സംഘസ്ഥാപനത്തിന്റെ അമ്പതാം വര്‍ഷത്തില്‍ സംഘടനാരൂപമാര്‍ജ്ജിച്ച ബാലഗോകുലത്തിന് ഇപ്പോള്‍ അമ്പതു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. പിറവിക്കു കാരണക്കാരും കാര്യക്കാരുമായിരുന്ന മഹാകവി അക്കിത്തത്തിനും കുഞ്ഞുണ്ണി മാഷിനും എന്‍.എന്‍.കക്കാടിനും ജന്മശതാബ്ദിയുടെ കാലമായിരിക്കുന്നു. സ്ഥാപകനും മാര്‍ഗ്ഗദര്‍ശിയുമായ എം.എ. സാറും നൂറ്റാണ്ടിന്റെ നിറവിലേക്കടുത്തു കൊണ്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ കൊച്ചി എളമക്കര ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറിയ സുവര്‍ണാമൃതം ബാലനേതൃശിബിരം കരുത്തുറ്റ മൂന്നാം തലമുറയുടെ വരവറിയിച്ചിരിക്കുകയാണ്. കേരളത്തിലെ 215 ഗോകുല താലൂക്കുകളിലെ 1272 ബാലസമിതി ഭാരവാഹികളാണ് 2047 ല്‍ അമൃതഭാരതം സാക്ഷാത്ക്കരിക്കാനുള്ള കര്‍മ്മസാധകരായി ഏപ്രില്‍ 6,7 തീയതികളില്‍ ബാലനേതൃശിബിരത്തില്‍ പങ്കെടുത്തത്.
ഒരു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണമാണ് ഭാസ്‌ക്കരീയം സാക്ഷിയായ സുവര്‍ണാമൃതം ബാലനേതൃശിബിരം. ഗോകുലയൂണിറ്റുകളില്‍ അറിവും അഭിരുചിയുമുള്ള രണ്ടു കുട്ടികളെ വീതം കണ്ടെത്തി രൂപീകരിക്കുന്നതാണ് താലൂക്ക് ബാലസമിതി. ഓരോ താലൂക്കിലും അമ്പതോളം അംഗങ്ങളുള്ള ബാലസമിതിയുടെ ഭാരവാഹികളായ ഏഴുപേര്‍ക്കാണ് നേതൃശിബിരത്തില്‍ പങ്കെടുക്കാനാവുന്നത്. അവര്‍ ആഴ്ചതോറും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സുവര്‍ണം ഡയറിയില്‍ രേഖപ്പെടുത്തണം. ഭഗവദ്ഗീത പതിനാറാം അധ്യായം പൂര്‍ണമായി പഠിച്ചും ലഹരിയ്‌ക്കെതിരെയുള്ള ബോധനത്തിന്റെ ഭാഗമായി ഒപ്പുശേഖരണം നടത്തിയും സുവര്‍ണവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയും സ്വയം തയ്യാറെടുപ്പു നടത്തിയാണ് ഇവര്‍ ശിബിരത്തിലെത്തിയത്.
ഏപ്രില്‍ 6 ന് രാവിലെ 9.30 ന് ശിബിരാംഗങ്ങള്‍ ചൊല്ലുന്ന ഗീതാശ്ലോകങ്ങളാല്‍ മുഖരിതമായ സഭയിലെ മുഖ്യവേദിയില്‍ ശ്രദ്ധേയരായ ബാലപ്രതിഭകള്‍ 51 വിളക്കുകള്‍ തെളിയിച്ച് കാര്യക്രമങ്ങള്‍ക്കു തുടക്കം കുറിച്ചു. പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് സുവര്‍ണാമൃതം ഉദ്ഘാടനം ചെയ്തു. ഭാവിഭാരതം പ്രേരണയും പ്രതീക്ഷയും എന്ന വിഷയത്തില്‍ അദ്ദേഹം കുട്ടികളോടു സംവദിച്ചു.
