സി.എ.എക്കെതിരായ പ്രതിഷേധം തിളച്ചുപൊന്തിയപ്പോള്‍ കേട്ട ഒരു മുദ്രാവാക്യം ‘ജീവന്‍ നല്‍കിയും മുസ്ലീങ്ങളെ ഞങ്ങള്‍ സംരക്ഷിയ്ക്കും’ എന്നായിരുന്നു. പശ്ചിമബംഗാളില്‍ മുസ്ലീം പേഴ്‌സണല്‍ ലോ-ബോര്‍ഡുകാരും സഖാക്കളും കോണ്‍ഗ്രസ്സുകാരും തൃണമൂലുകാരുമെല്ലാം ചേര്‍ന്ന് മുസ്ലീങ്ങളെ സംരക്ഷിച്ചതിന്റെ വാര്‍ത്ത മുര്‍സിദാബാദ് ജില്ലയില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാര്‍ സ്വന്തം ജീവനല്ല രണ്ടു മുസ്ലീങ്ങളുടെ ജീവനാണ് നല്‍കിയത് എന്ന വ്യത്യാസം മാത്രം. മുസ്ലീം പേഴ്‌സണല്‍ ലോബോര്‍ഡ് ജനുവരി 29ന് സി.എ.എ.ക്കെതിരെ ബന്ദിന് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ്സും സി.പി.എമ്മും അതിനു പിന്തുണ നല്‍കി. ബംഗാളില്‍ പ്രതിഷേധിക്കാനുള്ള അധികാരം തൃണമൂലിനു മാത്രമാണ് എന്നതിനാല്‍ അവരുടെ അനുമതിയില്ലാത്ത ബന്ദിന് കടയടക്കാന്‍ പാടില്ല എന്ന് അവര്‍ ഫത്വ ഇറക്കി. പേഴ്‌സണല്‍ ലോബോര്‍ഡിന്റെ ഫത്വയും തൃണമൂലിന്റെ ഫത്വയും തെരുവില്‍ ഏറ്റുമുട്ടി. കടയടയ്ക്കാന്‍ വന്നവരെ തൃണമൂലിന്റെ പ്രാദേശിക നേതാവ് താഹിറുദ്ദീന്‍ നേരിട്ടത് തോക്കുമായിട്ടാണ്.
പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ ഇമാം അനരുള്‍ ബിശ്വാസും ബംഗ്ലാദേശില്‍ നിന്നു നുഴഞ്ഞു കയറിയ ചെറുപ്പക്കാരന്‍ സലാഹുദ്ദീനും ചോരചിന്തി തെരുവില്‍ വീണു. രണ്ടുപേരും അള്ളാഹുവിന്റെ വഴിതേടിപ്പോയി. ഹിന്ദുക്കള്‍ മുസ്ലീങ്ങളെ നേര്‍ക്കുനേര്‍ നോക്കാന്‍ പോലും പാടില്ല മമതയുടെ ബംഗാളില്‍. നോക്കിയാല്‍ അവര്‍ പേടിച്ചു പോയാലോ? എന്നാല്‍ തൃണമൂലുകാര്‍ക്കും സഖാക്കള്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും പൂച്ച എലിയെ തട്ടുന്നതുപോലെ തട്ടിക്കളിയ്ക്കാം; മുസ്ലീം രക്തം തെരുവില്‍ ചിന്താം. ഇതേ സമയം സി.എ.എയെ പിന്തുണച്ചുകൊണ്ട് ബി.ജെ.പിക്കാര്‍ക്കു ഒരു പ്രകടനം നടത്താന്‍ പോലും അനുവാദമില്ല. ദീദി സംസ്ഥാനത്തൊട്ടാകെ നിരോധനാജ്ഞ പ്രഖ്യാപിക്കും. ബി.ജെ.പി നേതാക്കളെ അറസ്റ്റു ചെയ്യും. മമതയുടെയും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെയും മുസ്ലീംപ്രേമംകൊണ്ട് ഇരിക്കാന്‍ വയ്യേ എന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ മുസ്ലീങ്ങള്‍. ഏതായാലും സി.എ.എയുടെ പേരില്‍ രണ്ടു മുസ്ലീം രക്തസാക്ഷികളെ കിട്ടി എന്ന് ഇക്കൂട്ടര്‍ക്കെല്ലാം ചേര്‍ന്ന് നെഞ്ച് നിവര്‍ത്തി അഭിമാനിക്കാം.