ഒരിക്കല്‍ വയോവൃദ്ധനും പ്രതിഷ്ഠിതനുമായ ഒരു വ്യക്തിയോട് പരംപൂജനീയ ശ്രീഗുരുജി സംഘചാലക പദവി ഏറ്റെടുക്കണമെന്ന് അപേക്ഷിച്ചു.
”സംഘചാലക് എന്ന നിലക്ക് താങ്കള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്താണ്?” അദ്ദേഹം ഗുരുജിയോട് ചോദിച്ചു.
ശ്രീ ഗുരുജി: ”താങ്കള്‍ ഒരു കൂട്ടുകുടുംബത്തിലെ കാരണവരാണെന്ന് സങ്കല്പിക്കൂ. താങ്കളുടെ കുടുംബത്തില്‍ താങ്കളുടെ മകന്‍, മകള്‍, മരുമകന്‍, മരുമകള്‍, പേരക്കുട്ടികള്‍ എന്നിവരെല്ലാം ഉണ്ടാകും. കുടുംബകാരണവരെന്ന നിലക്ക് താങ്കള്‍ക്ക് അവരോടുള്ള കര്‍ത്തവ്യമെന്താണ്?”
”അവരുടെ പാലനം, പോഷണം എന്നതോടൊപ്പം അവര്‍ സുഖത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു എന്ന് ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യും” അദ്ദേഹത്തിന്റെ മറുപടി. ”അവര്‍ പരസ്പരം കലഹിക്കുന്നതു കാണാന്‍ അങ്ങ് ആഗ്രഹിക്കുമോ?” ശ്രീ ഗുരുജി ചോദിച്ചു.
”ഒരിക്കലുമില്ല! അവര്‍ പരസ്പരം കലഹിക്കാതെ പരസ്പര സ്‌നേഹത്തോടെ ജീവിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഞാന്‍ ചെയ്യും” അദ്ദേഹം മറുപടി പറഞ്ഞു.
”താങ്കളുടെ മക്കളെല്ലാം ഉന്നതവിദ്യാഭ്യാസം നേടി അര്‍ഹമായ സ്ഥാനത്തെത്തണം എന്ന് താങ്കള്‍ ആഗ്രഹിക്കില്ലേ?” ശ്രീ ഗുരുജിയുടെ ചോദ്യം.
”തീര്‍ച്ചയായും! മാത്രമല്ല, അവരുടെ ഭാവിയെക്കുറിച്ചും ചിന്തിക്കും. അദ്ദേഹത്തിന്റെ മറുപടി.
ശ്രീ ഗുരുജി: ”അവരുടെ ജീവിതത്തിന് സ്ഥിരതയുണ്ടാകണമെന്ന് അങ്ങ് ചിന്തിക്കില്ലേ?”
”ആ കാര്യത്തെക്കുറിച്ചും ഞാന്‍ നിര്‍ബന്ധമായും ചിന്തിക്കും” അദ്ദേഹം പറഞ്ഞു.
”താങ്കളുടെ മക്കള്‍ ഗുണവാന്മാരും ചാരിത്ര്യവാന്മാരും ആകണമെന്ന് താങ്കള്‍ ആഗ്രഹിക്കില്ലേ? ശ്രീ ഗുരുജി.
”അതെന്റെ സ്വാഭാവികമായ കര്‍ത്തവ്യമാണല്ലോ” അദ്ദേഹം പറഞ്ഞു.
അവസാനം ശ്രീ ഗുരുജി പറഞ്ഞു: ”സംഘത്തെ സ്വന്തം കുടുംബമായി പരിഗണിച്ച് സംഘചാലക് എന്ന നിലയ്ക്ക് ഇതെല്ലാമാണ് താങ്കള്‍ ചെയ്യേണ്ടത്.






