നമ്മുടെ സുഖവും സുരക്ഷിതത്വവും ഉറപ്പാവുന്നത് രാജ്യം സുഖസുരക്ഷിതമായിരിക്കുമ്പോഴാണ്. അതുകൊണ്ട് നാടിന്റെ നന്മയ്ക്കായി നാം നിരന്തരം പ്രയത്‌നിക്കണം. നന്മയോടു ചേര്‍ന്നു നില്‍ക്കുകയും തിന്മയില്‍ നിന്ന് അകലം പാലിക്കുകയുമാണ് വിവേകത്തിന്റെ വഴി. കുട്ടികളിലുണ്ടാവുന്ന നന്മയുടെ പരിവര്‍ത്തനം കുംടുംബത്തെ സ്വാധീനിക്കും. അത് രാഷ്ട്രനന്മയ്ക്കു കാരണമാകും. അതുകൊണ്ട് ഭഗവദ് ഗീതയിലെ ദൈവസമ്പത്തുകള്‍ സ്വാംശീകരിച്ച് വളരണം. സര്‍വ ജീവികളോടും ദയ, ഒന്നിലും ആസക്തിയില്ലാതിരിക്കല്‍, സ്‌നേഹനിര്‍ഭരമായ പെരുമാറ്റം, അധാര്‍മ്മികകാര്യങ്ങളില്‍ സങ്കോചം, അചഞ്ചലമായ ആത്മവിശ്വാസം ഈ അഞ്ചു ഗുണങ്ങളില്‍നിന്ന് വ്യക്തി വികാസം ആരംഭിക്കാം. ലളിതമായ ഉദാഹരണകഥകളിലൂടെ അദ്ദേഹം ബാലമനസ്സില്‍ ആദര്‍ശജീവിതത്തിന്റെ ആരൂഢമൊരുക്കി. തുടര്‍ന്ന് വിവിധ ശ്രേണികളില്‍ ഇതേ വിഷയത്തില്‍ ആഴമുള്ള ചര്‍ച്ച നടന്നു.
വൈകുന്നേരം ഗീതാസ്വാദ്ധ്യായവേളയില്‍ സംബോധ് ഫൗണ്ടേഷന്റെ മുഖ്യാചാര്യന്‍ പൂജനീയ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ‘നേതൃഗുണം ഗീതയിലൂടെ’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. കൃഷ്ണന്‍ എന്ന ബുദ്ധിയും പാര്‍ത്ഥന്‍ എന്ന ശക്തിയും ഒത്തുചേരുന്നതാണ് നേതൃത്വം. ആദര്‍ശനിഷ്ഠയില്‍ സ്വയം ഉദാഹരണങ്ങളായി മാറാന്‍ അദ്ദേഹം ശിബിരാംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. സര്‍ഗ്ഗാത്മകമായ കുട്ടിത്തമാണ് ശ്രീകൃഷ്ണന്‍. നമ്മുടെ ഉള്ളിലെ കുട്ടിയോടു കൂട്ടുകൂടാനും സ്വാമിജി നിര്‍ദ്ദേശിച്ചു.
സന്ധ്യാവേളയെ അനുഗ്രഹപൂരിതമാക്കിയ കൊച്ചി ഗോകുലാംഗങ്ങളുടെ കൃഷ്ണാമൃതം ഭജനയും സുകൃതം കേരളം കലായാത്രയുടെ ദൃശ്യഭാഷയും ശിബിരാംഗങ്ങള്‍ക്കു മറക്കാനാവാത്ത അനുഭവമായി. രണ്ടാം ദിവസം ‘എന്റെ ഭാരതം എന്റെ ജീവിതം’ എന്ന ശീര്‍ഷകത്തില്‍ എട്ടു ശ്രേണികളിലായി നടന്ന ചര്‍ച്ചയില്‍ എം സതീശന്‍, സി.കെ. സുനില്‍കുമാര്‍, പ്രഫ. ഗോപീകൃഷ്ണന്‍, അഥീനാ ഭാരതി, അഡ്വ. അഞ്ജനാദേവി, അരുണ്‍ മോഹന്‍, ഹരീന്ദ്രന്‍ മാസ്റ്റര്‍, കെ.പി. ബാബുരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭാവിഭാരതത്തിനു വേണ്ടി ബാല്യം എങ്ങനെ സജ്ജമാവണം എന്ന രൂപരേഖ തയ്യാറാക്കി.
സംഗീതം, ചിത്രകല, സാഹിത്യം, അഭിനയം, പ്രഭാഷണം, വൈജ്ഞാനികം, നവമാധ്യമം, കായികം എന്നീ മേഖലകളിലെ ലബ്ധപ്രതിഷ്ഠരായ പ്രതിഭകള്‍ കുട്ടികളുമായി സംവദിച്ച അഭിരുചിവേള ഹൃദ്യമായ അനുഭവമായി. കോഴിക്കോട് എന്‍.ഐ.ടി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ, സിപ്പി പള്ളിപ്പുറം, രചന നാരായണന്‍കുട്ടി, കലാധരന്‍ മാസ്റ്റര്‍, ടി.എസ്. രാധാകൃഷ്ണന്‍, മുന്‍ രഞ്ജി ട്രോഫി പരിശീലകന്‍ പി. ബാലചന്ദ്രന്‍, അഡ്വ. പാലാ ജയസൂര്യന്‍, ഡോ. എം.എം. ബഷീര്‍ എന്നിവര്‍ വിവിധ ശ്രേണികളില്‍ പങ്കെടുത്തു. കേരളത്തിന്റെ ഐ ക്യു മാന്‍ എന്നറിയപ്പെടുന്ന അജി ആര്‍. നടത്തിയ പ്രചോദകഭാഷണം ഭാരതീയ ശാസ്ത്ര സിദ്ധികളുടെ നേരനുഭവമായി. നയനവിസ്തൃതി, കാചസിദ്ധി, അക്ഷഹൃദയം മുതലായ വിദ്യകളിലൂടെ എങ്ങനെ സ്വയം വികസിക്കാമെന്ന് ഭാരതീയവിജ്ഞാനസമ്പ്രദായത്തിന്റെ സഹായത്തോടെ അദ്ദേഹം വിശദീകരിച്ചു.
