട്രീയപ്പാര്‍ട്ടി ചെലുത്തേണ്ടതുണ്ടോ? ഏതാണ്ട് ഇതേമാതിരിയുള്ള കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ഉള്‍പ്പെട്ടപ്പോള്‍ അന്വേഷണം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നുപറഞ്ഞ സിപിഎമ്മിന് ഇപ്പോള്‍ എന്തുകൊണ്ടാണ് കേരളത്തിലും മുംബൈയിലും ദല്‍ഹിയിലും ഒക്കെ പ്രതിഷേധിക്കാന്‍ തോന്നുന്നത്. അഴിമതിയെയും സ്വജനപക്ഷപാതത്തെയും വെള്ളപൂശാനുള്ള ശ്രമം എന്നല്ലാതെ അതിനപ്പുറം ഇക്കാര്യത്തില്‍ എന്താണുള്ളത്. കേരളത്തിന്റെ പൊതുമുതലായ കരിമണല്‍ കടത്തി രാഷ്ട്രീയക്കാരും വ്യവസായികളും ചില ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഈ വന്‍ കൊള്ളയെ പ്രതിരോധിക്കാന്‍ പൊതുസമൂഹത്തിന് കഴിയണം. ഒപ്പം കേരള പോലീസ് പിരിച്ചുവിടുകയാണ് ഏറ്റവും അഭികാമ്യം. രാഷ്ട്രീയക്കാര്‍ക്ക് മുന്നില്‍ വാലാട്ടി നടക്കുന്നവരേ ക്കാള്‍ എത്രയോ ഭേദമാണ് പ്രതികളെ രാഷ്ട്രീയം നോക്കാതെ തിരിച്ചറിയുന്ന ഡോഗ് സ്‌ക്വാഡ്. പിണറായി വിജയന്‍ ഒതുക്കി ഇരുത്തിയിരുന്ന മികച്ച പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചുകൊണ്ടുവന്ന് സത്യസന്ധമായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കിയാല്‍ മാത്രമേ കേരള പോലീസിന്റെ മനോവീര്യം വീണ്ടെടുക്കാന്‍ കഴിയൂ.






