ഏഴാം തീയതി വൈകുന്നേരം നടന്ന പൊതുസഭ ആദരണീയ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംഘടനയില്‍നിന്ന് പ്രസ്ഥാനത്തിന്റെ ഭാവത്തിലേക്കു പരിണമിച്ചെന്നും അഖിലഭാരതീയതലത്തില്‍ പ്രവര്‍ത്തനം വ്യാപിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാരതത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന ആഹ്വാനം പുതിയ തലമുറ ആവേശപൂര്‍വം ഏറ്റെടുത്തിരിക്കുന്നതിന്റെ ചിത്രമാണ് ഈ ശിബിരം. വന്ദേമാതരം എന്ന മന്ത്രത്തിന്റെ അര്‍ത്ഥവിശേഷങ്ങള്‍ അദ്ദേഹം പങ്കുവച്ചു. അമൃതഭാരതത്തിന് ‘ആദര്‍ശബാല്യം’ എന്ന വിഷയം മുന്നില്‍ വച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സമാപനഭാഷണം നിര്‍വഹിച്ചു. പുതിയ വിദ്യാഭാസനയവും ബാലഗോകുലത്തിന്റെ കാര്യപദ്ധതിയും അദ്ദേഹം താരതമ്യം ചെയ്തു. സ്വന്തം കഥകള്‍ ഉറക്കെ ലോകത്തോടു പറയാനുള്ള സമയമായിരിക്കുന്നു. അമൃതഭാരതമെന്ന ആശയം വികസിതഭാരതത്തിനും മീതേയാണ്. സമൃദ്ധവും സുശക്തവും വിദ്യാസമ്പന്നവും ഭൂമിയ്ക്കു മുഴുവന്‍ ആശ്രയവുമായ ഭാരതത്തെയാണ് വന്ദേ മാതരത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. അതു സാക്ഷാത്ക്കരിക്കാന്‍ ആചരണശീലവും അതിജീവനക്ഷമതയുമുള്ള ബാല്യം വളര്‍ന്നുവരുന്നു എന്ന ബോധ്യം ഈ ശിബിരത്തിന്റെ ഉപലബ്ധിയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
സമാപനസഭയില്‍ കുട്ടികളുടെ പ്രതിനിധി ആദിത്യന്‍ അവതരിപ്പിച്ച നയപ്രഖ്യാപനം ശിബിരത്തിന്റെ ഫലശ്രുതിയായി. എന്റെ രാഷ്ട്രം എന്നിലൂടെ ലോകത്തോടു സംവദിക്കട്ടെ എന്ന ശീര്‍ഷകത്തില്‍ ആചരണം, അതിജീവനം, ആയോജനം, ആത്മനിര്‍ഭരം എന്നീ നാലു മാനങ്ങളുള്ള കര്‍മ്മപദ്ധതി അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യലബ്ധിയുടെ ശതാബ്ദി മുഹൂര്‍ത്തത്തില്‍ അമൃതഭാരതം യാഥാര്‍ത്ഥ്യമാക്കുമെന്ന ദൃഢനിശ്ചയത്തോടെയാണ് ബാലഗോകുലത്തിന്റെ സുവര്‍ണജയന്തി കാര്യക്രമങ്ങള്‍ സമാപിക്കുന്നത്.
ബാലഗോകുലം സംഘടിപ്പിച്ച വലിയ സമ്മേളനങ്ങള്‍ പലതും അരങ്ങേറിയ കൊച്ചിയുടെ ഹൃദയത്തിലാണ് സുവര്‍ണാമൃതം വേദിയൊരുങ്ങിയത്. പ്രൗഢമായ സ്വാഗതസംഘം ഇതിനുവേണ്ടി മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. കര്‍മ്മകുശലരായ കാര്യകര്‍ത്താക്കള്‍ വിശ്രമമില്ലാതെ പണിയെടുത്തു. സംഘടനയുടെ ഇച്ഛാശക്തിയെ ക്രിയാശക്തിയാക്കി താലൂക്ക് തലം മുതലുള്ള പ്രവര്‍ത്തകര്‍ ഉത്സാഹിച്ചു. ഇവയെല്ലാം ചേര്‍ന്ന സദ്ഫലമാണ് ബാലനേതൃശിബിരത്തിന്റെ വിജയം.



























